തടവറയ്ക്കുള്ളിൽക്കിടന്നും ആകാശവിശാലത കിനാവുകാണാൻ  മനുഷ്യർക്ക് കഴിയും. കോവിഡ് വരുത്തിവെച്ച  ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തികക്കെടുതികൾ,  മാനസികസംഘർഷങ്ങൾ, നിരാശകൾ, നിയന്ത്രണങ്ങൾ, നിസ്സഹായതകൾ ഇവയൊന്നും നിസ്സാരമല്ല. ഈ മാറിയ പരിതഃസ്ഥിതിയിലും മനുഷ്യർ അമൂല്യമായൊരു വിശ്വാസത്തോടെ ജീവിതത്തെ നേരിട്ടുകൊണ്ടിരിക്കുന്നു. പരിസ്ഥിതിസംരക്ഷണം,  മാതൃഭാഷാസ്നേഹം, മിതവ്യയം, ലളിതജീവിതം, സ്വാർഥരാഹിത്യം എന്നിങ്ങനെയുള്ള ഉദാരവിചാരങ്ങൾക്കു മങ്ങലേറ്റ കാലമാണിത്. പക്ഷേ, ആ മങ്ങലുമായി അങ്ങനെയങ്ങു ജീവിച്ചാൽ മതിയോ? ദീർഘകാലാടിസ്ഥാനത്തിൽ, നമ്മെ നാമാക്കുന്ന പ്രവർത്തനങ്ങൾക്കു മാന്ദ്യം സംഭവിച്ചുകൂടാ. ഏറ്റവും ആശങ്കാജനകം മാതൃഭാഷയോടുള്ള നമ്മുടെ ആത്മാർഥതകുറഞ്ഞ സമീപനം തന്നെയാണ്. 

എന്തുകൊണ്ട്‌ സാധിക്കുന്നില്ല?
ഏതാണ്ട് മൂന്നുകോടി മുപ്പതുലക്ഷം മലയാളികളിൽ, സ്വന്തം ഭാഷയായ മലയാളം തപ്പിത്തടയാതെ വായിക്കാനും അക്ഷരത്തെറ്റും വ്യാകരണപ്പിഴവുമില്ലാതെ  എഴുതാനും എത്രപേർക്ക് സാധിക്കുമെന്ന് സർവേ നടത്തേണ്ടതാണ്. മലയാളം എഴുതാനും വായിക്കാനും കഴിയാത്ത എത്ര വിദ്യാസമ്പന്നരുണ്ടെന്ന് പ്രത്യേകമായി അന്വേഷിക്കണം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയാം, പക്ഷേ മലയാളം ‘ഒരു രക്ഷയുമില്ല’ എന്നുപറയുന്നവർ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയത് ഏതുതരം സ്ഥാപനങ്ങളിലാണ്? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് നമ്മളെ കാത്തിരിക്കുന്നതെന്ന് പ്രവചിക്കാൻ വിഷമമില്ല. 

‘വലിയ’ സ്കൂളുകളിൽ പഠിച്ചിറങ്ങിയവർ എന്തുകൊണ്ടാണ് മലയാളം പഠിക്കാതെപോയത്? അയൽസംസ്ഥാനങ്ങളിൽ  മാതൃഭാഷാപഠനം സകല സ്കൂളുകളിലും നിർബന്ധമായിരിക്കേ, നമുക്കെന്തുകൊണ്ട് സാധിക്കുന്നില്ല? തങ്ങളുടെ കുട്ടികൾ സ്കൂൾക്ളാസുകളിൽ മാതൃഭാഷ പഠിക്കണമെന്ന് തീരുമാനിക്കുന്നതിന് ശരാശരി മലയാളിക്ക് കഴിയാതെപോകുന്നത് എന്തുകൊണ്ടാണ്? ആ മൂലകാരണം കണ്ടെത്താതെ എന്തെല്ലാം നിയമനിർമാണം നടത്തിയാലും അവയെല്ലാം നിഷ്‌പ്രയോജനമാവുകയേയുള്ളൂ. സമൂഹമനസ്സും നിയമങ്ങളുടെ ലക്ഷ്യവും തമ്മിൽ പൊരുത്തപ്പെടുമ്പോഴേ സാമൂഹികമാറ്റങ്ങൾ സുഗമമാകൂ. മലയാളഭാഷാനിയമത്തിനും സ്കൂളുകളിലെ മലയാളം പഠനത്തിനും പി.എസ്‌.സി. പരീക്ഷകളിൽ മലയാളത്തിലും ചോദ്യം വേണമെന്ന നിർദേശത്തിനും ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനും വന്നുഭവിച്ച പ്രകടമായ ഉത്സാഹരാഹിത്യത്തിനുകാരണം സമൂഹത്തിൽ നിലനിൽക്കുന്ന വികലമായൊരു ഭാഷാസമീപനത്തിന്റെ പരോക്ഷമായ ദുഃസ്വാധീനമാണ്. 

