പ്പോഴും കാലത്തിനു മുമ്പേയാണ് വീരേന്ദ്രകുമാർ നടന്നത്. അങ്ങനെ നടന്നു എന്നുമാത്രമല്ല, കാലത്തെ നയിക്കുകയും ചെയ്തു അദ്ദേഹം.

1978 മുതൽ ഞങ്ങൾ ‘മാതൃഭൂമി’യിൽ ഒരുമിച്ചുണ്ടായിരുന്നു. അന്ന്‌ തൊട്ട്‌ നാല്പത്തിരണ്ടുവർഷം ഒരുദിവസമെങ്കിലും ഞങ്ങൾ സംസാരിക്കാതിരുന്നിട്ടില്ല. ആ നാളുകളിലൊക്കെ മാതൃഭൂമിയെ മുന്നിൽനിന്നു നയിച്ചത് അദ്ദേഹമാണ്. ആ കാലമത്രയും അദ്ദേഹത്തോടൊപ്പം നടക്കാനുള്ള അവസരവും കൈവന്നു. ആ നാളുകളിലാണ് നാടിനെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ഒരു പ്രവാചകനെപ്പോലെ സംസാരിക്കുന്ന ആ വലിയ മനസ്സ് ഞാൻ കണ്ടത്. ജീവിതത്തിൽനിന്ന് അദ്ദേഹം തിരിച്ചുനടന്നപ്പോൾ ഞാനുൾപ്പെടെയുള്ളവർ അനാഥത്വത്തിന്റെ ദുഃഖം അനുഭവിച്ചു. അദ്ദേഹം കടന്നുപോയ പാതകളിലെല്ലാം ഞങ്ങൾ ആ കാലടിപ്പാടുകൾ കണ്ടു.

എ.കെ.ജി.യെ ആരാധിക്കുന്ന ഒരു ഉറച്ച സോഷ്യലിസ്റ്റായാണ് അദ്ദേഹം ആദ്യം കടന്നുവന്നത്. ജയപ്രകാശ് നാരായണനിൽനിന്ന് അംഗത്വം വാങ്ങി, രാം മനോഹർ ലോഹ്യയോടൊപ്പം ആശയങ്ങൾ പങ്കിട്ട് രാഷ്ട്രീയത്തിൽ ആണ്ടുമുങ്ങിയ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ പോയി. അക്കാലത്ത് അദ്ദേഹത്തിന്റെ വീട് കണ്ടുകെട്ടിയ സംഭവങ്ങൾവരെയുണ്ടായി. എന്നാൽ, ആ രാഷ്ട്രീയക്കാരൻ ‘മാതൃഭൂമി’യുടെ അകത്തളത്തിലേക്കു വന്നത് രാഷ്ട്രീയക്കുപ്പായം അഴിച്ചുവെച്ചായിരുന്നു. അദ്ദേഹം എം.എൽ.എ.യും എം.പി.യും സംസ്ഥാനമന്ത്രിയും കേന്ദ്രമന്ത്രിയും രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രസിഡന്റുമൊക്കെയായിരുന്നിട്ടും ഏറ്റവും അഭിമാനിച്ചിരുന്നത് ‘മാതൃഭൂമി’യുടെ സാരഥ്യമാണ്. തന്റെ ജീവിതത്തിൽ ആർജിച്ചെടുത്ത ആശയങ്ങളുടെ പുതിയ വിത്തുകൾ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി മുളപ്പിച്ചെടുക്കാൻ ഒരിക്കലും മടിച്ചുനിന്നില്ല. ‘മാതൃഭൂമി’ മഹത്തായൊരു സാംസ്കാരിക-സാമൂഹിക-മാധ്യമ സ്ഥാപനമാക്കുന്നതിൽ അദ്ദേഹം മുന്നിൽനിന്നു പ്രവർത്തിച്ചു. മാതൃഭൂമിയിലെ സഹപ്രവർത്തകരോടൊപ്പം ഇരിക്കുമ്പോൾ നഷ്ടപ്പെട്ട ഉന്മേഷകരമായ ഊർജം തിരിച്ചുകിട്ടുമെന്ന് അഭിമാനംകൊണ്ടു. പ്രചോദനങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃപാടവംകൊണ്ട് മാതൃഭൂമി ഒരു മഹാസ്ഥാപനമായി വളർന്നു. 1978 മുതൽ ഇങ്ങോട്ട്‌ ഞങ്ങൾ ഇരുവരും ചേർന്ന്‌ നാലുപതിറ്റാണ്ടിലേറെക്കാലം ഈ മഹാപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയി. മാതൃഭൂമി വളർന്നു പന്തലിച്ചതിന്റെ ചരിത്രമാണ്‌ ആ കാലമെന്ന്‌  ധന്യതയോടെ ഓർക്കട്ടെ.

