‘പശ്യേമ ശരദശ്ശതം’ എന്നത്‌ വിഷ്ണുനാരായണൻ നമ്പൂതിരി സാറിന്റെ പ്രാർഥനകളിൽപ്പെട്ടിരുന്നുവോ എന്നറിയില്ല. ഏതായാലും നൂറുവേനലുകളെ, ശരത്തുക്കളെ, കാണാനാവുംവിധം അദ്ദേഹം ദീർഘായുഷ്മാനായി നമുക്കിടയിൽ തുടരട്ടെ എന്നതാണ്‌ മലയാളത്തിന്റെ ഈ ദിനത്തിലെ പ്രാർഥന. ഈദിനം എന്നാൽ, വിഷ്ണുനാരായണൻ നമ്പൂതിരി സാറിന്റെ അശീതിദിനം-എൺപതാം പിറന്നാൾ. ഭാഷയ്ക്കും സാഹിത്യത്തിനും ഭാവുകത്വത്തിനും എന്നുവേണ്ട, അനുവാചക സമൂഹത്തിന്റെ മനസ്സിനാകെത്തന്നെയും അനുഗ്രഹമായിരുന്നിട്ടുണ്ടല്ലോ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും.

‘ഊറ്റം കൊൾവേനെന്റെ നാട്‌
ഞാൻമൂലം പൂർണകാമയായ്‌’ എന്ന്‌ സ്വന്തം ജീവിതം മുൻനിർത്തി അദ്ദേഹം പറയില്ല. എങ്കിലും സത്യം അതുതന്നെയാണ്‌; ആ കവിതകൾകൊണ്ടുകൂടിയാണ്‌ നമ്മുടെ സാഹിത്യം, സംസ്കാരം, നാട്‌, ഭാഷ പൂർണകാമയാവുന്നത്‌.
ഉള്ളവരും ഇല്ലാത്തവരും എന്ന മാർക്സിയൻ സാമൂഹികവിഭജനസിദ്ധാന്തത്തെ ‘ഉണ്ടായിട്ടും വേണ്ടാത്തവർ’ എന്ന ഒരു കൂട്ടർകൂടിയുണ്ട് എന്ന മൗലികമായ ചിന്തകൊണ്ടും അതിനെ തീർത്തും അനുസരിക്കുന്ന സുതാര്യവിശുദ്ധമായ ജീവിതംകൊണ്ടും സർഗാത്മകമായി പൂരിപ്പിച്ച ജീവിതമാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരിയുടേത്‌. ആ ശുഭ്രശുദ്ധി വാക്കിലും പ്രവൃത്തിയിലും ഒരുപോലെ പ്രതിഫലിച്ചുനിന്നു.
‘ജീവിതത്തിൽ വെറുതെയാവുന്നില്ല
ഭാവശുദ്ധിയും വെൺമയും നന്മയും;
പൂവിനുള്ള സുഗന്ധവും അന്യനായി
താനൊരുക്കും ചെറിയ സംതൃപ്തിയും’

എന്നത്‌ സ്വന്തം ജീവിതത്തിന്റെ അടയാളവാക്യമാക്കി മാറ്റിയ ഒരു കവിക്ക്‌ അങ്ങനെയാവാനല്ലേ കഴിയൂ. ശുദ്ധിയോടുള്ള ആരാധന എന്നും വിഷ്ണുനാരായണൻ നമ്പൂതിരിക്ക്‌ ജീവിതവ്രതമായിരുന്നു.
വെൺമയുടെ ജൈത്രയാത്ര താൻ കണ്ടിട്ടുണ്ട്‌ എന്ന്‌ ഒരു കവിതയിൽ അദ്ദേഹം എഴുതി. സത്യത്തിൽ വെൺമയുടെ ജൈത്രയാത്രതന്നെയായി അദ്ദേഹത്തിന്റെ ജീവിതം. അനസൂയവിശുദ്ധമായ ഒരു ബന്ധം എല്ലാവരോടും അദ്ദേഹം നിലനിർത്തി. സഹകവികളിൽ ആരുടെ ഉത്‌കർഷവും സ്വന്തം ഉത്‌കർഷമായി കരുതി. ആരുടെ അപകർഷവും സ്വന്തം അപകർഷമായി കരുതി. ഒ.എൻ.വി.ക്ക്‌ പത്മശ്രീ ലഭിച്ചപ്പോൾ ആദ്യമായി അദ്ദേഹത്തെ തേടിച്ചെന്ന കുറിപ്പുകളിലൊന്ന്‌ വിഷ്ണുനാരായണൻ നമ്പൂതിരിയുടേതായിരുന്നു. 

