ലോകമേ നീയെന്റെ പിന്നാലേ ഓടണ്ടാ. നിനക്കെന്നെ പിടിക്കാന്‍ സാധ്യമല്ല'- കുട്ടിക്കാലത്ത് അടൂര്‍ അഭിനയിച്ച ബുദ്ധനെക്കുറിച്ചുള്ള നാടകത്തിലെ സംഭാഷണമാണിത്. മലയാള സിനിമയുടെ ചരിത്രത്തില്‍, ആര്‍ക്കും ഓടിയെത്താനാകാത്ത ഇടത്താണ് അടൂരിന്റെ ഖ്യാതിയെത്തി നില്‍ക്കുന്നത്. ചെളിവെള്ളം തെറിപ്പിച്ച് പായുന്ന കാറിനെ നോക്കി എന്തൊരു സ്പീഡെന്നു കൊടിയേറ്റത്തിലെ ഗോപിയുടെ കഥാപാത്രം പറയുന്നുണ്ട്. ചുറ്റുമുള്ള ലോകം ധൃതിയില്‍ ഓടുമ്പോള്‍ മാറാത്ത സാധാരണക്കാരന്റെ നിഷ്‌കളങ്കതയെ തീവ്രമായി അവതരിപ്പിക്കാന്‍ ഇതിലും വലിയ വേറെന്തുസീനാണുള്ളത്. അടൂരിന്റെ കഥാപാത്രങ്ങളില്‍ ഒന്നുമാത്രമാണിത്.   ഗോപാലകൃഷ്ണനുണ്ണിത്താനില്‍നിന്ന് അടൂര്‍ ഗോപാലകൃഷ്ണനിലേയ്ക്കുള്ള അടൂരിന്റെ യാത്ര മലയാള സിനിമയുടെ ചരിത്രംകൂടിയാണ്. ഈ യാത്രയ്ക്കിടെ പേരില്‍നിന്നു ഉണ്ണിത്താന്‍ വെട്ടിമാറ്റിയ  വിഖ്യാത ചലച്ചിത്രകാരന്‍ മലയാളത്തിന് നേടിതന്ന ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ നിരവധിയുണ്ട്. അടൂരിനു കിട്ടിയ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരവും പത്മശ്രീയും പത്മവിഭൂഷണുമൊക്കെ മലയാളസിനിമയ്ക്കുമാത്രമല്ല, ഓരോ മലയാളിക്കുമുള്ളതാണ്.  അടൂരിന്റെ ജീവിതയാത്രയ്ക്ക് ജൂലായ് മൂന്ന് ശനിയാഴ്ച 80 തികയുന്നു. പിറന്നാള്‍ ആഘോഷിക്കാത്ത അദ്ദേഹത്തിന്റെ ജന്മനാള്‍ മിഥുനത്തിലെ ഉത്രാടമാണ്. അതു കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അടൂരുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്.

നാടകത്തിലായിരുന്നല്ലോ തുടക്കം. നാടകം, സിനിമ, ജീവിതം-ഒന്നു വിശദീകരിക്കാമോ?

എട്ടുവയസുള്ളപ്പോള്‍ നാടകാഭിനയം തുടങ്ങി. മിക്കപ്പോഴും അരങ്ങ് അടൂര്‍ തൂവയൂര്‍ വടക്ക് കണിയാരേത്ത് വീട്ടില്‍ത്തന്നെയായിരുന്നു. തുറന്ന വരാന്തയില്‍. കാഴ്ചക്കാര്‍ വീട്ടുകാരും. ഇളയ അമ്മാവനും ചിത്രകാരനുമായ രാമനുണ്ണിത്താനും നാടകങ്ങള്‍ എഴുതിയിരുന്നു. ആ നടാകങ്ങളിലും മിഡില്‍ സ്‌കൂളിലെ ഡ്രോയിങ് മാസ്റ്റര്‍ ഓയൂര്‍ എം.വി. എഴുതിയ നാടകങ്ങളിലും അഭിനയിച്ചു. എപ്പോഴും എന്റെ വേഷം നായികയുടേതായിരിക്കും. പെണ്‍വേഷം എന്റെ പിന്നാലേ കൂടുകയായിരുന്നു. സ്വന്തമായെഴുതിയ നാടകം  അവതരിപ്പിച്ചപ്പോഴാണ് നായകനായത്. അന്നൊക്കെ സ്‌കൂള്‍ വാര്‍ഷികത്തിന് സ്ഥിരം നാടകംകളിക്കും. 

