എം.ജി.എസ്‌. ഇന്ന്‌ നവതിയിലേക്ക്‌

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളീയ ഗണിതത്തിന്റെ മൗലികത ലോകത്തെ അറിയിച്ച ചാൾസ് എം. വിഷ് (1795-1833) എന്ന ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥനിൽനിന്നാണ് സവിശേഷമായ കേരളപഠനങ്ങൾ ആരംഭിക്കുന്നത്. ഭാഷാവ്യാകരണത്തിലും പ്രാചീന ലിഖിതങ്ങളിലും അദ്ദേഹത്തിന്റെ പഠനങ്ങളുണ്ടായി. 1833-ൽ മുപ്പത്തിയെട്ടാം വയസ്സിൽ വിഷ്  അന്തരിക്കുമ്പോൾ ഗുണ്ടർട്ട് കേരളത്തിലെത്തിയിട്ടുണ്ടായിരുന്നില്ല. എന്നാൽ, പ്രാദേശികവും വൈദേശികവുമായ തെളിവുകൾ തേടിപ്പിടിച്ച് കേരള ചരിത്രാന്വേഷണങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ ഗുണ്ടർട്ടിന് കഴിഞ്ഞു. പിൽക്കാലത്ത് തിരുവിതാംകൂർ ചരിത്രമെഴുതിയ പി. ശങ്കുണ്ണി മേനോനും കൊച്ചിരാജ്യ ചരിത്രമെഴുതിയ കെ.പി. പത്മനാഭമേനോനുമൊക്കെ അന്നന്ന് ലഭ്യമായ തെളിവുകളും സങ്കേതങ്ങളും ഉപയോഗിച്ച് ചരിത്രപഠനത്തെ കൂടുതൽ വികസ്വരമാക്കി. എന്നാൽ, പ്രമാണങ്ങളുടെ ദൗർലഭ്യം അവയുടെ ആധികാരികതയിൽ വിള്ളലുണ്ടാക്കി. തുടർന്ന്, ഈരംഗത്ത് പ്രവേശിച്ച പ്രൊഫ. ഇളംകളം കുഞ്ഞൻപിള്ളയുടെ പഠനങ്ങൾ പ്രമാണ വൈപുല്യം കൊണ്ടും യുക്തിഭദ്രമായ നിലപാടുകൾകൊണ്ടും കൂടുതൽ ശ്രദ്ധേയമായി. ദേശീയ ചരിത്രരചനയുടെ ചില പരിമിതികൾ അദ്ദേഹത്തിലും പ്രതിഫലിച്ചിരുന്നു.

പ്രൊഫ. ഇളംകുളത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ചരിത്രദർശനങ്ങളുടെ പിൻബലത്തിൽ ഗവേഷണമാരംഭിച്ച പ്രൊഫ. എം.ജി.എസ്. നാരായണനാണ് അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനങ്ങൾക്ക് രീതിശാസ്ത്രപരമായ ഒരടിത്തറ പണിയുന്നത്. കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ക്രിസ്തുവർഷം 9-12  നൂറ്റാണ്ടുകൾക്കിടയിൽ കേരളം ഭരിച്ച ചേരരാജാക്കന്മാരെക്കുറിച്ചും അക്കാല രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക വികാസത്തെക്കുറിച്ചുമെല്ലാം ആഴത്തിൽ അന്വേഷിക്കുന്നതായിരുന്നു പിന്നീട് ‘പെരുമാൾസ് ഓഫ് കേരള’ എന്നപേരിൽ പ്രസിദ്ധീകൃതമായ ആ ഗവേഷണപഠനം. കേരളത്തിലെമ്പാടും ചിതറിക്കിടന്നിരുന്ന ശിലാ-താമ്ര ലിഖിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്സ്. അവയോടൊപ്പം അക്കാലത്തെ തമിഴ്, സംസ്കൃത ഗ്രന്ഥങ്ങളും. ബ്രാഹ്‌മി, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പ്രാചീന ലിപികളിലുള്ള കൈത്തഴക്കവും പാലി, തമിഴ്, സംസ്കൃതം, പ്രാചീന മലയാളം തുടങ്ങിയ ഭാഷകളിലുള്ള അഗാധമായ അറിവും ഉപയോഗപ്പെടുത്തിയാണ് ‘ഞാൻ പരിശോധിച്ച പ്രബന്ധങ്ങളിൽ മികച്ചതൊന്ന്’ എന്ന് സാക്ഷാൽ എ.എൽ. ബാഷാം വിശേഷിപ്പിച്ചിട്ടുള്ള ഈ ഗവേഷണപുസ്തകം രചിച്ചിട്ടുള്ളത്.

