പുരാണത്തിലെ ഒരു കഥാപാത്രമാണ് പാതാളലോകത്തെ ഒരു രാജാവായ വിദ്യുജ്ജിഹ്വൻ. ശൂർപ്പണഖയെയാണ് കക്ഷി കെട്ടിയത്. അയാൾക്കു കാട്ടിക്കൊടുത്തതോ അതിസുന്ദരിയായ രാവണപത്നി മണ്ഡോദരിയെ. പത്നിയെ കാണിച്ച് ഭഗിനിയുടെ കല്യാണം നടത്തിയത് രാവണനും. രാവണോദ്‌ഭവം എന്ന ആട്ടക്കഥയിലെ കഥാപാത്രമാണ് വിദ്യുജ്ജിഹ്വൻ. ആട്ടക്കഥയെഴുതിയ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി അപ്രകാരം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ആട്ടപ്രകാരം ആവിഷ്കരിച്ചവർ സദസ്സിനെ രസിപ്പിച്ച് ആഹ്ലാദിപ്പിക്കാൻ ചെയ്ത കഥാപരിഷ്കാരമാണിതെന്നാണ് കഥകളിപണ്ഡിതർ പറയുന്നത്. അതെന്തുതന്നെയായാലും വിദ്യുജ്ജിഹ്വന്റെ അവസ്ഥയിലാണ് ഓരോ കേരളീയനും. സ്വന്തം മാതൃഭാഷയായ മലയാളത്തിന്റെ കാര്യത്തിലാണ് ഇപ്രകാരം ചതിപറ്റി മലയാളികൾ വിദ്യുജ്ജിഹ്വന്മാരാകുന്നത്. ആട്ടപ്രകാരം ചമയ്ക്കുന്നതോ ഭരണവർഗവും അവരുടെ കർണജപന്മാരായ ഉദ്യോഗസ്ഥരും. 

 സ്വാഭിമാനമില്ലാത്ത നിലപാട്‌
1969-ലാണ് കേരളത്തിൽ ആദ്യത്തെ ആട്ടപ്രകാരം ഔദ്യോഗികഭാഷാനിയമത്തിന്റെ രൂപത്തിൽ പുറത്തുവന്നത്. കേരളത്തിന്റെ ഔദ്യോഗിക ഭാഷകൾ മലയാളവും ഇംഗ്ലീഷും ആയിരിക്കും എന്നാണ് അതിൽ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളെല്ലാം അവരവരുടെ മാതൃഭാഷയെ ഔദ്യോഗികഭാഷയാക്കിയപ്പോഴാണ് കേരളത്തിന്റെ സ്വാഭിമാനമില്ലാത്ത നിലപാട്. രണ്ടുഭാഷകൾ എന്നതിന്റെ അസാംഗത്യം ബോധ്യമായതു കൊണ്ടാവണം, 1973-ൽ ഒരു ഭേദഗതി ചമയ്ക്കുകയുണ്ടായി. കേരളത്തിന്റെ ഔദ്യോഗികഭാഷ മലയാളമോ ഇംഗ്ലീഷോ ആയിരിക്കും എന്നാണ് ഭേദഗതി. തൊണ്ണൂറ്റിയേഴു ശതമാനം മലയാളികൾ, മലയാളത്തെ അടിസ്ഥാനമാക്കി മാത്രം ഉണ്ടാക്കിയ ഈ സംസ്ഥാനത്ത് ജീവിക്കുമ്പോഴാണ് ഇത്തരത്തിൽ നിയമനിർമാണം. അവിടെ തുടങ്ങുന്നു മലയാളത്തിന്റെ അധോഗതി, കേരളത്തിന്റെയും.

