ന്റെ പതിനാലാം വയസ്സിലാണ് ഞാന്‍ തിക്കോടിയനെ ആദ്യമായി കാണുന്നത്. അക്കാലത്തു കോഴിക്കോട്ടു നിന്നും ദിനപ്രഭ എന്നൊരു പത്രമുണ്ടായിരുന്നു. എന്റെ ബാലേട്ടന്(മരിച്ചുപോയ എം.ടി.ബി. നായര്‍) അവിടെ ഒരു ജോലി കിട്ടി. ചെറിയ ശമ്പളമാണെങ്കിലും പത്രത്തില്‍ സബ് എഡിറ്റര്‍. അമ്മയ്ക്ക് അത്ര കാര്യമായി തോന്നിയില്ലെങ്കിലും എനിക്കും കൊച്ചുണ്ണിയേട്ടനും വലിയ അഭിമാനമായി തോന്നി.
പത്രമോഫീസില്‍ ജോലിയാരംഭിച്ച് രണ്ടാഴ്ച്ചയ്ക്കു ശേഷം ബാലേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞ പ്രധാന വിഷയം ഇതായിരുന്നു: അവിടെ തിക്കോടിയനുണ്ട്! സഞ്ജയനിലും മറ്റും എഴുതി പ്രശസ്തനായ ഹാസ സാഹിത്യകാരന്‍ തിക്കോടിയന്‍. അവര്‍ തമ്മില്‍ വളരെ അടുപ്പത്തിലാണ്. തിക്കോടിയന്റെ ഫലിതങ്ങള്‍, രസികത്തങ്ങള്‍ ബാലേട്ടന് എത്ര പറഞ്ഞാലും മതിയാവുന്നില്ല. ഞങ്ങള്‍ക്ക് ഒഴിവുദിവസങ്ങളില്‍ കോഴിക്കോട്ടു വരാം. താമസിക്കാന്‍ പ്രശ്നമില്ല. മറ്റൊരു ബാലേട്ടന്‍(എന്റെ വലിയമ്മയുടെ മകന്‍. അദ്ദേഹവും ഇന്നില്ല) കോഴിക്കോട് പിയേഴ്സ്ലെസ്ലി കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. അവിടെയാണ് ഞങ്ങളുടെ ബാലേട്ടനും താമസിക്കുന്നത്.

'നാടകവും ഞാനും'

ആ യാത്രയെപ്പറ്റി വ്യക്തമായി ഓര്‍മ്മയില്ല. വൈകുന്നേരം നഗരം കാണാന്‍ നടക്കുന്നതിനിടയ്ക്ക്, നേരത്തെ നിശ്ചയിച്ചതനുസരിച്ചാവണം, മിഠായിത്തെരുവിലെ പുസ്തകക്കടയുടെ മുന്‍പില്‍ ഒരാള്‍ കാത്തുനില്ക്കുന്നു. ബാലേട്ടന്‍ പറഞ്ഞു: 'ഇതാണ് തിക്കോടിയന്‍. അനുജന്മാരാണ് കൊച്ചുണ്ണി, വാസു.'

തിക്കോടിയന്‍ ഞങ്ങള്‍ രണ്ടാളെയും നോക്കി ചിരിച്ചു. മുറിക്കാലുറയാണ് എന്റെ വേഷം. കൊച്ചുണ്ണിയേട്ടന് കോളേജില്‍ പോവാന്‍ തയ്യാറെടുക്കുന്നതുകൊണ്ട് ഷര്‍ട്ടും മുണ്ടുമാണ്. ഞങ്ങളെയും കൊണ്ട് തിക്കോടിയന്‍ ആര്യഭവനിലേക്ക് നടന്നു. ഞങ്ങള്‍ക്ക് സമൃദ്ധമായി എന്തൊക്കെയോ പലഹാരങ്ങള്‍ ഓഡര്‍ ചെയ്തു. ജിലേബി എന്ന അത്ഭുത പലഹാരം ഞാന്‍ അനുഭവിക്കുന്നത് അപ്പോഴാണ്! ആപ്പീസുകാര്യമോ മറ്റോ ബാലേട്ടനുമായി സംസാരിക്കുമ്പോഴും ഞങ്ങളെ ശ്രദ്ധിച്ചു. കണ്ണടയുടെ പിറകില്‍നിന്ന് ചിരിക്കുന്ന കണ്ണുകള്‍. നാടന്‍കുട്ടികളായ ഞങ്ങളുടെ ലജ്ജാശീലമൊക്കെ പെട്ടെന്ന് മറഞ്ഞു.