ഗവേഷണമേന്മ തന്നെയാണ് എം.ജി.എസിനെ ലണ്ടൻ സർവകലാശാല കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്കോ ലെനിൻഗ്രാഡ് സർവകലാശാലകളിൽ വിസിറ്റിങ് ഫെലോ, ടോക്യോവിൽ വിസിറ്റിങ് പ്രൊഫസർ എന്നീ തസ്തികകളിൽ നിയമിക്കപ്പെടാനിടയാക്കിയത്.

ചേരകാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് അർധവിരാമമിട്ടുകൊണ്ട് പ്രാചീനമായ പഴന്തമിഴ് കാലഘട്ടത്തെക്കുറിച്ചും മധ്യകാലത്തിന്റെ അവസാന ദശകങ്ങളെക്കുറിച്ചുമെല്ലാം ആധികാരികരേഖകളുടെ സഹായത്താൽ എം.ജി.എസ്. പഠിക്കുകയുണ്ടായി. കോഴിക്കോട് നഗരത്തെക്കുറിച്ചുള്ള പഠനമൊക്കെ അതിന്റെ ഉപോത്‌പന്നമായിരുന്നു. തന്റെ ഓരോ പ്രസ്താവനയ്ക്കും നിഗമനങ്ങൾക്കും ഒരുകൂട്ടം തെളിവുകൾ നൽകിക്കൊണ്ട് സാധൂകരണം നൽകുന്ന അദ്ദേഹത്തിന്റെ രചനാശൈലി പിൽക്കാല ഗവേഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.

ദന്തഗോപുരവാസിയായിരുന്ന ഒരു ചരിത്രാന്വേഷിയായിരുന്നില്ല എം.ജി.എസ്. ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. കാലിക്കറ്റ്‌ സർവകലാശാല ചരിത്രവിഭാഗം മേധാവി, ഇന്ത്യൻ ചരിത്രകോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറി-ചെയർമാൻ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചുകൊണ്ട് യുവഗവേഷകർക്ക് മതിയായ സൗകര്യങ്ങളും അവസരങ്ങളും പ്രദാനം ചെയ്യുന്നതിൽ അദ്ദേഹം ഔത്സുക്യം കാണിച്ചു. ഭരണപരമായ ഉത്തരവാദിത്വങ്ങൾക്കിടയിലും വായനയ്ക്കും ഗവേഷണത്തിനും സാഹിത്യപ്രവർത്തനങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തി. തന്റെ ഗവേഷണപ്രബന്ധത്തിന്റെ ശീർഷകംതന്നെ തള്ളിക്കളയാൻ അദ്ദേഹം തയ്യാറാവുന്നതങ്ങനെയാണ്. ഇത്തരത്തിൽ നിരന്തരമായ നവീകരണം ചരിത്രകാരന്റെ ഉത്തരവാദിത്വമാണെന്ന് എം.ജി.എസ്. നമ്മെ ഓർമപ്പെടുത്തുന്നു. നിലവിൽ കേരള ചരിത്ര കോൺഫറൻസിന്റെ അധ്യക്ഷനാണദ്ദേഹം.

തന്റെ ബോധ്യങ്ങൾക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് പ്രതികരിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും അദ്ദേഹം മടികാണിക്കാറില്ല. സുഖസൗകര്യങ്ങളോടും സാമ്പത്തികകാര്യങ്ങളോടും നിർമമത പുലർത്തുന്നതുകൊണ്ടാണ് ഐ.സി.എച്ച്.ആർ. മുതലായ സ്ഥാപനങ്ങളിൽനിന്ന് ഉയർന്ന ശിരസ്സുമായി ഇറങ്ങിപ്പോകാൻ അദ്ദേഹത്തിനുകഴിഞ്ഞത് എന്നും പറഞ്ഞുവെക്കേണ്ടതുണ്ട്.

കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ‘മൈത്രി’ എന്നുപേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വീട് സന്ദർശകരെ അദ്‌ഭുതപ്പെടുത്തുകതന്നെ ചെയ്യും. അവിടെ പണ്ഡിതനും പാമരനുമില്ല. വലിയവരും ചെറിയവരും ഇല്ല. മുതിർന്ന സുഹൃത്തുക്കളും യുവസുഹൃത്തുക്കളും മാത്രം. സഹജമായ അന്വേഷണ താത്‌പര്യത്തോടെ ഏതപരിചിതനെയും കേട്ടിരിക്കുന്ന പ്രൊഫ. എം.ജി.എസ്., വൻ മലകളെ അകലെനിന്നേ കാണാവൂ എന്ന പൊതുമൊഴിക്ക്‌ അപവാദമാകുന്നു. വിശകലനാത്മകവും വിമർശനാത്മകവുമായ ചരിത്രരചന പഠിപ്പിച്ച മഹാഗുരുവിന് പിറന്നാളാശംസകൾ.

കൊയിലാണ്ടി ഗവ. കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ.