ബന്ധങ്ങളിലും മാനസികാരോഗ്യത്തിലും ആശയവിനിമയത്തിലുമെല്ലാം കഴിഞ്ഞ പത്തുമാസത്തിൽ  ഉണ്ടായ പ്രശ്നങ്ങൾ  മുമ്പൊരിക്കലും കാണാത്തതാണ്‌

നമ്മുടെയും പ്രിയപ്പെട്ടവരുടെയും മാനസികവൈകാരിക ആരോഗ്യത്തിൽ ശ്രദ്ധചെലുത്താൻ ഈ കോവിഡ് കാലം ഇടനൽകി. എങ്കിലും പ്രിയപ്പെട്ടവരെയും നമ്മെത്തന്നെയും എങ്ങനെ പരിപാലിക്കണമെന്ന വിഷയത്തിലെ അറിവും പരിശീലനവും പലർക്കും പരിമിതമാണ്. വികാരങ്ങളും തോന്നലുകളും കൈകാര്യംചെയ്യുന്നതിൽ നമ്മിൽ പലരും മിടുക്കരല്ല. അത് അവരവരുടേതായാലും മറ്റുള്ളവരുടേതായാലും. മാനസിക, വൈകാരിക, ആരോഗ്യവും ശാരീരിക ആരോഗ്യവും പരസ്പരം ചേർന്നുപോകേണ്ടതുണ്ട്. അതിനാൽ, ഒരാൾ ശാരീരികമായി എത്രമാത്രം ആരോഗ്യമുള്ളയാളാണോ, അത്രതന്നെ മാനസികാരോഗ്യമുള്ളയാളുമായിരിക്കണം.

നാമെന്തിനു മടികാണിക്കണം

ബന്ധങ്ങളിലും മാനസികാരോഗ്യത്തിലും ആശയവിനിമയത്തിലുമെല്ലാം കഴിഞ്ഞ പത്തുമാസത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഇതിനു മുമ്പൊരിക്കലും കാണാത്ത വിധമാണ്. അനുകമ്പ, സഹാനുഭൂതി, സ്നേഹം, കരുതൽ എന്നിവ നമുക്ക് ഇല്ലാതാവുകയാണോ ? വികാരങ്ങൾ ആത്മാർഥമായി പ്രകടിപ്പിക്കുന്നതിൽ നാം മടികാണിക്കുന്നുണ്ടോ ? ആശയവിനിമയങ്ങളിൽ ചിലപ്പോഴെങ്കിലും നാം പരുഷമായി പെരുമാറുന്നുണ്ടോ ? നമ്മുടെ പെരുമാറ്റങ്ങളിലും ദൈനംദിന ഭാഷയിലും നാം കൂടുതൽ ശ്രദ്ധനൽകുകയും പരിഗണന നൽകുകയും ചെയ്യേണ്ട സമയമാണ്. പ്രത്യേകിച്ച്, ഇതുപോലുള്ള സമയങ്ങളിലും വരാനിരിക്കുന്ന സമയങ്ങളിലും. ജീവിതത്തിലെ ഓരോ ചെറിയ കാര്യവും ഭാഷയാലാണ് രൂപപ്പെടുന്നത്. സ്നേഹം, ദയ, അനുകമ്പ, കരുതൽ, ധൈര്യം, സാമാന്യബോധം എന്നിവയുടെ ഭാഷ. ഈ നേർത്തവ്യത്യാസം നാം എങ്ങനെ മനസ്സിലാക്കാൻ തുടങ്ങും, കരുതലിന്റെ ഭാഷ എന്താണ് അർഥമാക്കുന്നത് ?

