ശ്രീദേവി വിട്ടുപോയെന്ന വാർത്ത കേട്ട നിമിഷം തോന്നിയ സങ്കടത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. അവരൊരു പ്രതിഭയാണെന്നും ഇതിഹാസതുല്യ വ്യക്തിത്വമാണെന്നും നമുക്കെല്ലാമറിയാം. തീർച്ചയായും. അവരവശേഷിപ്പിച്ചുപോകുന്ന ശൂന്യത ഒരിക്കലും നികത്താനാവില്ല. 

അവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞെന്ന അധികഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്. സതീഷ് കൗശിക് സംവിധാനം ചെയ്ത മിസ്. മാലിനിയെന്ന ടെലിവിഷൻ പരമ്പരയിൽ അവരുടെ അമ്മാവനായാണ് ആ ഭാഗ്യമെത്തിയത്. ശ്രീദേവിയുടെ ടെലിവിഷൻ രംഗത്തെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. 

‘ജുദായി’ സിനിമ പൂർത്തിയാക്കി ബോണി കപൂറിനെ വിവാഹം ചെയ്തതിനുശേഷം ആദ്യ മകൾ ജാൻവിയെ ഗർഭം ധരിച്ചപ്പോഴാണ് സിനിമയിൽനിന്ന് ശ്രീദേവി ഇടവേളയെടുത്തത്. പിന്നീട് രണ്ടുമക്കളും അവരുടെ കാര്യങ്ങൾ സ്വയംചെയ്യാൻ പ്രാപ്തരായി, മുഴുവൻ സമയവും അമ്മയുടെ പരിചരണം ആവശ്യമില്ലെന്ന സമയമെത്തിയശേഷമായിരുന്നു മിസ്. മാലിനിയിലൂടെ മടങ്ങിവരവ്. ഭർത്താവ് ബോണി കപൂർ നിർമിച്ച ആദ്യ ടെലവിഷൻ പരമ്പരയായിരുന്നു അത്.

ശ്രീദേവി ബാലതാരമായിരിക്കുമ്പോൾ 1975-ലാണ് ഞാനവരെ ആദ്യമായി കാണുന്നത്.  ഒരു കവർ ഷൂട്ടിന്റെ ഭാഗമായി ചെന്നൈ വിജയവാഹിനി സ്റ്റുഡിയോയിൽ. ‘ജൂലി’ സിനിമയുടെ സെറ്റിലെങ്ങും ഓടിനടക്കുകയായിരുന്നു അന്നാ പന്ത്രണ്ടുകാരി. എങ്കിലും അഭിനയത്തിൽ പ്രായത്തിൽ കവിഞ്ഞ പക്വത കാട്ടിയിരുന്നു. 

അന്ന് സെറ്റിലുണ്ടായിരുന്ന ശ്രീദേവിയുടെ അമ്മയും അച്ഛൻ അയ്യപ്പനും മകളെക്കുറിച്ച് എഴുതണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നു. വളരുമ്പോൾ ഹിന്ദി സിനിമ കൈയടക്കണമെന്നായിരുന്നു ശ്രീയുടെ അമ്മയുടെ ആഗ്രഹം. അന്ന് ശ്രീദേവിക്കാകട്ടെ, ഒരൊറ്റ ഹിന്ദിവാക്കുപോലും അറിയുമായിരുന്നില്ല. 

1979-ൽ ‘സോൾവാ സാവൻ’ എന്ന ഹിന്ദിചിത്രത്തിലായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയശേഷം മുംബൈയിലെ നട്‍രാജ് ഹോട്ടൽമുറിയിൽ അഭിമുഖത്തിനായി വന്നത് ഇപ്പോഴും ഓർമയുണ്ട്. ‘സോൾവാ സാവൻ’ ബോക്സ്ഓഫീസിൽ പരാജയമായത് തമിഴ്, തെലുങ്ക് സിനിമകളിൽ തന്നെ തുടരാൻ അവരെ നിർബന്ധിതയാക്കി. അപ്പോഴും ബോളിവുഡ് സ്വപ്നം അങ്ങനെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. 

നാലുവർഷത്തിനു ശേഷം രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത് ജിതേന്ദ്ര നായകനായ ‘ഹിമ്മത്‍വാല’യിൽ നായികയായി ശ്രീദേവി ബോളിവുഡിൽ ചരിത്രമെഴുതി. ‘ഹിമ്മത്‍വാല’ ഹിറ്റായതോടെ ഹിന്ദി ചിത്രത്തിൽ ശ്രീദേവി സ്ഥാനമുറപ്പിച്ചു.

