Imageഹാസ്യകാരന്‍ സഞ്ജയനാണ് പി. കുഞ്ഞനന്തന്‍ നായര്‍ക്ക് 'തിക്കോടിയന്‍' എന്നു പേരിട്ടത്. എനിക്ക് ഇടയ്ക്കുതോന്നും, നല്ലപേര് 'കോഴിക്കോടന്‍' ആയിരുന്നില്ലേ എന്ന്. തമാശതന്നെ, ആ പേരില്‍ സിനിമാനിരൂപണം എഴുതി കേളികേട്ട അപ്പുക്കുട്ടന്‍ നായര്‍ പാലക്കാട്ടുകാരനാണ്!

സൗഹൃദം, സത്കാരം, സഹായമനഃസ്ഥിതി മുതലായി കോഴിക്കോട്ട് സമൃദ്ധമായി കണ്ടുപോരുന്ന സദ്ഗുണങ്ങളില്‍ പലതിന്റെയും സാക്ഷാത്കാരമായിരുന്നു തിക്കോടിയന്‍. ഏതു സന്ദര്‍ഭത്തിലും ഒളിമങ്ങാതെ കത്തിനിന്ന ആ ചിരി ഇപ്പറഞ്ഞ മനോഭാവത്തിന്റെ പ്രകാശം മാത്രമായിരുന്നു.

ആ തുറന്ന വര്‍ത്തമാനവും പ്രസാദം നിറഞ്ഞ ഭാവവും എല്ലാ അവയവംകൊണ്ടും ചിരിക്കുന്ന ശരീരഭാഷയും ശ്രദ്ധിച്ചാല്‍ അവ ദുരിതങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും കടന്നുപോന്ന ഒരാളുടേതാണെന്ന് നമുക്കു തോന്നുകയില്ല; എന്തിലും  ലാഘവംമാത്രം കാണുന്ന ആ രീതികണ്ടാല്‍ അത്  സ്വാതന്ത്ര്യസമരത്തിലും പൗരാവകാശപ്രക്ഷോഭങ്ങളിലും ആണ്ടുമുങ്ങി അധ്യാപകജോലി നഷ്ടപ്പെടുത്തിയ പൊതുപ്രവര്‍ത്തകന്റേതാണെന്ന് നമുക്ക് വിശ്വാസം വരികയില്ല; സ്വഭാവത്തിലെ ആ എളിമ കണ്ടാല്‍ അദ്ദേഹം കോഴിക്കോട് ആകാശവാണിയിലെ ഉന്നതനായ ഒരു 'പ്രൊഡ്യൂസര്‍' ആണെന്ന് നമുക്ക് ആലോചന ചെല്ലുകയില്ല; പ്രായവ്യത്യാസമറിയാത്ത ആ പെരുമാറ്റം രുചിക്കുമ്പോള്‍ പ്രശസ്തമായ നാടകങ്ങളും നോവലുകളും തിരക്കഥകളുമെഴുതിയ വലിയൊരു എഴുത്തുകാരനാണ് ഒപ്പമുള്ളതെന്ന് നമുക്ക് ഓര്‍മയാവുകയില്ല; അവനവനെയും അന്യനെയും നിരന്തരം പരിഹസിക്കുന്ന ആ വാത്സല്യം നുണയുമ്പോള്‍ എണ്ണംപറഞ്ഞ പുരസ്‌കാരങ്ങളില്‍ പലതും തേടിച്ചെന്ന മികച്ച കലാകാരന്റെ സന്നിധിയിലാണെന്ന് നമുക്ക് ബോധമുണരുകയില്ല -നമ്മളാരും അവിടെ താഴെയല്ല, മേലെയുമല്ല, ഒപ്പമാണ്. അദ്ദേഹം താഴ്ന്നുതരികയല്ല, നമ്മളെ ഉയര്‍ത്തിവെക്കുകയാണ്. തിക്കോടിയന്‍ ഒരു വ്യക്തിയല്ല, ഒരന്തരീക്ഷമാണ് -എന്തിനെയും നര്‍മംകൊണ്ട് നേര്‍പ്പിച്ചുകളയുന്ന സ്‌നേഹമണ്ഡലം.