സമൂഹത്തിന്റെയും വ്യക്തിയുടെയും ആശയവിനിമയമാധ്യമം എന്നതിനപ്പുറം മഹത്തായ സംസ്കാരത്തിന്റെയും ചരിത്രാനുഭവത്തിന്റെയും ആത്മാവബോധത്തിന്റെയും നാൾവഴിരേഖ കൂടിയാണ് ദേശത്തിന്റെ മാതൃഭാഷ. ഏറ്റവും മൗലികവും അടിസ്ഥാനപരവുമായ ആശയവിനിമയം, സങ്കീർണ മാനസികഭാവങ്ങളുടെ സംവേദനം എന്നീ ധർമങ്ങൾ നിർവഹിച്ചുകൊണ്ട് സംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഈടിരിപ്പുകൂടിയാവുന്നു മാതൃഭാഷ. കേരളത്തിന്റെ ഭരണഘടനാസങ്കല്പങ്ങൾക്ക് അധിഷ്ഠാനം മലയാളമാണ്. ഇവിടത്തെ മതാതീതമായ സഹിഷ്ണുതയുടെ മൂലകന്ദം മലയാളമാണ്. ദേശീയലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാനും ദേശസ്നേഹത്തിന്റെ ചരടിൽ ജനതയെ കോർത്തിണക്കാനും മലയാളത്തിന്റെ ശക്തി അനന്യമാണ്. വരുംതലമുറകളിൽ സ്വാഭിമാനവും ആത്മവിശ്വാസവും ഉണ്ടാകണമെങ്കിൽ മാതൃഭാഷാപഠനം ആവശ്യമാണ്. ആ പഠനം ലഭിക്കാത്ത തലമുറ, അട്ടും അറ്റുംപോയ വേരുകളിൽ ആടിയുലഞ്ഞ് വീഴാറായ വൃക്ഷം പോലെയായിപ്പോകും. മാതൃഭാഷയുടെ അന്തസ്സും സ്വാധീനവും വീണ്ടെടുക്കുകയെന്നത് ജനതയുടെ സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമാണ്.

മറ്റു സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ മാതൃഭാഷകളെ സർവഥാ പരിപോഷിപ്പിക്കാനുള്ള നിയമനിർമാണങ്ങൾ ബോധപൂർവം ആവിഷ്കരിച്ച് കാര്യമായി നടപ്പാക്കുമ്പോൾ, മറ്റു രംഗങ്ങളിൽ ആർജിച്ചിട്ടുള്ള പുരോഗതിയെയും വളർച്ചയെയും പിന്നോട്ടടുപ്പിക്കുമാറ്്‌ മാതൃഭാഷാവ്യാപനം പോലെയുള്ള പ്രവർത്തനങ്ങളിൽനിന്ന് കേരളം മുഖംതിരിക്കുന്നെന്നതാണ് സംസ്ഥാനം രൂപംകൊണ്ട് അറുപത്തഞ്ചുവർഷം കഴിഞ്ഞിട്ടും അനുഭവം.

ആട്ടപ്രകാരം ചമയ്ക്കുന്നത് സദസ്സിനുവേണ്ടിയാണ്. കൊച്ചിരാജാവിന്റെ നിർദേശാനുസാരം രാവണോദ്‌ഭവത്തിന് ആട്ടപ്രകാരം ചമച്ച കപ്ളിങ്ങാട്ട് നമ്പൂതിരിയുടെ സദസ്സ് അന്നത്തെ സമൂഹത്തിലെ വരിഷ്ഠകുലജാതരായിരുന്നു. ഇന്ന് മലയാളത്തിനെതിരേ ആട്ടപ്രകാരം ചമയ്ക്കുന്ന ഭരണ-ഉദ്യോഗസ്ഥ വൃന്ദത്തിനും ഒരു സദസ്സുണ്ട്. കാശും കച്ചവടവും ധാടിയും മോടിയുമൊക്കെയുള്ള ജാതി-മത-വർഗീയ ശക്തികളും അവരെ പിൻപറ്റുന്ന മധ്യവർഗവും. ജനതയെ ആത്മവിശ്വാസമുള്ളവരാക്കി ഐക്യപ്പെടുത്തുന്ന മലയാളമെന്ന മാതൃഭാഷയോട് പരമപുച്ഛമാണവർക്ക്. 

