മദ്ദളമെന്ന മംഗളവാദ്യത്തിന്റെ പുകൾപെറ്റ ഒരു രാജൻ, സാക്ഷാൽ തൃക്കൂർ രാജൻ ജീവതത്തിൽനിന്നു പിൻവാങ്ങിയിരിക്കുന്നു. ആ വിരലുകളിലൂടെ പ്രകാശിച്ച മദ്ദളത്തിന്റെ ഗംഭീരനാദം ആസ്വദിച്ചവർക്കും വാദ്യകലയ്ക്കും അതൊരു മഹാവിയോഗമാണ്. അരനൂറ്റാണ്ടിനിടയ്ക്ക് പഞ്ചവാദ്യത്തെ വൃന്ദവാദ്യത്തിനപ്പുറം പ്രയോഗവൈശിഷ്ട്യത്തിന്റെയും മനോധർമങ്ങളുടെയും വാസനാബലത്തിന്റെയും അകമ്പടിയോടെ ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കാവുന്ന ഗരിമ നിലനിർത്തിയ ഗുരുനാഥൻകൂടിയാണ് രാജനാശാൻ.

വലന്തലയിൽ നാദഭംഗിയുടെ വ്യത്യസ്ത വിന്യാസത്തിലൂടെ വാദനത്തിന്റെ സർഗാന്മകമായ ഒട്ടേറെ നവീനതകൾ പകർന്നുകൊണ്ടിരുന്നു ആശാൻ. താളവട്ടങ്ങൾ മുറിച്ചുവായിക്കുമ്പോൾ നൈസർഗികവിശുദ്ധിയുള്ള ആശാൻ. ആവിഷ്‌കാര സൗന്ദര്യബോധവും താളനിഷ്ഠയും കൈസാധകത്തിന്റെ സൗഷ്‌ഠവവും ഒരുപോലെ കൊണ്ടുവന്നു.

ആശാൻ മദ്ദളത്തിൽ കാലമിടുന്നതുതന്നെ സവിശേഷമായ സൗന്ദര്യാനുഭവമാണ്. ആ പതികാലത്തിൽനിന്ന് പഞ്ചവാദ്യത്തിന്റെ അവസാന കാലത്തിലേക്ക് സഞ്ചരിക്കുമ്പോൾ, ആ കൈയിന്റെ കനം വലന്തലയിൽ അഗാധമായി വീണുകൊണ്ടിരിക്കും. എത്ര മദ്ദളങ്ങൾ നിരന്നാലും ആ മദ്ദളം ചുരക്കുന്ന നാദത്തിന്റെ ആഴവും സൗന്ദര്യവും കൃത്യമായി കേൾക്കാം.

ആ കൈശുദ്ധി വാദ്യപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. കൃശമായ ആ ശരീരം മുപ്പത്തിയഞ്ച് കിലോഗ്രാം ഭാരംവരുന്ന മദ്ദളത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു സംശയിക്കുമ്പോഴാണ് ആ ശരീരത്തിൽനിന്ന്‌ ഉറയെടുക്കുന്ന ഊർജത്തെ സ്വന്തം കൈത്തലത്തിലേക്ക് ഏകാഗ്രമാക്കി കൈയിന്റെ കനം, ആശാൻ ഗംഭീരശബ്ദംകൊണ്ട് ബോധപ്പെടുത്തുന്നത്.

ആശാന് വാദ്യകല ഒരു പൈതൃകസിദ്ധിയാണ്. കേരളത്തിലെ വാദ്യകലാഗ്രാമംകൂടിയാണ് തൃക്കൂർദേശം. തൃക്കൂരിന്റെ മദ്ദളപ്പെരുമ ഈ നാദഗുരുവിലൂടെ അവസാനിക്കുകയാണ്. പിതൃമാതുലൻ കിഴിയോടത്ത് രാമൻമാരാർ, അച്ഛൻ കൃഷ്ണൻമാരാർ, ഇളയച്ഛൻ ഗോപാലൻകുട്ടി മാരാർ, സഹോദരൻ തൃക്കൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരൊക്കെ നേരത്തേ രംഗം വിട്ടുപോയി. പിന്നീട് ആ മദ്ദളപ്പെരുമയുടെ കൊടിയടയാളം രാജനായിരുന്നു.

