‘കുരുതി’യിലെ മൂസാ ഖാലിദായി തിരശ്ശീലയിൽ നിറഞ്ഞ നാളുകളിലൊന്നിലാണ് നടൻ മാമുക്കോയ അർബുദവുമായി നേരിൽക്കാണുന്നത്. 33 റേഡിയേഷൻ, ആറു കീമോതെറാപ്പി. ആ കൂടിക്കാഴ്ച അങ്ങനെ കഴിഞ്ഞു. വരുന്നിടത്തുവെച്ചുകാണാം എന്ന സ്വന്തം ജീവിത തത്ത്വം ഒന്നുകൂടി പറഞ്ഞുറപ്പിക്കുന്നു അദ്ദേഹം. ‘മാതൃഭൂമി’ പ്രതിനിധി രജി ആർ. നായർക്ക്‌ അനുവദിച്ച അഭിമുഖത്തിൽനിന്ന്‌

രോഗം ജീവിതത്തെ മാറ്റിയോ?
ഇല്ല. രോഗത്തെക്കാൾ വലുത് എന്തൊക്കെ സംഭവിക്കുന്നു ജീവിതത്തിൽ! രോഗം വന്നു, പോയി. അതൊന്നും ഒന്നുമല്ല എന്ന മട്ടിൽ ജീവിക്കുന്നതാണ് എന്റെ പ്രകൃതം. അല്ലാതെ പേടിച്ചിട്ടെന്തു കാര്യം? രോഗം വരുന്നത് നമ്മുടെ കൈയിലല്ല. പക്ഷേ, ഡോക്ടറെ കാണാനും രോഗം തടുക്കാനും പറ്റും. അലോപ്പതിയുണ്ട്, ആയുർവേദമുണ്ട്, ഹോമിയോ ഉണ്ട്. എല്ലാം നോക്കാലോ. അതിൽ വലിയ ടെൻഷനില്ല. ടെൻഷൻ വേറെ കാര്യങ്ങളിലാണ്. സുഹൃത്തുക്കൾക്കിടയിലുള്ള അകൽച്ച, കുടുംബത്തിലുള്ള എന്തെങ്കിലും പ്രശ്നം... ഒരു മരുന്നുമില്ലാത്ത കേസാണ് അതൊക്കെ.

 അർബുദം വേദനിപ്പിച്ചോ?
= ചികിത്സ തുടങ്ങുംമുന്പ് ഡോക്ടർമാരുൾപ്പെടെ പലരും എന്നോട് ഇതിന്റെ വേദനയെപ്പറ്റി പറഞ്ഞിരുന്നു. കീമോയുടെ സമയത്തും പറഞ്ഞു, ‘വേദനയുണ്ടാവും, കൈവലിക്കരുത്’ എന്ന്. കീമോയൊക്കെ കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഞാൻ അവരോടുചോദിച്ചു, ‘‘വേദനയുണ്ടാകും എന്ന്‌  പറഞ്ഞിരുന്നല്ലോ, അത് എപ്പോഴാണ്?’’. വീട്ടിലെത്തിയപ്പോൾ കുടംബത്തിലുള്ളവരും ചോദിച്ചു, ‘‘ഇപ്പോൾ വേദനയുണ്ടോ?’’. ഞാൻ തിരിച്ചുചോദിച്ചു, ‘‘അതിന്, മുന്പു വേദനയുണ്ടായിരുന്നോ?’’. എനിക്ക് മുടി പോയിട്ടില്ല. മറ്റു ബുദ്ധിമുട്ടുകളുമില്ല. തൊണ്ടയിലായിരുന്നു കാൻസർ. റേഡിയേഷനിൽ കഴുത്ത് കുറച്ച് പൊള്ളിയടർന്നിരുന്നു. അതിപ്പോൾ മാറി.

