മലയാളകവിതകൾ കാലക്രമത്തിൽ സൂക്ഷ്മമായി വായിക്കുന്ന ഒരാളെ സങ്കല്പിക്കുക. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ കവിതകളിലെത്തുമ്പോൾ അയാൾ ഒന്നു സംഭ്രമിച്ചേക്കാം. അന്നത്തെ ചുറ്റുപാടുകൾപോലെത്തന്നെ കവിതയുടെയും കവിയുടെയും രൂപഭാവങ്ങൾ മാറുകയാണവിടെ. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി, എങ്കിലും സമത്വമില്ലായ്മകൊണ്ട് അത് അർഥശൂന്യമായിത്തോന്നുന്നു. ഒരു ഭൂതത്തെപ്പോലെ അനുനിമിഷം വളരുന്ന നഗരത്തിലാണു താമസം, എങ്കിലും ആൾക്കൂട്ടത്തിലകപ്പെട്ട ഒരേകാകിയായതുകൊണ്ട് സ്വന്തം ജീവിതം വ്യർഥമായിത്തീരുന്നു. കമ്പോളങ്ങളിൽ ഒരു വിൽപ്പനച്ചരക്കായി സ്വയം മാറുന്നതിനാൽ എല്ലാ മൂല്യങ്ങളിലും വിശ്വാസം നഷ്ടപ്പെടുന്നു. തലവേദനയും മനംപിരട്ടലും സ്ഥായീഭാവങ്ങളാകുന്നു. ഇത്തരമൊരു മനോനിലയും അതിനു പൂരകമായ രൂപഭാവങ്ങളും ആദ്യം പ്രത്യക്ഷപ്പെട്ടത് മാധവൻ അയ്യപ്പത്തിന്റെ കവിതകളിലാണെന്ന് എൻ.എൻ. കക്കാട് സാക്ഷ്യപ്പെടുത്തുന്നു. ബസ് സ്റ്റോപ്പിൽ (1956), മണിയറക്കവിതകൾ (1959) എന്നിവ അനുഭവിക്കുന്ന ഒരാൾക്ക് കക്കാടു പറഞ്ഞതു ബോധ്യമാവാതിരിക്കില്ല. മലയാളത്തിലെ ആധുനികകവിത പ്രഭാതത്തിൽനിന്ന് ഉച്ചവെയിലിലേക്കു പ്രവേശിക്കുകയാണവിടെ. അത്തരത്തിൽ മാധവൻ അയ്യപ്പത്ത് മലയാളത്തിലെ ആധുനികതയുടെ സംക്രമപുരുഷനായി അടയാളപ്പെട്ടു. 

1952-ൽ മാതൃഭൂമിയിലെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ച അയ്യപ്പത്തിന്റെ ആദ്യകവിതയായ ‘സന്ധ്യാദീപ’ത്തിൽപ്പോലും അരക്ഷിതത്വത്തിന്റെ അടയാളങ്ങൾ പതിഞ്ഞിട്ടുണ്ട്. പിന്നീടുള്ള ‘തീയിന്റെ പാട്ടി’ൽ (1953) ‘പുണരും പൂമ്പാറ്റകൾ ചൂടേറ്റു ദഹിക്കു’മ്പോൾ ആനന്ദനൃത്തം ചെയ്യുന്ന തീയാണു പ്രേമത്തെപ്പറ്റി സംസാരിക്കുന്നത്. മറ്റൊരു ആദ്യകാലകവിതയിൽ നാടും വീടും ഉറ്റവരുമില്ലാത്ത യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്തുമെന്ന പ്രതീക്ഷയില്ല (യാത്രക്കാർ-1954). ‘നാളെയും നാളെയും നാളെയുമിങ്ങനെ/ നീളുകയാണെന്റെ മുന്നിലിജ്ജീവിതം’ (വേലിയുടെ മറുപുറത്ത്-1955) എന്നിങ്ങനെ വീണ്ടും തുടരുന്ന യാത്രകൾ. ഈ അനുഭവങ്ങളുടെ തുടർച്ചതന്നെയാണ് ബസുകളൊന്നുമെത്താത്തിടത്തു കാത്തുനിന്ന്, ഒടുവിൽ, വണ്ടികൾ പോവാൻ വിലക്കുള്ളിടത്താണു താനുള്ളതെന്ന തിരിച്ചറിവിലവസാനിക്കുന്ന ‘ബസ് സ്റ്റോപ്പിൽ’ എന്ന കവിതയിലുമുള്ളത്. പഥികന്റെ നട്ടുച്ചനേരത്തെ യാത്രയാണ് ആധുനികതയെങ്കിൽ, അതിലെ അശരണമായ മുൻനടത്തമായിരുന്നു അയ്യപ്പത്തിന്റേത്. 