ആരോഗ്യമില്ലാത്ത കുട്ടിയായി പിറന്നതുകൊണ്ട് അച്ഛന് പാഠകൈയുകൾ പകർന്നുകൊടുക്കാൻ ആശങ്കയായിരുന്നു. എന്നാൽ, എട്ടുവയസ്സുള്ളപ്പോൾത്തന്നെ ചെറിയച്ഛൻ, ഗോപാലൻകുട്ടിമാരാരുടെ പുലർച്ചെയുള്ള സാധകവും മദ്ദളം പഠിക്കാൻ വരുന്ന കുട്ടികളുടെ പാഠകൈയുകളും മനസ്സുകൊണ്ട് ഉറപ്പിച്ചു.

സ്കൂൾ പഠനം, ഇടയ്ക്കുവെച്ച്‌ നിന്നുപോയെങ്കിലും തൃക്കൂരിലെ വായനശാലയായി പ്രധാന പഠനകേന്ദ്രം. ജീവിതം എങ്ങനെ വേണമെന്നത് പഠിപ്പിച്ചത് വായിച്ച പുസ്തകങ്ങളാണ്.

അച്ഛൻ വാദകൻ എന്നതിനെക്കാൾ  ഗുരുനാഥനായിരുന്നു. അച്ഛന്റെ കീഴിൽ മദ്ദളം പഠിക്കാൻ വരുന്നവർ പുറത്തിറങ്ങുമ്പോൾ മകൻ മദ്ദളംവായിക്കും. സാധകം ഒരിക്കൽപ്പോലും മുടക്കിയില്ല. കൈയിന്റെ കനവും ശുദ്ധിയും ഏകാഗ്രമായ സാധകത്തിലൂടെ കൈവന്നതാണ്. ക്രമേണ പഠിക്കാൻ വരുന്നവർക്ക് പാഠകൈയുകൾ ഉറപ്പിക്കുന്നത് മകന്റെ ചുമതലയായി. അങ്ങനെ രാജൻ എന്ന പേര് ഇല്ലാതായി. കുട്ട്യാശാൻ എന്ന പേര് ഉറച്ചു.
പതിനഞ്ചാംവയസ്സിൽ, ഗണപതിക്കൈയോടെ തൃക്കൂരിലെ പൗരാണികമായ ശിവക്ഷേത്രത്തിൽ മദ്ദളവാദകനായി. പിൽക്കാലത്ത് ആ ക്ഷേത്രവും കലാകാരനും തമ്മിൽ അവിസ്മരണീയമായൊരു ബന്ധം ഉടലെടുത്തു. തൃക്കൂർ രാജന്റെ കൈലാസമായി തൃക്കൂരപ്പൻ. കൊടകര പൂനിലാർക്കാവിലായിരുന്നു ആദ്യത്തെ പ്രവൃത്തി. അതൊരു മദ്ദളകേളിയായിരുന്നു.

രാജൻ എന്ന നവോന്മേഷശാലിയായ വാദകനെ ആ ഘട്ടത്തിൽ ഒരാൾ കാത്തിരിപ്പുണ്ടായിരുന്നു - മറ്റാരുമല്ല അന്നമനട അച്യുതമാരാർ. ഒരിക്കൽ ഗോപാലൻകുട്ടി മാരാരോടൊപ്പം പഞ്ചവാദ്യത്തിൽ പങ്കെടുക്കവെ മാരാരുടെ കണ്ണ് രാജനിൽ പതിഞ്ഞു. ‘‘രാജൻ എന്റെകൂടെ നിൽക്കട്ടെ’’ മാരാരുടെ അഭ്യർഥന അച്ഛൻ  സ്വീകരിച്ചു.

പഞ്ചവാദ്യരംഗത്തെ കുലപതികളോടൊപ്പമായിരുന്നു തൃശ്ശൂർപ്പൂരത്തിൽ രാജന്റെ അരങ്ങേറ്റം. അന്നമനട അച്യുതമാരാരുടെ പ്രമാണത്തിൽ ബ്രഹ്മസ്വമഠത്തിൽ പുതിയ മദ്ദളപ്രതിഭയെ കണ്ടു. ഇത്ര നാദശുദ്ധിയുള്ള കൈ കണ്ടിട്ടില്ലെന്നായിരുന്നു കൊമ്മരത്തു ഗോപാലമേനോന്റെ വിശേഷണം. എഴുപതുകൾ പഞ്ചവാദ്യത്തിന്റെ സമ്പന്നമായ പ്രതിഭാകാലമായിരുന്നു. അന്നമനടത്രയവും പല്ലാവൂർ ത്രയവും  കുഴൂർ ത്രയവും കത്തിക്കയറിയകാലം. കടവല്ലൂർ ശങ്കുണ്ണിനായരുടെയും ചാലക്കുടി നമ്പീശന്റെയും  കൊളമംഗലത്തിന്റെയും ജീവിതസന്ധ്യാനേരം. തിയ്യൂർ മണിയന്റെയും കടവല്ലൂർ അരവിന്ദാക്ഷന്റെയും ചോറ്റാനിക്കര നാരായണന്റെയുമൊക്കെ വസന്തകാലം. തൃക്കൂർ രാജനും ആ പ്രതിഭാനിരയിലേക്ക് നീങ്ങി.

