? അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പ്രേക്ഷകർക്ക് സുപരിചിതനാണ് അങ്ങ്. മലയാളസിനിമയിലെ പരമോന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ അവാർഡ് ഇപ്പോഴാണ് ലഭിച്ചത്. വൈകിപ്പോയെന്ന തോന്നലുണ്ടോ
= കിട്ടാൻ വൈകിപ്പോയെന്നു തോന്നണമെങ്കിൽ അവാർഡ് ഒരു ലക്ഷ്യമായിരിക്കണമല്ലോ. അവാർഡ് കിട്ടിയാൽ സന്തോഷമേയുള്ളൂ, സ്വീകരിക്കാറുമുണ്ട്. ദേശീയ, സംസ്ഥാന സർക്കാരുകളുടെ ചലച്ചിത്ര പുരസ്കാരങ്ങളുൾപ്പെടെ ഒട്ടേറെ അവാർഡുകൾ കിട്ടിയിട്ടുണ്ട്, സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ, അവാർഡുകൾക്കുവേണ്ടിയല്ല സിനിമ ചെയ്യുന്നത്. അവാർഡാണ് ലക്ഷ്യമെങ്കിലല്ലേ കിട്ടിയില്ല, അല്ലെങ്കിൽ വൈകിപ്പോയി എന്നൊക്കെ തോന്നേണ്ട കാര്യമുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അവാർഡുകൾ ഒരു ലക്ഷ്യമല്ല. നല്ല സിനിമകളാണ് എന്റെ ലക്ഷ്യം.
അവാർഡുകൾ എപ്പോഴും അർഹിക്കുന്നിടത്തുതന്നെ എത്തിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് ‘ഒരു വടക്കൻ വീരഗാഥ’. ആ ചിത്രം കണ്ടിട്ട് കെ. ബാലചന്ദറെയും ബാലുമഹേന്ദ്രയെയും ഭാരതിരാജയെയും പോലുള്ള പ്രശസ്ത സംവിധായകരും ചില പ്രശസ്ത നിർമാതാക്കളും എം.ടി. തന്നെയും വളരെയേറെ അഭിനന്ദിച്ചിട്ടുണ്ട്. പക്ഷേ, അതിന് സംവിധായകനുള്ള അവാർഡൊന്നും ലഭിച്ചില്ലല്ലോ. സംവിധായകനുള്ള അവാർഡ് അക്കൊല്ലം ലഭിച്ച ഐ.വി. ശശി, ‘‘ഇത് എനിക്കു തരുന്നത് അപമാനിക്കാനാണോ’’ എന്നാണ് അന്ന് ചോദിച്ചത്. ‘വടക്കൻ വീരഗാഥ’പോലെയുള്ള ഒരു ചിത്രത്തിന്റെ സംവിധായകന് അവാർഡ് കൊടുക്കാതെ താൻ അവാർഡ് വാങ്ങില്ലെന്നും ശശി പറഞ്ഞു. ‘‘അങ്ങനെയൊക്കെ ഉണ്ടാവും, അതിന്റെ പേരിൽ അവാർഡ് നിരസിക്കരുത്’’ എന്നാണ് ഞാൻ അന്ന് ശശിയോട് പറഞ്ഞത്. അതുപോലെ, ‘പഞ്ചാഗ്നി’ എന്ന സിനിമ. അതിന് സംവിധായകനുള്ള അവാർഡ് കിട്ടാൻ കൊറിയയിൽ പോകേണ്ടിവന്നു. ‘പഴശ്ശിരാജ’യെ നല്ല സിനിമയുടെ ഒരു വിഭാഗത്തിലും പെടുത്തിയില്ലല്ലോ. അതിന്റെ ഭാഗമായ കുറെ പേർക്ക് അവാർഡ് കിട്ടി എന്നതു ശരിതന്നെ. ആബാലവൃദ്ധം കേരളീയർ കണ്ട ചിത്രമാണത്. എങ്കിലും, ജനപ്രീതി നേടിയ ചിത്രമായിപ്പോലും അത് പരിഗണിക്കപ്പെട്ടില്ല.