 മാതൃഭാഷയെ തള്ളിക്കളയുമ്പോൾ
1973-നുശേഷം ഔദ്യോഗികഭാഷ സംബന്ധിച്ചോ പഠന ഭരണഭാഷ സംബന്ധിച്ചോ കേരളത്തിൽ ദീർഘകാലം ഒരു നിയമനിർമാണവും നടന്നില്ല. പേരിനു ചില കമ്മിറ്റികളും റിപ്പോർട്ടുകളുമുണ്ടായി. 2011-ലാണ് മലയാളത്തെ പഠനത്തിലെ ഒന്നാം ഭാഷയാക്കിക്കൊണ്ട് ഉത്തരവുവരുന്നത്. അതുണ്ടാക്കിയവർതന്നെ അതിനെ അട്ടത്തുവെച്ചു. 2013 മാർച്ചിലെ ഐക്യമലയാളപ്രസ്ഥാനത്തിന്റെ നിരാഹാരസമരത്തെത്തുടർന്നും അതേവർഷം നവംബറിൽ സമർപ്പിച്ച നിയമസഭാസമിതി (പാലോട് കമ്മിറ്റി)യുടെ മൂന്നാം റിപ്പോർട്ടിനെ പിൻപറ്റിയുമാണ് ഔദ്യോഗികഭാഷാവകുപ്പ് സമഗ്രമലയാളനിയമത്തിന്റെ കരടുരേഖയുണ്ടാക്കുന്നത്. നിയമസഭാസമിതി റിപ്പോർട്ടിൽ നിഷ്കർഷിച്ച കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കരടുണ്ടാക്കിയത്. മലയാളഭാഷാവികസനത്തിനായി ഒരു മന്ത്രിതലവകുപ്പ്, ഭാഷാ ഡയറക്ടറേറ്റ്. ഹയർ സെക്കൻഡറിതലംവരെ മലയാളം നിർബന്ധിത വിഷയം എന്നിങ്ങനെയുള്ള നിർദേശങ്ങളെല്ലാം ആ കരടിലുണ്ടായിരുന്നു. കരടിനെ അവലംബിച്ച് നിയമവകുപ്പ് നിയമനിർമാണം നടത്തിയപ്പോൾ നിർദേശങ്ങളിലെല്ലാം വെള്ളം ചേർത്തു. ഹൈക്കോടതിക്കു കീഴിലുള്ള എല്ലാ കോടതികളിലെയും വാദം, വിസ്താരം, വിധിന്യായം എന്നിവ മലയാളത്തിലായിരിക്കേണ്ടതാണ് എന്ന നിർദേശത്തെ വെട്ടിമാറ്റി ഹൈക്കോടതിക്കു കീഴിലുള്ള കോടതികളിലെ പെറ്റിക്കേസുകളിൽ വിധിന്യായം മലയാളത്തിലാകണം എന്നാണ്, നിയമവകുപ്പ് ആട്ടപ്രകാരം ചമച്ചത്. 2015 ഡിസംബർ 17-ന് അവതരിപ്പിച്ച് പാസാക്കിയ ആ ബിൽ (മലയാളഭാഷ-വ്യാപനവും പരിപോഷണവും) എന്നിട്ടും നിയമമായില്ല. രാഷ്ട്രപതിക്ക്‌ അംഗീകാരത്തിനയച്ചുകൊടുത്തു.  നാളിതുവരെ തിരിച്ചുവന്നിട്ടില്ല. നടപ്പാക്കരുത് എന്നു നിനച്ചുതന്നെയാണ് നിയമമുണ്ടാക്കിയതെന്നർഥം. ആ ബിൽ നിയമസഭയിൽ പൈലറ്റുചെയ്ത മന്ത്രിയുടെ നിർദേശപ്രകാരമാണ് രാഷ്ട്രപതിക്ക് അയച്ചത് എന്നാണ് നിയമവകുപ്പിലെ ഉദ്യോഗസ്ഥർ പിന്നീടു പറഞ്ഞത്. 