മണിയറക്കവിതകളിലേക്കെത്തുമ്പോൾ പ്രമേയത്തിൽ മാത്രമല്ല, രൂപത്തിലും വലിയ വ്യതിയാനങ്ങൾ വരുന്നു. ഒരു വലിയ നഗരം. അതിലെ വാടകവീട്. പുറത്തു വാഹനങ്ങൾ ഇരമ്പുന്ന ശബ്ദം. ഇടയ്ക്കിടെ റേഡിയോയിൽനിന്നു പുറപ്പെടുന്ന പാട്ട്. അവിടെ ഏകാകിയായ ഒരു മനുഷ്യൻ. അയാളുടെ സ്വപ്നങ്ങൾ ഉരുവമാർന്നതുപോലെ ഒരു കാമിനി. അവിടെ മനോനിലകൾ ഒരേസമയം സവിശേഷവും സാർവത്രികവുമാകുന്നു. ഒരു വ്യക്തി അയാളായിരിക്കേത്തന്നെ സാകല്യാവസ്ഥയിലുള്ള മനുഷ്യാത്മാവുമാകുന്നു. കാലം ഒരേസമയം ഒരു നിമിഷവും ഒരു യുഗവുമാകുന്നു. കവിതയുടെ രൂപത്തിലാകട്ടെ, ഗദ്യവും പദ്യവും ശ്ലഥതാളങ്ങളും ഇടകലരുന്നു. ആഖ്യാനം തുടർച്ച നഷ്ടപ്പെട്ടു സങ്കീർണമാകുന്നു. മണിയറക്കവിതകൾ അങ്ങനെ മലയാളത്തിലെ പ്രധാനപ്പെട്ട പരീക്ഷണക്കവിതയാകുന്നു. അക്കാലത്തെത്തന്നെ ‘ജീവചരിത്രക്കുറിപ്പുകളി’ൽ നിഴലുകളാണു കഥാപാത്രങ്ങളാകുന്നത്. പിന്നീട് ‘സ്വപ്നസുന്ദരി’ക്കവിതകളിലും (1965, 1969) ‘അവശത’(1969)യിലും ‘ഹോളി’(1969)യിലും ‘തപസ്സി’ലും (1971) ‘പരിവർത്തന’(1974)ത്തിലും മറ്റും മണിയറക്കവിതകളുടെ തുടർച്ച കാണാം. വടക്കൻപാട്ടിലെ കുങ്കിയും ആശാന്റെ നളിനീദിവാകരന്മാരും രാമായണകഥാപാത്രങ്ങളും യൂറിഡൈസും ഒഫീലിയയുമെല്ലാം അയ്യപ്പത്തിന്റെ കവിതകളിൽ ഇടയ്ക്കിടെ വന്നുപോകുന്നു. ഇങ്ങനെ പലതരത്തിൽ ടി.എസ്. എലിയറ്റിനെ ഓർമിപ്പിക്കുന്ന പരീക്ഷണാത്മകത മലയാളത്തിലും സംഭവിക്കുന്നു. ‘കുരുക്ഷേത്ര’ത്തിലൂടെ അയ്യപ്പപ്പണിക്കരും ‘തീർഥാടന’ത്തിലൂടെ കക്കാടും ആ വഴിയിലൂടെ നടക്കുന്നതും നാം കാണുന്നു. ‘കിളിമൊഴികളി’ലെത്തുമ്പോൾ (1988) പരീക്ഷണപരതയ്ക്കപ്പുറം ഭാവരൂപങ്ങളുടെ ഒരു സമതുലിതാവസ്ഥ അയ്യപ്പത്തിന്റെ കവിതകളിൽ ഉണ്ടാകുന്നുണ്ട്. 1990-കളിൽ അദ്ദേഹം ജാപ്പനീസ് ഹൈക്കുവിന്റെ മാതൃകയിലാണ് ഛായ എന്ന പൊതുപേരിൽ ചില കവിതകളെഴുതിയത്.  