കരുതലിന്റ ഭാഷ

വാക്കുകളിലോ അടയാളങ്ങളിലോ രൂപത്തിലോ വിഭജിക്കപ്പെടാതെ, ഉചിതവും ഉൾക്കൊള്ളുന്നതുമായ ഭാഷ ഉപയോഗിക്കാൻ പഠിക്കണം. മറ്റുള്ളവരുടെ വികാരങ്ങളോടും ആശങ്കകളോടും ക്രിയാത്മകമായ, ക്ഷമയുള്ള, മുൻവിധിയില്ലാത്ത പ്രതികരണത്തിന്റെ ഭാഷ കൂടുതൽ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്. മറ്റൊരാളുടെ ആശങ്കകളും ഭയങ്ങളും മനസ്സിലാക്കാനോ കേൾക്കാനോ നാം മടിക്കുന്നത് പല തരത്തിലാണ്; അവ നിസ്സാരമോ പ്രാധാന്യമില്ലാത്തതോ ആണെന്ന തരത്തിൽ നിരസിക്കുന്നു; ശ്രദ്ധയോ സഹായമോ വാഗ്ദാനം ചെയ്യുമ്പോൾ അക്ഷമയോടെയും മുൻവിധിയോടെയും സമീപിക്കുന്നു. പ്രശ്നങ്ങൾ അസഹനീയമാകുമ്പോൾ എന്തു ചെയ്യണമെന്നറിയാത്ത വ്യക്തിക്ക്‌, തന്നെ കേൾക്കാനും സ്വാധീനിക്കാനും കഴിയുന്ന ഒരുകൂട്ടം മനുഷ്യരുള്ളതുതന്നെ വലിയ ആശ്വാസമാണ്. അത് അയാളെ സുഖപ്പെടുത്തിയേക്കാം.

ഒപ്പമുണ്ടെന്നു തോന്നിക്കുക

ലോകം വിരൽത്തുമ്പിലെ ആശയവിനിമയത്തിലേക്കും വെർച്വൽ ഫെയ്‌സ് മീറ്റിങ്ങുകളിലേക്കും ചുരുങ്ങുമ്പോൾ നമ്മുടെ ഭാഷ ശ്രദ്ധാപൂർവം രൂപപ്പെടുത്തേണ്ടതുണ്ട്. മറ്റുള്ളവർക്കായി നാം അവിടെ തുടരുന്നിടത്തോളം നമ്മുടെ അതിരുകൾ മറികടക്കാതിരിക്കാനും ലംഘിക്കാതിരിക്കാനും ശ്രദ്ധിക്കണം. അതിനായി നമ്മുടെ അതിരുകൾ നിർണയിക്കേണ്ടതുമുണ്ട്. ഇത് വൈകാരികമായി ജാഗ്രത പുലർത്തുകയും സാമൂഹികമായി പ്രതികരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.

നിങ്ങൾ എങ്ങനെയിരിക്കുന്നു, സുഖമാണോ എന്ന ഒരൊറ്റ ചോദ്യം മതിയാകും ചിലസമയങ്ങളിൽ കരുതൽ പ്രകടിപ്പിക്കാൻ. അനിശ്ചിതത്വങ്ങളുടെയും ഭയങ്ങളുടെയും ഈ ഇരുണ്ടകാലത്ത് പ്രത്യേകിച്ചും. ക്ഷേമാന്വേഷണ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ കൂടുതൽ ആത്മാർഥത പുലർത്താം. നമുക്ക് സുഖം തോന്നുന്നില്ലെങ്കിൽ/ പ്രയാസത്തിലാണെങ്കിൽ അങ്ങനെത്തന്നെ തുറന്നുപറയാനും പഠിക്കാം.  