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അമ്പരപ്പുതോന്നുന്നു:  എന്തൊരു കാലമായിരുന്നു അത്! ഞങ്ങളൊക്കെ കോളേജില്‍ പഠിച്ചിരുന്ന 1970-കളിലെ കോഴിക്കോടിനെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. ആകാശവാണിയില്‍ ഉറൂബ്, അക്കിത്തം, എന്‍.എന്‍. കക്കാട്, തിക്കോടിയന്‍, കെ.എ. കൊടുങ്ങല്ലൂര് എന്നിവര്‍ അടുത്തടുത്ത കസാലകളിലിരുന്ന് ജോലിചെയ്യുന്നു. അത്ര അകലെയല്ലാതെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.വി. കൃഷ്ണവാരിയരും എം.ടി. വാസുദേവന്‍ നായരും ജി.എന്‍. പിള്ളയും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആര്‍. രാമചന്ദ്രന്‍ മാസ്റ്റര്‍. രാമകൃഷ്ണാശ്രമത്തില്‍ കുഞ്ഞുണ്ണിമാസ്റ്റര്‍, ബേപ്പൂരില്‍ വൈലാലിലെ മരച്ചുവട്ടില്‍ ചാരുകസാലയില്‍ മലര്‍ന്ന് ഗസലുകള്‍ക്കു കാതോര്‍ത്തുകിടക്കുന്ന ബഷീര്‍. യാത്രകള്‍ക്കിടയില്‍ കക്ഷത്തിലെ ചുവന്ന ബാഗില്‍ രസികന്‍ കഥകളുമായി എന്‍.ബി.എസ്സില്‍ ആവിര്‍ഭവിക്കുന്ന എസ്.കെ. പൊറ്റെക്കാട്ട്. തേഞ്ഞിപ്പലത്തുനിന്ന് ടൗണ്‍ഹാളിലെ ദീര്‍ഘപ്രഭാഷണങ്ങള്‍ക്കായി വന്നെത്തുന്ന സുകുമാര്‍ അഴീക്കോട്. നാടകാവതരണത്തിന്റെ ബഹളങ്ങളുടെ പുകച്ചുരുളുകളില്‍ മുങ്ങി കെ.ടി. മുഹമ്മദ്. ആധുനികത പിറന്ന് പടയ്ക്കുപുറപ്പെടുന്ന കാലം. മാതൃഭൂമിയിലിരുന്ന് നമ്പൂതിരി 'സ്മാരകശില'കളിലെ തങ്ങളെയും എ.എസ്. 'ഖസാക്കി'ലെ മൈമൂനയെയും വരയ്ക്കുന്ന ചരിത്രസന്ദര്‍ഭം. സമസ്തകേരള സാഹിത്യപരിഷത്തിന്റെ വന്‍ വാര്‍ഷികസമ്മേളനം നഗരത്തെ പുളകംകൊള്ളിക്കുമ്പോള്‍, എം.എന്‍. വിജയനെപ്പോലുള്ളവരുടെ ചിന്താമധുരമായ ക്‌ളാസ്സുകളാല്‍ കേരള സാഹിത്യസമിതിയുടെ വിനീതമായ സദസ്സുകള്‍ ഉന്മേഷമാര്‍ജിക്കുമ്പോള്‍, ഇടയ്ക്കും തലയ്ക്കും നഗരത്തില്‍വരുന്ന എം. ഗോവിന്ദനുമുമ്പിലെ 'ചങ്ങാതം' സംഭാഷണങ്ങളിലൂടെ സമൂഹത്തെ വിമര്‍ശിച്ചുകൊണ്ടേയിരുന്നപ്പോള്‍, ആര്‍. രാമചന്ദ്രനുചുറ്റും 'കോലായ'യില്‍ എന്‍.