അടിത്തറ ഭദ്രമല്ലെങ്കിൽ ഏതു സൗധവും നിലംപൊത്തും. സൗധത്തിന്റെ വലുപ്പമനുസരിച്ച്, ആഴത്തിലും ഉറപ്പിലുമാകണം അടിത്തറ. മലയാളമാകുന്ന മഹാസൗധത്തിന്റെ അടിത്തറയുറപ്പിക്കപ്പെട്ടിരിക്കുന്നത് 49 അക്ഷരവജ്രക്കല്ലുകളിലാണ്. ഈ അടിത്തറയ്ക്കാണ് ഇന്ന് ഇളക്കം തട്ടിയിരിക്കുന്നത്; അല്ല, ഇളക്കിമാറ്റപ്പെട്ടിരിക്കുന്നത്. ഫലമോ? പത്താംക്ലാസിൽ മുഴുവൻ എ പ്ളസ്‌ വാങ്ങി ജയിക്കുന്ന കുട്ടികൾക്കുപോലും എഴുതാനും വായിക്കാനും അറിഞ്ഞുകൂടാ! സർക്കാർ, എയ്ഡഡ്, സി.ബി.എസ്.ഇ. എന്നിങ്ങനെ, എല്ലാ വിഭാഗങ്ങളിലുംപെട്ട അഞ്ഞൂറോളം കുട്ടികളുടെയിടയിൽ പല തലങ്ങളിലും പല ഘട്ടങ്ങളിലുമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാനിതു പറയുന്നത്. 
കാരണങ്ങൾ തേടിയുള്ള പ്രയാണത്തിൽ, കോളേജ്-ഹൈസ്കൂൾ തലങ്ങളിലുള്ള ഭാഷാധ്യാപകരോടു ചോദിച്ചപ്പോൾ അവരുടെ മറുപടി, കുട്ടികൾ അക്ഷരം പഠിക്കേണ്ടത് ഒന്നാം ക്ലാസിലാണെന്നാണ്. ഏറ്റവും വിചിത്രമായി തോന്നിയത്, മലയാളം ഐച്ഛികമായി എടുത്ത് പി.ജി.ക്കു വരുന്ന കുട്ടികൾക്കും ട്രെയിനിങ്‌ കോളേജിൽ അധ്യാപകപരിശീലനത്തിനുവരുന്ന വിദ്യാർഥികൾക്കും പോലും അക്ഷരമറിയില്ലെന്നും അവരെ അക്ഷരങ്ങൾ വർഗീകരിച്ചു പഠിപ്പിച്ചശേഷമാണ് പാഠങ്ങൾ എടുക്കുന്നതെന്നുമുള്ള അധ്യാപകരുടെ പ്രസ്താവനയാണ്!
ഉത്തരവാദികൾ ഒന്നാംക്ലാസിലെ അധ്യാപകരാണെന്നു പറഞ്ഞതിനാൽ അവരുമായി ബന്ധപ്പെട്ടു. അവരിൽനിന്നാണ് പാഠപുസ്തകത്തിൽ അക്ഷരമാല ചേർത്തിട്ടില്ല എന്നറിയുന്നത്. ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള മലയാളപാഠാവലികൾ മുഴുവൻ ശേഖരിച്ചു പരിശോധിച്ചു. അങ്ങനെയാണ്, ഒരിടത്തും അക്ഷരമാല ചേർത്തിട്ടില്ലെന്ന് ബോധ്യപ്പെട്ടത്.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ലേഖനപരമ്പരകൾ എഴുതി. പക്ഷേ, ഒരു പ്രതികരണവും ഒരിടത്തുനിന്നും ഉണ്ടായില്ല. കത്തുകളും നിവേദനങ്ങളും അയക്കാൻ തുടങ്ങി, വിദ്യാഭ്യാസവകുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, എസ്.സി.ഇ.ആർ.ടി. എന്നിവിടങ്ങളിലേക്ക്‌. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല. സ്ഥലം എം.എൽ.എ. വഴി വിദ്യാഭ്യാസ മന്ത്രിക്ക് ഒരു നിവേദനം സമർപ്പിച്ചു. നടപടിയെടുക്കാൻ വിദ്യാഭ്യാസസെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നുപറഞ്ഞ് ഒരു രേഖ കിട്ടി. പക്ഷേ, നടപടിയൊന്നും ഉണ്ടായില്ല. വിദ്യാഭ്യാസമന്ത്രി മാറിവന്നപ്പോൾ മറ്റൊരു മന്ത്രിവഴി വീണ്ടും നിവേദനം കൊടുത്തു. പാഠപുസ്തകപരിഷ്കരണം നടക്കാൻ പോവുകയാണെന്നും അപ്പോൾ അതു പരിഗണിക്കാമെന്നും പറഞ്ഞ് എസ്.സി.ഇ.ആർ.ടി.യിൽനിന്ന് മറുപടി ലഭിച്ചു. അക്കൂട്ടത്തിൽ പറഞ്ഞു, ലോകമെമ്പാടും അക്ഷരാവതരണരീതി മാറി, ആശയാവതരണരീതിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നും...! മനഃശാസ്ത്രജ്ഞന്മാരും ഭാഷാപണ്ഡിതന്മാരും വിദ്യാഭ്യാസവിചക്ഷണന്മാരും പറഞ്ഞിട്ടാണ് അക്ഷരമാല നീക്കം ചെയ്തത് എന്നും രേഖയിൽ പറയുന്നു. പക്ഷേ, ഈ പണ്ഡിതന്മാരുടെ മേൽവിലാസം ചോദിച്ചിട്ട് ഒരാളുടെപോലും വിലാസം ഇതുവരെ ലഭിച്ചിട്ടില്ല. ഇവരാരും അരൂപികളായിരിക്കാൻ സാധ്യതയില്ല. അവർ മലയാളികളല്ലെന്ന് ഉറപ്പാണ്. കാരണം, കേരളത്തിലുള്ള ഈ മേഖലകളിൽപ്പെട്ട അറിയപ്പെടുന്ന പണ്ഡിതന്മാരോടൊക്കെ അക്ഷരമാല പാഠപുസ്തകത്തിൽ ഇല്ലെന്നു പറഞ്ഞപ്പോൾ അവരെല്ലാം അന്തംവിട്ടുപോകുകയാണുണ്ടായത്..!
