mahatma gandhi
Photo: Mathrubhumi

1948 ജനുവരി 30. ബിർളാമന്ദിരത്തിൽനിന്ന് വൈകീട്ട് പതിവ് പ്രാർഥനായോഗത്തിലേക്ക് മനുഗാന്ധിയുടെയും ആഭാ ഗാന്ധിയുടെയും തോളിൽ കൈവെച്ച് മഹാത്മജി മെല്ലെ നടന്നുനീങ്ങി. അഞ്ഞൂറോളം പേർ പ്രാർഥനയിൽ പങ്കെടുക്കാനായി അവിടെ സന്നിഹിതരായിരുന്നു. ഗാന്ധിജി പ്രാർഥനാമണ്ഡപത്തിന്റെ സമീപമെത്താറായപ്പോൾ മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഗാന്ധിജിയുടെ അടുത്തേക്ക് നടന്നടുത്തു. മഹാത്മജിയുടെ കാലിനടിയിൽനിന്ന് പാദധൂളിവാരിക്കൊണ്ടുപോകാനാണ് അയാൾ ഭാവിക്കുന്നത് എന്നാണത്രെ മനുഗാന്ധി വിചാരിച്ചത്. അവർ ആ നിമിഷങ്ങളെ ഇങ്ങനെ ഓർമിക്കുന്നു: ‘പ്രാർഥനാമണ്ഡപത്തിലേക്കുള്ള നാലുപടികൾ കടന്നപ്പോഴേക്കും  മുപ്പത്തഞ്ചുവയസ്സുതോന്നിക്കുന്ന ഒരു യുവാവ് ഗാന്ധിജിയുടെ മുമ്പാകെ വന്നു. മഹാത്മജിയിൽനിന്ന്‌ രണ്ടുവാരമാത്രം അകലെനിന്നു വണങ്ങി. മഹാത്മജി പ്രതിവന്ദനം ചെയ്തു. ‘ഇന്ന് പ്രാർഥനയ്ക്കെത്താൻ കുറെ വൈകിയല്ലോ?’ -ആ യുവാവ് പറഞ്ഞു ‘ഉവ്വ് ഞാൻ വൈകി’ -മഹാത്മജി ചിരിച്ചുകൊണ്ട് പ്രതിവചിച്ചു. ഈ ഘട്ടത്തിൽ അയാൾ ഒരു റിവോൾവർ വലിച്ചെടുത്ത് വെടിവെക്കാൻ തുടങ്ങി ആദ്യവെടി മഹാത്മജിയുടെ അടിവയറ്റിൽകൊണ്ടു. ‘ഹാ രാം, ഹാ രാം’ എന്നദ്ദേഹം ഉച്ചരിച്ചു. രണ്ടാമത്തെ വെടിയും അടിവയറ്റിൽകൊണ്ടു. മൂന്നാമത്തെ വെടി നെഞ്ചത്തും. മഹാത്മജി മലർന്നുവീണു. കണ്ണട തെറിച്ചുപോയിരുന്നു. ചെരിപ്പ് ഊരിവീണു. 

മുറിവുകളിൽനിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു. ആഭാഗാന്ധി അദ്ദേഹത്തെ മുറുകെപ്പിടിച്ചു. മഹാത്മജി വെടികൊണ്ട ഉടനെ ആദ്യം ചെയ്യുന്നതായിക്കണ്ടത് പ്രാർഥനയ്ക്കുവേണ്ടി എത്തിയിരുന്ന ജനക്കൂട്ടത്തിനുനേരെ പ്രാർഥനാഭാവത്തിൽ കൈനീട്ടുന്നതായിരുന്നു’. നാലഞ്ചാളുകൾ അദ്ദേഹത്തെ ഉടനെ ബിർളാമന്ദിരത്തിലെത്തിച്ചു. മഹാത്മജിയെ കിടത്തിയ മുറിയടച്ചു. ഗാന്ധിജിയുടെ സംഘത്തിലെ ദുഃഖവിവശനായ ഒരംഗം മുറിയിൽനിന്ന് 5.46-ന് പുറത്തേക്കുവന്ന് പറഞ്ഞു: ‘ബാപ്പു അന്തരിച്ചു’.