ബോണികപൂറിന്റെ മുൻഭാര്യ മോന കപൂറിന്റെ അമ്മ സതീ ഷൂരി നിർമിച്ച ‘ഫരിഷ്തേ’യെന്ന ഹിന്ദി ചിത്രത്തിൽ പിന്നീട് ശ്രീ അഭിനയിച്ചു. രജനീകാന്തിന്റെ നായികാവേഷമായിരുന്നു അതിലവർക്ക്. ഷൂട്ടിങ്ങിനായി ക്യാമറ തയ്യാറാകുന്പോൾ മാത്രമായിരിക്കും ശ്രീദേവി ഫോമിലെത്തുക. അതുവരെ ലൊക്കേഷനിൽ ഏതെങ്കിലും പുസ്തകം വായിച്ചിരിക്കുന്ന ശ്രീയെയാണ് നമ്മൾ കാണുക. 

കമൽഹാസൻ നായകനായ ബാലുമഹേന്ദ്ര ചിത്രം ‘സാദ്മ’യിലെ പ്രകടനത്തിലൂടെ ഹിന്ദിസിനിമാലോകത്തിന്റെ കണ്ണുകളെ തന്നിലേക്ക് ആകർഷിക്കാൻ ശ്രീക്ക്‌ കഴിഞ്ഞു. അവിടെ ശ്രീദേവിയെന്ന താരോദയം സംഭവിക്കുകയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ഒട്ടേറെ പുരസ്കാരങ്ങളും ബോളിവുഡിൽ കൈനിറയെ അവസരങ്ങളും അവരെത്തേടിയെത്തി. ‘മിസ്റ്റർ ഇന്ത്യ’, ‘ചാന്ദ്നി’, ‘ലമ്‍ഹെ’, ‘ഖുദാ ഗവാ’, ‘നാഗിന’, ‘ചാൽബാസ്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രീദേവി വേഷമിട്ടു.

‘ഇൻസാൻ ജാഗ് ഉഠാ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ശ്രീദേവി മിഥുൻ ചക്രവർത്തിയുമായി പ്രണയത്തിലാകുന്നതും ഊട്ടിയിൽ വെച്ച് രഹസ്യമായി വിവാഹിതയാകുന്നതും. യോഗീത ബാലിയുമായി നേരത്തേ മിഥുന്റെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തിനുശേഷവും യോഗീതയുമായി മിഥുന് ബന്ധമുണ്ടെന്നും മിഥുന്റെ കുഞ്ഞിനെ യോഗീത ഗർഭം ധരിച്ചിട്ടുണ്ടെന്നും അറിഞ്ഞതോടെ അവർ തകർന്നു.

മൂന്നുമാസം മാത്രം നീണ്ട ശ്രീദേവി-മിഥുൻ ദാമ്പത്യം അതോടെ അവസാനിച്ചു. ‘മിസ്റ്റർ ഇന്ത്യ’യുടെ ചിത്രീകരണ സമയത്താണ് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. മോന കപൂറുമായുള്ള ബന്ധം പിരിഞ്ഞതോടെ ബോണിയും ശ്രീദേവിയും വിവാഹിതരായി. ജാൻവി, ഖുഷി എന്നീ പെൺകുട്ടികളാണ് ഇവർക്ക്.

1993-ൽ വിഖ്യാതമായ ജുറാസിക് പാർക്ക് സിനിമയിൽ വേഷം ചെയ്യാനായി ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് ശ്രീദേവിയെ സമീപിച്ചിരുന്നു. കരിയറിന്റെ ഉന്നതിയിൽനിന്ന ശ്രീ അഭിനയസാധ്യതയില്ലെന്ന് പറഞ്ഞ് ആ ക്ഷണം നിരസിക്കുകയുണ്ടായി.

പിന്നീട് ഒരു വലിയ ഇടവേളയ്ക്കുശേഷം 2015-ൽ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ശ്രീ തിരിച്ചുവരവ് ശക്തമാക്കി. 
ശ്രീദേവിയെന്ന നടിക്ക്‌ പകരംവയ്ക്കാൻ മറ്റൊരാളില്ല. ആ നഷ്ടം ഇപ്പോഴും എന്റെ മനസ്സിനെ മൂടിക്കൊണ്ടേയിരിക്കുന്നു. മരുമകന്റെ വിവാഹം കഴിഞ്ഞ് അവർ ദുബായിൽ നിന്ന് തിരികെയെത്തുമെന്നാണ് ഇപ്പോഴും മനസ്സിൽ തോന്നിക്കൊണ്ടേയിരിക്കുന്നത്‌.

(മുംബൈയിലെ പ്രമുഖ ചലച്ചിത്ര നിരൂപകനും പത്രപ്രവർത്തകനുമാണ് ലേഖകൻ)