ഏഴുപതിറ്റാണ്ടുകാലം നിതാന്തജാഗ്രതയോടെ ഒരു സമൂഹത്തിനുവേണ്ടി ഉണർന്നിരുന്നുപ്രവർത്തിച്ച കർമജീവിതമാണ് അദ്ദേഹത്തിന്റെ യഥാർഥ സമ്പത്ത്. അദ്ദേഹത്തിനുള്ളിലെ പോരാളി എപ്പോഴും ഉണർന്നിരുന്നു. കുടിയിറക്കപ്പെട്ട കർഷകർക്കുവേണ്ടി ഫാദർ വടക്കനോടൊപ്പം നിന്ന് പ്രവർത്തിച്ചുകൊണ്ടാണ് ഈ പോരാട്ടം തുടങ്ങിയത്. പിൽക്കാലത്ത് പ്ലാച്ചിമടയിലെ ജലസമരത്തിനു പാവങ്ങളോടൊപ്പം അണിചേർന്നു. വയനാട്ടിലെ ആദിവാസികളുടെ തോഴനായി. ഉത്തരമലബാറിൽ എൻഡോസൾഫാൻ ദുരന്തം, പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ വേട്ടയാടിയപ്പോൾ അവരോടൊപ്പം നിൽക്കാൻ അദ്ദേഹം ഓടിയെത്തി. ഭൂമിയെ സ്നേഹിച്ചുകൊണ്ട്, ഭൂമിയിലെ സർവജീവജാലങ്ങളെയും സ്നേഹിച്ചുകൊണ്ട് പ്രകൃതിയുടെ കാവലാളായി അദ്ദേഹം നിന്നു. ഞങ്ങൾ ഒരുമിച്ചു യാത്രചെയ്തപ്പോഴാണ് മഹാനദി ഗംഗയുടെയും ഹിമാലയത്തിന്റെയും സമഗ്രതയെക്കുറിച്ച് അദ്ദേഹം എത്രമാത്രം ബോധവാനായിരുന്നുവെന്നു വ്യക്തമായത്. അവിടെയെത്തുമ്പോൾ അദ്ദേഹം എപ്പോഴും ആർദ്രചിത്തനായി ഹൈമവതഭൂമിയുടെ മുമ്പിൽ ഒരു ആരാധകനായി.

ജനക്കൂട്ടങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാൽ വീരേന്ദ്രകുമാർ പ്രവാചകതുല്യമായ പ്രഭാഷണംകൊണ്ട് അവരെ കീഴടക്കും. ജീവിതത്തിലൂടെ നേടിയെടുത്ത ചിന്തയുടെ പ്രകാശം അദ്ദേഹം എപ്പോഴും പങ്കുവെച്ചു. മനുഷ്യന് വിലയിടിയുമെന്നും അവയവങ്ങൾക്കുവേണ്ടി കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുറക്കുമെന്നും നാളെ ജലത്തിനുവേണ്ടിയായിരിക്കും യുദ്ധമെന്നും അദ്ദേഹം മുമ്പേ പറഞ്ഞു.

ഞങ്ങൾ നടത്തിയ വിദേശയാത്രകളിലൊക്കെയും ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ജീവിതത്തിന്റെയും പിന്നാലെ നടന്നു, അദ്ദേഹം. ഏതു രാജ്യത്തുചെന്നാലും പുസ്തകശാലകൾ അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. ഒരിക്കൽ വായിച്ച പുസ്തകത്തിന്റെ ഏതു പേജിൽ, ഏതു വാചകമാണ് ഉള്ളതെന്ന് ഓർമവെച്ച് പറയും. അപാരമായിരുന്നു ആ ഓർമശക്തി.

വൈകിമാത്രം എഴുതിത്തുടങ്ങിയ വീരേന്ദ്രകുമാർ വാക്കുകളുടെ രാജശില്പിയായിരുന്നു. ‘ഹൈമവതഭൂവി’ലും ‘സ്വാമി വിവേകാനന്ദനും’ ‘ഡാന്യൂബ് സാക്ഷിയും’ ‘രാമന്റെ ദുഃഖവും’ ‘ബുദ്ധന്റെ ചിരി’യുമൊക്കെ ആ ചിന്തയിൽനിന്നും ഈടുറ്റ കൃതികളായി പിറന്നുവീണപ്പോൾ കേരളം അതെല്ലാം ആദരവോടെ ഏറ്റുവാങ്ങി.
എന്റെ മനസ്സിൽ അനേകമനേകം ചിത്രങ്ങളുള്ള അവസാനിക്കാത്ത ആൽബമാണ് ആ ജീവിതം. അതിൽ ഒരു ചിത്രംപോലും മങ്ങിയിട്ടില്ല. ആ ചിത്രങ്ങളാണ് ഇന്നും എന്റെ പ്രചോദനം. ആ സ്മരണകളാണ് ഞങ്ങളുടെ ശക്തി.

മാതൃഭൂമിയുടെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ് ലേഖകൻ