മുൻവിധി വേദനാജനകം
യൂണിവേഴ്‌സിറ്റി കോഴ്‌സുകളുടെ പഠനം ഇംഗ്ലീഷിലല്ലാതെ എങ്ങനെ എന്ന പോസ്റ്റ്‌കൊളോണിയൽ ചോദ്യം നമുക്കിപ്പോഴും വളരെ സ്വാഭാവികമാണ്. ബ്രിട്ടീഷുകാർ 1857-ലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിനുശേഷം ‘ഇംഗ്ലീഷിൽ ചിന്തിക്കുന്ന ഇന്ത്യക്കാരെ’ സൃഷ്ടിക്കാൻവേണ്ടി ആരംഭിച്ച സർവകലാശാലകളിൽ ഇംഗ്ലീഷ് മാധ്യമത്തിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചതിൽ അസ്വാഭാവികതയില്ല. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം ‘അമൃത മഹോത്സവം’  കൊണ്ടാടുമ്പോഴും ‘പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം’ എന്ന  മഹാകവി കുമാരനാശാന്റെ വരികൾക്ക് മാതൃഭാഷാ സമീപനത്തിന്റെ സന്ദർഭത്തിൽ പ്രസക്തി വളരുകയാണ്. ഇംഗ്ലീഷ് ഭാഷയ്ക്ക് ബൗദ്ധികമായ അപ്രമാദിത്വം കല്പിച്ചുകൊടുത്തുകൊണ്ട്, അതിന്റെ ആഗോളനേതൃത്വത്തിന്  നൽകുന്ന ചിയേഴ്‌സല്ല,  ‘മലയാളത്തിന് ഇതൊന്നും സാധിക്കുകയില്ല’ എന്ന നിഗമനവും മുൻവിധിയുമാണ് വേദനാജനകം. ഈ അബദ്ധധാരണ തിരുത്താനാണ് തിരൂരിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല എട്ടുവർഷങ്ങൾക്കുമുമ്പ് സ്ഥാപിതമായത്. ഇംഗ്ലീഷ് മാധ്യമത്തിൽ ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്ന കേരളത്തിലെ മറ്റുസർവകലാശാലകൾക്ക് മലയാള മാധ്യമത്തിൽ ഗവേഷണം ഉൾപ്പെടെ നടക്കുന്ന മലയാളം  സർവകലാശാല അനുകരണീയമായ  മാതൃകയാകേണ്ടതാണ്. മലയാളത്തിൽ കോഴ്‌സുകൾ നടത്തുന്ന കാര്യം മറ്റു സർവകലാശാലകൾക്ക് പരിഗണിക്കേണ്ടിവരും(അഥവാ വിദ്യാർഥികളിൽനിന്ന് ആവശ്യമുണ്ടാകും.) മറ്റേതെങ്കിലും സർവകലാശാലയുടെ മുഖച്ഛായ ആർജിക്കലല്ല, വേറിട്ടൊരു മുഖമുണ്ടാവുകയാണ് മലയാളം സർവകലാശാലയ്ക്ക്‌ ആവശ്യം. മാതൃഭാഷയ്ക്ക്‌ ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇക്കാലയളവിനുള്ളിൽ പുതിയ പ്രാധാന്യം കൈവന്നില്ല എന്നതൊരു  ദൗർഭാഗ്യ യാഥാർഥ്യം.