 രോഗവുമായി എളുപ്പത്തിൽ പൊരുത്തപ്പെട്ടപോലെ...
= നമ്മൾ ജീവിക്കുകയാണ്. ആ ജീവിതത്തിൽ നമുക്ക് സുഖം വരും അസുഖം വരും. അതിനെ നേരിടാനല്ലേ നമ്മൾ? അസുഖം വരുമ്പോൾ നിലവിളിക്കുന്നതിൽ എന്തുകാര്യം? അതിജീവിക്കുക. അടുത്തഘട്ടം എന്താണെന്നു നോക്കുക. മാനസികാവസ്ഥയാണ് പ്രധാനം. പേടിച്ചാൽ വേറെ രോഗങ്ങൾ വരും.
ഇപ്പോൾ ഏതുരോഗത്തിനും ശക്തമായ ചികിത്സയും ഉപകരണങ്ങളും നമ്മുടെ നാട്ടിൽത്തന്നെയുണ്ട്. ഇതുതന്നെയാണ് അമേരിക്കയിലുള്ള ആശുപത്രികളിലുമുള്ളത്. പൈസ കൂടുതലുള്ളവർക്ക് അവിടെപ്പോയാൽ ഒരു സമാധാനം. അത്രതന്നെ.

ആദ്യമായാണോ ആരോഗ്യപ്രശ്നം?
= ആദ്യമായിട്ടല്ല രോഗം വരുന്നത്. ഹൃദയത്തിന് ചെറിയ പ്രശ്നങ്ങൾ നേരത്തേ വന്നിട്ടുണ്ട്. ഒരു ഹോമിയോ ഡോക്ടറെയാണ് അന്നൊക്കെ കാണാറ്. കോഴിക്കോട്ടുകാരനൊരു ഇസ്മായിൽ സേട്ട്. ഒരിക്കൽ വേദനവന്നത് ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ്; രാത്രി. മുറിയിൽ ഞാനൊറ്റയ്ക്കേയുള്ളൂ.  അടുത്തമുറിയിലുള്ള കോട്ടയം നസീറിനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്കിറങ്ങി. അവിടെ പൈസ ആദ്യം കെട്ടണം. രാത്രിയല്ലേ. നിർമാതാവൊന്നും ഇല്ല. ആശുപത്രിയിൽനിന്ന് പി.വി. ഗംഗാധരനെ വിളിച്ചു. പി.വി.ജി. ആശുപത്രിക്കാരോട് പറഞ്ഞു, ‘‘എല്ലാം ഞാനേറ്റു. നിങ്ങൾ ചികിത്സ തുടങ്ങൂ’’. അങ്ങനെ ആൻജിയോപ്ളാസ്റ്റി ചെയ്തു. രണ്ടു സ്റ്റെന്റുമിട്ടു. മൂന്നുദിവസംകൊണ്ട് അഞ്ചുലക്ഷം രൂപ കഴിഞ്ഞു. അത്രതന്നെ. ഇപ്പോഴും ഒരു ബ്ലോക്കുണ്ട്. പെട്ടെന്ന് ബൈപ്പാസ്‌ ചെയ്യണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഹൃദ്രോഗം കുറച്ചൊക്കെ ജീവിതശൈലീരോഗമാണല്ലോ. അപ്പോൾ ജീവിതശൈലി മാറ്റിയാൽ മതിയല്ലോ.

ഒന്നിലും ഉത്കണ്ഠയില്ലെന്നാണോ?
= സുഹൃത്തുക്കളുടെ നിസ്സഹായാവസ്ഥയിൽ സങ്കടപ്പെടാറുണ്ട്. മരിച്ചുപോയ നാടകസംവിധായകൻ ശാന്തകുമാർ പറഞ്ഞിട്ട് കോഴിക്കോട്ടെ മറ്റൊരു സുഹൃത്തിനെ കാണാൻപോയി ഒരിക്കൽ. കലാകാരനാണ് അയാൾ. ഒരു ശുദ്ധൻ, പഞ്ചപാവം മനുഷ്യൻ. ഭാര്യ മരിച്ചു. മക്കളുമില്ല കൂടെ. കലയും സാംസ്കാരികപ്രവർത്തനവുമായി നടക്കുന്നതുകൊണ്ട് അയാൾ അതിന്റെ വേദനകൾ സ്വയം അറിയിക്കാതെ നോക്കുന്നു. അതിനിടയിൽ അർബുദവും വന്നു. ആ മനുഷ്യന്റെ ഒറ്റപ്പെടൽ എനിക്ക് സഹിക്കാനായില്ല. എന്തുചെയ്യാം! എല്ലാവരും കൂടെനിൽക്കുമെന്ന് കരുതി ജീവിക്കരുത്. അതേസമയം, ആളുകൾക്ക് കൂടെനിൽക്കാൻ തോന്നുംവിധം നമ്മൾ ജീവിക്കുകയുംവേണം.  

