പ്രാഥമിക ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മുൻകാലത്ത്‌ കണ്ടിരുന്ന മലയാളം അക്ഷരമാല ഇപ്പോൾ എങ്ങും കാണാനില്ലെന്നായി. സാക്ഷരകേരളത്തിലെ കുട്ടികൾ അക്ഷരമേ പഠിക്കേണ്ടതില്ലത്രേ! 

മലയാളത്തിന്റെ തുമ്പും വാലും പിടികിട്ടിയിട്ടില്ലാത്ത ഏതോ വിദ്യാഭ്യാസവിദഗ്ധമ്മന്യന്മാരുടെ ലീലാവിലാസത്തിന്റെ ദുഷ്‌ഫലമാണിത്. 
സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ, നമുക്കുപരിചയമുള്ള എല്ലാ ഭാഷകളെയും മലയാളം കടത്തിവെട്ടുന്നത് നമ്മുടെ അദ്‌ഭുതാവഹമായ അക്ഷരസമ്പത്തുകൊണ്ടാണ്‌. അതിനെച്ചൊല്ലി ‘മത്താടിക്കൊൾകഭിമാനമേ നീ’ എന്ന് മഹാകവി വള്ളത്തോളിനെപ്പോലെ വാഴ്ത്തിപ്പാടേണ്ട നമ്മൾ അതു കളഞ്ഞുകുളിക്കരുത്. ഈ വിഷയത്തിന്റെ വിവിധവശങ്ങൾ ഞാൻ പലപ്പോഴും വിശദീകരിച്ചിട്ടുണ്ട്‌: 

അക്ഷരത്തിന്റെ വില 
ആനയ്ക്ക് ആനയുടെ വില അറിഞ്ഞുകൂടാ എന്നുപറയാറില്ലേ? അതുപോലെയാണ് മലയാളിക്ക് മലയാളത്തിന്റെ മഹത്ത്വം മനസ്സിലായിട്ടില്ല എന്നു പറയേണ്ടിവരുന്നത്. ഉദ്ദേശം 6000 വരുന്ന ലോകഭാഷകളിൽ പലപ്രകാരത്തിലുമുള്ള പ്രസക്തിമൂലം പ്രധാനം എന്ന് ഗവേഷകർ പരിഗണിക്കുന്ന ആദ്യത്തെ ഇരുപത്തഞ്ചെണ്ണത്തിൽപ്പെടുന്നു മലയാളം. ഈ ശ്രദ്ധേയതയെ ഊട്ടിയുറപ്പിച്ച മുഖ്യവസ്തുത വളരെയേറെ വികസിച്ചിട്ടുള്ള നമ്മുടെ ലേഖനവ്യവസ്ഥ, അഥവാ എഴുതുന്ന സമ്പ്രദായമത്രേ. മലയാളം എഴുതാൻ നാം ഉപയോഗിക്കുന്ന ചിഹ്നങ്ങളിൽ മിക്കതും ഓരോ അക്ഷരത്തെയാണ്, വർണത്തെയല്ല സൂചിപ്പിക്കുന്നത് എന്ന വസ്തുതയ്ക്കുപിന്നിലെ മഹാഭാഗ്യംമൂലമാണ് സ്പെല്ലിങ് എന്ന പൊല്ലാപ്പിൽനിന്ന് നാം രക്ഷപ്പെട്ടത്. പറയുന്നതും എഴുതുന്നതും ഏറിയകൂറും ഒരുപോലെ എന്നത് നിസ്സാരകാര്യമല്ല. ഓരോ വാക്കിന്റെയും സ്പെല്ലിങ്ങും ഉച്ചാരണവും മനസ്സിരുത്തി പരിശീലിക്കണം എന്ന ഇംഗ്ലീഷിലെ ബദ്ധപ്പാട് മലയാളഭാഷാപരിശീലനത്തിൽ ഇല്ലെന്നത് വലിയൊരു സൗകര്യമാണ്. ‘ഇംഗ്ലീഷിലുള്ളതിന്റെ ഇരട്ടിയോളം അക്ഷരങ്ങൾ പഠിക്കണ്ടേ മലയാളത്തിൽ’ എന്ന ചോദ്യം കഥയറിയാതെ ആട്ടംകാണാൻ പുറപ്പെടുന്നവരുടേതുപോലെ നിരാസ്പദംതന്നെ. 