എങ്കിലും, ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. എം.ടി. വാസുദേവൻ നായർ അധ്യക്ഷനായ ജൂറിയാണ് അതു നിശ്ചയിച്ചത്. അദ്ദേഹത്തിന് സിനിമയെക്കുറിച്ച് അറിയാം, അർഹിക്കുന്നിടത്ത് പുരസ്കാരം എത്തണം എന്ന നിശ്ചയവുമുണ്ട്. എം.ടി. അധ്യക്ഷനായ സമിതിയുടെ അവാർഡ് എന്നതാണ് ഇതിന് ഞാൻ കാണുന്ന മൂല്യം.
? സ്വന്തമായുണ്ടായിരുന്നതെല്ലാം സിനിമയ്ക്കുവേണ്ടി നഷ്ടപ്പെടുത്തിയ മനുഷ്യനായിരുന്നല്ലോ ജെ.സി. ഡാനിയേൽ. സിനിമയെ പ്രണയിക്കുന്നതുവഴി ജീവിതം നഷ്ടപ്പെടുമെന്ന അവസ്ഥ താങ്കൾ സിനിമാലോകത്തെത്തുമ്പോഴും ഉണ്ടായിരുന്നുവോ
= ജെ.സി. ഡാനിയേലിന്റേത് സിനിമയുടെ ആരംഭകാലത്തെ അനുഭവങ്ങളാണ്. അതിനുശേഷം സിനിമ ഒട്ടേറെ വളർന്നു. ആ കാലമായിരുന്നില്ല ഞാൻ സിനിമയെടുക്കുന്ന കാലം. എനിക്ക് അത്തരം അനുഭവങ്ങളൊന്നുമുണ്ടായിട്ടുമില്ല. സിനിമയിലെത്തി രക്ഷപ്പെട്ട ഒട്ടേറെപ്പേരുണ്ട്. അല്ലാത്തവരുടെ അനുഭവങ്ങൾ ഒറ്റപ്പെട്ടതാണെന്നാണ് എനിക്ക് തോന്നുന്നത്. ഏതു രംഗത്തേക്ക് വരുമ്പോഴും ഏതു അനുഭവവും നേരിടാൻ നാം സന്നദ്ധരായിരിക്കണം. സിനിമ എന്നത് ഒരു കുതിരപ്പന്തയം പോലെയാണ്. വിജയിക്കാം, പരാജയപ്പെടാം. ആത്മാർഥമായും സത്യസന്ധമായും സൂക്ഷിച്ച് കൈകാര്യംചെയ്താൽ അതിൽ പരാജയം വളരെ കുറവായിരിക്കുമെന്നാണ് എന്റെ അനുഭവം.
വർഷങ്ങളുടെ പ്രയത്നംകൊണ്ടാണ് ഒരാൾ സിനിമയിൽ വിജയം വരിക്കുന്നത്. 50 വർഷത്തിലേറെയായി ഞാൻ സിനിമയിലുണ്ട്. എട്ടൊമ്പതു സംവിധായകർക്കൊപ്പം ആറേഴുവർഷം പ്രവർത്തിച്ചുള്ള പരിചയമാണ് എന്റെ അടിസ്ഥാനം. അതില്ലാതെ പറ്റുമോ? ഒരു സുപ്രഭാതത്തിൽ സംവിധായകനാകണം, മമ്മൂട്ടിയെയും മോഹൻലാലിനെയുംപോലെ പ്രധാന നടനാകണമെന്നു വിചാരിച്ചാൽ സാധിക്കുമോ?
