മനോരഞ്ജിതം... തമിഴകത്ത് ധാരാളമായി കാണുന്ന ഒരു പൂവിന്റെ പേരാണ് മനോരഞ്ജിതം. നമ്മളാഗ്രഹിക്കുന്ന ഗന്ധം നൽകുന്നു എന്നതാണ് മനോരഞ്ജിതം പുഷ്പത്തിന്റെ പ്രത്യേകത. റോസാപ്പൂവെന്ന് കരുതിയെടുത്താൽ റോസാപ്പൂവിന്റെ ഗന്ധം, മുല്ലപ്പൂവെന്നാണ്  കരുതുന്നതെങ്കിൽ അങ്ങനെ. സത്യൻമാഷെ മനോരഞ്ജിതം പുഷ്പത്തോട് ഉപമിക്കാനാണ് എനിക്കിഷ്ടം. കാരണം, പ്രേക്ഷകർ ആഗ്രഹിച്ചപോലെയെല്ലാം അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു. ഒരു വേഷത്തിൽനിന്ന് മറ്റൊന്നിലേക്ക് അനായാസം കൂടുവിട്ട് കൂടുമാറി. അദ്ഭുതപ്പെടുത്തുന്നതായിരുന്നു ആ അഭിനയജീവിതം. അഭിമാനത്തോടെ മാത്രമേ ആ നിമിഷങ്ങൾ ഓർക്കാൻ കഴിയൂ...

അദ്ദേഹത്തിന്റെ സംസാരമൊക്കെ കേട്ടാൽ വലിയ ഗൗരവമുള്ള, ഭീകരനായ മനുഷ്യനാണെന്നു തോന്നും. സത്യത്തിൽ ഇത്രയും എളിമയുള്ള ഒരു മനുഷ്യനെ നമുക്ക് കാണാനാവില്ല. സങ്കടങ്ങളൊന്നും പുറത്തുകാണിക്കുന്ന ആളായിരുന്നില്ല. എപ്പോഴും തനിച്ചിരിക്കും അധികം ആരോടും സംസാരിക്കില്ല, തമാശകൾ പറയില്ല. ശരിക്കും ഒരു മാസ്റ്റർ, കാർക്കശ്യക്കാരനായ അധ്യാപകൻ. അങ്ങനെയൊക്കെയായിരുന്നു സെറ്റിൽ അദ്ദേഹം. സത്യൻമാസ്റ്ററിന്റെ കഥാപാത്രങ്ങളും അത്തരത്തിലുള്ളവയാണല്ലോ. ഒരു കഥാപാത്രമായി മാറാൻ അദ്ദേഹത്തിന് അഭിനയിക്കേണ്ട കാര്യമില്ല, ആ വ്യക്തിയായിത്തന്നെ മാറും. കാണുന്നവർ അത് സത്യൻ മാസ്റ്ററാണെന്ന് മറന്നുപോകും.

എന്റെ ആദ്യ സിനിമയായ ഭാഗ്യജാതകത്തിൽ സത്യൻ മാഷായിരുന്നു നായകൻ. അന്നെനിക്ക് പതിമ്മൂന്ന് വയസ്സേയുള്ളൂ. തീരെ ചെറിയൊരു കുട്ടി. സെറ്റിൽ എന്നെ കണ്ട ഉടനെ സത്യൻ മാഷ്, ഭാസ്കരൻ മാസ്റ്ററോട് ചോദിച്ചു, ‘‘അയ്യയ്യോ ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാൻ പോകുന്നത്?.’’ പിന്നീട് ഞാൻ ചെയ്ത ശക്തമായ കഥാപാത്രങ്ങളധികവും സത്യൻമാസ്റ്റർക്കൊപ്പമായിരുന്നു.  വാഴ്വേമായം, അശ്വമേധം, ചെമ്മീൻ, കരിനിഴൽ,  അരനാഴിക നേരം, അടിമകൾ, കടൽപ്പാലം, പഞ്ചവൻ കാട്, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മൂടുപടം, ഒരു പെണ്ണിന്റെ കഥ, ശരശയ്യ, വെളുത്ത കത്രീന, ഡോക്ടർ, കുടുംബം തുടങ്ങി അദ്ദേഹത്തിന്റെ അവസാന സിനിമകളിലൊന്നായ അനുഭവങ്ങൾ പാളിച്ചകൾവരെ.

ജീവിതത്തിൽ ഞാനിന്നും കൊണ്ടുനടക്കുന്ന പല ചിട്ടകളും രൂപപ്പെടുത്തിയതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. സത്യൻമാസ്റ്റർ സെറ്റിലുണ്ടെങ്കിൽ പട്ടാളച്ചിട്ടയിലാണ് എല്ലാം. എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠ വേണമെന്ന വാശിക്കാരനായിരുന്നു. രാവിലെ ഏഴുമണിക്ക് ഷൂട്ടിങ് എന്നുപറഞ്ഞാൽ ഏഴുമണിക്ക് അദ്ദേഹം സെറ്റിലുണ്ടാവും അതും മേക്കപ്പണിഞ്ഞ് അഭിനയിക്കാൻ റെഡിയായി. ഇന്നും എവിടെ, ഏതു പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴും ഞാൻ കൃത്യസമയത്തു തന്നെ പോകും. അദ്ദേഹത്തിൽനിന്നാണ് ആ ശീലം പഠിച്ചത്.

സത്യൻമാസ്റ്ററെപ്പറ്റി ഓർക്കുമ്പോഴെല്ലാം പേടിയോടെ മനസ്സിൽ വരുന്ന ഒരു സംഭവമുണ്ട്. രാത്രിയിൽ ഷൂട്ടിങ് നടക്കുകയാണ്. വെള്ള സാരിയാണ് എന്റെ വേഷം. ഒരു മരത്തിനു ചുവട്ടിൽ അദ്ദേഹം എന്റെ മടിയിൽ തലവെച്ചു കിടന്ന് സംസാരിക്കുന്ന രംഗമാണ്. ഷോട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ എന്റെ സാരിയിൽ നിറയെ രക്തം. എല്ലാവരും പേടിച്ചുപോയി. നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മൂക്കിൽനിന്ന് രക്തം വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി സിനിമാലോകം അറിഞ്ഞത് അന്നാണ്. അന്നുവരെ ഏറ്റവും അടുത്തുള്ളവർക്കു മാത്രമേ രോഗവിവരം അറിയാമായിരുന്നുള്ളൂ. എല്ലാവരുംകൂടി മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകാൻ വണ്ടിയൊക്കെ റെഡിയാക്കി. എന്നാൽ, ആരുടെയും ഒപ്പം പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തനിയെ വണ്ടിയോടിച്ച് ആശുപത്രിയിൽ പോയി. വെറ്റ് ക്ലോത്തുകൊണ്ട് രക്തം തുടച്ച് ഒരുകൈയിൽ സ്റ്റിയറിങ് ബാലൻസ് ചെയ്ത് വണ്ടിയെടുത്ത് പോകുന്ന അദ്ദേഹത്തിന്റെ മുഖം ഞാൻ ഒരിക്കലും മറക്കില്ല.

തയ്യാറാക്കിയത്: റോസ് മരിയ വിൻസെന്റ്