വി.കെ.എൻ. വിടവാങ്ങിയിട്ട്‌ 16വർഷം

മലയാളസാഹിത്യത്തിലെ ഏകാന്ത വിസ്മയമായിരുന്നു വി.കെ.എൻ. അപാരമായ പ്രതിഭയും ബുദ്ധിയും അതിൽനിന്നു പ്രവഹിക്കുന്ന സംസ്കൃതമായ ഫലിതവും വി.കെ.എന്നിനെ അനന്യനാക്കി. ജനുവരി 25-ന് വി.കെ.എൻ. വിടവാങ്ങിയിട്ട് 16 വർഷമാകുന്നു. വി.കെ.എന്നുമായുള്ള  നേരനുഭവങ്ങളിലൊന്ന്‌.
ഒരിക്കൽ മധ്യാഹ്നം മൂർച്ഛിച്ചു തുടങ്ങുന്ന സമയത്താണ് പുഴക്കരവീട്ടിൽ എത്തിയത്. വി.കെ.എൻ. ഉറങ്ങുകയായിരുന്നു. പതിനഞ്ച് മിനിറ്റുകഴിഞ്ഞപ്പോൾ പതുക്കെ ഉണർന്നുവന്നു. നന്നേ ക്ഷീണിതനായിരുന്നു. തന്റെ കസേരയിൽ പുറത്തെ തൊടിയിലെ വെയിലിലേക്ക് നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് പൂർവാപരബന്ധങ്ങളൊന്നുമില്ലാതെ പിതാമഹൻ പറഞ്ഞു: ‘‘ഇന്ത്യ ഒരിക്കലും ഒരു രാഷ്ട്രമായിരുന്നില്ല’’. ‘‘അത് ശരിയാണോ? ഗാന്ധി ‘ഹിന്ദ് സ്വരാജി’ൽ ഇന്ത്യ ഒരു രാഷ്ട്രമായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടല്ലോ’’ -ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ വി.കെ.എൻ. അല്പനിമിഷം മിണ്ടാതിരുന്നതിനുശേഷം തുടർന്നു: ‘‘അതുവ്വോ? പണ്ട് വായിച്ചതാണ്. ഒന്നുകൂടി വായിച്ചുനോക്കാം’’ പിന്നെയും കുറെനേരം മൗനം. ശേഷം പറഞ്ഞു: ‘‘ഈ ദീപാമേത്ത പഞ്ചഭൂതങ്ങളെ വെച്ചിട്ടാണല്ലോ കളി (പ്രസിദ്ധ സംവിധായികയായ ദീപാമേത്ത ഫയർ, എർത്ത് എന്നീ പേരുകളിൽ സിനിമ സംവിധാനം ചെയ്തിരുന്ന സമയമായിരുന്നു അത്). ‘‘അതെ. കാശിയിലാണ് ഷൂട്ടിങ്’’ -ഞാൻ പറഞ്ഞു. ‘‘കല്പാത്തിയിലുമുണ്ടത്രേ’’ ചെറുചിരിയോടെ വി.കെ.എൻ. അങ്ങനെയൊരു വാർത്ത ഞാൻ വായിച്ചിരുന്നില്ല. വി.കെ.എൻ. തുടർന്നു: ‘‘കാശിയിൽ പാതി കല്പാത്തി എന്നാണല്ലോ. അതോണ്ടാ. ഇബടെ ആ ജയരാജൻ നവരസം വച്ചാ കളി’’. സംവിധായകൻ ജയരാജ് ശാന്തം, കരുണം എന്നിങ്ങനെ തന്റെ നവരസസിനിമാ പരമ്പര തുടങ്ങിയ സമയവുമായിരുന്നു. ‘‘ഇതിന്റെ എടേക്കൂടെ നരസിംഹത്തിന്റെ വരവുമുണ്ട്’’ മോഹൻലാലിന്റെ ‘നരസിംഹവും’ ആ സമയത്ത് തിയേറ്ററുകളിൽ ഉണ്ടായിരുന്നു... ‘‘ഇത് മൂന്നുംകൂടി ഒരു സാധനം എഴുതിയാലോ എന്നാണ് ആലോചന’’ അതുപറഞ്ഞ് വി.കെ.എൻ. ചോദിച്ചു: ‘‘നമ്മുടെ കോളേജ് വാധ്യാന്മാർ ശനിയാഴ്‌ച്ചേം അവധി വേണം എന്ന് പറയ്ണത് എന്താന്നറിയോ?’’  ആ സമയത്ത് ശനിയാഴ്ചയും അവധി വേണം എന്നുപറഞ്ഞ് കോളേജ് അധ്യാപകർ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ടായിരുന്നു. ‘‘അറിയില്ല’’-ഞാൻ പറഞ്ഞു.’’ബുധനും ശനിയുമാണ് തേച്ചുകുളിക്കുന്ന ദിവസം’’ നിറഞ്ഞു ചിരിച്ച് വി.കെ.എൻ. തുടർന്നു:

‘‘കോളേജില് ഒന്നും പോവരുത് ഹേ. ഒരു കാര്യോംല്യ. സമയം നഷ്ടാം. ഒക്കെ സ്വന്തം വായിച്ച് അറിയണം. അതേ നിൽക്കൂ’’ അപ്പറഞ്ഞതിന് ഒന്നാംതരം ഉദാഹരണമായി വി.കെ.എൻ. മുന്നിലിരിക്കുമ്പോൾ എനിക്ക് എതിർക്കാൻ പറ്റില്ലായിരുന്നു. ഇറങ്ങുന്നതിനുമുമ്പ് വി.കെ.എൻ. ഒരു പ്രവചനംപോലെ പറഞ്ഞു: ‘‘എന്റെ സാഹിത്യത്തിന് പരമാവധി അയ്യായിരം വായനക്കാരേ ഉണ്ടാവൂ, എല്ലാ കാലത്തും. അത്രേം മതി. അതേ പാടൂ.’’

ഇക്കാലത്തും അത് ശരിയാണ്. എം.ഡി. രാമനാഥനും വി.കെ.എന്നും ഒരുപോലെയാണ്. എല്ലാകാലത്തും, എവിടെയൊക്കെയോ ഇരുവരെയും കുറെപ്പേർ കേൾക്കുന്നു, വായിക്കുന്നു. അവർ ആ ഗൂഢരസം അടുത്ത തലമുറകളിലേക്ക് പകരുന്നു.