മലയാളപാഠപുസ്തകങ്ങളിലൊന്നിലും അക്ഷരമാല പഠിപ്പിക്കുന്നില്ലത്രേ. അതുശരിയല്ല, പഠിപ്പിക്കുകതന്നെ വേണം എന്നുവാദിക്കാനാണ് ഈ കുറിപ്പെഴുതുന്നത്.
അക്ഷരമാലയെന്ന്‌ സാധാരണയായി പറഞ്ഞുവരുന്നത് ലിപിമാലയെയാണ്. ലിപി പഠിച്ചില്ലെങ്കിൽ എങ്ങനെയാണ് ഒരു കുട്ടി വാക്കെഴുതുക, എഴുതിയത്‌ വായിക്കുക? സിദ്ധാന്തം എന്തുതന്നെയായാലും ലിപി പഠിപ്പിക്കുന്നുണ്ടാകണം. ഈ പഠിപ്പിക്കൽ ആശയം, പദം, എഴുത്ത് എന്ന ക്രമത്തിലാണെന്ന്‌ കേൾക്കുന്നു. ‘ആന’ എന്ന്‌ എഴുതിക്കണ്ടാൽ പദം നേരത്തേ അറിയുന്ന മാതൃഭാഷക്കാരായ ശിശുക്കൾ ആ ജീവിയുടെ പേര്‌ എഴുതിക്കാണിക്കുന്ന ഏർപ്പാടാണ്  ഇതെന്നാണ് ആദ്യം മനസ്സിലാകേണ്ടത്. പിന്നീടാണ് ഈ എഴുതിയിരിക്കുന്നത് രണ്ട്‌ വെവ്വേറെ ലിപികൾകൊണ്ടാണെന്ന്‌ ധരിക്കേണ്ടിവരിക. ഇതാണ്‌ പുതുക്രമം എന്നുകരുതട്ടെ. ഈ ക്രമം ഒരുപക്ഷേ സ്പെല്ലിങ്ങിന് പ്രാധാന്യമുള്ള ലിപിവിന്യാസം പഠിപ്പിക്കാൻ സംവിധാനംചെയ്തതാകാം. ഇന്ത്യൻ ഭാഷകൾക്ക്‌ പൊതുവേ ഈ ദുർഘടം ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകൾക്കുള്ള അളവിലില്ല. ആ-ന എന്ന രണ്ടുലിപികളാണ് ഈ പദത്തിന്റെ ഉച്ചാരണത്തിലെന്ന്‌ തുടക്കത്തിൽത്തന്നെ പറഞ്ഞുകൊടുക്കാവുന്നതേയുള്ളൂ. ലിപിമാലയുടെ പാരമ്പര്യക്രമമോ അതിന്റെ പരിഷ്കൃതരൂപമോ പഠിക്കുന്നില്ലെങ്കിലും മാതൃഭാഷക്കാരായ കുട്ടികൾ ഈ ലിപിമാലയിലെ ഓരോ ലിപിയും അവയുടെ ചേരുവയും പഠിക്കുന്നുണ്ട്. പദങ്ങൾ എഴുതുന്നതിലൂടെ പരിശീലിക്കുന്ന ലിപികളും അവയുടെ ഉച്ചാരണവും ഉൾക്കൊള്ളുകവഴി ഇതുവരെ എഴുതിക്കണ്ടിട്ടില്ലാത്ത പദങ്ങൾ എഴുതാൻ ശിശു പ്രാപ്തിനേടുന്നു. ഈ സർഗാത്മകതയ്ക്ക് ഏതെങ്കിലും ഭാഷാശാസ്ത്രസിദ്ധാന്തം എതിർനിൽക്കുമെന്ന്‌ കരുതാനാകുന്നില്ല.

എഴുതാൻ പഠിപ്പിക്കുകവഴി ലിപിമാലയിലെ ലിപികളെയും ചേരുവകളെയുംതന്നെയാണ് പഠിപ്പിക്കുന്നത് എങ്കിൽപ്പിന്നെ ലിപിമാല എന്ന പട്ടിക പഠിക്കുന്നതിന്റെ ആവശ്യമെന്താണ്? നിഘണ്ടുവും വിജ്ഞാനകോശവുമൊക്കെ ക്രമീകരിച്ചിരിക്കുന്നത് ഈ ക്രമത്തിലാണ്. ലിപിമാലയറിയാത്ത ആർക്കും ഈ കൃതികൾ ഉപയോഗിക്കാൻ സാധിക്കില്ല. മലയാളഭാഷയിലെ ഈ ലിപിക്രമം ഭൂരിപക്ഷം ഇന്ത്യൻ ഭാഷകൾക്കുമുള്ളതാണ്-ചിലതിൽ ചില ചേർക്കലും നീക്കലുമുണ്ടെങ്കിലും. ഇന്ത്യൻ ഭാഷകളിലെ ഈ പാരമ്പര്യക്രമത്തിന് ഉച്ചാരണവുമായി ബന്ധപ്പെട്ട യുക്തിയും സാധുതയുമുണ്ട്. വായയുടെ തുറപ്പ് -അ, ചുണ്ടുപരത്തിയ ചെറുതരം തുറപ്പ് - ഇ, ചുണ്ടുരുട്ടിയത്-ഉ എന്നിങ്ങനെ സ്വരങ്ങൾ.

ക, ച, ട, ത, പ എന്ന വർഗങ്ങളിലേക്കുവന്നാലോ? കടനാവുമുതൽ ചുണ്ടുവരെയുള്ള 
വദനഭാഗങ്ങൾ അനുക്രമമായി അതതിന്റെ സ്പർശസ്ഥാനത്ത് സ്പർശിച്ചാണ് അവയുടെ ജനനമെന്ന് ആർക്കും ഉച്ചരിച്ചുനോക്കിയാൽ വ്യക്തമാകും. ഇതിനർഥം ഉച്ചാരണപ്രമാണത്തെ അനുസരിച്ചാണ് നമ്മുടെ ലിപിമാലയുടെ സംവിധാനമെന്നാണ്. ഗ്രീക്കുകാരുടെ ആൽഫാ-ബീറ്റാ  ക്രമമോ റോമക്കാരുടെ എ, ബി, സി, ഡി ക്രമമോ ഇത്തരം വ്യവസ്ഥയൊന്നും പാലിക്കുന്നില്ല. ഇന്ത്യൻ ഭാഷകൾക്കുപൊതുവായ ഈ ക്രമം നമ്മുടെ ഗണിതവിജ്ഞാനംപോലെ മഹത്തായ ഒരു ബൗദ്ധികസമ്പത്താണ്. ഇത്ര സരളമായി, ഇത്ര ഗഹനമായ ഈ സമ്പത്ത് ഏതുശിശുവിനും പ്രവേശിക്കാൻ അവകാശമുള്ള ഒന്നാണ്. അതവർക്ക് നിഷേധിക്കരുത്.

പ്രമുഖ ഇന്ത്യൻ ഭാഷാ ശാസ്ത്രജ്ഞനും കലിക്കറ്റ്‌ സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയുമാണ്‌ ലേഖകൻ