സർവകലാശാലാപഠനം പോകട്ടെ, എൽ.കെ.ജി., യു.കെ.ജി. തലത്തിൽപോലും ഇംഗ്ലീഷ്‌ മീഡിയത്തിന്റെ അധീശത്വം ആരാലും ചോദ്യംചെയ്യപ്പെടാതെ തുടരുകയാണ്. ഒരു ഭാഷാസ്നേഹി അവയെ ഞാറ്റടികളോടുപമിച്ചത് എത്ര ശരി! ഞാറ്റടിയിൽ വളർത്തിയ ഞാറ്‌ പിഴുതാണല്ലോ പാടത്ത് നടുക. കേന്ദ്ര സിലബസ്‌ പഠിപ്പിക്കുന്ന അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ഫീഡറുകളാണ് ഈ ഇംഗ്ലീഷ് മീഡിയം പ്രീ-പ്രൈമറി സ്കൂളുകൾ. കുട്ടികളുടെ ബൗദ്ധികവളർച്ചയിൽ അത്യന്തം പ്രധാനപ്പെട്ട ഈ ഘട്ടത്തിലെ വിദ്യാഭ്യാസം പ്രത്യേകിച്ചൊരു ക്രമീകരണത്തിനും ഇപ്പോൾ വിധേയമല്ല. എന്ത് പഠിപ്പിക്കുന്നു, എങ്ങനെ  പഠിപ്പിക്കുന്നു, ഏതു ഭാഷയിൽ പഠിപ്പിക്കുന്നു, ആര് പഠിപ്പിക്കുന്നു എന്നീ ചോദ്യങ്ങൾക്ക്‌ വ്യക്തമായ ഉത്തരമില്ല. (സർക്കാർ സ്കൂളുകളുടെ ഭാഗമായി നടത്തുന്ന കേന്ദ്രങ്ങളിൽ ചില ക്രമീകരണങ്ങളുണ്ട്). എന്നാൽ, എത്രയായിരം കുട്ടികളാണ് ഇളംപ്രായത്തിൽ ഈ സ്ഥാപനങ്ങളിൽ ചേർന്ന് ‘വ്യാജ ചികിത്സ’ നേടുന്നത്? ഗ്രാഹ്യശക്തിക്ക് സംഭവിക്കുന്ന വൈകല്യം ഈ കുട്ടികളെ നിഴൽപോലെ പിന്തുടരും. പ്രീ-പ്രൈമറി വിദ്യാഭ്യാസമെങ്കിലും മാതൃഭാഷയിലാകണമെന്ന് നിഷ്കർഷിക്കുന്ന ഒരു നിയമനിർമാണത്തിന് തടസ്സമുണ്ടാകുന്നതെങ്ങനെയാണ്?
സ്വന്തം ഭാഷയിൽ അഭിമാനമുണ്ടാകണമെങ്കിൽ ആ ഭാഷയ്ക്ക്‌ ആഗോളതലത്തിൽ അംഗീകാരമുണ്ടാകണം. കൃത്യമായ ലക്ഷ്യത്തോടെയുള്ള പരിഭാഷാപരിപാടികളിലൂടെ മലയാളസാഹിത്യം ലോകസാഹിത്യത്തിനൊപ്പം നിലയുറപ്പിക്കണം. ഇത്രയും ഭാഷകളും ഭാഷാസംസ്ഥാനങ്ങളുമുള്ള ഇന്ത്യയിൽ കേന്ദ്രസർക്കാർ നമ്മുടെ സാഹിത്യത്തെയും ഭാഷയെയും വിവർത്തനത്തെയും പ്രോത്സാഹിപ്പിക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് കരുതുകവയ്യാ. സംസ്ഥാനസർക്കാരിനുമാത്രമേ രാജ്യാന്തരതലത്തിൽ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അംഗീകാരത്തിനുള്ള പരിപാടികൾ ഏറ്റെടുക്കാനാവൂ. വിദേശങ്ങളിലെ മലയാളിസംഘടനകളുടെ പങ്കാളിത്തവും ഇതിനുറപ്പിക്കാം.  

ഭാഷയ്ക്കുവേണ്ടി മലയാളം മിഷൻ ഇന്ന് നടത്തിവരുന്ന ശ്ലാഘനീയമായ പ്രവർത്തനങ്ങൾ തീർച്ചയായും മികച്ച മാതൃകയാണ്. പ്രതികരണശേഷിയുള്ള ഭരണശൈലിയും നേതൃത്വവും അതിന്റെ വിജയത്തിന് അടിപ്പടവ് പാകുന്നു. ‘മലയാളം പഠിക്കണം’ എന്ന പ്രവാസിമലയാളികളുടെ ബോധ്യത്തിന്മേലും   ആവശ്യത്തിന്മേലുമാണ് മലയാളം മിഷന്റെ വിജയസൗധം ഉയർത്തപ്പെട്ടിരിക്കുന്നത്. ‘എന്റെ കുട്ടിക്ക് മലയാളം പഠിച്ചേ തീരൂ’ എന്ന് കേരളത്തിനുള്ളിലെ രക്ഷിതാക്കൾക്കും നിർബന്ധമുണ്ടാവണം. നമ്മുടെ മുൻവിധികളുടെ നേർച്ചക്കോഴികളായി മാറുകയാണ് പറക്കമുറ്റാത്ത മക്കൾ. ഭാഷാ അഭയാർഥികളാകാൻവേണ്ടി അവർ വിധിക്കപ്പെടുന്ന ദുരന്തം ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കുന്ന ഈ മൗഢ്യത്തിനെതിരേ ശബ്ദിക്കാനും പ്രവർത്തിക്കാനും പുതിയ വർഷം അവസരങ്ങൾ നൽകുമെന്ന് പ്രത്യാശിക്കാം.  ഏതു പൊതുപരിപാടിയും തുടങ്ങുന്നതിനുമുമ്പ് ഭാഷയ്ക്കുള്ള വന്ദനഗാനമാലപിക്കുന്ന തമിഴ്നാടിനെ അഭിനന്ദിക്കാൻ പ്രബുദ്ധകേരളം മടിക്കരുത്. മലയാളഭാഷയ്ക്കുവേണ്ടി സമർപ്പിക്കപ്പെടുന്ന വർഷമാകട്ടെ 2022.

(മലയാളം സർവകലാശാല സ്ഥാപക വൈസ്‌ ചാൻസലറും മുതിർന്ന സിവിൽ സർവീസ്‌ ഉദ്യോഗസ്ഥനും കവിയുമാണ്‌ ​ ലേഖകൻ)