ഒറ്റപ്പെടൽ തന്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നതായി യു.എ. ഖാദർ പലയിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനെതിരേ പൊരുതിജയിച്ച ജീവിതമാണ് തന്റേതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കുട്ടിക്കാലത്തെ ഒരോർമ തുടങ്ങുന്നതുതന്നെ ആൾക്കൂട്ടത്തിൽ പെട്ടെന്ന് ഏകാകിയായിത്തീർന്ന ഒരനുഭവത്തെ പരാമർശിച്ചുകൊണ്ടാണ്.

 ഒറ്റപ്പെടലിന്റെ ആദ്യ വേദന
ഉമ്മ നഷ്ടപ്പെട്ട് ഏറെ യാതനകൾ സഹിച്ച്‌ ഉപ്പയോടൊപ്പം നാട്ടിലെത്തിയ സന്ദർഭത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് ആദ്യത്തെ ക്രൂരമായ ഒറ്റപ്പെടൽ ഉണ്ടായത്. തന്റെ സമപ്രായക്കാരായ കുട്ടികളുമൊത്ത് കളിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് ആരോ വിളിച്ചുപറയുന്നു, ഉമ്മമാരെല്ലാം മക്കളെയുമെടുത്ത് പുറപ്പെടാൻ പോകുന്ന ബസിൽ ഉടൻ കയറുക. എല്ലാ ഉമ്മമാരും ഓരോരുത്തരുടെയും മക്കളെയുമെടുത്തു ബസിൽ കയറാൻ ധൃതിവെച്ചുപോയി. അവിടെ ആരും എടുക്കാനില്ലാതെ ഖാദർ എന്ന കുട്ടിമാത്രം ഒറ്റപ്പെട്ടു. കാരണം, ആ കുട്ടിയെ അന്വേഷിക്കാൻ ഉമ്മ എന്ന സ്ത്രീ ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള ഏകാന്തത ഖാദറിന്റെ ജീവിതത്തിൽ ഉടനീളമുണ്ടായിരുന്നു.

മലയാളിത്തം നന്നേ കുറവായ കുട്ടിയെന്ന നിലയിൽ സ്കൂളിലെ ക്ലാസ്‌മുറികളിൽ ഖാദർ ഒറ്റപ്പെട്ടു. ജീവിച്ചുവരുന്ന മണ്ണ് ജന്മനാടല്ല എന്ന അറിവും ഖാദറിനെ എന്നും അലോസരപ്പെടുത്തി. അത്തരം വൈരുധ്യാത്മകസംഘർഷം നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നതിനിടയാണ് യു.എ. ഖാദർ എന്ന എഴുത്തുകാരൻ രൂപപ്പെട്ടത്. എഴുത്തിന്റെ തുടക്കത്തിൽ വ്യത്യസ്തമായ ധാരാളം രചനകൾ പുറത്തുവിട്ടിട്ടും യു.എ. ഖാദർ എന്ന എഴുത്തുകാരനെ ശ്രദ്ധിക്കാൻ മലയാളം തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വടക്കേ മലബാറിലെ മുസ്‌ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി അടയാളപ്പെടുത്തിയ ‘ചങ്ങലയോ’ മുസ്‌ലിം കുടുംബങ്ങൾ പരാമർശിക്കപ്പെടുന്ന ‘ഒരു മാപ്പിളപ്പെണ്ണിന്റെ കഥ’, ‘ഇണയുടെ വേദാന്തം’ എന്നിവയോ ഒരിടത്തും ആ രീതിയിൽ പരാമർശിക്കപ്പെട്ടില്ല.