‘പത്മശ്രീല പരാഗാർദ്ര
പതംഗ പരിഭൂഷിതാ
കവിതാ തേ ചിദാദിത്യ
കിരണാ രഞ്ജിതാസദാ’
ഇതായിരുന്നു ആ കുറിപ്പ്‌.

ധനവും അധികാരവും അദ്ദേഹത്തെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. 1994-ൽ യൂണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്ലീഷ്‌ വകുപ്പിന്റെ അധ്യക്ഷനായിരുന്ന്‌ റിട്ടയർചെയ്ത ഒരു പ്രൊഫസർ തൊട്ടടുത്തദിവസം ഒരു ക്ഷേത്രത്തിലെ ശാന്തിജോലിക്ക്‌ പോകുമെന്ന്‌ ആരുകരുതും? പെൻഷൻവേളയിൽ സംസ്കൃതസർവകലാശാലയിലെ ഉന്നതമായ ഒരു സ്ഥാനം അദ്ദേഹത്തിന്‌ വാഗ്‌ദാനംചെയ്യപ്പെട്ടിരുന്നു. എന്നാൽ, അത്‌ നിരാകരിച്ചുകൊണ്ട്‌ ശാന്തിജോലിക്കുതന്നെ അദ്ദേഹം പോയി. അതിന്റെ പിന്നിലൊരു കഥയുണ്ട്‌.

അമ്മയുടെ ആറാമത്തെ കുട്ടിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. മരിച്ചശേഷം ജനിച്ചവരോ ജനിച്ചയുടൻ മരിച്ചവരോ ആയിരുന്നു മുമ്പുണ്ടായ അഞ്ചുകുഞ്ഞുങ്ങളും. ആറാമത്തെ കുട്ടിയെയെങ്കിലും വിട്ടുതരണേ എന്ന്‌ ആ അമ്മ ശ്രീവല്ലഭക്ഷേത്രനടയിൽ ചെന്നുനിന്ന്‌ കണ്ണീരോടെ പ്രാർഥിച്ചുവത്രെ. വെറുതേ പ്രാർഥിക്കുക മാത്രമായിരുന്നില്ല. ഭഗവാന്‌ ഒരു താക്കീതു നൽകുകകൂടിയായിരുന്നു. ‘ഈ ഉണ്ണിയെ കിട്ടിയില്ലെങ്കിൽ ഇവിടത്തെ കാരാൺമ മുടങ്ങും; ഓർത്തോളണം’. ഇതായിരുന്നു ആ താക്കീത്‌. ഇല്ലത്തെ മൂത്തമകന്റെ മകനാണ്‌ കാരാൺമ ഏറ്റെടുക്കേണ്ടത്‌. അങ്ങനെ ഒരാളില്ലെന്നുവന്നാൽ പിന്നെ കാരാൺമ എങ്ങനെ തുടരും. ഏതായാലും ആറാമത്തെ കുഞ്ഞ്‌ ജീവിച്ചു. ആ കുഞ്ഞിനാണ്‌ ഇന്ന്‌, ഇടവത്തിലെ തൃക്കേട്ടനാൾ എൺപതു തികയുന്നത്‌. വളർച്ചയുടെ ഓരോ ഘട്ടത്തിലും കാരാൺമ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യം കുഞ്ഞിനെ അമ്മ ഓർമിപ്പിക്കുമായിരുന്നു. അമ്മയോട്‌ നീതി പാലിക്കാനാണ്‌ സർവകലാശാലയിലെ വലിയസ്ഥാനം ഉപേക്ഷിച്ച്‌ ശാന്തിജോലിക്ക്‌ ഈ പ്രൊഫസർ പോയത്‌.

