അവിശ്വസനീയമാണ് ചില വേര്‍പാടുകള്‍. പ്രിയസുഹൃത്ത് രാജീവ് സാതവിന്റെ അകാലവിയോഗം അത്തരത്തിലുള്ള ഒന്നാണ്. പുരസ്‌കാരജേതാവായ പാര്‍ലമെന്റേറിയന്‍. മികച്ച പ്രസംഗകന്‍. രാജ്യത്തിന്റെ ഭാവിപ്രതീക്ഷകളില്‍ ഒരാള്‍. കോവിഡിന്റെ നീരാളിപ്പിടിത്തത്തില്‍ കീഴടങ്ങുമ്പോള്‍ അദ്ദേഹത്തിന്  46 വയസ്സേ ഉണ്ടായിരുന്നുള്ളൂ. രാജീവിന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷിച്ചത് ഒരുമിച്ചായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 22-ന്. ഡല്‍ഹിയിലെ എന്റെ വസതിയില്‍ വെച്ച്.

ത്തിമുനയിൽ പകർന്നുനൽകിയ ഒരു പിറന്നാൾമധുരത്തിന്റെ തീരാവേദനയാണ് എനിക്ക്‌ രാജീവ് സാതവ്. ഞായറാഴ്ച പുണെയിൽ അന്തരിച്ച കോൺഗ്രസിന്റെ രാജ്യസഭാംഗം രാജീവ് സാതവിന്റെ മരണവാർത്ത ഹൃദയത്തിൽ ഒരു കഠാരമുനപോലെ തുളഞ്ഞുകയറുന്നു. ഏതാനും മാസംമുമ്പ്, എന്റെ മുറിയിൽവെച്ച്‌ കൊണ്ടാടിയ ഒരു പിറന്നാളിന്റെ ഉള്ളുപൊള്ളിക്കുന്ന ഓർമ. മുറിച്ച കത്തികൊണ്ട്‌ പിറന്നാൾകേക്കെടുത്ത് പ്രിയസ്നേഹിതന്റെ നാവിൽ വെച്ചുകൊടുത്തത്‌ ഓർക്കുമ്പോൾ ഇപ്പോൾ നെഞ്ചുപിടയുന്നു.

ഒന്നാം കോവിഡ് തരംഗത്തിന്റെ നാളുകളിലായിരുന്നു ആ കുസൃതി നിറഞ്ഞ പിറന്നാളാഘോഷം. ഡൽഹിയിലെ എന്റെ വസതിയിൽ സൗഹൃദസന്ദർശനത്തിനെത്തിയതായിരുന്നു മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ രാജീവ്. കോവിഡ് നിയന്ത്രണങ്ങൾമൂലം കൂടിച്ചേരലുകളോ ആഘോഷങ്ങളോ സാധ്യമല്ലാത്ത ദിവസങ്ങൾ. നമ്പർ 16, ജൻപഥിലെ വസതിയിൽ വല്ലപ്പോഴും നടക്കുന്ന യുവ എം.പി.മാരുടെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള കൂട്ടായ്മകൾമാത്രമായിരുന്നു ആശ്വാസം. രാജീവിന്റെ സന്ദർശനവും അത്തരം അനൗപചാരികമായ ഒരു കൂടിച്ചേരൽമാത്രമായിരുന്നു. കൂടെ കോൺഗ്രസിന്റെതന്നെ മറ്റൊരു രാജ്യസഭാംഗം കെ.സി. വേണുഗോപാലും വിരുദുനഗറിൽനിന്നുള്ള ലോക്‌സഭാംഗം മാണിക്കം ടാഗോറും ഉണ്ടായിരുന്നു.

രാജീവ് എത്തിയശേഷംമാത്രമാണ് അതദ്ദേഹത്തിന്റെ പിറന്നാൾദിനമാണെന്ന്‌ ഞങ്ങളറിഞ്ഞത്. തിടുക്കത്തിൽ ഒരു കേക്ക് സംഘടിപ്പിച്ച് ലളിതമായ ഒരാഘോഷം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ‘കോവിഡല്ലേ, അകലം പാലിച്ചേക്കാം’ എന്നുപറഞ്ഞ്, മുറിച്ച കേക്കിന്റെ കഷണം അതേ കത്തിമുനകൊണ്ട്‌ നാവിലേക്കുനീട്ടിയപ്പോൾ ഉള്ളുതുറന്നുചിരിച്ച രാജീവിന്റെ മുഖം മനസ്സിൽനിന്ന്‌ മായുന്നില്ല. കൂട്ടച്ചിരിയുടെ അകമ്പടിയോടെനടന്ന, തമാശനിറഞ്ഞ ആ ‘ബർത്ത് ഡേ പാർട്ടി’ വേദനയോടെമാത്രമേ ഓർക്കാനാവുന്നുള്ളൂ. ഒരു വർഷം തികയുംമുമ്പ് കോവിഡിന്റെ നിർദയമായ കത്തിമുനയ്ക്ക്‌ കീഴടങ്ങിയ ആ സുഹൃത്തിന്റെ വേർപാട് എന്നെ അക്ഷരാർഥത്തിൽ നടുക്കുന്നു.

