ബിഗ് സ്‌ക്രീനിൽ സുരാജ് വെഞ്ഞാറമൂട് ആടിത്തകർത്ത വർഷമാണ് 2019. മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിക്കപ്പെടുമ്പോൾ വിയോജിപ്പുകളോ എതിർവാദങ്ങളോ ഇല്ല. ഫൈനൽസിലെ കായികാധ്യാപകനും വികൃതിയിലെ അംഗപരിമിതനും വെള്ളിത്തിരയിൽ തീർത്ത അലകൾ അവസാനിക്കും മുമ്പേയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനും പ്രദർശനത്തിനെത്തിയത്. പൃഥ്വിരാജ് ചിത്രമെന്ന പേരിൽ കഴിഞ്ഞവർഷം അവസാനത്തിൽ തിയേറ്ററുകളിലേക്കെത്തിയ ഡ്രൈവിങ് ലൈസൻസിലും സുരാജ് തന്നെയായിരുന്നു താരം. അങ്ങനെ അവാർഡ് പ്രഖ്യാപനത്തിനുമുമ്പുതന്നെ 2019-ലെ മികച്ചനടനായി പ്രേക്ഷകർ സുരാജിനെ തിരഞ്ഞെടുത്തിരുന്നു.
വികൃതിയിലെ എൽദോയും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്‌കരപൊതുവാളും ആവേശത്തോടെ അവതരിപ്പിച്ച രണ്ടു വേഷങ്ങളായിരുന്നെന്ന് സുരാജ് പറയുന്നു.
ലൈക്കടിച്ചും ഷെയർചെയ്തും മലയാളി വൈറലാക്കിയ ക്രൂരതയിൽനിന്നാണ് വികൃതിയെന്ന ചിത്രത്തിന്റെ കഥ പിറക്കുന്നത്. കൊച്ചി മെട്രോയിലെ ആദ്യത്തെ പാമ്പ് എന്ന അടിക്കുറിപ്പോടെ വാട്‌സാപ്പിൽ പ്രചരിച്ച ചിത്രവും അതു തകർത്ത ജീവിതവുമാണ് വികൃതിയെന്ന സിനിമ പറഞ്ഞത്. യഥാർഥത്തിൽ ദുരിതമനുഭവിച്ച അംഗപരിമിതനുമായി ഇടപഴകി കാര്യങ്ങൾ മനസ്സിലാക്കിയാണ് സുരാജ് കഥാപാത്രത്തെ അവതരിപ്പിച്ചത്.
വികൃതിയിലെ എൽദോയ്ക്ക് വികാരവിചാരങ്ങൾ അവതരിപ്പിക്കാൻ ശബ്ദംപോലും തുണയില്ല, ആംഗ്യഭാഷയിലൂടെയാണ് ആശയവിനിമയം. സന്തോഷമായാലും സങ്കടമായാലും മുഖത്തെ ഭാവങ്ങൾകൊണ്ടുവേണം പ്രകടിപ്പിക്കാൻ. വെല്ലുവിളിനിറഞ്ഞതായിരുന്നു ആ കഥാപാത്രം -സുരാജ് വിശദീകരിച്ചു. ഒരു യഥാർഥ കഥ അതിശയോക്തികളില്ലാതെ സത്യസന്ധമായി അവതരിപ്പിച്ചു എന്നതാണ് സിനിമയുടെയും കഥാപാത്രത്തിന്റെയും വിജയം.
പലകൈകൾ മറിഞ്ഞാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ സുരാജിലേക്കെത്തുന്നത്. ഭാസ്‌കരപൊതുവാൾ എന്ന കേന്ദ്രകഥാപാത്രത്തിന്റെ വേഷം സുരാജ് ചെയ്താൽ ചിത്രം നിർമിക്കാമെന്നായിരുന്നു നിർമാതാവിന്റെ നിലപാട്. ഭാസ്‌കരപൊതുവാളിന്റെ രൂപം ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഊർജം നൽകിയതായി സുരാജ്. മണിക്കൂറുകളോളം മേക്കപ്പ്മാനു മുന്നിൽ ഇരുന്നു, കഥാപാത്രത്തിന്റെ രൂപം ഉറപ്പിക്കാനായി മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. മേക്കപ്പ് പൂർത്തിയായി കണ്ണാടിയിൽ നോക്കിയപ്പോൾ മരിച്ചുപോയ അച്ഛൻ മുന്നിൽ നിൽക്കുന്നപോലെ തോന്നിയെന്ന് സുരാജ് പറയുന്നു.