മലയാളം അധ്യാപകന്‍ ഗോപാാലന്‍പിള്ള സര്‍ എഴുതിയ  ശ്രീബുദ്ധനെപ്പെറ്റിയുള്ള നാടകം രാജാവിന്റെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രൈമറി സ്‌കൂളില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ബുദ്ധനായി എന്നെയാണ് നിശ്ചയിച്ചത്. എന്റെ ക്ലാസില്‍ത്തന്നെ പഠിക്കുന്ന കസിന് വലിയ പരിഭവം, നായകവേഷം കിട്ടാത്തതില്‍. പരാതി വീട്ടിലുമെത്തി. ഒടുവില്‍ വേഷം ഞങ്ങള്‍ രണ്ടാള്‍ക്കായി വീതിച്ചു. രാജകുമാരന്റെ , പ്രൗഡിയുള്ള വേഷം പരാതി പറഞ്ഞ കസിനുകിട്ടി. രാജകുമാരനായി വിലസേണ്ട ഞാന്‍ കാഷായമിട്ട ഒന്നുമില്ലാത്ത ബുദ്ധനായപ്പോള്‍ വലിയ സങ്കടം തോന്നി.  വീട്ടിലെ സ്ഥിരം നാടക വേദിയില്‍ നാടകാവതരണം കുട്ടികളുടേതാണെങ്കിലും മുതിര്‍ന്നവര്‍ക്ക് നല്ല മതിപ്പായിരുന്നു ഞങ്ങളെപ്പെറ്റി. അഭിനേതാക്കള്‍ ഞാനുള്‍പ്പെടെ മൂന്നുപേര്‍. ആരുമത് പിള്ളേരുകളിയായി കണ്ടില്ല. വൈകീട്ട്നാടകം ഉണ്ടെന്നറിഞ്ഞാല്‍ കുടുംബത്തിലെ എല്ലാവരും കൂടും. കലാകാരനിലേയ്ക്കുള്ള യാത്രയ്ക്ക് വഴിതുറക്കുകയായിരുന്നു ആ നാടകങ്ങള്‍. 

അഭിനയത്തിന് സ്‌കൂളില്‍ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പഠിക്കാനുള്ള പുസ്തകമേ വായിക്കാവൂ എന്ന നിര്‍ബന്ധം വീട്ടില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. എല്ലാവരും വായന ഇഷ്ടപ്പെട്ടിരുന്നതിനാല്‍ വായനശാലകളിലെ എട്ടുപത്ത് പുസ്തകം എപ്പോഴും വീട്ടിലുണ്ടാകും.

പന്തളം എന്‍.എസ്.എസ്. കോളേജില്‍ ചേര്‍ന്നപ്പോഴും നാടകം കൂടെയുണ്ടായിരുന്നു. ഇക്കാലങ്ങളിലെല്ലാം നാടകത്തിന്റെതുള്‍പ്പെടെ ധാരാളം പുസ്തകം വായിച്ചു. ഞങ്ങള്‍ സ്ഥാപിച്ച, തുവയൂരിലെ വായനശാലയും വലിയ പ്രചോദനമായി. അച്ഛന്‍ മാധവനുണ്ണിത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു.അമ്മ മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മ. ഏഴുമക്കളില്‍ ആറാമനാണ് ഞാന്‍. എത്രയും വേഗം ജോലികിട്ടണമെന്ന ആഗ്രഹത്താലാണ് മധുര ഗാന്ധിഗ്രാമില്‍ പഠിക്കാന്‍ ചേര്‍ന്നത്. അവിടേയും നാടകവും വായനയും വിട്ടില്ല. മാത്രവുമല്ല നാടകത്തെ കൂടുതല്‍ അറിയാന്‍ അവസരവും കിട്ടി. നാടക പുസ്തകങ്ങളുടെ വലിയ ശേഖരമുണ്ടായിരുന്നു അവിടുത്തെ ലൈബ്രറിയില്‍. മലയാളം അധ്യാപകനായിരുന്ന ജി.ശങ്കരപ്പിള്ള സാറിനായിരുന്നു ലൈബ്രറിയുടെ ചുമതല.

