ത്യനെ കുറിച്ചുള്ള എന്റെ ഓർമകൾക്ക് 64 വർഷം പഴക്കമുണ്ട്. 1957-ൽ സേലം മോഡേൺ തിയേറ്റേഴ്സിൽ സംവിധായകസഹായിയായി പ്രവർത്തിക്കുന്ന കാലം. വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റൺ പ്രഭുവിന്റെ മരുമകൻ ജോൺ ബ്രാബോൺ നിർമിക്കുന്ന ‘ഹാരി ബ്ലാക്ക് ആൻഡ് ദ് ടൈഗർ’ എന്ന ചിത്രത്തിൽ ബാബു എന്ന കഥാപാത്രമായി അഭിനയിക്കാൻ ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു നടനെ വേണം. മോഡേൺ സ്റ്റുഡിയോയിൽ ഓഡിഷൻ നടക്കുകയാണ്. മലയാളത്തിലെ പെരിയ നടികർ ഓഡിഷനായി വന്നിട്ടുണ്ടെന്ന് സ്റ്റുഡിയോ മനേജർ വന്നുപറഞ്ഞു. അദ്ദേഹം തന്നെ നടനെ പരിചയപ്പെടുത്തി. ആ നടൻ സത്യനായിരുന്നു. നീലക്കുയിൽ കണ്ടു, നന്നായിരിക്കുന്നുവെന്ന് പറഞ്ഞു. ഏതാനും ഉപചാരവാക്കുകളിൽ ആ കൂടിക്കാഴ്ച അവസാനിച്ചു. പിന്നീട് 1962-ൽ ‘കണ്ണും കരളും’ ചിത്രത്തിനു വേണ്ടി ഒന്നിച്ചപ്പോഴാണ് അദ്ദേഹവുമായുള്ള ബന്ധം ആരംഭിച്ചത്.

ഓർമകളുടെ ഘോഷയാത്ര

ഒരിക്കലും മറക്കാനാകാത്ത പല സംഭവങ്ങളുടെ ഘോഷയാത്രയാണ് സത്യനെ കുറിച്ചുള്ള ഓർമകൾ. കണ്ണും കരളും ചിത്രീകരണം തുടങ്ങിയ സമയത്തെ ഓർമയാണ് അതിൽ ആദ്യമെത്തുന്നത്. ചിത്രീകരണം രണ്ടുദിവസം കഴിഞ്ഞു. എടുക്കേണ്ട ദൃശ്യങ്ങൾ വിശദമായി എഴുതിക്കൊണ്ടാണ് ഞാൻ ദിവസവും സെറ്റിലെത്തുക. 

അഭിനേതാക്കളുടെ ചലനങ്ങൾ, സംസാരം, ക്യാമറയിലേക്കുള്ള നോട്ടം തുടങ്ങി എല്ലാം എഴുതിവെക്കും. അതിന് അനുസരിച്ചായിരിക്കും ചിത്രീകരണം പുരോഗമിക്കുക. ഡയലോഗ് പറഞ്ഞതിനുശേഷം ഇങ്ങനെ നോക്കണമെന്നൊക്കെ നിർദേശിച്ചിരിക്കും. ആദ്യദിവസം അതേപോലെ ചിത്രീകരണം നടന്നു. രണ്ടാംദിവസം അവസാനം വരെ അതുതന്നെ ആവർത്തിച്ചു. അന്നത്തെ ചിത്രീകരണം അവസാനിപ്പിച്ചപ്പോൾ ‘‘ഡയറക്ടർ സർ’’ എന്നു വിളിച്ച് അടുത്ത് വന്ന സത്യൻ പറഞ്ഞു: ‘‘നിങ്ങൾ ഇങ്ങനെ കഷ്ടപ്പെട്ട് എങ്ങനെ നോക്കണം, എവിടെ നോക്കണമെന്ന് എഴുതിക്കൊണ്ടുവരേണ്ട. അഭിനയിക്കുന്നതിനിടെ അതോർത്തിരിക്കേണ്ടി വരുന്നതിനാൽ സ്വാഭാവികത നഷ്ടമാകുന്നു. എങ്ങനെ ചെയ്യണമെന്ന് പറഞ്ഞാൽ മതി. എത്ര തവണ വേണമെങ്കിലും ചെയ്ത് ശരിയാക്കാം.’’ ഞാൻ അതിനോട് യോജിച്ചു. മൂന്നാംദിവസം മുതൽ സീൻ വിവരിച്ചുനൽകി സത്യൻ മനോഹരമായിത്തന്നെ അഭിനയിച്ചു. അവിടെ തുടങ്ങിയതാണ് ഞങ്ങളുടെ മാനസിക ഐക്യം. അദ്ദേഹത്തിന്റെ മരണം വരെ അത് തുടർന്നു. 