പ്രൊഫസർ ജോലിവിട്ട്‌ ശാന്തിക്കാരനാവുക എന്നുപറഞ്ഞാൽ താരതമ്യേന അനായാസമായ ഒരു ജോലിയിലേക്ക്‌ നീങ്ങുക എന്നാണെന്ന്‌ പലരും കരുതും. തിരുവല്ലയിലെ മേൽശാന്തിയുടെ ജോലി അങ്ങനെയുള്ളതല്ല. പഞ്ചരാത്രപൂജ എന്നൊന്നുണ്ട്‌. ഏകാഗ്രമായി 11 മണിക്കൂർ ജോലിചെയ്യേണ്ട ഒന്ന്‌. നെഞ്ചോളം പൊക്കമുള്ള മണ്ഡപത്തിലേക്ക്‌ എണ്ണമറ്റ തവണ കയറിയിറങ്ങണം. അഞ്ച്‌ പൂജകൾ. അനവധി പരിക്രമങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ കവിതയേക്കാൾ എത്രയോ ക്ലേശകരം. അങ്ങനെയൊരു ജോലിയാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരി ഏറ്റെടുത്തത്‌. ആ ജോലിയെയും തെളിഞ്ഞ മനസ്സോടെ അദ്ദേഹം മുമ്പോട്ടുകൊണ്ടുപോയി. എന്നാൽ, ആ തെളിമ എല്ലാവരും അംഗീകരിച്ചു എന്ന്‌ പറഞ്ഞുകൂടാ. ഇടയ്ക്കിടെ വിവാദങ്ങളുണ്ടായി. ഡബ്ല്യു.ബി. യേറ്റ്‌സിനെ, കാളിദാസിനൊപ്പം മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള കവി ഒരിക്കൽ അദ്ദേഹത്തിന്റെ നാടുകാണാൻ പോയി. കടൽകടന്നുപോയതിനാൽ പൂജയ്ക്ക്‌ അശുദ്ധിയുണ്ട് എന്നായി ചില ആചാരസംരക്ഷകർ. ക്ഷേത്രത്തിൽ കയറുന്നതിൽനിന്ന്‌ വിഷ്ണുനാരായണൻ നമ്പൂതിരിയെ അവർ തടയുന്നിടത്തോളമെത്തി ഒരു ഘട്ടത്തിൽ കാര്യങ്ങൾ. മറ്റൊരു ഘട്ടത്തിൽ ക്ഷേത്രത്തിൽച്ചെന്ന സുഗതകുമാരിയെ നമസ്കരിച്ചതിന്റെ പേരിലായി ബ്രാഹ്മണനായ മേൽശാന്തിക്ക്‌ അയോഗ്യത! ഇത്‌ ഒരു ഭാഗത്തുനിന്ന്‌. ‘ആദമും ദൈവവും’ എന്ന കവിതയുടെ പേരിൽ മറ്റൊരു വിഭാഗം കവിക്കെതിരേ അതിശക്തമായി തിരിഞ്ഞ ഒരുഘട്ടവും ഉണ്ടായിരുന്നു.