ഗാന്ധിഗ്രാമില്‍ നിന്നു തിരികെ തിരുവനന്തപുരത്തെത്തി ഏതാനും മാസം ഭാരത് സേവക് സമാജില്‍ ഓര്‍ഗനൈസറായി. പിന്നീട് നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ ജോലികിട്ടി. കേരളം മുഴുവന്‍ യാത്ര ചെയ്തു. ഇതിനിടെ അമ്മ രോഗഗബാധിതയായി.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരണമെന്നുണ്ടായിരുന്നെങ്കിലും ഹിന്ദി മീഡിയമായതുകൊണ്ട് വേണ്ടെന്നു വെച്ചു. ഇതിനിടെയാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് പരസ്യം കണ്ടത്. ശമ്പളമുള്ള ജോലി കളഞ്ഞ് സിനിമപഠിക്കാന്‍ പോകണോയെന്നതായിരുന്നു ഉയര്‍ന്ന ചോദ്യം. 'നിനക്ക് വിശ്വാമുണ്ടെങ്കില്‍ പോകാനാ'യിരുന്നു മൂത്ത ജ്യേഷ്ഠന്‍ (പ്രൊഫ. ആര്‍.സി. ഉണ്ണിത്താന്‍) ഉപദേശിച്ചത്.  എനിക്കാണെങ്കില്‍ ഒരുവിശ്വാസക്കുറവും ഉണ്ടായിരുന്നില്ലതാനും.  പ്രവേശന പരീക്ഷയില്‍ ഒന്നാംറാങ്ക് കിട്ടി. സ്‌ക്രീന്‍പ്ളേ റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍ കോഴ്സിനാണ് ചേര്‍ന്നതെങ്കിലും പ്ലേ റൈറ്റിങ്ങായിരുന്നു ഉള്ളിലാകെ. സ്‌ക്രീന്‍പ്ളേ പഠിച്ചാല്‍ നാടകമെഴുത്തു എളുപ്പമാകുമല്ലോ. ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന ഒരേയൊരു സ്‌കോളര്‍ഷിപ്പ് എനിക്കു കിട്ടി. ലോകത്തെ പ്രമുഖരുടെ സിനിമ കാണാനായി. സിനിമയെ അറിഞ്ഞ് പുതിയൊരു ഭാഷപഠിക്കുകയായിരുന്നു ഞാന്‍. എന്നാലും സിനിമ എന്നിലേയ്ക്ക് ആവേശിക്കാന്‍ ഒരുവര്‍ഷമെടുത്തു. അതുവരെയല്ലാം നാടകമായിരുന്നു. സിനിമയാണ് എന്റെ വഴിയെന്നു പതുക്കെ തിരിച്ചറിഞ്ഞു. ഋത്വിക്ക് ഘട്ടക്, പ്രൊഫ. സതീഷ് ബഹാദുര്‍ തുടങ്ങിയ അധ്യാപകര്‍ പുതിയ ലോകത്തേയ്ക്കു നയിക്കുകയായിരുന്നു.

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കമെങ്ങനെ?