2009 മുതൽ നമ്മുടെ കുട്ടികൾ അക്ഷരമാല കാണാതെ അക്ഷരാഭ്യാസം നടത്തിവരുകയാണ്. അതിന്റെ ഫലമായി സമ്പൂർണസാക്ഷരകേരളം സമ്പൂർണനിരക്ഷരകേരളമായി മാറിയിരിക്കുന്നു! പ്രൈമറിതലംമുതൽ സർവകലാശാലവരെയെത്തിയിട്ടുള്ള ഒരു തലമുറയുടെ ഭാവിയാണ് തകർത്തുകളഞ്ഞിരിക്കുന്നത്. എൻ.വി. കൃഷ്ണവാരിയർ പറയുന്നതുപോലെ, ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭാഷയുടെ കാര്യത്തിൽ നമ്മൾ ഇംഗ്ലീഷ് ഭാഷയുടെ അടിമകൾതന്നെ. ഇംഗ്ലീഷും ഫ്രഞ്ചുമൊഴികെയുള്ള മിക്കവാറും ഭാഷകൾ മലയാളംപോലെ അക്ഷരോച്ചാരകഭാഷകളാണ്. മലയാളത്തിന്റെ അക്ഷരസമ്പന്നത ലോകത്തിൽ മറ്റൊരു ഭാഷയ്ക്കും തന്നെയില്ല എന്നോർക്കണം. മലയാളത്തിന്റെ മഹത്ത്വവും സൗന്ദര്യവുംകണ്ട് സായ്പന്മാർ മലയാളം പഠിക്കാൻ കേരളത്തിൽ വരുന്നു! മലയാളിക്കു മലയാളത്തോടു പുച്ഛവും!
ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് കേരളവർമ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ, എം. രാജരാജവർമ, ചിദംബരം വാധ്യാർ എന്നീ മഹാപണ്ഡിതന്മാരെ ചേർത്ത് രൂപവത്‌കരിക്കപ്പെട്ട കേരളചരിത്രത്തിലെ പ്രഥമപാഠപുസ്തക കമ്മിറ്റി തുടങ്ങിവെച്ച്, നൂറ്റാണ്ടുകൾ പിന്നിട്ട് 2009 വരെ തുടർന്നുപോന്ന ഒരു സമ്പ്രദായത്തെ മേൽവിലാസമില്ലാത്ത ഏതോ വിദേശപണ്ഡിതന്മാർ പറഞ്ഞതുകേട്ട് അട്ടിമറിച്ച ഈ മഹാപാതകം പൊറുക്കാനാവുന്നതിനപ്പുറമാണ്.
കൂനിന്മേൽ കുരു എന്നപോലെ മലയാളം പഠിക്കാതെ മലയാളം പഠിപ്പിക്കാം എന്ന വിജ്ഞാപനം ഈയിടെ സർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. ഇത് എന്തു വിഡ്ഢിത്തമാണ്? പണംമുടക്കി കഷ്ടപ്പെട്ടു പഠിച്ച അഭ്യസ്ഥവിദ്യർ വഴിയാധാരമാകുമ്പോൾ മലയാളം ഒരിക്കലും പഠിക്കാത്ത ആളുകൾക്ക് മലയാള അധ്യാപകരാകാം എന്ന ഈ പ്രസ്ഥാവന എത്രയോ ശോചനീയമാണ്. തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യരോടുള്ള ക്രൂരതയല്ലേ ഇത്? അവരോടുള്ള സഹതാപവും രേഖപ്പെടുത്തട്ടെ.

ഭാഷാ വിദഗ്ധനും മാതൃഭാഷാപോഷകസന്നദ്ധസമിതി സാരഥിയുമാണ്‌  ലേഖകൻ