‘കോർത്തകൈ അഴിക്കുക ദേവകൾക്കാകാം
ക്ലേശമാർഗചാരിയാം മർത്ത്യനെന്തുള്ളു തുണവേറെ’ എന്നതാണ്‌ കവിതയുടെ ഉള്ളടക്കം എന്നിരിക്കിലും ആ കവിത നിരോധിക്കണമെന്ന ആക്രോശങ്ങൾ ഉയർന്നു. സ്ഥിതപ്രജ്ഞയോടെ കവി അതിനെയും നേരിട്ടു; ശുദ്ധമായ മനസ്സിന്റെ ബലത്തിൽ. ഈ മനശ്ശുദ്ധി അദ്ദേഹത്തിന്റെ ഒരു കാവ്യസന്ദർഭമെടുത്ത്‌ വിശദീകരിക്കട്ടെ. ‘വരരുചി’ എന്ന കവിതയിൽനിന്നുള്ളതാണിത്‌. വിഷ്ണുനാരായണൻ നമ്പൂതിരി കാലത്ത്‌ നടക്കാനിറങ്ങുന്നു; എതിരേ പണ്ഡിതരത്നമായ സാക്ഷാൽ കെ.പി. നാരായണ പിഷാരടി എത്തുന്നു. വർത്തമാനത്തിനിടെ കവി പറയുന്നു: ‘‘മുപ്പതാണ്ടായി മാഷേ, ഗുരുവേഷമിട്ട്‌ ഞാനാടുന്നു യഥാശക്തി.’’ താൻ പഠിപ്പിച്ചു തുടങ്ങിയിട്ട്‌ ആറുപതിറ്റാണ്ടായി എന്ന്‌ പ്രതികരിക്കുന്ന പിഷാരടിമാഷ്‌ ഒടുക്കം പഠിച്ചവൻ ഒരു ചെറുമനാണെന്നും മിടുമിടുക്കനാണെന്നും കാളിദാസകാവ്യങ്ങൾ മൂന്നും വെടിപ്പായി തെളിഞ്ഞ്‌ അവധാരണംചെയ്യാൻ കഴിയുന്നവനാണെന്നും അഭിമാനപൂർവം കൂട്ടിച്ചേർക്കുന്നു.  ഇടയ്ക്കുകയറി ആ ഘട്ടത്തിൽ കവി ചോദിക്കുന്നു, മാസ്റ്റർ ഫീസ്‌ വാങ്ങാറുണ്ടോ എന്ന്‌. ഈ ചോദ്യത്തിൽ പിഷാരടി മാഷ്‌ അല്പം ചൊടിച്ചു. എന്നിട്ട്‌ മറുപടി പറഞ്ഞു:


‘എന്തുഫീസ്‌? ഇടയ്‌ക്കൊക്കെ
വിളവെത്തിയ നല്ല വെള്ളരിക്ക
അപ്പയ്യൻ പ്രിയമായ്‌ കൊണ്ടെത്തിക്കും;
എന്തൊരു രുചിയെന്നോ? ഈ സംഭാഷണം കവിതയിലേക്കുയരുന്നത്‌ അടുത്ത രണ്ടുവരികൊണ്ടാണ്‌. ‘ആ രുചിയറിഞ്ഞുവോ, യു.ജി.സി. പ്രൊഫസർ ഞാൻ; ദേവകളന്നേരമക്കൺകളിൽ ചിരിച്ചതും? എന്നതാണ്‌ ആ വരികൾ. ആ രുചി തീർത്തും അറിഞ്ഞയാൾതന്നെയാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരി. ആ കൺകളിലേക്ക്‌ നോക്കൂ; ദേവകളുടെ ചിരി കാണാം. ആ ചിരിയുടെ വെൺമയും ശുദ്ധിയുംതന്നെയാണ്‌ ആ ജീവിതത്തിലും നമ്മൾ കാണുന്നത്‌.

പാരമ്പര്യത്തെയും ആധുനികതയെയും തന്റെ നിരുപമമായ സർഗസിദ്ധികൊണ്ട്‌ വിളക്കിച്ചേർത്ത ഈ കവിയിൽ ഒരേസമയം കാളിദാസനും കാൾ മാർക്സുമുണ്ട്‌. ‘ഹേ കാളിദാസ മഹാഭാഗ’ എന്നും ‘ഹേ കാളിദാസ മഹാസത്വ’ എന്നും ‘ഹേ കാളിദാസ മനീഷിൻ’ എന്നുമൊക്കെ സംബോധനചെയ്യുന്ന കവിതാഭാഗങ്ങളാൽ അർച്ചനചെയ്തിട്ടുണ്ട്‌ ആ കാവ്യവൈഖരിക്കുനേർക്ക്‌ എന്നതുകൊണ്ടുമാത്രമല്ല, ഈ കവിയിൽ ഒരു കാളിദാസത്വമുണ്ട്‌ എന്ന്‌ പറയുന്നത്‌. ഋതുസംഹാരം പരിഭാഷപ്പെടുത്തിയെന്നതുകൊണ്ടോ ‘ഉജ്ജയിനിയിലെ രാപ്പകലുകൾ’ എന്ന കവിത എഴുതിയെന്നതുകൊണ്ടോ പോലുമല്ല. പിന്നെയോ? കാളിദാസകാവ്യഭാവനയുടെ ഹിമവൽഗാംഭീര്യം ഈ കാവ്യവ്യക്തിത്വത്തെ മഹനീയമായി ഒരു ഭാവഗരിമയാൽ അനുഗ്രഹിച്ചിട്ടുള്ളതിന്റെ പരാഗരേണുക്കൾ ആ കവിതാലോകത്തെയാകെ ദീപ്തമാക്കി നിർത്തുന്നത്‌ അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്‌. കാളിദാസകാവ്യതീർഥം കൈക്കുമ്പിളിലേക്കൊഴുക്കിയെടുത്ത സർഗസാധനയാണ്‌ അദ്ദേഹത്തിന്റേത്‌.

‘കാളിദാസന്റെ സദ്‌കാവ്യ
പാരായണ കുതൂഹലം
മധുരോദാരമാക്കുന്നീ-
ലേതു വിശ്രമസന്ധ്യയെ’ എന്നെഴുതിയ കവിയാണല്ലോ ഇത്‌.
ഒരുവശത്ത്‌ കാളിദാസനെങ്കിൽ മറുവശത്ത്‌ കാൾമാർക്സ്‌. വൈരുധ്യമെന്നുതോന്നാം; പക്ഷേ, സത്യമാണത്‌. മാർക്സിന്റെ ‘മിച്ചമൂല്യം, എന്ന സർപ്ലസ്‌ വാല്യുവും  ‘ശിഷ്ടയത്നം’ എന്ന സർപ്ലസ്‌ ലേബറും ഒക്കെ കവിതയ്ക്ക്‌ വഴങ്ങുന്നതാണോ? അല്ലെന്നേ ആരും പറയൂ. എന്നാൽ, ‘ശോണമിത്ര’നിൽ വിഷ്ണുനാരായണൻ നമ്പൂതിരി എത്ര ഭാവാത്മകമായാണ്‌, ഇവയൊക്കെ അപഗ്രഥിച്ചിരിക്കുന്നത്‌!
‘ത്യാഗത്താലർഹതപ്പെട്ട-
തല്ലേ മർത്ത്യൻ ഭുജിച്ചിടൂ?
പരന്റെ മുതൽ തിന്നുന്നോൻ
വധ്യൻ ലോകഹിതത്തിനായ്‌’ എന്ന പൂർവഘട്ടത്തിലൂടെയും
‘പക്ഷേ, രാജൻ, അമാത്യന്മാർ
യത്നിച്ചിട്ടെത്ര കാലമായ്‌,
സംഘനായകർ, വിദ്വാന്മാർ
സൈന്യവും നീതിപാലരും’ എന്ന ഉത്തരഘട്ടത്തിലൂടെയും കടന്നുപോവുന്ന ‘ശോണമിത്രൻ’ സത്യത്തിൽ ‘കടന്നുകാണുക’ എന്ന കവിധർമംതന്നെ നിർവഹിക്കുന്നു. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ഉത്‌കൃഷ്ടമായ രാഷ്ട്രീയകവിതകളിലൊന്നാണിത്‌.