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയാല്‍ ഉടനെയൊന്നും സിനിമയെടുപ്പ് പറ്റാത്ത കാലം. ആരുടേയും അസിസ്റ്റന്റ് ആകാനില്ലെന്നു നേരത്ത തീരുമാനിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളികളായ ദേവദാസ്, മേലാറ്റൂര്‍ രവിവര്‍മ, ലത്തീഫ് എന്നിവരും ഞാനും ഗാന്ധിഗ്രാമിലുണ്ടായിരുന്ന കുളത്തൂര്‍ ഭാസ്‌കരന്‍ നായരും ചേര്‍ന്നുള്ള ചര്‍ച്ചകളാണ് ചിത്രലേഖാ ഫിലിം യൂണിറ്റിന് തുടക്കമിടുന്നത്. കേരളത്തിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത്  ഫിലിം സൊസൈറ്റിയുണ്ടാക്കുക എന്നതാണെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഫിലിം സൊസൈറ്റിക്കു പുറമേ സിനിമയെ ഗൗരവത്തോട പ്രതിപാദിക്കുന്ന പ്രസിദ്ധീകരണം, നല്ലസിനിമകളുടെ നിര്‍മാണം എന്നിവയും ലക്ഷ്യമിട്ടു. 1965 ജൂലായില്‍ തിരുവനന്തപരുത്ത്  ശ്രീകുമാര്‍ തിയറ്ററില്‍ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടകനായത് ഗവര്‍ണര്‍ ഭഗവാന്‍ സഹായ്. ഹംഗേറിയന്‍ സിനിമ 'ലാന്‍ഡ് ഓഫ് ദി എയ്ഞ്ജല്‍സ്' ആയിരുന്നു ഉദ്ഘാടന ചിത്രം.

ചിത്രലേഖ വളരുന്നതിനിടെയാണ് കേരളത്തില്‍(ആലുവ) എഴുത്തുകാരുടെ അഞ്ചാമത് അഖിലന്ത്യാ സമ്മേളനം നടക്കുന്നത്. എം.ഗോവിന്ദനും സി.എന്‍. ശ്രീകണ്ഠന്‍നായരും എം.കെ.കെ.നായരും അയ്യപ്പപ്പണിക്കരുമൊക്കെയാണ് സംഘാടകര്‍. സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ആലോചനായോഗത്തില്‍ എം.ഗോവിന്ദന്‍ പുതിയൊരാശയം മുന്നോട്ടുവെച്ചു. സമ്മേളനത്തോടൊപ്പം അന്താരാഷ്ട്ര ചലച്ചിത്രമേള  നടത്തിയാലോ എന്നായിരുന്നു എം.ഗോവിന്ദന്റെ ചോദ്യം. അടൂര്‍ ചുമതലയേല്‍ക്കാമോ എന്നും ചോദ്യമായി. നിര്‍ദ്ദേശം സസന്തോഷം സ്വീകരിച്ചു. 21 ക്ലാസിക് സിനിമകള്‍ അന്നത്തെ ഒമ്പതു ജില്ലാ ആസ്ഥാനങ്ങളിലും നാഗര്‍കോവിലിലും പ്രദര്‍ശിപ്പിച്ചു. ഈ ടൗണുകളിലെല്ലാം പുതിയ ഫിലിംസൊസൈറ്റികള്‍ രൂപവത്കരിച്ചു. വൈകാതെ കേരളത്തിലാകെ നൂറിലധികം ഫിലിംസൊസൈറ്റികളായി. എണ്ണത്തിലും പ്രവര്‍ത്തനത്തിലും ബംഗാളിനെ കടത്തിവെട്ടി. സിനിമ ഗൗരവമുള്ള കലയാണെന്നു ബോധ്യപ്പെടുത്താന്‍ ഫിലിംസൊസൈറ്റിയിലൂടെ കഴിഞ്ഞു.

സ്വയംവര'ത്തിന്റെ പിറവിയെങ്ങനെ?