അഭിനയിക്കാൻ എത്തുന്നതിനുമുമ്പ് സിനിമയിലെ സംഭാഷണങ്ങൾ മുഴുവൻ വായിച്ച് പഠിക്കുന്ന ശീലം സത്യനുണ്ടായിരുന്നു. അന്നൊക്കെ നായകനടന്മാർ ഷൂട്ടിങ്ങിന് എത്തുമ്പോഴാണ് സംഭാഷണങ്ങളൊക്കെ നോക്കുന്നത്. സംഭാഷണങ്ങൾ പരിമിതപ്പെടുത്താനായിരുന്നു ഞാനും സത്യനും ശ്രമിച്ചിരുന്നത്. സത്യന്റെ നീട്ടിയും കുറുക്കിയുമുള്ള ഒാരോ മൂളലുകളും എത്രയോ പേജ് സംഭാഷണങ്ങളാണ് വെട്ടിക്കുറച്ചതെന്ന് ഓർക്കുമ്പോൾ കൗതുകം തോന്നുന്നു.

'മരിച്ച്' അഭിനയിച്ച നടൻ

മരിച്ച് അഭിനയിക്കുക എന്നത് അന്വർഥമാക്കിയ നടനാണ് സത്യൻ. ‘ഒരു പെണ്ണിന്റെ കഥ’ ചിത്രീകരണം നടക്കുന്ന സമയം. സത്യൻ മേക്കപ്പ്  ചെയ്യുകയാണ്. മേക്കപ്പ്മാൻ ദേവസ്യ വന്നു പറഞ്ഞു സത്യന്റെ മൂക്കിൽനിന്ന്‌ രക്തം വരുന്നുവെന്ന്. എന്നാൽ, ചിത്രീകരണം നിർത്താൻ അദ്ദേഹം തയ്യാറായില്ല. പകരം മൂക്കിൽ പഞ്ഞിവെച്ച് ഷോട്ട് മുഴുവൻ എടുത്തു. ഷൂട്ടിങ് കഴിഞ്ഞ് നോക്കുമ്പോൾ പഞ്ഞിയിൽ മുഴുവൻ രക്തം. ഷൂട്ടിങ് അവസാനിക്കുംവരെ തനിക്ക് ഒന്നും സംഭവിക്കരുതേയെന്ന് പ്രാർഥിക്കുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. പ്രാർഥന തന്റെ ജീവനെ ഓർത്തായിരുന്നില്ല. സംവിധായകനായ എനിക്കും നിർമാതാവായ എന്റെ സഹോദരൻ മൂർത്തിക്കുമുണ്ടാകുന്ന നഷ്ടത്തെ ഓർത്തായിരുന്നു. താൻ മൂലം ചെറുപ്പക്കാരായ രണ്ടുപേർക്ക് നഷ്ടമുണ്ടായി നശിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർഥന.