വാസ്തവത്തിൽ സിനിമയുടെ മാസ്റ്റർ ബ്രെയിൻ എന്നു പറയുന്നത് നിർമാതാവിന്റേതാവണം. അത്തരം നിർമാതാക്കൾ കേരളത്തിൽ ഒട്ടേറെ ഉണ്ടായിരുന്നു, ഒരുകാലത്ത്. അവരെല്ലാം വിജയിച്ചിട്ടുമുണ്ട്. ഇന്നും ഹോളിവുഡിൽ നിർമാതാക്കളാണ് സിനിമയുടെ എല്ലാ ഘടകങ്ങളും ആസൂത്രണം ചെയ്യുന്നത്. വാർണർ ബ്രദേഴ്സ്, യൂണിവേഴ്സൽ സ്റ്റുഡിയോ തുടങ്ങിയ ബാനറുകൾ നോക്കുക. വിഷയംമുതൽ എല്ലാ കാര്യങ്ങളും അവരാണ് തീരുമാനിക്കുന്നത്. ഒരു വിഷയം അവിടെച്ചെന്ന് അംഗീകരിപ്പിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്.
കൃത്യമായ അച്ചടക്കത്തോടെയും ആസൂത്രണത്തോടെയും നിർമിക്കുന്ന ചിത്രങ്ങൾ ഒരുവിധത്തിലും പരാജയപ്പെടില്ല എന്നാണ് എന്റെ അനുഭവം. ഞാൻ നിർമിച്ച ചിത്രങ്ങളൊന്നും സാമ്പത്തിക പരാജയങ്ങളായിരുന്നില്ല. കാരണം, ആറേഴുകൊല്ലം അതിന്റെ വിവിധവശങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്.
? താങ്കളുടെ പ്രധാനപ്പെട്ട പല ചലച്ചിത്രങ്ങളും മനുഷ്യന്റെ ആന്തരിക ലോകത്തേക്കുള്ള സഞ്ചാരങ്ങളായാണ് അനുഭവപ്പെടുന്നത്. വാണിജ്യവിജയങ്ങളെക്കാൾ, സ്വന്തം സൃഷ്ടിയിൽ തൃപ്തി തേടുന്ന ഒരു കലാകാരന്റെ മനസ്സ് അവയിൽ കാണാം. അമൃതംഗമയ, ഒരു വടക്കൻ വീരഗാഥ, പരിണയം തുടങ്ങിയ ചിത്രങ്ങൾ ഓർത്തുകൊണ്ടാണിതു ചോദിക്കുന്നത്. അവയൊക്കെ എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നോ
= മർമത്തിൽ കൊള്ളുന്ന ചോദ്യമാണിത്. സിനിമ രണ്ടുവിധത്തിലുണ്ട്. ഒന്ന് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള ഘടകങ്ങൾ കൂട്ടിച്ചേർത്ത് പാകപ്പെടുത്തിക്കൊടുക്കുന്നത്. തങ്ങൾക്ക് എന്താണോ പ്രേക്ഷകരോട് പറയാനുള്ളത്, അതിലേക്ക് അവരെ ആവാഹിച്ചെടുക്കും വിധത്തിലുള്ള തിരക്കഥയും സംവിധാനവുമാണ് രണ്ടാമത്തേത്. ഈ രണ്ടാം രീതിയാണ് എം.ടി.യുടേത്. തനിക്കു പറയാനുള്ള കാര്യങ്ങൾ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ആ രീതി എം.ടി.യിൽനിന്നാണ് ഞാനും പഠിച്ചത്. തിയേറ്ററിൽ പ്രേക്ഷകരുടെ മനസ്സിനെ ബന്ധിക്കുകയാണു ചെയ്യുന്നത്. അല്ലാതെ ഉത്സവപ്പറമ്പുപോലെ കുറെ ബഹളമുണ്ടാക്കുകയല്ല. എം.ടി.യുടെ തിരക്കഥയിൽ ഞാൻ എടുത്ത ചിത്രങ്ങൾ പരിശോധിച്ചുനോക്കൂ. ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ എന്ന ചിത്രമെടുക്കാം. ആകെ മൂന്ന് കഥാപാത്രങ്ങളേ അതിലുള്ളൂ. മനുഷ്യന്റെ മനസ്സിനെയാണ് ആ തിരക്കഥ പിടിച്ചുനിർത്തിയത്. എന്റെ അഭിരുചിയും അതുതന്നെയാണ്. സർഗം, മയൂഖം എന്നീ ചിത്രങ്ങൾ നോക്കുക. വാണിജ്യസിനിമയായി കരുതപ്പെടുന്ന ‘ശരപഞ്ജരം’ ഒരു സ്ത്രീയുടെ കരുത്തിന്റെയും മനോലോകത്തിന്റെയും ആവിഷ്കാരമാണ്. നഖക്ഷതങ്ങൾ, ആരണ്യകം എന്നീ ചിത്രങ്ങളും മനുഷ്യ മനസ്സിനെയാണ് ലക്ഷ്യമിടുന്നത്. ഒരു സിനിമ കഴിഞ്ഞുപോകുമ്പോൾ എന്തെങ്കിലും ഓർക്കാൻ ബാക്കിവേണ്ടേ? പ്രേക്ഷകരുടെ മനസ്സിലേക്ക് എന്തെങ്കിലും നൽകുക എന്നതാണെന്റെ രീതി.