ഡോക്യുമെന്ററിയൊക്കെ എടുത്തെ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നെങ്കിലും ഫീച്ചര്‍സിനിമയ്ക്ക് നിര്‍മാതാക്കളെ ലഭിച്ചില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം ഏഴുവര്‍ഷം കഴിഞ്ഞാണ് 'സ്വയംവരം' (1972)എടുക്കുന്നത്. ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷനില്‍നിന്നു വായ്പയെടുത്ത ഒന്നരലക്ഷം രൂപയുള്‍പ്പെടെ രണ്ടര ലക്ഷമായിരുന്നു ബജറ്റ്. റിലീസിങ് പ്രശ്നമായിരുന്നു, കഷ്ടിച്ച് ഓടിയെന്നുമാത്രം. അതോടെ മാധ്യമങ്ങളും നിര്‍മാതാവയ ഫിലിം കോ-ഓപ്പറേറ്റീവിന് ചരമഗീതം എഴുതി. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിനു സിനിമ പരിഗണിച്ചില്ല. ദേശീയ പുരസ്‌കാരത്തിന് പ്രാദേശിക ജൂറി ശുപാര്‍ശ ചെയ്തതുമില്ല. പക്ഷേ ചിത്രം മോസ്‌കോ മേളയ്ക്ക് തിരഞ്ഞെടുത്തിരുന്നു.
 പ്രാദേശിക ജൂറി മനപൂര്‍വം തിരസ്‌കരിച്ച  'സ്വയംവരം' ദേശീയ ജൂറി കാണണമെന്നു അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രിയ്ക്ക് ടെലിഗ്രാം അയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. നിരാശയായി. അറ്റകൈ പ്രയോഗമായിരുന്നു ടെലിഗ്രാം. ഒരു ദിവസം വൈകിട്ട് പി.എം.ജിയിലെ വേണുഗോപാലനിലയത്തില്‍ ചായകുടിച്ച് ഇരിക്കുമ്പോഴാണ് നാല് ദേശീയ അവാര്‍ഡ് സ്വയംവരത്തിനുണ്ടെന്ന വാര്‍ത്ത റേഡിയോയില്‍ കേള്‍ക്കുന്നത്. ഓള്‍ ഇന്ത്യറേഡിയോക്ക് തെറ്റിയതാകുമെന്നു ഞങ്ങള്‍ കരുതി. കാരണം സിനിമയുടെ പ്രിന്റ് അയച്ചിട്ടില്ല. പിന്നെങ്ങനെ സിനിമ കണ്ട് അവാര്‍ഡു നല്‍കും. മോസ്‌കോ മേളയ്ക്ക് അയച്ച പ്രിന്റ് ഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. 

ജൂറി അതു കാണുകയായിരുന്നുവെന്ന് പിന്നീടറിഞ്ഞു. സ്വയംവരത്തിന് സബ്ടൈറ്റില്‍ ഉണ്ടായിരുന്നില്ലെങ്കിലും സംഭാഷണം കുറവായതിനാല്‍ ജൂറിയ്ക്ക് മനസിലാക്കാന്‍ പ്രയാസമുണ്ടായില്ല.  പ്രാദേശിക ജൂറികള്‍ പിരിച്ചുവിടാന്‍ റൊമേഷ് താപ്പര്‍ അധ്യക്ഷനായ ജൂറി ശുപാര്‍ശ ചെയ്തു. അതു നടപ്പാവുകയും ചെയ്തു. അങ്ങനെ സ്വയംവരം മറ്റൊരുചരിത്രം കൂടി സൃഷ്ടിച്ചു. അവാര്‍ഡുകള്‍ കിട്ടിയതോടെ വീണ്ടും റിലീസ് ചെയ്തു. തിയറ്റര്‍ ഹൗസ്ഫുള്‍. നല്ല സിനിമകള്‍ കാണേണ്ടതാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. സ്വയംവരം ഒരുമാസംവരെ ഓടി.  കടമെടുത്ത പണം സമയത്തിനുമുമ്പേ തിരിച്ചടച്ചതിനാല്‍ 18 ശതമാനമായിരുന്ന പലിശയുടെ നിരക്ക്  കുറച്ചുതന്നു. വായ്പതന്നവരും ഞെട്ടി. കാരണം കടമെടുത്ത പലരും അങ്ങോട്ടു തിരിഞ്ഞു നോക്കിയിരുന്നില്ല. സ്വയംവരത്തിന്റെ ലാഭം കോ ഓപ്പറേറ്റീവിനായിരുന്നു.