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ 1934-ൽ ജനനം. കേരളവർമ കോളേജിൽ ഉപരിപഠനം. പിന്നീടുള്ള മദിരാശിവാസക്കാലത്താണ് കവി ആധുനികതയുടെ ചൂരും വേവുമുള്ള കവിതകളെഴുതിയത്. ഒപ്പം ചെറിയാൻ കെ. ചെറിയാൻ അന്നത്തെ ഡൽഹിയിലും പാലൂർ മുംബൈയിലും അയ്യപ്പപ്പണിക്കർ തിരുവനന്തപുരത്തും കക്കാട് കോഴിക്കോടുമിരുന്നാണ് ആധുനിക മലയാളകവിതയിലെ നഗരാനുഭവങ്ങൾ ആവിഷ്കരിച്ചത് എന്നു പറയാറുണ്ട്. ആദ്യകാലത്തു കക്കാടും പിന്നീട് ആറ്റൂരുമായിരുന്നു അയ്യപ്പത്തിന്റെ പ്രധാന കാവ്യസൗഹൃദങ്ങൾ. കക്കാടുമായുള്ള സൗഹൃദം ആദ്യകാലകവിതകളിലും അതിന്റെ അന്തരീക്ഷം പങ്കിട്ടപ്പോൾ ആറ്റൂരുമായുള്ള കൂട്ട് കമ്പരാമായണത്തിന്റെ മൊഴിമാറ്റത്തിലാണ് സർഗാത്മകത കണ്ടെത്തിയത്. ബുദ്ധധർമത്തിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം ധർമപദം വിവർത്തനം ചെയ്തിട്ടുണ്ട്. കൂടാതെ, കെ.കെ. യതീന്ദ്രനുമൊരുമിച്ച് അശ്വഘോഷന്റെ മഹാകാവ്യങ്ങളായ ബുദ്ധചരിതവും സൗന്ദരനന്ദവും മലയാളത്തിലെത്തിച്ചു. അയ്യപ്പത്തിന്റെ ബോധിചര്യാവതാരം, ഇതിവുത്തകപാലി തുടങ്ങിയ വിവർത്തനങ്ങളുടെ ആമുഖം ശ്രദ്ധിച്ചാലറിയാം, ബുദ്ധധർമം എത്ര ആഴത്തിലാണ് അദ്ദേഹം ജീവിതത്തിലും സ്വാംശീകരിച്ചതെന്ന്. പ്രമേയത്തിലും രൂപത്തിലും പരീക്ഷണാത്മകമായി ആവിഷ്കരിച്ച അപൂർണതയാണ് അതിന്റെ മറ്റൊരു തലം. 

മാധവൻ അയ്യപ്പത്തിന്റെ ജീവിതസായാഹ്നത്തിലാണ് എനിക്ക് അദ്ദേഹവുമായി അടുപ്പം പുലർത്താൻ അവസരമുണ്ടായത്. പട്ടണം പര്യവേക്ഷണത്തിനു നേതൃത്വം നൽകിയ ഡോ. പി.ജെ. ചെറിയാന്റെ പ്രേരണയിൽ പഴന്തമിഴ് മഹാകാവ്യമായ മണിമേഖല അദ്ദേഹം മലയാളത്തിൽ പുനരാവിഷ്കരിക്കുകയും അതിന്റെ ഭാഷയിൽ തമിഴ്-മലയാളം മട്ട്‌ കൊണ്ടുവരുന്നതിനായി എന്നെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. അയ്യപ്പത്തിന്റെ നിഷ്കളങ്കമായ സ്നേഹവും കരുതലും ആവോളം അനുഭവിക്കാനിടയായി എന്നതാണ് ആ സംരംഭത്തിലൂടെ എനിക്കു ലഭിച്ച സൗഭാഗ്യം. ജീവിതത്തിലെ സുഖദുഃഖങ്ങളോട് ബുദ്ധനെപ്പോലെ നിർമമത പുലർത്താനും കവിതയിൽ പ്രശസ്തിക്കപ്പുറം അർഥപൂർണമായ കർമങ്ങൾ ചെയ്യാനും തുനിഞ്ഞ ആ വലിയകവിക്ക് എന്റെ എളിയ പ്രണാമം.