 ഇതേ അസുഖത്തെ അതിജീവിച്ച ആളാണല്ലോ ഇന്നസെന്റ്. അദ്ദേഹം വിളിച്ചിരുന്നോ?
= ഇന്നസെന്റ് എന്നെയും ഭാര്യയെയും മാറിമാറി വിളിക്കുമായിരുന്നു. എന്നിട്ടു പറയും, ‘‘ഇതൊരു ചെറിയ കേസാണ്. ഒന്നുംപേടിക്കാനില്ല. കുറച്ചുദിവസംകൊണ്ട് മാറും. കുറച്ചുദിവസം ഭക്ഷണം കഴിക്കാനൊരു പ്രയാസംണ്ടാവും. അതു കുഴപ്പമില്ല, നമുക്ക് ജ്യൂസ് കഴിച്ച് ശരിയാക്കാം’’. മമ്മൂട്ടി, സത്യൻ, പ്രിയൻ, ശ്രീനിവാസൻ നമ്മുടെ ആ ഗ്യാങ്ങൊക്കെ വിളിച്ചിരുന്നു. ശബ്ദം തിരിച്ചുകിട്ടി ഒന്നു ക്ലിയറായിവന്നപ്പോൾ ഞാൻ നെടുമുടി വേണുവിനെ വിളിച്ചു. ഒക്ടോബർ ഏഴാം തീയതി. ‘‘എന്റെ ശബ്ദം ഇപ്പോൾ ശരിയായില്ലേ’’ -ഞാൻ ചോദിച്ചു. വേണു പറഞ്ഞു, ‘‘ഇപ്പോ എല്ലാം ഓക്കേ ആയല്ലോ. ഞങ്ങളുടെ ഒക്കെ പ്രാർഥനയാണ്. ഞാൻ ഒന്നു ഹോസ്പിറ്റലിലേക്ക് പോവാണ്. ചെക്കപ്പ് ചെയ്യണം. അവിടെ രണ്ടുദിവസം റെസ്റ്റ് വേണം. പോയിവന്നിട്ട് ഞാൻ വിളിക്കാം’’. അതുംപറഞ്ഞ് ഫോൺ വെച്ചതാണ് വേണു. 11-ാം തീയതി വേണു മരിച്ചു.

വന്നകാലത്തുള്ള പലരും ഇന്നില്ല. ആളുകൾ മാറുന്നു, ബന്ധങ്ങൾ മാറുന്നുണ്ടോ
= പപ്പുവേട്ടൻ, ഒടുവിൽ, ശങ്കരാടിച്ചേട്ടൻ, കരമനച്ചേട്ടൻ, കൃഷ്ണൻകുട്ടി നായർ, ഫിലോമിനച്ചേച്ചി... എല്ലാവരും പോയി. ഞങ്ങളൊക്കെ ലൊക്കേഷനിൽ ഒന്നിച്ചിരുന്ന് വർത്തമാനം പറയുമായിരുന്നു. സിനിമ ചർച്ചചെയ്യാറില്ല. കുടുംബം, രാഷ്ട്രീയം ഇതൊക്കെയാണ് ചർച്ച. 
ഇന്നത്തെ കുട്ടികൾക്ക് അത് പരിചയമില്ല. അവർ ഒരു ഷോട്ട് കഴിയുമ്പോഴേക്ക് കാരവനിൽ പോയിരിക്കും. എനിക്കാണെങ്കിൽ കാരവനിലെ ഇരിപ്പ് കൊല്ലുന്നതിന് സമമാണ്. ഒരു ചെറിയ ബസിന്റെ അകത്ത് ഇങ്ങനെ നോക്കിയിരിക്കുക! ഞാൻ കാരവനിൽ ഇരിക്കാറില്ല. കസേര എടുത്ത് പുറത്തിടാൻ പറയും. ചുറ്റുപാടുകൾ നോക്കി അങ്ങനെയിരിക്കും. മരങ്ങൾ, റബ്ബർ തോട്ടങ്ങൾ, മനുഷ്യർ..

