ബംഗാളി എന്റെ മാതാവും മലയാളം എന്റെ സഹോദരിയുമാണ് എന്നു പറയാറുള്ള ബുദ്ധദേവ് ദാസ് ഗുപ്ത ഒരു മലയാള സിനിമ സംവിധാനംചെയ്യുക എന്ന മോഹം   മനസ്സിൽ ഏറെ സൂക്ഷിച്ചിരുന്നു.
സത്യജിത് റായ്‌ക്കും മൃണാൽ സെന്നിനും ശേഷം ഇന്ത്യ കണ്ടെത്തിയ മഹാചലച്ചിത്രകാരനായിരുന്നു ബുദ്ധദേവ് ദാസ് ഗുപ്ത. യഥാതഥമായ രീതിയിൽ കഥപറയുമ്പോൾത്തന്നെ പ്രതീകാത്മകവും സ്വപ്നസദൃശവുമായ തലങ്ങളിലേക്ക് സിനിമയെ കൊണ്ടുചെന്നെത്തിക്കുന്ന ബുദ്ധദേവിന്റെ ആവിഷ്കരണ ശൈലി നമ്മുടെ രാജ്യം മാത്രമല്ല, ലോക സിനിമാവേദികളിൽത്തന്നെ ആദരണീയനാക്കി. 
പുലിവേഷം കെട്ടി കളിക്കുന്ന കലാകാരൻ നേരിട്ട് പുലിയുമായി ഏറ്റുമുട്ടേണ്ടിവരുന്ന ലോകത്തിന്റെ ഗതിമാറ്റത്തെക്കുറിച്ച് കൃത്യമായി അവതരിപ്പിച്ച ബാഗ് ബഹാദുറും ഗുസ്തിക്കാരുടെ ആത്മസംഘർഷങ്ങളെ ആവിഷ്‌കരിച്ച ഉത്തരയും മോണ്ടോ മേയർ ഉപാഖ്യാനും ആത്മകഥാംശം ഏറെയുള്ള ലാൽദർജയും പിന്നീട് കാൽപുരുഷുമൊക്കെ മികച്ചസൃഷ്ടികളെന്ന് ലോകം വാഴ്ത്തിയതാണ്. മാജിക്കൽ റിയലിസത്തെ അതിന്റെ അമൂർത്ത രൂപത്തിൽ സിനിമയിലേക്ക് സന്നിവേശിപ്പിച്ച ചലച്ചിത്രകാരനാണ് ബുദ്ധദേവ്.

ജ്യേഷ്ഠസഹോദരനെപ്പോലെ

2002-ൽ ഡൽഹിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽവെച്ചാണ്  മോണ്ടോ മേയർ ഉപാഖ്യാൻ എന്ന സിനിമയുമായി വന്ന ഈ ബുദ്ധദേവ് എന്ന അതുല്യപ്രതിഭയെ ഞാൻ    പരിചയപ്പെടുന്നത്. അന്ന് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്ന ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമ കാണാൻ ഞാൻ അദ്ദേഹത്തെ സ്നേഹത്തോടെ ക്ഷണിച്ചു. സിനിമാ പശ്ചാത്തലമായ മലപ്പുറത്തിന്റെ സംസ്കൃതിയെക്കുറിച്ച് ഏറെ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഒട്ടേറെ വിദേശ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്റർമാരെയും കൂട്ടിയാണ് സിനിമ കാണാനെത്തിയത്. പെൺകുട്ടികൾ സാമൂഹികപിന്നാക്കാവസ്ഥയിൽനിന്ന് വിദ്യയിലൂടെ വിമോചിതരാകുന്ന ഈ കലാസൃഷ്ടി ലോകം മുഴുവൻ കാണേണ്ടതാണെന്ന ബുദ്ധദേവിന്റെ വാക്കുകളും പിന്തുണയുമാണ് പാഠം ഒന്ന് ഒരു വിലാപം ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പ്രചോദനമായത്. അന്നുമുതൽ ഒരു ജ്യേഷ്ഠസഹോദരനോടെന്നപോലുള്ള ആത്മബന്ധമായിരുന്നു ബുദ്ധദായുമായി സൂക്ഷിച്ചിരുന്നത്.

