പഴയ മ്യാൻമാറിൽ പോയ മലയാളി, നമുക്ക് വലിയ പച്ച അരപ്പട്ടയും കള്ളിമുണ്ടും സ്വർണപ്പല്ലുമാണ്. ഉസ്സുങ്ങാന്റകത്ത് മൊയ്തീൻകുട്ടി ഹാജിയുടെ ചിത്രം ഞാൻ കണ്ടത് ഇങ്ങനെയൊന്നുമായിരുന്നില്ല. കോട്ടും ഷൂസും തുർക്കിത്തൊപ്പിയുമായി സുന്ദരനായൊരാൾ. മൊയ്തീൻകുട്ടി ഹാജിയുടെ ഇടതുവശത്ത് ഒരു കൊച്ചുപയ്യൻ. മകൻ. അവന്റെ ഉമ്മ ബർമക്കാരി മാമൈദി. ഏഴുവയസ്സുവരെ അവൻ ഓടിനടന്നത് റങ്കൂണിലെ ഐരാവതി തീരത്തുള്ള ബില്ലിൻ ഗ്രാമത്തിലൂടെ. പഗ്രാഡ എന്നറിയപ്പെടുന്ന ഉത്സവപ്പറമ്പുകളിലെ ഉത്സവാഘോഷങ്ങളാണ് അവന്റെ ശൈശവകാല ഓർമ. രണ്ടാം ലോകയുദ്ധത്തിൽ അഭയാർഥിയായി പലായനം ചെയ്യുന്നു മൊയ്തീൻകുട്ടി ഹാജി.

 കൊയിലാണ്ടിയിൽ എത്തിപ്പെട്ട കുട്ടി
യാത്രയിൽ കുട്ടി ഒരു ബാധ്യതയായതിനാൽ അഭയാർഥി ക്യാമ്പിൽ കുട്ടിയെ ഉപേക്ഷിക്കൂ എന്ന് ബന്ധുക്കൾ. പിന്നീട് ആ കുട്ടി കൊയിലാണ്ടിയിലെത്തുന്നു. ഉസ്സുങ്ങാന്റകത്ത് അബ്ദുൽ ഖാദറിനെ പിന്നെ കേരളമറിഞ്ഞു. യു.എ. ഖാദർ. തൃക്കോട്ടൂരിന്റെ കഥകളെഴുതി മലയാളികളുടെ ഹൃദയത്തിൽ കൂട്ടുകൂടിയ വലിയ എഴുത്തുകാരനായി. മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും ഏഴു വയസ്സിനുശേഷം മലയാളം പഠിച്ച്, മലയാള ഭാഷയുടെ തിരുമുറ്റത്ത് ഒരു സിംഹാസനം സ്വന്തമായി വലിച്ചിട്ട് ഖാദർ ഇരുന്നു. 'തൃക്കോട്ടൂർ കഥകൾ' എഴുതി 'ചങ്ങല' പോലുള്ള വലിയ നോവലുകളെഴുതി, മനസ്സിന്റെ മയിലാട്ടങ്ങൾ ചിത്രരൂപത്തിലാക്കി ചിരിക്കുന്നു.