ഇതിൽ വിമർശനമുണ്ട്‌. എന്നാലത്‌, വൈലോപ്പിള്ളി മാഷ്‌ പറയുംപോലുള്ള ഒരു ‘സൗവർണ പ്രതിപക്ഷ’ത്തിന്റെ വിമർശനമാണ്‌. അതിന്റെ വെളിച്ചം നന്മയുടെ പാതതന്നെയാണ്‌ തുറന്നുകാട്ടുന്നത്‌. ഒരു വൈദികകാവ്യസംസ്കൃതി മാർക്സിസ്റ്റ്‌ സൈദ്ധാന്തികസംസ്കൃതിയിലേക്കും അതിലൂടെ വരുംകാലത്തിന്റെ സിദ്ധാന്തപരികൽപ്പനകളിലേക്കും സഞ്ചരിക്കുന്നതിന്റെ രീതി സവിശേഷപഠനമർഹിക്കുന്നു.
‘ധർമവ്യസനിത്വ’മാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യമനസ്സിന്റെ യഥാർഥ ഭാവം. ഏതാണ്‌ ധർമം, ഏതാണ്‌ അധർമം! എങ്ങനെ ധർമം ആചരിക്കാം, എങ്ങനെ അധർമത്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാം! ഈ സമസ്യകൾ ഏറ്റവുമധികമായി പ്രകടമാവുന്നത്‌ ഇദ്ദേഹത്തിന്റെ ‘മിത്രാവതി’ എന്ന കവിതയിലാണ്‌. കപടസദാചാര സങ്കല്പങ്ങളുടെ ധീരമായ വിചാരണകൂടിയാവുന്നു ‘മിത്രാവതി’. തേഹരീനൃപന്റെ സേനാധിപനാണ്‌ യജ്ഞസേനൻ. ശത്രുക്കളെ തുരത്തിയിട്ട്‌ തിരിച്ചെത്തിയ യജ്ഞസേനന്‌ പൂർണകുംഭത്തോടെ സ്വീകരണം.  എന്നാൽ, വസന്തപഞ്ചമിക്ക്‌ പത്നി മിത്രാവതിക്കൊപ്പം സരസ്‌തടത്തിലേക്കുപോയ യജ്ഞസേനൻ രാത്രി കൊല്ലപ്പെടുന്നു.  മിത്രാവതി വിചാരണചെയ്യപ്പെടുന്നു.

വിചാരണക്കിടയിൽ, തന്റെ കടക്കണ്ണിലായിരുന്നില്ല, കുലവില്ലിന്റെ ശരാഗ്രത്തിലായിരുന്നു യജ്ഞസേനൻ രതിചാതുരി കണ്ടിരുന്നത്‌ എന്നും എന്നിട്ടും അദ്ദേഹത്തിന്റെ രക്ഷയ്ക്കായി യുദ്ധകാലത്ത്‌ ദേവാലയങ്ങൾതോറും നടന്ന്‌ താൻ പ്രാർഥിച്ചെന്നും ആ യാത്രക്കിടയിൽ ഒരു മുനിപുത്രൻതന്നെ മുകർന്നുവെന്നും ഒക്കെ മിത്രാവതി പറയുമ്പോൾ ‘കഥ അശ്ലീലകശ്‌മലം’ എന്ന്‌ ചീറിനിൽക്കുന്നുണ്ട്‌ അമാത്യൻ. എന്നാൽ, എല്ലാം കേട്ടശേഷം ഗുരു കണ്ടെത്തുന്നത്‌ മനീഷിമാർക്കുപോലും കണ്ടെത്താനാവാത്ത തരത്തിൽ ഗഹനമാണ്‌ ധർമത്തിന്റെ ഗതി എന്നാണ്‌. ഗുരു മിത്രാവതിയെ കുറ്റപ്പെടുത്തുന്നില്ല. ധർമവ്യസനിത്വത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സദാചരസങ്കല്പ വിചാരണയെ, ‘മിത്രാവതി’യെ മലയാള വായനസമൂഹം വേണ്ടവിധത്തിൽ മനസ്സിലാക്കിയില്ല എന്നത്‌ നല്ല കവിതയിൽനിന്ന്‌ അകന്നുപോകുന്ന ഒരു സമൂഹത്തിന്റെ നിർഭാഗ്യം!