കഥയെഴുതി കാത്തിരുന്നു

കേരളം സന്ദർശിക്കാനുള്ള ഏതു അവസരം ലഭിച്ചാലും ബുദ്ധദാ ഒരിക്കലും അത് പാഴാക്കാറില്ല. 2013-ൽ  ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുക്തി എന്ന സിനിമയുമായെത്തിയ ബുദ്ധദായുമായി ഏറെ ദിവസങ്ങൾ ഒരുമിച്ച് ചെലവഴിക്കാനായി. ‘ദൈവനാമത്തിൽ’, ‘വിലാപങ്ങൾക്കപ്പുറം’ എന്നീ രണ്ടു സിനിമകൾ ചെയ്തശേഷം  നല്ല സിനിമകൾ കാണാനായി ഒരു സിനിമാപ്രേക്ഷകനായാണ് ഞാൻ മേളയ്ക്കെത്തിയത്. ഒരേ ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസവും. സിനിമകണ്ട് ദിവസവും ചർച്ചകളും നടത്തും. ഒരുദിവസം സിനിമകണ്ടിറങ്ങുമ്പോൾ ബുദ്ധദായുടെ മെസേജെത്തി. ഇന്ന് രാത്രി ഭക്ഷണം ഒരുമിച്ചാകാം. എന്റെയും ബുദ്ധദായുടെയും സുഹൃത്തായ രാജ് നാരായണനോടൊപ്പമാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചശേഷം ചർച്ചകൾക്കിടെ ബുദ്ധദാ എന്നെ കെട്ടിപ്പിടിച്ച് ഒരുകാര്യം പറഞ്ഞു: ‘‘ഷൗക്കത്ത് ഒരു മലയാളസിനിമ ചെയ്യണം എന്ന് എനിക്ക് വലിയൊരു മോഹമുണ്ട്.  ഷൗക്കത്തിന്റെ കഥയിൽ തന്നെയാവട്ടെ’’. ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ ഇരുന്നുപോയി. വലിയ വികാരവേലിയേറ്റമായിരുന്നു എന്റെ മനസ്സിൽ. ലോകം ആദരിക്കുന്ന ബംഗാളി സംവിധായകൻ ബുദ്ധദേവ് എന്റെ കഥയിൽ മലയാളസിനിമ സംവിധാനം ചെയ്യുക. അന്നുതന്നെ ഞങ്ങൾ സിനിമയുടെ ചർച്ചതുടങ്ങി. മലപ്പുറത്തെ നാട്ടിൻപുറത്തെ ഒരു മുസ്‌ലിം ഉമ്മ വാർധക്യത്തിൽ അക്ഷരംപഠിച്ച് തന്റെ മകന് സ്വന്തം കൈപ്പടയിൽ കത്തയക്കുന്നു. ആ കാലഘട്ടവും സമൂഹിക സാഹചര്യങ്ങളുമെല്ലാം സിനിമയിലൂടെ അവതരിപ്പിക്കുക. ബുദ്ധദേവുമായി കഥാതന്തുവിൽ ധാരണയായി.  ഗോവയിൽ വെച്ചുതന്നെ ഞാൻ കഥയുടെ ആദ്യരൂപം എഴുതി. ബുദ്ധദായ്ക്ക് നന്നായി പിടിച്ചു. ഉടൻ തന്നെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി നൽകി.  അന്ന് മൂന്ന് സിനിമകൾ ചെയ്യാൻ ബുദ്ധദാ കരാർ ഒപ്പിട്ടിരുന്നു. അത് പൂർത്തിയാക്കി 2015-ൽ സിനിമ തുടങ്ങാമെന്ന് ഞങ്ങൾ ഉറപ്പിച്ചു. 

പൊലിഞ്ഞുപോയ സ്വപ്നം

2015-ൽ ഞാൻ നിലമ്പൂർ നഗരസഭാ ചെയർമാനും ചലച്ചിത്ര അക്കാദമി നിർവാഹകസമിതി അംഗവുമായിരിക്കേ ചലച്ചിത്ര അക്കാദമി മേഖലാ ചലച്ചിത്രോത്സവങ്ങൾ നടത്താൻ തീരുമാനിച്ചു. നിലമ്പൂരിൽ മേഖലാ ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി എത്താൻ കഴിയുമോ എന്ന് ഞാൻ ബുദ്ധദായോട് ചോദിച്ചു. രാജ്യംകണ്ട വലിയ ചലച്ചിത്രകാരൻ മേഖലാ ചലച്ചിത്രോത്സവത്തിനെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, നിറഞ്ഞമനസ്സോടെ, എത്താമെന്ന ഉറപ്പാണ് ബുദ്ധദാ നൽകിയത്. അന്ന് നിലമ്പൂരിലെത്തിയപ്പോൾ സിനിമയ്ക്ക് അന്തിമരൂപം നൽകി. ചിത്രീകരണത്തിനായുള്ള ഷെഡ്യൂളുവരെ തീരുമാനിച്ചാണ് മടങ്ങിയത്.

ഇതിനിടെയാണ് ബുദ്ധദായ്ക്ക് രോഗം പിടിപെട്ടത്. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയായി. രോഗവിവരംതിരക്കി ഞാൻ വിളിക്കുമ്പോഴും രോഗക്കിടക്കയിലെ വേദനകൾക്കിടയിലും മലയാള സിനിമ പൂർത്തീകരിക്കണമെന്ന മോഹമാണ് പങ്കുവെച്ചത്. കേരളത്തിൽ ഡയാലിസിസ് സൗകര്യമുള്ള ആശുപത്രിക്ക് സമീപം ചിത്രീകരണം തുടങ്ങിയാൽ ചികിത്സയും സിനിമയും ഒന്നിച്ചു കൊണ്ടുപോകാമെന്ന നിർദേശവും ബുദ്ധദാ തന്നെയാണ് മുന്നോട്ടുവെച്ചത്. എന്നാൽ, പിന്നീട് രോഗം കലശലായപ്പോൾ യാത്രചെയ്യാൻ ബുദ്ധിമുട്ടായി. രോഗം ഭേദമായശേഷം സിനിമചെയ്യാമെന്ന ധൈര്യമാണ് ഞാൻ പകർന്നുനൽകിയത്. വിശേഷം തിരക്കിയുള്ള ഫോൺവിളികളിൽ ചെയ്യാനുള്ള മലയാള സിനിമയിലെ രംഗങ്ങളെക്കുറിച്ചാണ് ബുദ്ധദാ വാചാലനായത്. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം ബുദ്ധദായെ കവർന്നപ്പോൾ സ്വപ്നമായിരുന്ന മലയാളസിനിമയുടെ കഥ എന്റെ കൈയിലിരുന്ന് വിറയ്ക്കുകയാണ്.

സിനിമാസംവിധായകനും സാമൂഹിക പ്രവർത്തകനുമാണ്‌ ലേഖകൻ