 ദേശത്തിൽ വേരുകളാഴ്‌ത്തിയ കഥകൾ
ഒരുപാട് പ്രത്യേകതകളുള്ള എഴുത്തുകാരനാണ് യു.എ. ഖാദർ. ഖാദർക്കയുടെ രചനകളെക്കുറിച്ച് അദ്ദേഹവുമായി ഒരുപാട് സംസാരിച്ചിട്ടുണ്ട്. മുമ്പൊരിക്കൽ ഒരു ചാനലിനുവേണ്ടി ഖാദർക്കയുടെ കൂടെ ഖാദർ കഥകളുടെ പശ്ചാത്തലം തേടി സഞ്ചരിച്ച ഓർമ. അമ്പലങ്ങൾ, മഖാമുകൾ, പള്ളികൾ, ഖാദർക്കയുടെ തറവാട്, ചാലിയത്തെരുവ്, സർപ്പക്കാവ്... ദേശത്തിൽ ഇത്രയേറെ വേരുകളാഴ്ത്തിയ മറ്റ്‌ എഴുത്തുകാരില്ല. ''പള്ളികൾ, അവിടത്തെ നേർച്ചകൾ, ത്വരീഖത്ത് ഒക്കെ എനിക്ക് പരിചയമുണ്ട്. തൃക്കോട്ടൂർ കഥകളായതുകൊണ്ട് അമ്പലങ്ങളെക്കുറിച്ചും എനിക്കറിയാം. എല്ലാ മൗലൂദുകളും മനഃപാഠമായിട്ടുള്ള ഒരെഴുത്തുകാരൻ ഞാനാണ്. അതുപോലെ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും എനിക്ക് പരിചിതമാണ്. തൃക്കോട്ടൂർ കഥകളെഴുതുമ്പോൾ അതുപയോഗിച്ചിരുന്നു. ബാല്യം നഷ്ടപ്പെട്ടതിനാൽ അത് തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമായിരുന്നു ഞാൻ നടത്തിയത് ''  -ഖാദർ പറഞ്ഞു.
ആധുനികത കേരളത്തിൽ അരങ്ങുതകർത്തപ്പോൾ നമ്മുടെ ജീവിതവുമായി ബന്ധമില്ലാത്ത, കടംവാങ്ങിയ ദർശനത്തിന്റെ തൂവലിൽ മിനുങ്ങി നടന്ന കുറെ എഴുത്തുകാരാണ് ഇവിടെ ആടിത്തിമിർത്തത്. അക്കൂട്ടത്തിൽ യു.എ. ഖാദർ ഉണ്ടായിരുന്നില്ല ചെരിപ്പിനനുസരിച്ച് കാലുമുറിക്കാൻ ഈ കഥാകൃത്ത് കൂട്ടാക്കിയില്ല. അന്നും രചനകളുടെ കാര്യത്തിൽ ഖാദറിന് ചില ഉറച്ച നിലപാടുകളുണ്ട്. ഖാദർ പറഞ്ഞു: ''ഞാനെന്റെ മുരിങ്ങാച്ചോട്ടിലെ ഇലപ്പഴുതുകളിലൂടെയാണ് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയതും എണ്ണിയതും.''

ഖാദർ കഥകളിലെ ഭാഷ ഗവേഷണത്തിന് വിഷയമാക്കാവുന്നതാണ്. ഞാനുമായി നടത്തിയ ഒരഭിമുഖത്തിൽ ഖാദർക്ക പറയുന്നണ്ട്: '''ആളുകളുമായിട്ടുള്ള നിത്യസമ്പർക്കം, എറെ നാടുമായുള്ള ആഴത്തിലുള്ള ബന്ധം. ഇതിൽനിന്നാണ് നാട്ടുഭാഷ ലഭിച്ചത്. 'മുഖം മുറിഞ്ഞു പറയുക' തുടങ്ങിയ പ്രയോഗങ്ങൾ അങ്ങനെ നാട്ടുഭാഷയിൽനിന്ന് ലഭിച്ചതാണ്. മറ്റു ഭാഷാപദങ്ങൾ ഉപയോഗിക്കാതെ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നാട്ടുഭാഷയെ ഉപയോഗിക്കണം. വടക്കൻ രീതിയിലുള്ള എഴുത്താണ് എന്റേത്.