കവിതയിൽ ഒരു അവകാശവാദവുമില്ലാതെ നിലകൊണ്ട മഹാനായ കവിയാണിത്‌. ‘വഴികാട്ടിയല്ല, ചെറുതുണമാത്രമെൻ കവിത’ എന്നേ ഇദ്ദേഹം പറഞ്ഞിട്ടുള്ളൂ. എന്നാൽ, അന്ധകാരഗ്രസ്തമായ ജീവിതരഥ്യകളിൽ ഈ കവിയും ഇദ്ദേഹത്തിന്റെ കവിതകളും നമുക്ക്‌ വെളിച്ചമായി. കാളിദാസവിരചിതമായ ഋതുസംഹാരത്തിന്റെയും ഭാസവിരചിതമായ കർണഭാരത്തിന്റെയുമൊക്കെ പരിഭാഷ കവിത ചോർന്നുപോകാത്ത വിവർത്തനത്തിന്റെ മാതൃകയായി. ആ കാവ്യലോകത്ത്‌ മുഴങ്ങിനിൽക്കുന്ന വൃത്തങ്ങളുടെ, ഈണങ്ങളുടെ, താളങ്ങളുടെ വൈവിധ്യസമൃദ്ധി നമ്മുടെ വിലപ്പെട്ട ഈടുവെപ്പായി. എൺപതാം വയസ്സിലെത്തിനിൽക്കുന്ന മഹാനായ ഈ കവിയോടു പറയട്ടെ: ‘ഈ രശ്‌മികളുതിർക്കുന്ന മനസ്സിനെങ്ങ്‌ വാർധകം!’.

 ദേവതാത്മാ
ദേവതാത്മാ മഹാകവി വിഷ്ണുനാരായണനിന്നു
നേരുകയാണെങ്ങളായുരാരോഗ്യസൗഖ്യം
പൂത്തുലഞ്ഞു ശ്രീവല്ലിയിൽ സാരസ്വതമശോകമായ്‌
കാത്തുനിന്നു തീണ്ടാനാഴി തുളസി തെച്ചി

തീയെ ഭൂവിലാനയിച്ച വാനവനായ്‌ അനുഭൂതി-
ച്ചൂടുനൽകി വളർത്തിയങ്ങെത്രയോ പേരെ
കൊണ്ടുപോയി കാളിദാസ ലോകങ്ങളിൽ, രഘുവംശ
സന്നിധിയിൽ, ലക്ഷ്മണന്റെ തീവ്രശോകത്തിൽ,
മഹർഷിയാം വീറ്റ്‌മാൻ നട്ടുവളർത്ത പച്ചപ്പുൽമേട്ടിൽ,
മരിക്കാത്ത ഷേക്‌സ്‌പിയറിൻ മാന്ത്രികത്തോപ്പിൽ

മഹിതമേഥൻസിൽ, പെരുംതൂണിലങ്ങു പെരുമാളെ
നരസിംഹത്തിനെ, കണ്ടു കൂപ്പിനിൽക്കുമ്പോൾ,
അനുഗ്രഹിച്ചയയ്ക്കുവോളഥീനാ കൈക്കുമ്പിൾ നീട്ടി
ശിരസ്സിലിറ്റിച്ച സത്യജ്ഞാന പീയൂഷം
പകർന്നാലുമെങ്ങൾക്കെന്നും, പകരമില്ലാരും നിത്യ
പരിശുദ്ധ വാങ്‌മയത്തിൻ പ്രസാദമേകാൻ