 സിനിമയാണോ ജീവിതമാണോ കൂടുതൽ പ്രിയം?
= സിനിമയല്ലാത്ത ജീവിതം. നമ്മുടെ ഒറിജിനൽ ജീവിതം. ചുറ്റുപാടുകൾ, ഇടപാടുകൾ, ജീവിക്കുന്ന ദേശം... ഇതൊക്കെയാണല്ലോ നമ്മുടെ ജീവിതം. ലൊക്കേഷനിലെ ജീവിതം ആ സിനിമ തീരുന്നതുവരെയേ ഉള്ളൂ. ഷൂട്ടിന് പാലക്കാട് പോയെന്നിരിക്കട്ടെ. അവിടെ ഒരു മാസം. ഷൂട്ട് തീർന്നു. ആ ജീവിതവും തീർന്നു. അവിടുന്ന് വേറെ ലൊക്കേഷനിലേക്ക്. ഇതൊക്കെ കഴിഞ്ഞാലും ബാക്കിയുള്ളത് നമ്മുടെ നാടും മനുഷ്യരും ബന്ധങ്ങളുമൊക്കെത്തന്നെ. പിന്നെ, സാമ്പത്തികമായിട്ട് മെച്ചം കിട്ടണമെങ്കിൽ സിനിമകൂടി വേണം.

 എന്തിലാണ്, ആരിലാണ് വിശ്വാസം?
= ദൈവത്തിൽ വിശ്വാസമുണ്ട്. എന്നാൽ ഒരു അസുഖം വന്നു, അതുമാറിയാൽ വിശ്വസിക്കാം എന്ന മട്ടിലുള്ള വിശ്വാസമല്ല. അസുഖം മാറുന്നതും വിശ്വാസവുമായി ബന്ധമില്ല. വിശ്വാസം നിരന്തരമായി തുടരുന്നതാണ്. പ്രാർഥിക്കാറുണ്ട്. ഞാൻ ഒരു സൃഷ്ടിയാണെന്നും എനിക്ക് ഒരു സ്രഷ്ടാവുണ്ടെന്നും പരിപൂർണമായി വിശ്വസിക്കുന്നു. ആ ഒരുകാരണംകൊണ്ടുമാത്രമാണ് ഞാൻ കമ്യൂണിസവുമായി വല്ലാതെ അടുക്കാത്തത്. 

എന്നാൽ, എല്ലാ രാഷ്ട്രീയക്കാരുമായും നല്ലബന്ധമുണ്ട്. ഇഫ്താർ പാർട്ടികളിലൊക്കെ എല്ലാവരുമുണ്ടാവും. ഒരിക്കൽ ഒരു ഇഫ്താറിൽ ഞാനും കോടിയേരി ബാലകൃഷ്ണനും ഒന്നിച്ച്‌ ഭക്ഷണം കഴിക്കാനിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമുണ്ട്. ആരോ ഒരു വീഡിയോ കൊണ്ടുവന്നു കാണിച്ചു. ഈ സിനിമയും രാഷ്ട്രീയവും കൂട്ടിക്കലർത്തി കാണിക്കുന്ന ടി.വി. പരിപാടിയില്ലേ. അതാണ്. ഞാൻ ‘ബാലസ്ണാ’ എന്നുവിളിക്കുമ്പോൾ കോടിയേരി തിരിഞ്ഞുനോക്കുന്നു. അപ്പോൾ ഞാൻ പറയുന്നു, ‘‘അന്ന്യല്ല, വേറൊരുത്തൻണ്ട് ഓന്യാ’’. അതാണ് സീൻ. വീഡിയോ കോടിയേരിയുടെ ഭാര്യയെ കാണിച്ചു. അവർ ചിരിച്ചുമറിഞ്ഞു.

 ജീവിതത്തോട്‌ പൊതുവേ എന്താണ്‌ സമീപനം?
= പൊതുവേ ഒരുകാര്യത്തിലും എനിക്ക് മുൻവിധിയില്ല. ആശങ്കകളില്ല. ആകുലതകളില്ല. നല്ലതോ ചീത്തയോ വരട്ടെ, അപ്പോ നോക്കാം.