Mannathu Padmanabhan1878 ജനുവരി രണ്ടിനാണ് മന്നത്തു പദ്‌മനാഭന്റെ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സിൽ അമ്മ എഴുത്തിനിരുത്തി. എട്ടുവയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. പിന്നീട് ചങ്ങനാശ്ശേരിയിലുള്ള സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാമ്പത്തികപരാധീനതകളാൽ അവിടെ തുടരാൻ കഴിഞ്ഞില്ല. ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്നു. അനുഗൃഹീതനടൻ എന്നപേർ രണ്ടുവർഷംകൊണ്ട് സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി.

ചങ്ങനാശ്ശേരി മലയാളം സ്കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ വാധ്യാരായി ജോലിയിൽ പ്രവേശിച്ചു. മാതൃകാധ്യാപകൻ എന്ന  പേരുസമ്പാദിച്ചു. പിന്നീട് പല സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസ്സിൽ മിഡിൽ സ്കൂൾ അധ്യാപകനായിരിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവെച്ചു. ഇതിന്‌ രണ്ടുവർഷംമുമ്പ് തുറവൂർ സ്കൂളിൽ അധ്യാപകനായിരിക്കുമ്പോൾ മജിസ്‌ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നദ്‌ എടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസുചെയ്ത അദ്ദേഹം  അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർസമാജ രൂപവത്‌കരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം ഇങ്ങനെ ഒന്നിനുപിറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31-ന് നായർസമുദായ ഭൃത്യജനസംഘം രൂപവത്‌കരിച്ച് അധികം കഴിയുന്നതിനുമുമ്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കുകയും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

1924-ൽനടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന്‌ കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട സവർണജാഥ, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും പ്രക്ഷോഭ വൈദഗ്‌ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബർ 31മുതൽ 1945 ഓഗസ്റ്റ് 17വരെ 31 വർഷം എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947-ൽ സംഘടനയുമായുള്ള ഓദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും  ഉത്തരവാദഭരണപ്രക്ഷോഭത്തിനും നേതൃത്വം നൽകി. മുതുകുളത്തുചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽചെയ്ത പ്രസംഗത്തെത്തുടർന്ന് അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. രണ്ടരമാസത്തിനുശേഷം അദ്ദേഹം ജയിൽമോചിതനായി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായിനടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്ന്‌ വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി. 

1949 ഓഗസ്റ്റിൽ ആദ്യമായി രൂപവത്‌കരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി. തുടർന്ന്, പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹികപ്രവർത്തനങ്ങളിലും എൻ.എസ്.എസിന്റെ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും അനന്തരം, കേരള സംസ്ഥാനവും രൂപംപ്രാപിച്ചപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും  രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടില്ല. 1957-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. കമ്യൂണിസ്റ്റ്‌ പാർട്ടി  അധികാരത്തിൽവന്നു. കമ്യൂണിസ്റ്റ്‌ ഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിന്‌ നേതൃത്വം നൽകി. ആ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ പിരിച്ചുവിടുകയും പ്രസിഡന്റുഭരണം നടപ്പാവുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അദ്‌ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം ലോകപ്രസിദ്ധനായി.മികച്ച വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണി നിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്ര നിരൂപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര, എന്റെ ജീവിതസ്മരണകൾ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട സമുദായം 1960-ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കേ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്ന്‌ യാത്രപറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയിൽത്തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതുനീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നാണ്.

സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർസമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും അതിന്റെ ഗുണഭോക്താക്കൾ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966-ൽ ഭാരതസർക്കാർ പദ്‌മഭൂഷൺ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ, 1989-ൽ തപാൽവകുപ്പ് അദ്ദേഹത്തിന്റെ സ്മാരകമായി സ്റ്റാമ്പ് പ്രസിദ്ധീകരിക്കുകയുംചെയ്തു. വൈകിയാണെങ്കിലും 2014-ൽ സംസ്ഥാനസർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ചു.ആ മഹാത്മാവിന്റെ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും ജനുവരി ഒന്ന്‌, രണ്ട്‌ തീയതികളിൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാഘോഷം  കൊണ്ടാടിവരുകയായിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തേതുപോലെ ഈവർഷം ജനുവരി രണ്ടിന് ആചാര്യന്റെ 145-ാമത് ജന്മദിനം ആഘോഷങ്ങൾ ഒഴിവാക്കി ‘മന്നം ജയന്തി ആചരണ’മായി പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും നടത്തുകയാണ്.