 തട്ടകത്തിന്റെ ചൂരും ചൂടും
ജീവിതത്തിന്റെ പലമേഖലകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈർച്ചമില്ലിലും പത്രത്തിലും ജീവനക്കാരനായി. അതുകഴിഞ്ഞ് ആശുപത്രിയിൽ. ഏറ്റവുമൊടുവിൽ റേഡിയോ നിലയത്തിൽ. പലമേഖലകളിൽ പ്രവർത്തിച്ചതിന്റെ അനുഭവം നിരന്തരമായ എഴുത്തിൽ സ്വരൂപിച്ചുകൊണ്ടാണ് യു.എ. ഖാദർ തന്റേതായ തട്ടകം കണ്ടെത്തിയത്. അത് അന്നുവരെ താൻ അനുഭവിച്ച അവഗണനയ്ക്കും അവഹേളനത്തിനുമുള്ള ശക്തമായ മറുപടിയായിരുന്നു. ആദ്യകാലത്ത് നഗരത്തിലെ പൊതുവേദികളിലോ, സാംസ്കാരികസദസ്സുകളിലോ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. സ്വതസിദ്ധമായ തന്റെ പോരായ്മകളെക്കുറിച്ചുള്ള ചിന്തയും സർഗാത്മകരംഗത്തെ വരേണ്യവർഗത്തിന്റെ ബോധപൂർവവുമായ അകറ്റിനിർത്തലുമായിരുന്നു ഇതിന് കാരണം. പലരംഗത്തും താൻ തഴയപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, ഇതിലൊന്നിലും ഉത്കണ്ഠപ്പെടാതെ ഏറ്റവും ശക്തമായ പ്രതിരോധമൊരുക്കുന്നതിലുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതാണ് നാം ‘തൃക്കോട്ടൂർ കഥകളിൽ’ കണ്ടത്.

ഖാദറിന്റെ രചനകളെ സമൂലം പൊളിച്ചുപണിയുന്ന ഒരു സർഗാത്മകനിർമിതിയായിരുന്നു തൃക്കോട്ടൂർ കഥകൾ. മലയാളത്തിലെ ആദ്യകാല രചനകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ‘നാട്ടുകാരായ ഞങ്ങൾ’ എന്നത് ഖാദറിന്റെ രചനകളിലെത്തുമ്പോൾ ‘തൃക്കോട്ടൂരുകാരായ ഞങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് ഒരു ദേശത്തിന്റെ ആഖ്യാനരൂപത്തിലെത്തുന്നു. ഇതിന്റെ തുടർച്ചയായിത്തന്നെയാണ് എഴുത്തുകാരൻ തന്നെ രചനയിൽ പ്രത്യക്ഷപ്പെടുന്നതും. ‘അതുകൊണ്ട് തൃക്കോട്ടൂരിന്റെ ചരിത്രമെഴുതുന്ന ഇവൻ പഴയ കഥകളുടെ ഉറവയന്വേഷിക്കുന്നു. ചെറുപ്പക്കാർക്ക് പറയാം പഴങ്കഥയെഴുത്തും യു.എ. ഖാദർക്ക് പ്രാന്താണ് നട്ടപ്രാന്ത്’. ‘ഒന്നു നൂറാക്കിപ്പെരുപ്പിക്കും നാവാണല്ലോ തൃക്കോട്ടൂരിലെ ആണിനും പെണ്ണിനും. ഈ യു.എ. ഖാദറിനും നാവിന് നൂറുമുഴം തന്നെ...’ ഈ രീതിയിൽ തൃക്കോട്ടൂർ കഥകളിൽ സ്വയം കഥാപാത്രമായി മാറിക്കൊണ്ടാണ് യു.എ. ഖാദർ മലയാള സർഗാത്മകതയിലെ പുത്തൻ അനുഭവമായി മാറിയത്.

 നവീനമായ ആഖ്യാന സവിശേഷത
ഭാഷയുടെ നാടോടിപാരമ്പര്യത്തെയും സമൂഹത്തിന്റെ പ്രാക്തനബോധത്തെയും സമന്വയിപ്പിച്ച നവീനമായ ഒരാഖ്യാന സവിശേഷതയായിരുന്നു ഖാദറിന്റേത്. തൃക്കോട്ടൂർ കഥകളിലൂടെ ഭ്രമാത്മകതയുടെ സൗന്ദര്യവും വായനക്കാർ അറിയുകയായിരുന്നു. സത്യത്തെയും മിത്തിനെയും സമന്വയിപ്പിച്ചുള്ള ആഖ്യാനരീതിയിലൂടെ മലയാളിയുടെ ഭ്രമാത്മകലോകം വികസ്വരമായത് ഖാദർ രചനകളിലാണ്. ‘മാണിക്യം വിഴുങ്ങിയ കണാരൻ’, ‘പന്തലായനിയിലേക്കൊരുയാത്ര’ തുടങ്ങിയ രചനകളിൽ ഒരുപക്ഷേ, മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും പ്രകടിപ്പിക്കാത്ത വിശേഷമായ ഒരു രചനാരീതിയെ ഖാദർ പരിചയപ്പെടുത്തുകയായിരുന്നു. തൃക്കോട്ടൂർ കഥകളുടെ സമാന്തരമായ ‘തൃക്കോട്ടൂർ പെരുമ’ പ്രകാശിപ്പിച്ചുകൊണ്ട് ടി. പത്നനാഭൻ യു.എ. ഖാദറിനെ മാജിക്കൽ റിയലിസത്തെ ഏറ്റവും സ്വാർഥകമായി പരിചയപ്പെടുത്തിയ മാർക്കേസുമായി താരതമ്യപ്പെടുത്തുകയുണ്ടായി. ഇതിലൊട്ടും അദ്‌ഭുതപ്പെടേണ്ടതില്ല. ഒരുപക്ഷേ, മാർക്കേസിനെക്കാൾ വിശാലമായ തലത്തിൽ മാജിക്കൽ റിയലിസത്തെ യു.എ. ഖാദർ തന്റെ രചനകളിൽ ആവിഷ്കരിച്ചിട്ടുണ്ട്.