(‘ഹാ രാം, ഹാ രാം’ എന്നുച്ചരിച്ച്‌ മരിച്ചു-  സംഭവസമയത്ത് അടുത്തുണ്ടായിരുന്ന പൗത്രിയുടെ പ്രസ്താവന’ എന്ന ശീർഷകത്തിൽ 1948 െഫബ്രുവരി മൂന്നിന് മാതൃഭൂമി ഒന്നാം പേജിൽ കൊടുത്ത വാർത്തയിൽനിന്ന്)
വാർത്താവിനിമയസൗകര്യങ്ങൾ വളരെ പരിമിതമായ നാല്പതുകളിൽ ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യന്റെ ദാരുണാന്ത്യം ലോകജനതയെ അറിയിക്കുന്നതിൽ വിസ്മയകരമായ മികവാണ് മാധ്യമങ്ങൾ പുലർത്തിയത്. വാർത്താവിനിമയ പരിമിതി എത്രമാത്രം ദയനീയമായിരുന്നു എന്നറിയണമെങ്കിൽ അന്നത്തെ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭു, ലോകത്തിൽ അന്നത്തെ ഏറ്റവും വലിയ വാർത്ത അറിഞ്ഞതെങ്ങനെയെന്ന് മനസ്സിലാക്കിയാൽ മതി. ‘ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭുവിനെ ആദ്യം വിവരമറിയിച്ചത് റേഡിയോവഴി വിവരമറിഞ്ഞ, ഗവണ്മെന്റ് ഹൗസിലെ ഒരു ഡ്രൈവറാണ്’. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെയും മറ്റുമന്ത്രിമാരെയും ടെലിഫോൺവഴി അറിയിക്കാൻ സാധിച്ചുവെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽവേണം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വാർത്തയെ മാധ്യമങ്ങൾക്ക്‌ നേരിടേണ്ടിയിരുന്നത്‌. 
വാർത്തയറിഞ്ഞ്‌ മാതൃഭൂമി ജീവനക്കാർ തരിച്ചിരുന്ന നിമിഷങ്ങൾ. ഇതിനിടെ നാടിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ദുഃഖസൂചകമായി കറുത്ത ബാഡ്ജുകൾ ധരിച്ച്‌ കോഴിക്കോട്‌ രണ്ടാംഗെയ്‌റ്റിന്‌ സമീപമുള്ള മാതൃഭൂമി ഓഫീസിലേക്ക്‌ പ്രവഹിക്കാൻ തുടങ്ങി. ഗാന്ധിവധം സംബന്ധിച്ച്‌ വിശദവിവരങ്ങളറിയാൻ പുരുഷാരം അടുത്തദിവസത്തെ പത്രമിറങ്ങുന്നതുവരെ അവിടെത്തന്നെ തടിച്ചുകൂടിനിന്നു. വാർത്താവിനിമയത്തിലെ പ്രതികൂല സാഹചര്യമൊന്നും പത്രമിറക്കുന്നതിൽ തടസ്സമായില്ല. ഗാന്ധിവധവുമായി ബന്ധപ്പെട്ട പ്രധാനവാർത്തകളെല്ലാം ജനങ്ങളിലേക്ക്‌ എത്തിക്കാൻ സാധിച്ചു. ദുഃഖസൂചകമായി നാലുഭാഗവും കറുത്ത ബോർഡുകളിട്ട്‌ ബോക്സ്‌ രൂപത്തിലായിരുന്നു ജനുവരി 31-ലെ പത്രത്തിന്റെ ഒന്നാംപേജ്‌ രൂപകല്പനചെയ്തിരുന്നത്‌. മാതൃഭൂമി അതുവരെ കൊടുത്തതിൽ ഏറ്റവും വലിയ തലക്കെട്ടാണ്‌ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വത്തിന്‌ നൽകിയത്‌. ‘ഗാന്ധിജി വെടിയേറ്റുമരിച്ചു’ എന്ന വാർത്തയ്ക്കുതാഴെ ‘പ്രാർഥനാസമയത്തെ അക്രമം’, ‘രാഷ്ട്രപിതാവിന്റെ അന്ത്യനിമിഷങ്ങൾ’ എന്നീ ഉപശീർഷകങ്ങൾകൂടി നൽകി. 