‘സ്വരങ്ങൾ താനക്ഷരങ്ങൾ വ്യഞ്ജനം വകയില്ലിഹ’ എന്ന് വൃത്തശാസ്ത്രതത്ത്വം ശ്രദ്ധാലുക്കൾ ഓർമിക്കും. വൃത്തശാസ്ത്രം ഭാഷാശാസ്ത്രത്തിലെ ഒരു സൂക്ഷ്മമണ്ഡലമായ വർണവിജ്ഞാനത്തിൽ  ഉൾപ്പെടുന്നു എന്നുകാണാൻ കഴിയുന്നവർക്ക് ഇതിൽ അദ്‌ഭുതമൊന്നും തോന്നില്ല. തിരുവനന്തപുരം, പറവൂർ ഇവയിൽ എത്ര അക്ഷരമുണ്ട്‌ എന്ന ചോദ്യത്തിന് ഏഴും മൂന്നും എന്നാവുമല്ലോ മലയാളി നൽകുന്ന ഉത്തരം. ഭാഷാസാമഗ്രിയെ ഇങ്ങനെ വ്യത്യസ്തഘടകങ്ങളായി കണക്കാക്കാൻ ആ വ്യക്തിക്കറിയാം. അതേസമയം, നമ്മുടെ അക്ഷരമാലയിൽ ഏതെല്ലാം അക്ഷരങ്ങളുണ്ട്‌ എന്ന ചോദ്യം പലരെയും കുഴക്കും. ഇക്കാലത്തെ മലയാളം എഴുതാൻ ആവശ്യമായ സ്വരങ്ങൾ 13, വ്യഞ്ജനങ്ങൾ 36 എന്നും അവയുടെ ക്രമം ഇന്നത് എന്നും ഉറപ്പുള്ളവരുടെ എണ്ണം ക്രമേണ ചുരുങ്ങിവരുന്നു. 
സാക്ഷരതയിൽ സർക്കാർ കണക്കുപ്രകാരം മുൻപന്തിയിൽ; അക്ഷരമറിവിൽ വളരെ പിന്നിലും- ഇതാണ് ഇന്നത്തെ മലയാളിയുടെ ശോചനീയമായ അവസ്ഥ. 

പടിക്കുപുറത്തായ അക്ഷരമാല 
ഇതിനോടുബന്ധപ്പെട്ട ഒരു പ്രധാന വസ്തുത സമാദരണീയനായ ഫാ. തോമസ് മൂലയിൽ സസ്നേഹം എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി: പ്രാഥമികക്ലാസുകളിൽ മലയാളബോധനം ആശയാധിഷ്ഠിതമാകയാൽ അക്ഷരമാല ഒരു പാഠപുസ്തകത്തിലും ചേർക്കാതായത്രേ! ഭാഷയുടെ ആസൂത്രിതവികസനത്തിന്റെ (Planned development) കാഴ്ചപ്പാടിൽ ഈ നയം ആത്മഹത്യാപരംതന്നെ. അംഗവൈകല്യമൊന്നുമില്ലാത്ത എല്ലാ മനുഷ്യരും ഏതെങ്കിലും ഭാഷ, ആരും പഠിപ്പിക്കാതെത്തന്നെ പറയാൻ തുടങ്ങും; ഉള്ളിൽ തോന്നുന്നത് അന്യരെ പറഞ്ഞുധരിപ്പിക്കാൻ ശീലിക്കും. അതേഭാഷ എഴുതാനാകട്ടെ അവർ കഷ്ടപ്പെട്ട്‌ പരിശീലിച്ചേ തീരൂ. ഇത് ഏവർക്കും പെട്ടെന്ന്‌ ബോധ്യംവരുന്ന മൗലികമായ ഒരു ഭാഷാശാസ്ത്രതത്ത്വം. 
അക്ഷരമാലയും അതിലെ അക്ഷരങ്ങളുടെ ക്രമവും ഇളംതലമുറയ്ക്കും വരുംതലമുറകൾക്കും അറിയാതായാൽ അക്ഷരക്രമത്തിൽ വിവരങ്ങളും വിജ്ഞാനശകലങ്ങളും അടുക്കിയിട്ടുള്ള റഫറൻസ് പുസ്തകങ്ങൾ അവർ പ്രയോജനപ്പെടുത്തുന്നതെങ്ങനെ! പ്രധാനമായും അവർക്ക്‌ ഉപകരിക്കാനല്ലെങ്കിൽ കോടിക്കണക്കിന്‌ ധനം പലപതിറ്റാണ്ടായി വ്യയം ചെയ്യേണ്ടിവരുന്ന, എത്രയോ പരിശ്രമശീലരായ ഗവേഷകരുടെ നിരന്തരപ്രവർത്തനത്തിൻ ഫലമായി പതുക്കെക്കണ്ടെങ്കിലും രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന പലതരം നിഘണ്ടുകളും വിജ്ഞാനകോശങ്ങളും മറ്റും എന്തിനുവേണ്ടി! 
ഭരണഭാഷ ഒച്ചിഴയും വേഗത്തിലാണെങ്കിലും മലയാളമായിക്കൊണ്ടിരിക്കേ ഒട്ടേറെ പട്ടികകളിലും മറ്റും സ്വീകരിക്കേണ്ടുന്ന അക്ഷരക്രമം എന്തായിരിക്കണം? 
 ‘ആൽഫബെറ്റിക്കൽ ഓർഡർ ഇംഗ്ലീഷിലല്ലേയുള്ളൂ? മലയാളത്തിൽ ഇല്ലാത്ത ആൽഫബെറ്റിക്കൽ ഓർഡറിൽ വിവരങ്ങൾ എങ്ങനെ അടുക്കാനാ’ എന്ന് വരുംനാളുകളിൽ ഉദ്യോഗസ്ഥർ അമ്പരക്കില്ലേ! പ്രയോഗവഴിയിൽ പൊന്തിവരുന്ന ദൂരവ്യാപകമായ തിക്തഫലങ്ങൾ ഉളവാക്കുന്ന ഏതാനും വസ്തുതകൾമാത്രം തൊട്ടുകാട്ടി എന്നേയുള്ളൂ. 