ആദ്യമായി രാജ്യസഭയിലെത്തിയ എനിക്ക് ആദ്യനാളുകളിൽത്തന്നെ ലഭിച്ച അപൂർവം നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു രാജീവ്. എന്നെക്കാൾ പ്രായംകുറഞ്ഞ, 46 വയസ്സുമാത്രമുള്ള അദ്ദേഹം പാർലമെന്ററി പ്രവർത്തനത്തിൽ പക്ഷേ, എത്രയോ സീനിയറായിരുന്നു. 2020-ൽ ഒപ്പമാണ് ഞങ്ങൾ രാജ്യസഭയിലെത്തിയതെങ്കിലും 2014-ലെ ലോക്‌സഭയിലും അതിനുമുമ്പ് മഹാരാഷ്ട്രാ നിയമസഭയിലും അംഗമായിരുന്നു അദ്ദേഹം. അഞ്ചുവർഷത്തിനിടെ നാലുവട്ടം തുടർച്ചയായി മികച്ച പാർലമെന്റേറിയനുള്ള സംസദ് രത്ന അവാർഡ് നേടിയ, രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയന്മാരിലൊരാളായി വിലയിരുത്തപ്പെട്ട യുവനേതാവ്. അകാലത്തിൽ പൊലിഞ്ഞ ഇന്ത്യയുടെ ഭാവിപ്രതീക്ഷകളിലൊരാൾ.

ഏപ്രിൽ അവസാനവാരമാണ് രാജീവിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നെഗറ്റീവായെങ്കിലും പോസ്റ്റ് കോവിഡ് ന്യുമോണിയമൂലം തുടർചികിത്സ വേണ്ടിവന്നു അദ്ദേഹത്തിന്. ഇതിനിടെ സൈറ്റോമെഗാലോ എന്ന വൈറസിന്റെ ബാധയുമുണ്ടായി. ആരോഗ്യനില അനുദിനം മോശമായി. ഞായറാഴ്ച പുണെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രി രേഖകൾപ്രകാരം സെക്കൻഡറി ന്യുമോണിയയും മൾട്ടി ഓർഗൻ ഡിസ്‌ഫങ്ഷനുംമൂലം വെന്റിലേറ്റർ സഹായത്തിലായിരുന്നു അദ്ദേഹം. അടുത്ത പാർലമെന്റ് സെഷനിൽ വീണ്ടും കാണാമെന്ന വാഗ്ദാനം പാലിക്കാൻ നിൽക്കാതെ രാജീവ് വിടവാങ്ങുമ്പോൾ വേദനയും ശൂന്യതയും ചൂഴുന്നു. കോവിഡ് ഇപ്പോൾ എനിക്ക് അകലെയെങ്ങോ നടമാടുന്ന മഹാമാരിയല്ല. കടലാസിലെ സ്ഥിതിവിവരക്കണക്കുമല്ല. നമ്മുടെ പടികടന്ന്, തൊടികടന്ന് മുറ്റത്തെത്തിക്കഴിഞ്ഞ മരണനൃത്തമാണ്. നമ്മുടെ പ്രിയപ്പെട്ടവരെ ഒന്നൊന്നായി അത്‌ റാഞ്ചാൻ തുടങ്ങിയിരിക്കുന്നു. അടുത്തതാരെന്നറിയാതെ നാം അസ്വസ്ഥരാവാൻ തുടങ്ങിയിരിക്കുന്നു.

കോൺഗ്രസിന്റെ യുവനേതാവും രാഹുൽ ബ്രിഗേഡിലെ അംഗവുമായിരുന്ന രാജീവ് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും പാർലമെന്ററി പ്രവർത്തനത്തിലും ഉജ്ജ്വലമായ ഒരു ചരിത്രത്തിനുടമയാണ്. 2020-ലാണ് അദ്ദേഹം രാജ്യസഭയിലേക്കെത്തുന്നത്. അതിനുമുമ്പേതന്നെ  ഏറെ രാഷ്ട്രീയനേട്ടങ്ങൾ അദ്ദേഹം കൈവരിച്ചു. 2014-ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തിൽ ശിവസേനാനേതാവ് സുഭാഷ് വാംഘഡെയെ തോൽപ്പിച്ച് ലോക്‌സഭയിലെത്തി. 2009-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മറാത്തവാഡയിലെ കലംനൂരി മണ്ഡലം ശിവസേനയിൽനിന്ന്‌ പിടിച്ചെടുത്തു. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 2017-ലെ ഗുജറാത്ത് വിധാൻസഭാ തിരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖലയുടെ ചുമതലക്കാരനും പഞ്ചാബ് വിധാൻസഭാ തിരഞ്ഞെടുപ്പിൽ സ്‌ക്രീനിങ് കമ്മിറ്റി അംഗവുമായി നിയോഗിക്കപ്പെട്ടു. 2018-ലെ കോൺഗ്രസ് പ്ലീനറി സെഷനിൽ രാഷ്ട്രീയകാര്യസമിതിയുടെയും ഭരണഘടനാ പരിഷ്കരണസമിതിയുടെയും നിർദേശകസമിതിയിലും അംഗമായി. 2010 മുതൽ 2014 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റായും അതിനുമുമ്പ് മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡന്റായും അദ്ദേഹം കാഴ്ചവെച്ച പ്രവർത്തനം എല്ലാവരിലും മതിപ്പുളവാക്കിയിരുന്നു.