ശീലങ്ങൾ രീതികൾ

വിജയത്തിൽ അമിതമായി സന്തോഷം പ്രകടിപ്പിക്കുകയോ തിരിച്ചടികളുണ്ടാകുമ്പോൾ ദുഃഖം പുറത്ത് കാട്ടുകയോ ചെയ്തിട്ടില്ല. അസുഖത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. എല്ലുകൾക്കൊക്കെ ബലം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അധികം കായികാധ്വാനമുള്ള സീനുകൾ അഭിനയിക്കരുതെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു.  സത്യൻ അതിന് വഴങ്ങിയിട്ടില്ല. ‘അനുഭവങ്ങൾ പാളിച്ചകൾ’ ചിത്രീകരണം ആലപ്പുഴയിൽ നടക്കുകയാണ്. അതിൽ തൂമ്പ എടുത്ത് വെട്ടുന്ന സീനുണ്ട്. വെറുതേ കൈ ഉയർത്തിക്കാട്ടിയാൽ മതി ഡ്യൂപ്പിനെ വെച്ച് എടുത്തോളാമെന്ന് ഞാൻ പറഞ്ഞു. പക്ഷേ, സത്യൻ കോപാകുലനായി. ജോലി ചെയ്യുമ്പോൾ മരിച്ചാലും കുഴപ്പമില്ലെന്നും ഭീരുവിനെപ്പോലെ ജീവിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ് സീൻ അതേപടി അഭിനയിക്കുകയായിരുന്നു.

ഈ ഷർട്ട് എനിക്കു തരാമോ

‘ഇൻക്വിലാബ് സിന്ദാബാദ്’ അദ്ദേഹത്തിന്റെ അവസാനകാലത്ത് എടുത്ത ചിത്രമാണ്. അതിൽ ചെറിയ വേഷമാണ് നൽകിയത്. അതിൽ ധരിച്ച ഷർട്ട് അദ്ദേഹത്തിന് വളരെ ഇഷ്ടമായി. ഷൂട്ടിങ്ങിനുശേഷം അത് തനിക്ക് നൽകണമെന്ന് പറഞ്ഞു. മുമ്പ് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഷർട്ടിന് വലിയ പ്രത്യേകതയുണ്ടായിരുന്നുമില്ല. 1971 സെപ്റ്റംബറിലാണ് ഇൻക്വിലാബ് സിന്ദാബാദ് റിലീസ്‌ ചെയ്തത്. അതിന് മുമ്പ് ജൂണിൽ സത്യൻ മരിച്ചു. ശവപ്പെട്ടിയിൽ ആ ഷർട്ട് കൂടി വെച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

കണ്ണും കരളും അടക്കം എന്റെ പരീക്ഷണചിത്രങ്ങളിൽ സത്യനിലെ അഭിനയപ്രതിഭയുടെ കൈയൊപ്പുണ്ടായിരുന്നു. സത്യന്റെ കാലശേഷം സിനിമയെടുക്കുമ്പോൾ ചിന്തകൾക്ക് അംഗപരിമിതി സംഭവിച്ചതുപോലെ  തോന്നിത്തുടങ്ങിയിരുന്നു. പരീക്ഷണങ്ങൾക്ക് എന്നും സത്യന് താത്പര്യമായിരുന്നു. 

നാടകീയത വിട്ട് സ്വഭാവിക അഭിനയത്തിലേക്ക് എത്താൻ സാധിക്കുമെന്ന് അവസരം ലഭിച്ചപ്പോൾ അദ്ദേഹം തെളിയിക്കുകയായിരുന്നു. ഇത്രയും പ്രൊഫഷണലായി സിനിമയെ സമീപിക്കുന്ന നടനെ ഞാൻ കണ്ടിട്ടില്ലെന്നുതന്നെ പറയാം. സത്യന്റെ അസാന്നിധ്യം മലയാള സിനിമ വലിയ നഷ്ടംതന്നെയാണ്. നഷ്ടത്തിന്റെ അരനൂറ്റാണ്ടാണ് പിന്നിട്ടിരിക്കുന്നത്.

"ഓടയിൽനിന്ന് എന്ന ചിത്രം എടുക്കാൻ കാരണം സത്യനാണ്. ഛായാഗ്രാഹകനായിരുന്ന പി. രാമസ്വാമി ഒരു മലയാള ചിത്രം നിർമിക്കാൻ താത്പര്യപ്പെട്ടപ്പോൾ സത്യനാണ് 
കേശവദേവിന്റെ ഓടയിൽനിന്ന് എന്ന നോവൽ സിനിമയാക്കാൻ നിർദേശിച്ചത്. സിനിമ വലിയ വിജയമായി

തയ്യാറാക്കിയത്‌: സുനീഷ്‌ ജേക്കബ്‌ മാത്യു