രണ്ടാമത്തെ സിനിമ 'കൊടിയേറ്റ'ത്തിനും ചെറിയ ഇടവേളയുണ്ടായി. ഗോപിയെ നടനാക്കിയ സിനിമ. പടം പൂര്‍ത്തിയാക്കി മദിരാശിയിലെ എ.വി.എം. ലാബില്‍ അയച്ചെങ്കിലും രണ്ടുകൊല്ലം അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല. ലാബില്‍ കൊടുക്കാന്‍ പണമില്ലായിരുന്നു. ഒടുവില്‍ സര്‍ക്കാരിനുവേണ്ടി തയ്യാറാക്കിയ ഇടുക്കി പദ്ധതിയെപ്പെറ്റിയുള്ള ഡോക്യുമെന്ററിക്കു കിട്ടിയ പണവുമായി ലാബിലെത്തിയപ്പോള്‍ ചില റീലുകള്‍ കാണാനില്ല. അതൊക്കെ രണ്ടാമതും ചിത്രീകരിക്കേണ്ടിവന്നു. 14 പ്രിന്റെടുത്തെങ്കിലും തിയറ്ററുകാര്‍ ഒട്ടും താത്പര്യം കാട്ടിയില്ല. പുതിയ നായകനല്ലേ, യുവകോമളനല്ലല്ലോ. പക്ഷേ കൊടിയേറ്റവും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. തിയറ്ററുകളില്‍ പടമെത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റായി. കോട്ടയത്ത് ഒരു തിയറ്ററില്‍ 145 ദിവസം ഓടി. തുടര്‍ന്ന ജര്‍മന്‍ ടെലിവിഷന്‍ പടംവാങ്ങി.മുതല്‍മുടക്കിന്റെ നാലിരട്ടി ലാഭം കിട്ടി. എല്ലാ സന്നാഹങ്ങളുമായി ചിത്രലേഖ വളര്‍ന്നെങ്കിലും അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അതില്‍നിന്നു ഞാന്‍ വിടപറഞ്ഞു.

*നല്ല സിനികള്‍ക്ക് നിര്‍മാതാക്കളെ കിട്ടാന്‍ പ്രയാസമാണല്ലോ. ഈ പ്രതിസന്ധിയെ മറികടന്നതെങ്ങനെ?കെ.രവീന്ദനാഥന്‍നായരുമായുള്ള കൂട്ടുകെട്ടിന്റെ തുടക്കംഎങ്ങനെയായിരുന്നു ? ആദ്യരണ്ടു സിനിമകളിലൂടെ ചലച്ചിത്ര ലോകത്തേക്കുള്ള വരവ് ഗംഭീരമായിരുന്നല്ലോ?

ഒരുദിവസംകൊല്ലത്തുനിന്ന് രവിയുടെ വിളി. പതിഞ്ഞ ശബ്ദം.നമ്മളെക്കൊണ്ട് ഒരു പടം എടുത്താല്‍ കൊള്ളാമെന്നുണ്ട്. ഒന്നു കാണണം. കാര്‍ അയയ്ക്കാം. ഇങ്ങോട്ടൊന്നു വരാമോ? ഇതായിരുന്നു ആദ്യ സംഭാഷണം. രണ്ടുമണിക്കൂറിനുള്ളില്‍ കാര്‍ വന്നു. കൊല്ലത്തെത്തി സംസാരിച്ചു. എന്നാല്‍പ്പിന്നങ്ങു തുടങ്ങിയാട്ടേ എന്നു രവി പറഞ്ഞു. അദ്ദേഹം നിര്‍മാതാവായ നാലുചിത്രങ്ങള്‍-എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്‍. ഒന്നിലും അദ്ദേഹം ഒരുരീതിയിലും ഇടപട്ടില്ല. അംഗീകാരങ്ങള്‍ പലതുകിട്ടി. നഷ്ടം ഉണ്ടായില്ലെന്നുമാത്രമല്ല, ചെറിയതോതില്‍ ലാഭവും കിട്ടി. 

എന്റെ സിനിമകള്‍ ആര്‍ക്കും നഷ്ടം വരുത്തിയിട്ടില്ല. നഷ്ടമുണ്ടാകരുതെന്നാണ് എന്നും ആഗ്രഹിച്ചതും. ഞാന്‍ കാരണം ഒരുനിര്‍മാതാവും  പെരുവഴിയിലാകരുത്. ഞാന്‍ സിനിമയെടുത്തില്ലെങ്കിലും ലോകത്ത് ഒന്നും സംഭവിക്കാനില്ല. സിനിമയെടുക്കാന്‍ താത്പര്യവുമായി പലരും വന്നു. സിനിമ സാമ്പത്തികമായി വിജയിക്കുമെന്നു യാതൊരു ഉറപ്പും തരാനാവില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അതുകേട്ട് മിക്കവരും പിന്മാറി. അവാര്‍ഡ് കിട്ടുമെന്നൊന്നും പറയാനാവില്ല. അവാര്‍ഡ് പിടിച്ചുവാങ്ങാനാവില്ലല്ലോ. ഓടേണ്ട പടങ്ങള്‍ ചിലപ്പോള്‍ ഓടാതെയും വരും. അടുത്ത പടം എടുക്കണ്ടേയെന്ന് രവി കൂടെക്കൂടെ ചോദിക്കുമായിരുന്നു.