രണ്ടാമത്തെ തൃശ്ശൂർപൂരത്തിൽ പാറമേക്കാവിനോടൊപ്പമായി രാജൻ. തിരുവമ്പാടിയിൽനിന്നു മാറാൻ നട്ടുച്ചയിലെ പൊള്ളുന്ന ചൂടുമാത്രമായിരുന്നു കാരണം. പാറമേക്കാവിലെ രാത്രിപ്പഞ്ചവാദ്യത്തിൽ ചാലക്കുടി നമ്പീശൻ, കടവല്ലൂർ അരവിന്ദാക്ഷൻ, ശങ്കരപുരത്ത് മാരാർ, കുഴൂർ നാരായണമാരാർ, ചോറ്റാനിക്കര നാരായണൻ പാറമേക്കാവിന്റെ പഞ്ചവാദ്യം, രാത്രിയെ നാദസൗന്ദര്യംകൊണ്ട് നിറച്ചു. തോൾമസിലുകളിലൂടെ  പടർന്നുകയറി വിരലുകളിലേക്ക്  എത്തുന്ന വാമനവീര്യം മദ്ദളത്തിൽ വീശുമ്പോൾ, ആ ശബ്ദഗാംഭീര്യം ആയിരങ്ങളുടെ കർണപുടങ്ങളിൽ തോരാമഴയായി പെയ്തു. പിന്നീട് ഉത്രാളിക്കാവ്, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, നെന്മാറ, ചിനക്കത്തൂർ, വൈക്കം, തൃപ്രയാർ എന്നിവിടങ്ങളിലൊക്കെ നിത്യനായി. റഷ്യയിലുംപോയി മദ്ദളം വായിച്ചു. പതികാലമാണ് തന്റെ തട്ടകമെന്ന് ഒരിക്കൽ ആശാൻ പറയുകയുണ്ടായി. വർഷകാലത്തുള്ള കഠിനസാധകമാണ് തന്റെ ബലമായി കൂടെനിന്നത്. പതിഞ്ഞ ത്രിപുടയിലെ ആ തനിയാവർത്തനങ്ങൾ പഞ്ചവാദ്യ പ്രേമികളുടെ പ്രാണനാദമായിരുന്നു. മനോധർമമാധുര്യംകൊണ്ട് അദ്ദേഹം എപ്പോഴും വിസ്മയിപ്പിച്ചു. ആശാന്റെ മദ്ദളത്തിന്റെ വലന്തലയും ചോറ്റാനിക്കര നാരായണാശാന്റെ തിമിലയിലെ തോംകാരവും ഒന്നിച്ചുചേരുന്ന  പഞ്ചവാദ്യങ്ങൾ വിശ്രുതമായ കലാപ്രകടനങ്ങൾതന്നെയായിരുന്നു. മദ്ദളത്തിന്റെ ക്ലാസിക് സ്വഭാവം നിലനിർത്തിക്കൊണ്ടുള്ള വിളംബരകാല പ്രകടനത്തിൽ  പരേതനായ കലാമണ്ഡലം പരമേശ്വരനാശാന്റെ (അന്നമനട പരമേശ്വരൻ മാരാർ) കൂടെയുള്ള പ്രവൃത്തി സന്തോഷം പകരുന്നതാണെന്ന് ഒരഭിമുഖത്തിൽ പറഞ്ഞത് ഇന്നും ഓർമയുണ്ട്. തന്റെ കാലത്തെ മറ്റൊരു പ്രതിഭയായ ചെർപ്പുളശ്ശേരി ശിവൻ ഉൾപ്പെടെ എല്ലാ കലാകാരന്മാരോടും തികഞ്ഞ സമഭാവനയോടെ നിലകൊണ്ട് മദ്ദളത്തിലെ ആ രാജഹംസം ജീവിതലാളിത്യംകൊണ്ട് ആരുടെയും മനസ്സു കീഴടക്കുമായിരുന്നു. ആ ഇടംകൈ  നിശ്ചലമാകുമ്പോൾ, താൻതന്നെ മുറുക്കിവെച്ച ആ മദ്ദളത്തിന്റെ വലന്തല വിഷാദംകൊണ്ട് മൗനമായിരിക്കും.