 സി.എച്ചും ബഷീറും
തനിയെ തന്റെ കാലടിവെച്ച് ആരെയും കൂസാതെ യാത്രചെയ്താണ് ഖാദർ സാഹിത്യത്തിൽ ഇവിടെവരെയെത്തിയത്. ഈ എഴുത്തുകാരനെ കണ്ടെത്തിയതും തുണച്ചതും സി.എച്ച്. മുഹമ്മദ്‌കോയ എന്ന പത്രാധിപരായിരുന്നു. ''എന്റെ സാഹിത്യജീവിതത്തിൽ വലിയ കടപ്പാട് സി.എച്ചിനോടാണ്. അയൽപക്കത്തെ അനാഥക്കുട്ടിയുടെ ദുഃഖം ശമിപ്പിക്കാൻ 'ബാല്യകാല സഖി' ആദ്യം വായിക്കാൻ തന്നത് സി.എച്ചാണ്. ആദ്യത്തെ കഥ അച്ചടിച്ചുവന്നതും സി.എച്ചിന്റെ കൈകളിലൂടെയാണ്.'' -ഖാദർ പറയുന്നു. ആദ്യകഥ എഴുതിയത് കൊയിലാണ്ടി യു.എ. ഖാദർ എന്ന പേരിലായിരുന്നു. 1952 ഡിസംബർ 20-നാണ് 'കണ്ണുനീർകലർന്ന പുഞ്ചിരി' എന്ന ആ കഥ അച്ചടിച്ചുവന്നത്. എഴുത്തുകാരിൽ എം. ഗോവിന്ദനും ബഷീറും ടി. പത്മനാഭനും മാത്രമാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്.

ബഷീറിനെ കാണാൻ സ്‌കൂളിൽ പഠിക്കുന്നകാലത്ത് എറണാകുളംവരെ ഒളിച്ചോടിയകഥ ഖാദർ എഴുതിയിട്ടുണ്ട്. പിൽക്കാലത്ത് വൈക്കം മുഹമ്മദ് ബഷീർ 'മാമൈദിയുടെ മകൻ' എന്ന പേരിൽ ഖാദറിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. പുതിയ തലമുറയുടെ വാക്കിലും അവരുടെ ചെയ്തികളിലുമൊക്കെ മണ്ണുമായി എത്രബന്ധമുണ്ടെന്ന് ഞാൻ പരിശോധിക്കാറുണ്ട് എന്ന് ഖാദർ. 'അഘോരശിവം' എന്ന നോവലിനെക്കുറിച്ച് ഖാദർ പറയുന്നു:''പന്തലായനിയാണ് അതിന്റെ ജീവിതം. പന്തലായനിയിലെ അഞ്ച് കഥാപാത്രങ്ങൾ. അതിലൂടെ ഏറ്റവും പുതിയ തലമുറയ്ക്ക് എന്താണ് പന്തലായനി എന്ന് ഞാൻ കാണിച്ചുകൊടുക്കുന്നു.'' ഖാദറിലെ ചരിത്രകാരൻ ചിത്രകാരനുമാണെന്ന് ഇി.വി. രാമകൃഷ്ണൻ അഘോരശിവത്തിനെഴുതിയ അവതാരികയിൽ പറയുന്നുണ്ട്. 'ചിത്രങ്ങളിലൂടെ മാത്രം ചരിത്രം കാണുമ്പോൾ ഓർമകൾ കഥകളായും അതിലൂടെ അവ മറ്റുള്ളവരുടെ ഓർമകളിലും അങ്ങനെ ഓർമകളുടെ വലിയൊരു വലയായും പരിണമിക്കുന്നു. ആ വലയിൽ ഒരു തട്ടു കത്തിന്റെ ഉപസംസ്‌കാരമത്രയും കുടുങ്ങുന്നു. തദ്ദേശവാസികളുടെ ഓർമകൾക്ക് ഇത്തരമൊരു ശില്പമാതൃക കണ്ടെത്തിയ ഖാദർ മതാതീത ജനകീയതയുടെ വാങ്മയങ്ങളിലൂടെ ഒരിടം അടയാളപ്പെടുത്തുന്നു. എല്ലാവർക്കും പ്രവേശനമുള്ള ഒരിടം.

