കോഴിക്കോട്: മനുഷ്യര്‍ക്ക് മാത്രമല്ല ഈ ഭൂമിയില്‍ അവകാശമുള്ളതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളുമായി ബേപ്പൂര്‍ വൈലാലിലെ വീട്ടില്‍ അവര്‍ ഒത്തുകൂടി. സ്ഥിരമായി വരുന്നവരും ആദ്യമായി വരുന്നവരും ചേര്‍ന്ന് ഇത്തവണത്തെ അനുസ്മരണവും അവിസ്മരണീയമാക്കി. 

ബഷീറിന്റെ 22-ാം ചരമ വാര്‍ഷികം എന്നതിലുപരി അദ്ദേഹത്തിന്റെ പ്രിയ പത്നി ഫാബി ഇല്ലാത്ത ആദ്യത്തെ അനുസ്മരണം എന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ടായിരുന്നു. സ്ഥിരമായി വരുന്നവര്‍ ഓര്‍മ്മകള്‍ പുതുക്കിയപ്പോള്‍ കന്നിക്കാരായെത്തിയവര്‍ വായിച്ചുമാത്രം അറിഞ്ഞ സാഹിത്യകാരന്റെ ലോകത്ത് നേരിട്ട് എത്തിയതിന്റെ ത്രില്ലായിരുന്നു. പലരും മാംഗോസ്റ്റിന്‍ മരത്തിന്റെ ചുവട്ടിലായിരുന്നു വന്നപാടേ സ്ഥാനം പിടിച്ചത്. 

ചിലര്‍ കൗതുകത്തോടെ വീടും പരിസരവും നോക്കി അദ്ഭുതം കൂറി. ബഷീര്‍ ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ കാണുന്നതിലായിരുന്നു ചിലര്‍ക്ക് താല്‍പ്പര്യം. പാത്തുമ്മയും ആടും ബാല്യകാലസഖിയും സാറാമ്മയും ആ പരിസരത്തെവിടെയെങ്കിലും ഉണ്ടോയെന്ന് വരെ തോന്നിയെന്നായിരുന്നു ആദ്യമായി ഇവിടെയെത്തിയ ചിലരുടെ കമന്റ്. 

സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനാണ് അനുസ്മരണം ഉദ്ഘാടനം ചെയ്തത്. വൈലാലില്‍ ആദ്യമായെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഷീറിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു നല്‍കുകയും അവരോടൊത്ത് അല്‍പ്പസമയം ചെലവഴിക്കുകയും ചെയ്തു. സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, അനീസ് ബഷീര്‍, ബഷീറിന്റെ മറ്റ് കുടുംബാംഗങ്ങള്‍ മുതലായവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അടുത്ത വര്‍ഷവും ഇതുപോലെ ഒത്തുകൂടണം എന്ന ഓര്‍മ്മപ്പെടുത്തലുകളും ഒപ്പം പെരുന്നാള്‍ ആശംസയും പരസ്പരം നേര്‍ന്നാണ് അതിഥികള്‍ പിരിഞ്ഞത്.

 

ഏച്ചോം ഗോപിയുടെ ബേപ്പൂര്‍ സുല്‍ത്താന്‍ 

ബേപ്പൂര്‍ സുല്‍ത്താനെന്നാല്‍ ജീവനാണ് ഏച്ചോം ഗോപിയെന്ന കര്‍ഷകന്. അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും ബഷീര്‍ അനുസ്മരണത്തിന് വയനാട്ടില്‍ നിന്ന് വണ്ടി കയറി ഗോപി ബേപ്പൂര്‍ വയലാലിലെത്തും. ഈ പതിവ് കഴിഞ്ഞ 22 വര്‍ഷമായി അദ്ദേഹം തുടരുന്നു. കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ച് ലോകം ചിന്തിക്കുന്നതിന് മുമ്പ് തന്നെ പറഞ്ഞ വ്യക്തിയാണ് ബഷീറെന്നാണ് ഗോപി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.