ഗാന്ധിജിയെ കൊലപ്പെടുത്തിയയാൾ നാഥുറാം വിനായക ഗോഡ്‌സെ 35 വയസ്സുള്ള മഹാരാഷ്ട്രക്കാരനായ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച ‘ഹിന്ദു’വാണെന്നും അയാൾ ‘ഹിന്ദുരാഷ്ട്ര’മെന്ന പത്രത്തിന്റെ അധിപനാണെന്നും എല്ലാപത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മാതൃഭൂമിയുടെ ഒന്നാംപേജിൽ വലതുവശം രണ്ടുകോളം ബോക്സിൽ മഹാത്മജിയുടെ വലിയ ഫോട്ടോയ്ക്കുതാഴെ ‘വെളിച്ചം പൊലിഞ്ഞു, പക്ഷേ, അത് നിന്നുകത്തും’ എന്ന ശീർഷകത്തിൽ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു രാഷ്ട്രത്തോടുചെയ്ത പ്രസംഗത്തിന്റെ പൂർണരൂപം വൻപ്രാധാന്യത്തോടെ നൽകി. ‘‘...ഒരു ഭ്രാന്തൻ അദ്ദേഹത്തിന്റെ ജീവിതത്തെ അവസാനിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളും കൊല്ലങ്ങളുമായി വേണ്ടുവോളം വിഷം നാട്ടിൽ പരന്നിട്ടുണ്ട്. ആ വിഷം ജനങ്ങളുടെ മനസ്സിലും കടന്നിരുന്നു. ഈ വിഷത്തെ നാം നേരിടണം. അതിന്റെ വേരറത്തുകളയണം. നമ്മെ ചൂഴ്ന്നിട്ടുള്ള ആപത്തുകളെ നാം നേരിടണം.’’ പത്രത്തിന്റെ രണ്ടാംപേജിൽ ഗാന്ധിജിയുടെ ജീവിതത്തിലെ ചരിത്രനിമിഷങ്ങളടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു. മഹാത്മജിയുടെ വേർപാട് സൃഷ്ടിച്ച അഗാധവേദന മുഖപ്രസംഗത്തിന്റെ സ്ഥലം ശൂന്യമായി ഇട്ടുകൊണ്ടാണ് മാതൃഭൂമി രേഖപ്പെടുത്തിയത്. 

ബിർളാമന്ദിരത്തിലെ മുറിയിൽ റോസാപുഷ്പദളങ്ങളാൽ ആവൃതമായ ഗാന്ധിജിയുടെ മൃതശരീരത്തിന് ചുറ്റുമിരുന്ന് അടുത്തബന്ധുക്കൾ ഉൾപ്പെടെ ഇരുപതുപേർ രാത്രിമുഴുവൻ പ്രാർഥനനടത്തി. പ്രഭാതത്തിൽ പുണ്യപുരുഷന്റെ ദേഹം യമുനാജലത്തിൽ കുളിപ്പിച്ചു. മഹാത്മജിയുടെ ശരീരത്തിൽ വെടിയേറ്റപാടുകൾ ദൃശ്യമായിരുന്നു. മുഖമൊഴികെ ദേഹം മുഴുവൻ പുതിയതായി ഇറുത്തുകൊണ്ടുവന്ന പുഷ്പങ്ങൾ കൂമ്പാരമായി കൂട്ടിയിട്ടിരുന്നു. ശംഖനാദത്തിനും മംഗളധ്വനികൾക്കുമിടയിൽ 11.45ന് ബിർളാമന്ദിരത്തിൽനിന്ന് ഭൗതികശരീരം പുറത്തേക്കുകൊണ്ടുവന്നു. ‘മഹാത്മാഗാന്ധി അമർ ഹെ’ എന്ന ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങവെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം അഞ്ചരനാഴിക അകലെയുള്ള യമുനാതീരത്തെ രാജ്ഘട്ടിലേക്ക് സാവധാനത്തിൽ നീങ്ങാൻ തുടങ്ങി. 4.15ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സംസ്കാരസ്ഥലത്തെത്തി. ചെേങ്കാട്ടയ്ക്കും യമുനാനദിക്കും ഇടയിലുള്ള വിശാലമായ തുറന്ന സ്ഥലത്തുവെച്ചാണ് അന്ത്യകർമങ്ങൾ നടന്നത്. 

content highlights: mahatma gandhi martyrdom