2017-ലാണ് മലയാളത്തിന് എഴുന്നേറ്റമുണ്ടാക്കുന്ന ഒരു നിയമനിർമാണം നടക്കുന്നത്. പത്താംക്ലാസുവരെ മലയാളം നിർബന്ധവിഷയമാക്കിക്കൊണ്ടുള്ള പഠനനിയമം. അതിന്റെ  അവസ്ഥയാണ് ദയനീയം. കേരളനിയമസഭയുടെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് ചേർന്ന പ്രത്യേക സമ്മേളനത്തിൽ പാസാക്കിയ ഒരേയൊരു നിയമമാണിത്. അത്രമാത്രം പ്രാധാന്യം കൊടുത്താണ് അവതരിപ്പിച്ചത്. ഇന്ന് ആ നിയമവും അതിന്റെ ചട്ടങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽപ്പോലും ലഭ്യമല്ല. ഡയറക്ടറാണ് ഇതു നടപ്പാക്കേണ്ട  അധികാരി. അദ്ദേഹത്തിന്റെ കീഴിലുള്ള ഒരുദ്യോഗസ്ഥനും ഈ നിയമമോ ചട്ടങ്ങളോ വായിച്ചുനോക്കിപ്പോലും കാണില്ല. ഏതുസിലബസിലാണെങ്കിലും മലയാളം നിർബന്ധമെന്നാണ് നിയമം പറയുന്നത്. അതു പഠിപ്പിക്കുന്നുണ്ടോ എന്നറിയാൻ പലതലങ്ങളിൽ പരിശോധന വേണമെന്നു നിഷ്കർഷിക്കുന്നു. നിയമം വന്നിട്ട് അഞ്ചുവർഷമാകാൻ പോകുന്നു. ഒരുപരിശോധനയുമുണ്ടായിട്ടില്ല. മലയാളത്തിന് കൂടുതൽ മാർക്കുനേടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകണമെന്ന് ചട്ടങ്ങളിൽ പറയുന്നുണ്ട്. ഇവിടെ അറബിക്, ഉറുദു, സംസ്കൃതം തുടങ്ങിയ ഭാഷകൾക്കൊക്കെ സ്‌കോളർഷിപ്പ് കൃത്യമായി നൽകുന്നുണ്ട്. മലയാളത്തിന്റെ കാര്യം സ്വാഹ! ഈ നിയമവും ചട്ടങ്ങളുമുണ്ടായി കൃത്യം ആറുദിവസം കഴിഞ്ഞപ്പോൾ വിദ്യാഭ്യാസവകുപ്പ് അന്നത്തെ ഡയറക്ടറുടെ സഹായത്തോടെ ഒരു ആട്ടപ്രകാരം ചമച്ചു. എൽ.പി. സ്കൂളിലെ അധ്യാപകരാകാൻ അപേക്ഷിക്കുന്നവർ പത്താംതരംവരെ മലയാളം ഒരു വിഷയമായി പഠിച്ചിരിക്കണമെന്ന കെ.ഇ.ആർ. തിരുത്തി. ആർക്കും എൽ.പി. അധ്യാപകരാകാം. ബംഗാളികൾക്കും അസമുകാർക്കുമാകാം. കാശുകൊടുത്ത് ഡി.എൽ.ഇ.എസ്. എന്ന സർട്ടിഫിക്കറ്റ് ഒപ്പിച്ചാൽമതി. പഠനനിയമത്തിന്റെ കപ്ലിങ്ങാടൻ ആട്ടപ്രകാരമാണിത്. മലയാളി വീണ്ടും വിദ്യുജ്ജിഹ്വൻ.

 കയ്യാലപ്പുറത്തെ തേങ്ങ
ഈയടുത്ത കാലത്ത് മാതൃഭൂമിയിൽ വന്ന വാർത്തയുടെ ശക്തികൊണ്ട് 2015-ലെ നിയമം വീണ്ടും ചർച്ചയായിട്ടുണ്ട്. ഒരുപക്ഷേ, അംഗീകാരം ലഭിച്ച് തിരിച്ചുവന്നേക്കാമെന്ന പ്രതീക്ഷയുണ്ടായിരിക്കുന്നു. ഇത്രയും സംശയിക്കാനുള്ള കാരണം നിയമവകുപ്പിന്റെ അലംഭാവവും അമാന്തവും തന്നെയാണ്. വന്നിട്ടേ വന്നെന്നു പറയാൻപറ്റൂ. ആ നിയമത്തിൽ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. കേരളത്തിന്റെ ഏക ഔദ്യോഗികഭാഷ മാതൃഭാഷയായ മലയാളമായിരിക്കും എന്ന നിർദേശം. മറ്റെന്ത് അപാകങ്ങളുണ്ടെങ്കിലും ഈ നിയമത്തിന്റെ മേന്മ അതാണ്. ഏണും മുഴകളുമുള്ളതാണെങ്കിലും ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ. മാതൃഭാഷ ഭരണഭാഷ എന്ന പ്രഖ്യാപനം 2012-ൽ നടന്നെങ്കിലും 2017-ലാണ് ഉത്തരവിന്റെ രൂപമുണ്ടാകുന്നത്. ആ വർഷം മേയിലായിരുന്നു ഭരണഭാഷാപ്രഖ്യാപനം. അതനുസരിച്ചുള്ള പ്രയോഗപുരോഗതി സംഭവിക്കുന്നുണ്ടോ എന്നു വിലയിരുത്തേണ്ടത് ഔദ്യോഗികഭാഷാവകുപ്പാണ്. വകുപ്പിന് മാർഗനിർദേശം നൽകേണ്ടത്‌ ഉന്നതതല സംസ്ഥാനതല-ജില്ലാതല-താലൂക്കുതല വകുപ്പുതല സമിതികളാണ്. ഉന്നതതല സമിതി ആണ്ടിലൊരിക്കൽ ചേരുന്നുണ്ട്. പക്ഷേ, മറ്റുതലങ്ങളിലെ സമിതികൾപോലും നിലവിലില്ല. മുഖ്യമന്ത്രിക്കയക്കുന്നതൊഴികെ ഔദ്യോഗികഭാഷാവകുപ്പിന്റെ മറ്റു ഫയലെഴുത്തുകൾ മലയാളത്തിലല്ല. ഈയടുത്ത നാളുകളിൽ ദേശീയപാതയുടെ ബൈപ്പാസ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ആറ്റിങ്ങലിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽനിന്ന് ഉടമകൾക്ക് മുന്നറിയിപ്പുനൽകി അയച്ച കത്തുകൾ മലയാളത്തിലല്ല. പാവം ജനം മുന്നറിയിപ്പിന്റെ അർഥം മനസ്സിലാക്കാൻ നെട്ടോട്ടമോടുക യായിരുന്നു എന്നത് ലേഖകന്റെ നേരനുഭവം. ഭരണം സുതാര്യമല്ലെങ്കിൽ എങ്ങനെ ജനാധിപത്യം പുലരും? വിദ്യുജ്ജ്വിഹ്വന്മാരുടെ ദുർവിധി! ഇപ്പോൾ മലയാളത്തിനായി ഇറങ്ങുന്ന ഉത്തരവുകളെല്ലാം കയ്യാലപ്പുറത്തെ തേങ്ങകളാണ്. ഇങ്ങോട്ടു വീഴില്ല. അപ്പുറത്ത് അറബിക്കടലിൽ വീഴുകയേയുള്ളൂ.

 ഒരു വകുപ്പുവേണ്ടേ?
2015-ലെ നിയമം തിരികെ കൊണ്ടുവരാനും അതിലെ അപാകങ്ങൾ പരിഹരി ക്കാനുമുള്ള ഉത്തരവാദിത്വം സർക്കാരിന്റേതാണ്. കെ-റെയിലിനോടുള്ള നിശ്ചയദാർഢ്യം മലയാളത്തി നോടുമുണ്ടാകുമെന്നു കരുതുന്നു. ഈ നിയമത്തെ പിൻപറ്റി കൂട്ടിച്ചേർക്കലുകൾ ഉണ്ടാകണം. പൊതുവിദ്യാഭ്യാസവകുപ്പിലെ സ്പെഷ്യൽ സെൽ, നിയമ/ആഭ്യന്തര വകുപ്പുകളിലെ ഭാഷയുമായി ബന്ധപ്പെട്ട വിഭാഗങ്ങൾ, പൊതുഭരണ വകുപ്പുകളിലെ സർവീസസ് ഡി എന്നിവയെ സംയോജിപ്പിച്ച് ഇപ്പോഴത്തെ ഔദ്യോഗികഭാഷാ വകുപ്പിനോടുചേർത്തു ബലപ്പെടുത്തി പ്രത്യേക മന്ത്രിതല ഭാഷാവികസനവകുപ്പ് രൂപവത്കരിക്കണം. ചീഫ് സെക്രട്ടറിറാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ വകുപ്പിന്റെ തലവനാകണം. വകുപ്പിനുകീഴിൽ ഒരു മാതൃഭാഷാ വികസന ഡയറക്ടറേറ്റ്‌ ഉണ്ടാക്കണം. തമിഴ്‌നാട്, കർണാടക, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിൽ മാത്രമല്ല കൊച്ചുസംസ്ഥാനങ്ങളായ ഗോവ, മണിപ്പുർ എന്നിവിടങ്ങളിലുമുണ്ട് അവരവരുടെ ഭാഷാ ഡയറക്ടറേറ്റുകൾ എന്നോർക്കണം.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും സംസ്ഥാനസമിതി കൺവീനറുമാണ്‌ ലേഖകൻ