പി. മുഹമ്മദും എം.ജി.എസ്. നാരായണനും സാഹിത്യത്തെയും ചരിത്രത്തെയും തലനാരിഴകീറി പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍, നാടകവും സിനിമയും പുതുവഴികള്‍തേടി നിരാകരണങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും വഴിമാറുന്നതിന്റെ ലഹളപിടിച്ച ചര്‍ച്ചകളാല്‍ ചെലവൂര്‍ വേണുവിന്റെ ആപ്പീസ്മുറിയില്‍ ചിന്ത രവിയും കൂട്ടാളികളും രാവു വെളുപ്പിച്ചുകൊണ്ടിരുന്നപ്പോള്‍... അവയിലെവിടെയും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സാന്നിധ്യമായിത്തീരുമാറ് കോഴിക്കോടിന്റെ കലാസമൃദ്ധമായ ഒരു കാലത്തിന്റെ പ്രതിപുരുഷനായിരുന്നു തിക്കോടിയന്‍. എല്ലാ വര്‍ത്തമാനങ്ങള്‍ക്കും മൂപ്പരുണ്ടായിരുന്നു. ഒന്നും തന്റെ മേത്ത് തട്ടിയില്ല, തര്‍ക്കങ്ങളിലും വാഗ്വാദങ്ങളിലും താന്‍ പക്ഷംപിടിച്ചില്ല. ആളുകള്‍ തിങ്ങിനിറഞ്ഞ ടൗണ്‍ഹാളിലെ പ്രസംഗവേദിയിലെന്നപോലെ, ആളുകുറഞ്ഞ എന്‍.ബി.എസ്സിലെ ശ്രീധരനുചുറ്റും നിത്യവും ഉരുവംകൊണ്ട ചെറുസംഘത്തിലും അദ്ദേഹത്തെ കണ്ടിരുന്നു. അളകാപുരിയിലെ ഗൗരവമേറിയ സാഹിത്യചര്‍ച്ചയിലെന്നപോലെ ആ റെസ്റ്റോറന്റിലെ ചായമേശയ്ക്കു ചുറ്റിലും ആ നാട്ടുകാരണവരുണ്ടായിരുന്നു -ചോറിന്റെയോ ചായയുടെയോ ബില്ലുകൊടുക്കാന്‍ മറ്റാരെയും ഒരിക്കലും അനുവദിക്കാതെ!
കലയെയും സമൂഹത്തെയുംപറ്റി നിരന്തരം തമാശപറയാന്‍ കിട്ടിയ തഞ്ചമാണ് ജീവിതമെന്ന് ആ മനുഷ്യന്‍ വിചാരിച്ചിരുന്നതുപോലെ തോന്നും.

പതിനഞ്ചുകൊല്ലംമുമ്പ് അന്തരിച്ചുപോയ തിക്കോടിയന്, ഇന്ന് നൂറുതികയുകയാണ്. 70-ാം ജന്മദിനത്തില്‍ മംഗളം നേരാന്‍ കോഴിക്കോട്ടുചേര്‍ന്ന യോഗത്തില്‍ ഒരു പ്രസംഗകന്‍  ആശംസിച്ചു:
''തിക്കോടിയന്‍ നൂറുവയസ്സുവരെ ജീവിച്ചിരിക്കട്ടെ!''
ചെറിയൊരു ബേജാറോടെ, തിക്കോടിയന്‍ തൊട്ടടുത്തിരുന്ന ആളുടെ ചെവിയില്‍ ചോദിച്ചു:
'ചെലവിന് ഇവന്‍ തരുമോ?'
ഇതാണ് തരം- എന്തിനുനേരേയും നിഷ്ഠുരമായ മമതാരാഹിത്യം, ചിരി!