സാംസ്കാരികം
സാംസ്കാരികകാഴ്ചപ്പാടിലും മാതൃഭാഷയെ യഥാർഥത്തിൽ സ്നേഹിക്കുന്ന ആർക്കെങ്കിലും അക്ഷരമാലയെ അവഗണിക്കാനാവുമോ! സംസാരിക്കുന്നയാളുടെ വായിൽനിന്ന്‌ ഉതിർന്നാലുടൻ അന്തരീക്ഷത്തിൽ ലയിച്ച് ഇല്ലാതാവുന്ന വാമൊഴിക്ക് ഒട്ടെങ്കിലും ആയുസ്സുനൽകുന്നത് വരമൊഴിയല്ലേ? ഇന്നത്തെ പലതരം ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള റെേക്കാഡിങ്ങൊന്നും എഴുത്ത് എന്ന പ്രക്രിയയ്ക്കുപകരമാവില്ല. അക്ഷരങ്ങളെക്കുറിച്ച് ഉറപ്പില്ലാത്തവരുടെ എഴുത്ത് എങ്ങനെയിരിക്കുമെന്ന്‌ സങ്കല്പിക്കാവുന്നതേയുള്ളൂ. മലയാളത്തിലെ അക്ഷരരൂപങ്ങൾക്ക് നമ്മുടെ നൃത്ത-വാസ്തു-ശില്പ-ചിത്ര കലകളോടും കാറ്റിലാടുന്ന വൃക്ഷലതാദികൾ നിരക്കുന്ന പ്രകൃതിയോടുമുള്ള നാഭീനാളബന്ധവും ചിന്താബന്ധുരമത്രേ. 

ആശയത്തോടൊപ്പം അക്ഷരവും 
പറഞ്ഞുവരുന്നത് ഭാഷാബോധനരംഗത്തെ ഇക്കാലത്തെ ആശയനിഷ്ഠരീതി ഉപേക്ഷിക്കണമെന്നേയല്ല, അക്ഷരപരിശീലനം ഉപേക്ഷിക്കരുത് എന്നാണ്. ഏറ്റവും അഭികാമ്യം രണ്ടു രീതികളുടെയും സമഞ്ജസമായ സമ്മേളനമാണ്. ഉദാഹരണത്തിന് അമ്മ, ആമ, ഇല്ല, ഈണം, ഉമ്മ, ഊമ, എലി, ഏലം, ഐക്യം, ഒരു, ഓടി മുതലായ വാക്കുകളിലെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ അവയിലെ അക്ഷരങ്ങളും പരിചയിപ്പിക്കാം; പരിശീലിപ്പിക്കാം. ഏതായാലും ഒന്നോർക്കുക: ഭാഷ ഏതുവഴിക്കാലോചിച്ചാലും അക്ഷരാത്മികയാണ്. അക്ഷരങ്ങളെ അവഗണിച്ചുകൊണ്ടുള്ള പദപരിചയമോ ആശയപരിചയമോ തീർത്തും അസംബന്ധംതന്നെ. അതിനാൽ നമ്മുടെ പാഠപുസ്തകങ്ങളിൽ അക്ഷരമാലയ്ക്ക് അതർഹിക്കുന്ന പ്രാഥമികസ്ഥാനം ലഭിക്കാൻതക്ക നടപടികൾ സർക്കാർ ഉടൻതന്നെ സ്വീകരിക്കണം.  മാത്രമല്ല, എല്ലാ നിലവാരത്തിലുമുള്ള വിദ്യാലയങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും ചുവരുകളിലും സർക്കാർ കലണ്ടറിലും ഡയറിയിലുമൊക്കെ അക്ഷരമാലയുടെ ഔേദ്യാഗികരൂപം പ്രദർശിപ്പിക്കേണ്ടതാണ് എന്ന നിയമം നമ്മുടെ നിയമസഭ പാസാക്കുകയും ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടൻതന്നെ ഉണ്ടാവുകയും വേണം. 

മലയാളഭാഷയ്ക്കുള്ള സംഭാവനയ്ക്ക്‌ രാഷ്ട്രപതി നൽകുന്ന ആദ്യ ശ്രേഷ്ഠഭാഷാ പുരസ്കാരം നേടിയ ലേഖകൻ 
പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും ഭാഷാ പണ്ഡിതനുമാണ്‌. കേരള സർവകലാശാലാ ലിംഗ്വിസ്റ്റിക്സ്‌ വിഭാഗം മുൻമേധാവിയും  കലാമണ്ഡലം മുൻ ചെയർമാനുമായിരുന്നു.