സംവിധാനം: അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നുപയോഗിക്കാറില്ല. സാക്ഷാത്കാരമമെന്നേ പറയാറുള്ളൂ?

 സംവിധായകന്‍ എന്ന പ്രയോഗംതന്നെ തെറ്റാണ്. സംവിധായകന്‍ ഓര്‍ഗനൈസറാണ്. എന്റെ ആശയത്തിന്റെ സാക്ഷാത്കാരമാണ് എന്റെ സിനിമ. ഫിലിംമേക്കര്‍ എന്നല്ലേ പറയുക. ഡയറക്ടര്‍ എന്ന ടേം നാടകത്തില്‍നിന്നു വന്നതാണ്.

*അടൂര്‍ സിനിമകളില്‍ ഗാനങ്ങള്‍ കേള്‍ക്കാറില്ല?

ഈ ചോദ്യത്തിന് സ്ഥിരം നല്‍കുന്ന ഉത്തരമുണ്ട്.എന്റെ സിനിമയില്‍ ഇല്ലാത്ത കാര്യങ്ങള്‍ വേറേയുമുണ്ട്. അടിയില്ല, ഇടിയില്ല, രക്തച്ചൊരിച്ചില്‍ ഇല്ല ,ഡാന്‍സില്ല. എന്നാല്‍ ഇതില്‍ ഉള്ളത് കാണാത്തതതെന്ത്.

കോവിഡ് കാലമാണ് സിനിമകള്‍ ഒ.ടി.ടി പ്ളാറ്റ് ഫോമിലേയ്ക്കു മാറുന്നു. മേളകള്‍ ഓണ്‍ലൈനിലാകുന്നു. ഇത് സിനിമയ്ക്ക് ഗുണകരമാണോ?

വേറേ നിവര്‍ത്തിയില്ലാത്തതുകൊണ്ട് ചെയ്യുന്നതാണ്. ഈ പ്രതിസന്ധി മാറും. ഇത് താത്കാലികമാണ്. സിനിമയ്ക്കു മുടക്കിയ പണം ബ്ലോക്കാവുമ്പോള്‍ മറ്റു വഴിയില്ലാത്തതുകൊണ്ടാണ് പുതിയ രീതികള്‍ പരീക്ഷിക്കുന്നത്. സിനിമ ടെലിവിഷന്‍ സ്‌ക്രീനില്‍ അല്ല, തിയറ്ററിലാണ് കാണേണ്ടത്. ചലച്ചിത്രമേളകള്‍ ഓണ്‍ലൈനിലാക്കിയാലും  ചെലവു കുറയുന്നില്ല. സിനിമ കിട്ടാന്‍ പണം നല്‍കിയല്ലേ പറ്റൂ. പടങ്ങള്‍ അധികമാരും കാണുകയുമില്ല.

*അടൂര്‍ ചിത്രങ്ങളില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ് , ജഗദീഷ്, ദിലീപ്  തുടങ്ങിയ നടന്മാര്‍ക്ക് ഇടം കിട്ടിയിട്ടുണ്ട്. ഇവരെയൊക്ക ഇഷ്ടമാണെന്നു നേരത്ത പറഞ്ഞിട്ടുമുണ്ട്.