വടക്കൻപാട്ടിന്റെ പാരമ്പര്യവും സാമൂഹികാചാരവുമായി ബന്ധപ്പെട്ട പ്രാദേശിക മിത്തുകളും ഏറ്റവും കൂടുതൽ രചനകളിൽ പ്രയോഗിച്ചതും യു.എ. ഖാദറായിരിക്കും. വാക്കുകളുടെ അന്വയത്തിലൂടെ അതിനെ താളാത്മകതലത്തിലേക്ക് ഉയർത്തുന്നതിന് ഖാദർ അപാരമായ മിഴിവ് പ്രകടിപ്പിച്ചു. ഒരുപക്ഷേ, മതപരമായ തന്റെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായ ഒരു സൗന്ദര്യസങ്കല്പത്തെ പൊലിപ്പിച്ചെടുക്കാനും അത് സർഗാത്മക ശക്തിയാക്കാനും ഖാദർ തന്റേതായ ഒരു വഴി കണ്ടെത്തുകയായിരുന്നു. തറവാട്ടുവീട്ടിലെ ഒറ്റമുറിച്ചായ്പിൽ കിടന്നുകൊണ്ട് അപ്പുറത്തെ ഉത്സവങ്ങൾ നോക്കിക്കിടക്കവേ, തന്നിലെ ചിത്രകാരൻ നിറക്കൂട്ടുകളുടെ ലോകത്തേക്ക് തന്നെ എത്തിക്കുകയായിരുന്നെന്നും പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട് യു.എ. ഖാദർ. നിറങ്ങളെക്കുറിച്ചും അതിന്റെ ചേരുവകളെക്കുറിച്ചും നന്നായി അറിയാവുന്ന ഒരു ചിത്രകാരൻകൂടിയായിരുന്ന അദ്ദേഹം വരച്ച ചിത്രങ്ങളും അത് സാക്ഷ്യപ്പെടുത്തുന്നു. തന്നിലെ ചിത്രകാരനും തന്നിലെ എഴുത്തുകാരനും ചേർന്നു രൂപപ്പെടുത്തിയ ഒരു ഭ്രമാത്മകലോകത്തിന്റെ അധിപനായി യു.എ. ഖാദർ വളരുകയായിരുന്നു.

അഘോരശിവം എന്ന നോവലിൽ, ‘അഘോരശിവക്ഷേത്ര’ത്തിൽ എഴുതിവെച്ച മഹാകവി കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ കവിതാവരികൾ ഉദ്ധരിച്ചത് നന്നേ ക്ലേശം സഹിച്ചിട്ടായിരുന്നു. ഈ വരികൾ എങ്ങനെ കണ്ടെത്തിയെന്ന് ചോദിച്ചാൽ ഖാദർ പറയുന്ന മറുപടി ഇങ്ങനെയായിരിക്കും. ‘കോമര’ത്തിന്റെ വെളിപ്പാടുകൾ എങ്ങനെ വന്നു അതുപോലെ. യു.എ. ഖാദറിന് എഴുത്ത് ഒരു തരത്തിൽ കോമരത്തിന്റെ ഉറഞ്ഞുതുള്ളലായിരുന്നു. ഉത്സവം വരുമ്പോൾ കോമരത്തിന് ഉറഞ്ഞുതുള്ളാതിരിക്കാനാവാത്ത പോലെ, എഴുത്തുവരുമ്പോൾ യു.എ. ഖാദറിനും എഴുതാതിരിക്കാനാവില്ല. അപ്പോൾ വെളിപാടുപോലെ പലതും നാവിൽ വരുന്നു.