 'പെണ്ണുങ്ങളുടെ' കഥാകാരൻ
സൗന്ദര്യംകൊണ്ടും തന്റേടംകൊണ്ടും ആണുങ്ങളെ അടിയറവ് പറയിക്കുന്ന പെണ്ണുങ്ങൾ ഖാദറിന്റെ ഇഷ്ടകഥാപാത്രങ്ങളാണ്. മാധവി, കെട്ടിയവൻ തട്ടാൻ ചന്തുക്കുട്ടിയോട് പറയുന്നു: ''ഉള്ളത് നക്കി ചെലക്കാണ്ട് കെടന്നോളീൻ. കുപ്പമാന്തിക്കണ്ട, എനിക്കിഷ്ടംപോലെ കുറി നടത്ത്വെ, കണക്ക് എഴുതിക്വേചെയ്യും. ചോദിക്കാനും പറയാനും നിങ്ങളാരാ? തച്ചോളി മേപ്പയിൽ ഒതേനക്കുറുപ്പോ?'' (തട്ടാൻ ഇട്ട്യേമ്പി) ആരാന്റെ കുറ്റങ്ങളെക്കുറിച്ചും ആരായുന്ന ഉമ്മപ്പെണ്ണുങ്ങളും റാക്കുഷാപ്പും റങ്കൂണിൽനിന്ന് തിരിച്ചുവന്ന മാപ്പിളമാരും ഖാദർ കഥകളിൽ നിറഞ്ഞു നിൽക്കുന്നു.

 പിതൃഭാഷയുടെ പ്രണയി
വടക്കൻപാട്ടുകളും നാടൻശൈലികളും ഈ എഴുത്തുകാരനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആ കഥകളിൽ മണ്ണിന്റെ ഗന്ധമുണ്ട്. ചരിത്രകാരന്മാർ ഗ്രാമചരിതം പറയുമ്പോലെ ചൊടിയും ചുണയുമുള്ള ഭാഷയിൽ ഖാദർ കഥ പറയുന്നു. മാതൃഭാഷയല്ല, പിതൃഭാഷയാണ് ഖാദറിന് മലയാളം. എന്നിട്ടും പലരെയും പിന്നിലാക്കി അക്ഷരങ്ങൾ കൊണ്ട് കരവിരുതുണ്ടാക്കുന്ന വിദ്യ അദ്ദേഹം സ്വന്തമാക്കി. 'അക്ഷര'ത്തിലിരുന്ന് മലയാളികളെ മോഹിപ്പിക്കുന്ന ഒട്ടേറെ കൃതികളെഴുതി. ഈ വലിയ എഴുത്തുകാരന്റെ പ്രാർഥന എന്നും ഇങ്ങനെയായിരുന്നു. ''എപ്പോഴും എപ്പോഴും ഉറയുവാനും തട്ടകം കിടുങ്ങേ കാര്യം വിളിച്ചോതുവാനും കഥ എന്നിൽ ആവേശിച്ചു കയറേണമേ? അതിനുള്ള കഥാന്തരീക്ഷത്തിന്റെ കേളികൊട്ടുകൾ എന്റെ ചുറ്റും മുഴങ്ങേണമേ?'' പ്രസവിച്ച്‌ മൂന്നാംനാൾ ബർമക്കാരി ഉമ്മ മരിച്ചകുട്ടി. കൂട്ടുകാരില്ലാതെ ഒറ്റപ്പെട്ട ഒരുകുട്ടിക്കാലം മലയാളിയല്ലാത്ത മാമൈദി എന്ന അമ്മയുടെ ഓർമ ഖാദറിലെപ്പോഴും വേദനയായി നിറഞ്ഞുനിന്നിരുന്നു. മാതൃഭൂമി പുരസ്‌കാരം സ്വികരിച്ചുകൊണ്ട് നടത്തിയ വികാരനിർഭരമായ മറുപടിയിൽ ഈ 'അമ്മസങ്കല്പം' ഉണ്ടായിരുന്നു. തന്നെ മാറോടണയ്ക്കാത്ത, കൺനിറയെ കണ്ടിട്ടില്ലാത്ത ബർമക്കാരിയായ അമ്മ നൽകിയതാണ് ഈ പുരസ്‌കാരം' അന്നദ്ദേഹം പറഞ്ഞു.