ജീവിതാനുഭവങ്ങളിൽനിന്ന് എടുക്കുന്ന സിനിമകൾക്ക് കൂടുതൽ തീവ്രതയുണ്ടാകും. ‘പരിണയ’ത്തെക്കുറിച്ച് നിങ്ങൾ പറഞ്ഞു. ആ അന്തരീക്ഷവും ജീവിതവും അന്തർജനങ്ങളുടെ മനോലോകവുമെല്ലാം അടുത്തറിയുന്ന ആളാണ് ഞാൻ. ഹൃദ്രോഗിയാണെന്നറിയാതെ ഒരു ബ്രാഹ്മണക്കുട്ടി മെഡിക്കൽ കോളേജിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട വാർത്ത പത്രത്തിൽ വന്നിരുന്നു. അത് വികസിപ്പിച്ചാണ് എം.ടി. ‘അമൃതംഗമയ’ എഴുതിയത്. കുറ്റവും ശിക്ഷയും എന്ന മട്ടിൽ ഒരു മനോഘടനയിലേക്ക് അതിലെ നായകൻ പരിണമിക്കുകയാണ്. ഒരു പ്രണയംപോലുമില്ല ആ ചിത്രത്തിൽ.
നിലനിൽക്കുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി സിനിമയെടുക്കാനാണ് ആദ്യ ചിത്രമായ ലേഡീസ് ഹോസ്റ്റൽമുതൽ ഞാൻ ശ്രമിച്ചിട്ടുള്ളത്. അന്നൊക്കെ ‘കോമഡി ട്രാക്ക്’ സിനിമയിൽ പ്രത്യേകമായിരുന്നു. അതു മാറ്റി മുഴുനീള സറ്റയറാണ് ലേഡീസ് ഹോസ്റ്റലിൽ പരീക്ഷിച്ചത്.
? സംഗീതപ്രധാനങ്ങളാണ് അങ്ങയുടെ പല ചിത്രങ്ങളും. സംഗീതം തന്നെയാണ് സൂപ്പർസ്റ്റാർ എന്നു തെളിയിക്കുമാറ്് ‘സർഗം’ എന്ന ചിത്രവും അങ്ങ് സംവിധാനം ചെയ്തിട്ടുണ്ട്. സംഗീതപ്രധാനമായ ഒരു ചിത്രത്തെ മലയാളികൾ അത്രമേൽ സ്വീകരിക്കുമെന്ന വിശ്വാസം എങ്ങനെയാണ് ഉണ്ടായത്
= സൂപ്പർസ്റ്റാറില്ലാതെ സിനിമ ഓടുമെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താനല്ല ആ ചിത്രം ചെയ്തത്. ആരെയും വെല്ലുവിളിക്കാനല്ല, നമുക്ക് ഇഷ്ടപ്പെട്ട ഒരു വിഷയം സിനിമയാക്കുക എന്നതാണ് ലക്ഷ്യം.