കോമഡി ചെയ്യുക  അത്ര എളുപ്പമല്ല. കോമഡി ചെയ്യുന്നവര്‍ക്ക് ഏതുവേഷവും പറ്റും. 'പിന്നെയും' എന്ന സിനിമയില്‍ ഇന്ദ്രന്‍സ് മുഖ്യവേഷം ചെയ്തു. ചെക്കു കിട്ടിയതിന്റെ പിറ്റേന്നു വീട്ടിലെത്തി ഇന്ദ്രന്‍സ് ചോദിച്ചത് 'സര്‍, ഇത്രയൊക്കെ തരാനുണ്ടോ'യെന്നാണ്. നല്ല നടനാണ് ഇന്ദ്രന്‍സ്. അഹങ്കാരമില്ല. കൊടിയേറ്റത്തില്‍ അഭിനയിക്കാന്‍ വന്ന  കെ.പി.എ.സി ലളിത ചോദിച്ചത്, സൗന്ദര്യം കുറവായതുകൊണ്ടാണോ എന്നെ  കാസ്റ്റ് ചെയ്തത് എന്നാണ്. അഭിനയിക്കാന്‍ അറിയാവുന്നതുകൊണ്ടാണെന്നു ഞാന്‍ മറുപടി കൊടുത്തു.

കലയ്ക്ക് പ്രചോദനമായവരില്‍ പ്രധാനിയായ അമ്മ നേരത്തേ മരിച്ചു. പിന്നീടു ജീവിതത്തില്‍ കൂട്ടായ ഭാര്യ സുനന്ദയും വിടപറഞ്ഞു. ഏകമകള്‍ അശ്വതി മഹാരാഷ്ട്രയില്‍ പോലീസ ്ഐ.ജിയാണ്. മരുമകന്‍ ഷെറിങ് ദോര്‍ജെയും ഐ.ജിയാണ്. വീട്ടില്‍ സഹായി മാത്രം. ഏകാന്തത അനുഭവപ്പെടുന്നുണ്ടോ?

എഴുത്തും വായനയുമൊക്കെയായി എപ്പോഴും സജീവമാണ്. വെറുതയിരിക്കുന്നവര്‍ക്കല്ലേ ഏകാന്തത അനുഭവപ്പെടൂ. കലാഭിരുചിയെല്ലാം അമ്മയില്‍നിന്നു കിട്ടിയതാണ്.

*സ്വയംവരത്തിനു ശേഷമുള്ള സിനിമാജീവിതത്തിന് അരനൂറ്റാണ്ടായി. ഇനിയൊരു സിനിമ പ്രതീക്ഷിക്കാമോ?

എന്റെ മനസിനെ മഥിക്കുന്ന ആശയങ്ങളാണ് സിനിമയാക്കുന്നത്. ഉള്ളില്‍നിന്നു വലിയൊരു സമ്മര്‍ദ്ദമുണ്ടായി, ആശയം നിരന്തരം അലോസരപ്പെടുത്തുമ്പോഴാണ് എഴുത്താരംഭിക്കുന്നത്. എഴുതി തീരുന്നതുവരെനിര്‍മാണത്തെപ്പെറ്റി  ആലോചിക്കാറില്ല.  വിട്ടുവീഴ്ചകള്‍ക്ക് ഞാന്‍ തയ്യാറല്ല. എല്ലാ കഥാപാത്രങ്ങളും ആത്മാംശമുള്ളവയാണ്. എന്റെ സിനിമകളെപ്പെറ്റി വിലയിരുത്തലിനുമില്ല. പുതിയ സിനിമാക്കാരില്‍ നല്ല സിനിമയെടുക്കുന്നവരുണ്ട്.

12 സിനിമകള്‍. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും . ഇവയ്ക്കൊക്കെ ലഭിച്ച പുരസ്‌കാരങ്ങള്‍ എത്രയെന്നു അടൂര്‍ ക്യത്യമായി ഓര്‍ക്കുന്നില്ല. മൂന്ന് സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.ഫ്രഞ്ച് സര്‍ക്കാരിന്റെ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ്  ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് പുരസ്‌കാരം, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം തുടങ്ങിയവ അംഗീകാരങ്ങളില്‍ ചിലതുമാത്രം. അതിനാല്‍ ചലച്ചിത്രലോകം ഇനിയും കാത്തിരിക്കുന്നു, അടൂരിന്റെ സിനികള്‍ക്കായി.

Content Highlight: Interview with Adoor Gopalakrishnan