അനിഷ്ടത്തോടെ പെരുമാറരുത്

ഓരോരുത്തരുടെയും വേദനകളും പോരാട്ടങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പട്ടിക അനന്തവുമാണ്. ആളുകൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ പരുഷമായി, അനിഷ്ടത്തോടെ പെരുമാറാൻ നമുക്ക് ഒരവകാശവുമില്ല. വാക്കുകളുടെയും പ്രവൃത്തികളുടെയും പ്രതികരണങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ നാം പഠിക്കണം. പിന്തുണയോ ദയയോ പ്രകടിപ്പിച്ച് ശീലമില്ലാത്ത ആളുകൾക്കും സഹായം ചോദിക്കാൻ മടിയുള്ള വ്യക്തികൾക്കും ഇത് എളുപ്പമായിരിക്കില്ല. എങ്കിലും, നമുക്ക് ശ്രമിക്കാം. ആവശ്യമുള്ള സമയത്ത് പ്രിയപ്പെട്ടവരുടെ സാന്നിധ്യം ലഭിക്കാത്തതിനെത്തുടർന്ന് സ്വയം മുറിവേൽപ്പിക്കുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും മതിയായ ഉദാഹരണങ്ങൾ എത്രയേ​ാ നമുക്ക്‌ ചുറ്റുമുണ്ട്‌.

നമുക്ക് ഇപ്പോൾത്തന്നെ തുടങ്ങണം. മൂല്യമുള്ള, ആശ്വാസം നൽകുന്ന, ജീവിതത്തെ വിലമതിക്കുന്ന തുടക്കങ്ങൾക്കായി ഇപ്പോൾത്തന്നെ തയ്യാറാവാം.  ആലിംഗനങ്ങൾ നമുക്കൊരു ശീലമാക്കി മാറ്റാം. ‘ഒപ്പമുണ്ട് ഞാൻ, അത് നീ അറിയണം’ എന്നതാവട്ടെ നമ്മുടെ ഭാഷ.

ഇവ ചെയ്തുനോക്കൂ...

മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിൽ നമുക്ക് കൂടുതൽ സുതാര്യതയും ആത്മാർഥതയും പുലർത്താം. നമുക്ക് ചെയ്യാവുന്ന ഏറ്റവും ചുരുങ്ങിയ കാര്യങ്ങൾ ഇവയാണ്:

 • മറ്റുള്ളവരെ ശ്രദ്ധിക്കുക
 •  മറ്റുള്ളവർക്കുവേണ്ടി സമയമുണ്ടാക്കുക
 •  ഉറപ്പുനൽകുന്ന വാക്കുകളും പ്രവൃത്തികളും നിങ്ങളെക്കുറിച്ച് മറ്റേയാളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നു.
 • കരുതൽക്കുറവുള്ളതായി നടിക്കരുത്
 •  നിങ്ങൾ എല്ലായ്‌പ്പോഴും തിരക്കിലാണെന്ന് പറയാതിരിക്കുക
 •  ഒരു വ്യക്തിയുടെ പ്രയാസം എത്ര നിസ്സാരമാണെങ്കിലും അതിനെ കുറച്ചു കാണാതിരിക്കുക
 •  സഹായമോ പിന്തുണയോ ആവശ്യപ്പെട്ടുള്ള വിളികളെ ഒരിക്കലും അവഗണിക്കരുത്
 •  ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെ കളിയാക്കരുത്
 •  നിങ്ങളുടെ പ്രശ്നങ്ങളെ അവരുടേതുമായി താരതമ്യം ചെയ്യരുത്
 •  പ്രശ്നങ്ങളെ നിങ്ങൾ എങ്ങനെ നേരിട്ടു എന്നതുമായി അവരുടെ പോരാട്ടശ്രമങ്ങളെ താരതമ്യം ചെയ്യരുത്.
 •  ജീവിതത്തിൽ എല്ലാം ഉള്ളപ്പോഴും എന്തിനാണ് ദുർബലരും വിഷാദമുള്ളവരുമായിരിക്കുന്നതെന്ന് ഒരിക്കലും അവരോട് ചോദിക്കരുത്
 •  കരയുന്നതിലോ നിങ്ങളിൽ ആശ്വാസം കണ്ടെത്തുന്നതിലോ അവരെ കളിയാക്കരുത്
 •  നിരന്തരം അനാരോഗ്യത്തോടെയിരിക്കുന്നതിന് ഒരിക്കലും അവരെ പരിഹസിക്കരുത്

 സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ്‌ ലേഖിക.  aparna@zocio.net