മറ്റൊരു നിർമാതാവിനുവേണ്ടിയാണ് ഞാൻ ‘സർഗം’ എഴുതിയത്. തിരക്കഥ വായിച്ചുകേട്ടപ്പോൾ അദ്ദേഹത്തിന് അത്ര മതിപ്പു തോന്നിയില്ല. കഥ മാറ്റാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. പക്ഷേ, അപ്പോഴേക്കും ബോംബെ രവി എത്തി സംഗീതം ചിട്ടപ്പെടുത്തിത്തുടങ്ങിയിരുന്നു. ഞാൻ പറഞ്ഞു, ‘‘കഥ മാറുന്നില്ല, നിർമാതാവിനെ മാറ്റാം’’. അദ്ദേഹം ചോദിച്ചു, ‘‘ആര് നിർമിക്കും?’’. ‘‘ഞാൻ തന്നെ നിർമിക്കും’’ എന്ന് എന്റെ മറുപടി.
ആക്‌ഷനാക്കെയുള്ള കമേഴ്സ്യൽ സിനിമ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതും നമ്മുടെ തൊഴിലിൽ പെട്ടതുതന്നെ. ചെയ്തു കൊടുക്കാം എന്നുപറഞ്ഞു. അങ്ങനെയാണ് മമ്മൂട്ടിയെ നായകനാക്കി ‘ഒളിയമ്പുകൾ’ എന്ന ചിത്രമുണ്ടായത്. ഡെന്നീസ് ജോസഫാണ് അതെഴുതിയത്.
‘സർഗം’ വലിയ വിജയമായതിനുശേഷം ഒരിക്കൽ ചേംബറിൽ വെച്ച് കണ്ടപ്പോൾ കൈകൂപ്പി തൊഴുതുകൊണ്ട് ആ നിർമാതാവ് എന്നോട് പറഞ്ഞു: ‘‘ഗുരുവായൂരപ്പൻ നിങ്ങൾക്കുവേണ്ടി
നിശ്ചയിച്ച ചിത്രമാണത്. എനിക്ക് എങ്ങനെ കിട്ടാൻ?’’
? കോവിഡിന്റെ കാലത്ത് വലിയതോതിലുള്ള സിനിമാ നിർമാണവും സിനിമക്കാഴ്ചയും തടസ്സപ്പെട്ടിരിക്കുകയാണല്ലോ. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്
= തിയേറ്ററിൽ സിനിമ കാണുന്ന സുഖം മറ്റൊരു പ്ലാറ്റ്ഫോമിലും കിട്ടില്ല. തിയേറ്റർകാലം തിരിച്ചുവരാനാണ് ഞാൻ കാത്തിരിക്കുന്നത്. ചെറിയ സിനിമകൾ എടുത്തുകൂടേ എന്നു പലരും ചോദിക്കുന്നുണ്ട്. കച്ചവടം എന്ന നിലയിലാണെങ്കിൽ ചെയ്യാം. കുടിൽവ്യവസായംപോലെ സിനിമകളുണ്ടാക്കാം. പക്ഷേ, അതിനൊന്നും തിയേറ്ററിൽ കാണുന്നതിന്റെ സുഖമില്ല. സിനിമ വിജയിച്ചോ പരാജയപ്പെട്ടോ പ്രേക്ഷകർ കണ്ടോ എന്നൊക്കെ ആർക്കറിയാം?
രണ്ടുമൂന്ന് സിനിമാപദ്ധതികളുണ്ട്. അവയൊന്നും പ്രഖ്യാപിക്കാറായിട്ടില്ല. ‘കുഞ്ചൻ നമ്പ്യാർ’ എന്ന ചിത്രമാണ് അതിൽ ഏറ്റവും ആദ്യം. ഒരുവർഷം ഗവേഷണം നടത്തി കവി കെ. ജയകുമാറാണ് തിരക്കഥ രചിച്ചത്. കേരളത്തിന്റെ നവോത്ഥാന നായകനായിരുന്നല്ലോ കുഞ്ചൻനമ്പ്യാർ. തുള്ളലിലൂടെ സാമൂഹിക വിമർശനം നടത്തിയ അദ്ദേഹം വെറുമൊരു തുള്ളൽക്കാരൻ മാത്രമായിരുന്നില്ല. പല തലങ്ങളുള്ള വ്യക്തിത്വം. വലിയ സംസ്കൃതപണ്ഡിതൻ, കഥകളിക്കാരൻ, യോദ്ധാവ് -അത്തരം മുഖങ്ങളെല്ലാം ആവിഷ്കരിക്കുന്ന ചിത്രമാകണം ഇതെന്നാണ് ലക്ഷ്യമിടുന്നത്. വലിയനിലയിൽ എടുക്കേണ്ട ചിത്രമാണത്. കൊറോണക്കാലം കഴിയാതെ ഒന്നും ചെയ്യാനാവില്ല.
എം.ടി.യുമായുള്ള ആ കെമിസ്‌ട്രി
എം.ടി.യെ ഞാൻ പരിചയപ്പെടുന്നത് അദ്ദേഹം കോഴിക്കോട്ട് വന്ന് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായിരിക്കുന്ന കാലത്താണ്. എം.ടി.യുടെ കഥകൾ ഒരു ലഹരിയായിരുന്നു. ഓരോ കഥയും വരാനായി കാത്തിരിക്കും. എഴുത്തുകാരനും സംവിധായകനുമായുള്ള ഞങ്ങളുടെ കൂട്ടുകെട്ട് തുടങ്ങുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ രചനകൾ മുഴുവൻ ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ സിനിമകൾ കണ്ടിട്ടുണ്ട്. ഒരുദിവസം നേരെ എം.ടി.യുടെ കഥ സിനിമയാക്കാൻ പുറപ്പെട്ടതല്ല. എം.ടി.യുടെ ഭാഷ, അദ്ദേഹത്തിന്റെ സമീപനം, കഥകളുടെ അന്തരീക്ഷം -ഒക്കെ മനസ്സിലാക്കിയിട്ടുണ്ട്. ഇതിനുപുറമേ, ഞാനും എം.ടി.യുമൊക്കെ ജനിച്ചുവളർന്ന അന്തരീക്ഷം ഒന്നുതന്നെയാണ്. അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെയോ സന്ദർഭത്തെയോ സാഹചര്യത്തെയോ എനിക്ക് പെട്ടെന്ന് മനസ്സിലാകും. പിന്നെ, എം.ടി. ഒരു കഥ പറയുകയാണെങ്കിൽത്തന്നെ ഒരുപാടൊന്നും പറയില്ല. രണ്ടു വാചകം, അല്ലെങ്കിൽ നാലു വാചകം. ഇതിൽ ആ തീം പറയും. അത് അദ്ദേഹം വികസിപ്പിച്ചാൽ എങ്ങനെയിരിക്കുമെന്ന് നമുക്ക് ഭാവന ചെയ്യാനാവണം. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും അറിയുന്നതുകൊണ്ട് നമുക്ക് അത് പെട്ടെന്ന് മനസ്സിലാകും. ഇതിനെല്ലാം പുറമേ, ഞങ്ങൾക്ക് ഈഗോ ഇല്ല. എന്തെങ്കിലും മാറ്റം വേണമെന്ന് അദ്ദേഹത്തോടു പറഞ്ഞാൽ നല്ലതാണെങ്കിൽ അത് അംഗീകരിക്കും. അല്ലെങ്കിൽ, ‘‘അത് വേണ്ട’’ എന്ന് പറയും. അതുകേൾക്കുമ്പോൾ എനിക്കും പ്രയാസമില്ല. അപ്രകാരമുള്ള ഒരു ട്യൂണിങ് ഞങ്ങൾക്കിടയിലുണ്ട്.