ശോകൻ ചരുവിലിന്റെ കല്യാണദിവസമായിരുന്നു അക്കൊല്ലത്തെ അങ്കണം അവാർഡ്. അഷിതയ്ക്കായിരുന്നു അത്. കല്യാണച്ചടങ്ങുകഴിഞ്ഞ് നേരെ തൃശ്ശൂർക്ക്. അഷിതയുടെ മകൾക്ക് പനിയായിരുന്നു. അമ്മയുടെ തോളത്ത് മയങ്ങിക്കിടക്കുകയായിരുന്നു ഉമ. പുരസ്കാരലബ്ധിയുടെ ആഹ്ലാദമൊന്നും അഷിതയുടെ മുഖത്തുണ്ടായിരുന്നില്ല. അല്ലെങ്കിലും ഒരു സമ്മാനത്തിലൊന്നും മയങ്ങുന്ന വ്യക്തിയല്ല അഷിതയെന്ന് പിന്നീടാണറിഞ്ഞത്.

വല്ലപ്പോഴും ഒരു കത്ത്. ഫോൺ സാർവത്രികമായപ്പോൾ ഇടവേളകൾ അധികമില്ലാത്ത വിളികൾ. അത് അരമണിക്കൂർവരെയൊക്കെ നീണ്ടുനിന്നിരുന്നു. 2007-ൽ തിരുവനന്തപുരത്ത്‌ പോയപ്പോൾ അഷിതയെ കാണണമെന്നുതോന്നി. വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ അഷിത പറഞ്ഞു: ‘‘അതു പറഞ്ഞുതരാൻ എനിക്കറിയില്ല മൂർത്തീ. ഞാൻ രാമൻകുട്ടിക്ക് ഫോൺ കൊടുക്കാം’’. സകുടുംബം അവിടെയെത്തിയപ്പോൾ അഷിത പറഞ്ഞു: ‘‘ഇവിടെ വരുന്ന രണ്ടാമത്തെ സാഹിത്യകാരനാണ് മൂർത്തി. ആദ്യത്തേത് ബാലചന്ദ്രൻ ചുള്ളിക്കാട്’’.

പിന്നീട് അഷിത തൃശ്ശൂരിലെ കിഴക്കുമ്പാട്ടുകരയിൽ താമസമാക്കി. ഞാൻ ജോലിചെയ്യുന്ന എസ്.എൻ.എ. ഔഷധശാലയുടെ അടുത്ത്. തൃശ്ശൂർ-പാലക്കാട് പാതയുടെ അപ്പുറവും ഇപ്പുറവുമായി. തൃശ്ശൂരിൽ താമസമാക്കുന്നതിനെക്കുറിച്ച് അവർക്ക് ആശങ്കകളുണ്ടായിരുന്നു. ഗീതാ ഹിരണ്യനാണത്രേ ധൈര്യം കൊടുത്തത്. ‘അടുത്ത് അഷ്ടമൂർത്തിയൊക്കെയുണ്ട്!’

ആനുകാലികങ്ങളിൽ കോളമെഴുത്തുതുടങ്ങിയ കാലമായിരുന്നു അത്. ഇഷ്ടപ്പെട്ട ചെറുകഥകൾ പലതും പരാമർശിക്കാറുണ്ടായിരുന്നു. മുറിഞ്ഞുപോവുന്ന വിവാഹബന്ധങ്ങൾ വിഷയമായപ്പോൾ എനിക്ക്‌ അഷിതയുടെ ‘ശിവേന സഹനർത്തനം’ ഓർമവന്നു. കഥ എന്റെ പക്കലില്ല. അടുത്തുതാമസമാക്കിയിരുന്നെങ്കിലും അഷിതയെ ഞാൻ കണ്ടിരുന്നില്ല. ഞാൻ അവർക്ക് ഫോൺചെയ്തു. അഷിത ഫോണിലൂടെ കഥ വായിച്ചുതന്നു. പിറ്റേന്ന് ലേഖനം വായിച്ചുകേൾപ്പിക്കാൻവേണ്ടി ഫോൺചെയ്തപ്പോൾ എന്നെ നടുക്കിക്കൊണ്ട് അഷിത കരഞ്ഞു: ‘മൂർത്തി അത്‌ വായിക്കണ്ട. എന്നെ ഇനി വിളിക്കുകയും വേണ്ട’. എന്താണെന്ന് മനസ്സിലാവാതെ ഞാൻ ഫോൺ വെച്ചു.
പിന്നെ ഞാൻ വിളിച്ചില്ല. ഫോൺ മാറിയതോടെ അഷിതയുടെ നമ്പറും മാഞ്ഞുപോയി. അതിനുശേഷം ഒന്നോ രണ്ടോ വട്ടം പൊതുസ്ഥലങ്ങളിൽ കണ്ടു. അതിലൊന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘അഷിതയുടെ കഥകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു. ആ പുസ്തകവുമായി ബന്ധപ്പെട്ടാണ് അവസാനത്തെ ഫോൺവിളിയും.  

ചെറുകഥയ്ക്കുള്ള 2015-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് അഷിതയുടെ കഥകൾക്കായിരുന്നു. അവാർഡ് കിട്ടാൻ ഞാൻ ഉത്സാഹിച്ചിരുന്നെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആ വിളി: ‘‘എനിക്കുവേണ്ടി മൂർത്തി എന്തിനാ വാദിച്ചത്? എനിക്ക് ഈ അവാർഡ് കിട്ടിയിട്ടെന്താ കാര്യം? അതു വല്ല ചെറുപ്പക്കാർക്കും കൊടുക്കാമായിരുന്നില്ലേ? എനിക്കു വേണ്ട അത്. ഞാനതു വാങ്ങാനും പോവുന്നില്ല’’. എന്റെ നിരപരാധിത്വം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ തയ്യാറാവാത്തവണ്ണം മുറിവേറ്റ മനസ്സായിരുന്നു അപ്പോൾ അവരുടേത്.

അഷിത മരിച്ചുകിടക്കുന്ന ഈ വീട്ടിൽ നിൽക്കുമ്പോൾ എല്ലാം ഞാൻ ഓർമിച്ചുപോയി. അഷിത ശാന്തമായി ഉറങ്ങുകയാണ്. കൂട്ടുകാരീ, അറിയാതെ, തീരെ അറിയാതെയാണെങ്കിലും ആ മനസ്സിനെ വേദനിപ്പിച്ചതിൽ മാപ്പുതരൂ. അതല്ലാതെ ഇനി ഞാൻ എന്ത് ആവശ്യപ്പെടാനാണ്! 

അഷിതപോയ 
വഴിയിലുണ്ടിപ്പൊഴും
തുളസി പൂത്ത
മനസ്സിന്റെ സൗരഭം
ഭുവനഭസ്മത്തിൽ
നീ ലയിക്കുമ്പൊഴും
ഇരുളിലെൻ ബാഷ്പ
ദീപം ജ്വലിക്കുന്നു
-ബാലചന്ദ്രൻ ചുള്ളിക്കാട്