മികവുറ്റ വാഗ്മിയും പാർലമെന്റേറിയനുമായിരുന്നു രാജീവ്. ആധാർ ബിൽ പാർലമെന്റിൽ ചർച്ചയ്ക്കുവന്നപ്പോൾ കോൺഗ്രസിനുവേണ്ടി ആദ്യം സംസാരിക്കാൻ നിയോഗിക്കപ്പെട്ടത് അദ്ദേഹമാണ്. പല പ്രധാന ബില്ലവതരണവേളകളിലും കോൺഗ്രസിന്റെ ഭാഗത്തുനിന്ന്‌ ചർച്ചതുടങ്ങുക രാജീവാണ്. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു. കാർഷികപ്രതിസന്ധി, തൊഴിൽദാനപദ്ധതി, വരൾച്ച, റെയിൽവേ ബിൽ, കമ്പനി ആക്ട് (ഭേദഗതി) തുടങ്ങിയ വിഷയങ്ങളിൽ രാജീവ് നടത്തിയ പ്രസംഗങ്ങൾ സഹപ്രവർത്തകർ പലരും ഓർക്കുന്നു. ഒട്ടേറെ പാർലമെന്ററി, ജോയന്റ് പാർലമെന്ററി കമ്മിറ്റികളിലും അംഗമായി അദ്ദേഹം നിയോഗിക്കപ്പെട്ടു. നിലവിലെ സഭയിൽ പ്രതിരോധം, വ്യോമയാനം തുടങ്ങിയ പ്രാധാന്യമേറിയ സ്റ്റാൻഡിങ് കമ്മിറ്റികളിൽ അംഗമാണ്.

നടപ്പുപാർലമെന്റിൽ അദ്ദേഹത്തിന് ഒരു റെക്കോഡുമുണ്ട്. ഏറ്റവും ഉയർന്ന ഹാജർനിലയുള്ള അംഗം. ശരാശരിയെക്കാൾ എത്രയോ ഉയരെ, 81 ശതമാനമാണ് അദ്ദേഹത്തിന്റെ ഹാജർ റെക്കോഡ്. 16-ാം ലോക്‌സഭയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു അദ്ദേഹം. അഞ്ചുവർഷത്തിനിടെ അദ്ദേഹം 205 ചർച്ചകളിൽ പങ്കെടുത്തതായും 1075 ചോദ്യങ്ങൾ ഉന്നയിച്ചതായും പാർലമെന്റ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 23 പ്രൈവറ്റ് ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചു. മഹാരാഷ്ട്രയുടെ ശബ്ദം പാർലമെന്റിൽ കേൾപ്പിക്കാൻ രാജീവ് ഉണ്ടായിരിക്കണമെന്ന അഭിപ്രായക്കാരായിരുന്നു ഉദ്ധവ് താക്ക​െറയും പൃഥ്വിരാജ് ചൗഹാനുമുൾപ്പെടെയുള്ള സംസ്ഥാനത്തെ നേതാക്കളെല്ലാം. അവർ സംഘമായി വന്നാണ് രാജ്യസഭയിലേക്കുള്ള രാജീവിന്റെ നാമനിർദേശപത്രിക സമർപ്പിച്ചത്. സർക്കാരിന് എപ്പോഴും തലവേദന സൃഷ്ടിച്ചിരുന്ന അദ്ദേഹത്തെ കഴിഞ്ഞ െസപ്റ്റംബറിൽ രാജ്യസഭയിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയുണ്ടായി. കടലാസ് കീറിയെറിഞ്ഞു, മൈക്ക് തകർത്തു, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അദ്ദേഹത്തെ അന്ന്‌ പുറത്താക്കിയത്.

രാഹുൽ ഗാന്ധിയുടെ അനുശോചനസന്ദേശത്തിൽ രാജീവിനെക്കുറിച്ചുള്ള ആദരവും മതിപ്പും പ്രതീക്ഷയുമെല്ലാം അദ്ദേഹം ഇങ്ങനെ പകർത്തിവെച്ചിട്ടുണ്ട്: ‘മികച്ച ഭാവിയുണ്ടായിരുന്ന നേതാവ്. കോൺഗ്രസിന്റെ ആശയങ്ങളുടെ പ്രതീകംപോലൊരാൾ. എന്റെ അടുത്ത സുഹൃത്ത്. ആ മരണം എന്നെ അങ്ങേയറ്റം ദുഃഖിതനാക്കുന്നു...’; എന്നെയും.

Content Highlight: M.V. Shreyams Kumar  remembers Rajiv Satav