MT and Thikkodiyan
എം.ടി.യും തിക്കോടിയനും

തിക്കോടിയന്റെ കണ്ണുകളിലെ ചിരി ഹൃദയത്തിലെ നിതാന്തമായ പ്രസന്നതയുടെ പ്രതിഫലനമാണ്. അനേകമനേകം വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ കാണുമ്പോഴും ആ ചിരി ഞാന്‍ ശ്രദ്ധിക്കുന്നു. 56-ല്‍ ഞാന്‍ കോഴിക്കോട്ട് മാതൃഭൂമിയില്‍ സബ്എഡിറ്റര്‍ ട്രെയ്നിയായി എത്തുമ്പോഴേക്ക് തിക്കോടിയന്‍ പ്രശസ്തനായ നാടകകൃത്തായിക്കഴിഞ്ഞിരുന്നു. ജീവിതം ഞങ്ങളുടെ ഉള്‍നാടുകളിലെ കലാസമിതികള്‍കൂടി അരങ്ങേറിയിരുന്നു. കോഴിക്കോട്ടെ സാഹിത്യ സദസ്സിലെ പ്രമുഖനാണ് തിക്കോടിയന്‍.

ആ സാഹിത്യ സദസ്സിലേക്ക് പതുക്കെപ്പതുക്കെ പ്രവേശിച്ച ഞാന്‍ തിക്കോടിയന്റെ മുന്നിലെത്തുമ്പോഴൊക്കെ പരിഭ്രമിച്ചിരുന്നു. ആ പഴയ സന്ദര്‍ശനം തിക്കോടിയന്‍ ഓര്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഒരു കുട്ടിയായല്ല, ചങ്ങാതിയായിട്ടാണ് അപ്പോളെന്നെ കാണുന്നത് എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. തലമുറകളുടെ വിടവ് നാമറിയുന്നില്ല, നമ്മെ അറിയിക്കുകയുമില്ല. അതാണ് എന്നും തിക്കോടിയന്റെ സവിശേഷത.

പട്ടത്തുവിളയുടെ വീട്ടില്‍ ചീട്ടുകളിക്കാന്‍ എന്നും എത്തുന്ന സംഘത്തില്‍ തിക്കോടിയനുണ്ട്. എന്‍.പി. മുഹമ്മദാണെന്ന് തോന്നുന്നു ആദ്യമായി തിക്കോടിയന്റെ പേര് ചുരുക്കി തിക്കു എന്നാക്കിയത്. എല്ലാവരും പിന്നെ തിക്കു എന്ന് ഓമനപ്പേര്‍ വിളിച്ചു. നിത്യ സംഭാഷണത്തിനിടയ്ക്ക് ഞങ്ങളെല്ലാം അങ്ങോട്ടു മിങ്ങോട്ടും 'എടാ', 'പോടാ' എന്നൊക്കെ വിളിക്കും. അതൊരു ശീലമായി. പരിസരം ശ്രദ്ധിക്കാതെയും അങ്ങനെ ഞാന്‍ വിളിച്ചുപോയിട്ടുണ്ട്. ചിലര്‍ അത് കേട്ട് അസ്വസ്ഥരായപ്പോഴാണ് ഞാന്‍ നടുങ്ങുന്നത്. പക്ഷേ, ആ സ്വാതന്ത്ര്യം സ്നേഹത്തില്‍നിന്നും ആദരവില്‍നിന്നും രൂപം കൊണ്ടതാണെന്ന സത്യം അവര്‍ക്കറിയില്ലല്ലോ. ഞാന്‍ അമിതമായ സ്വാതന്ത്ര്യമെടുത്ത പല ഘട്ടങ്ങളുമുണ്ട്. ഒരിക്കലും തിക്കോടിയന്‍ മുഖം കറുപ്പിച്ചില്ല. വാത്സല്യത്തോടെ ചിരിക്കുകമാത്രം ചെയ്തു.
ആ സ്വാതന്ത്ര്യംകൊണ്ട് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ രണ്ട് നേട്ടങ്ങളുണ്ടായി. എന്റെ നേട്ടങ്ങളല്ല, മലയാള ഭാഷയുടെ നേട്ടങ്ങള്‍. ഒരിക്കല്‍ ഞാന്‍ പറഞ്ഞു: 'നമുക്ക് പുതിയ കാലത്തെ ചരിത്രനോവലുകള്‍ ഉണ്ടായിട്ടില്ല. തനിക്കെഴുതാമല്ലോ.'
പോര്‍ച്ചുഗീസ് വാഴ്ചയുടെയും കുഞ്ഞാലിമരക്കാരുടെയും കാലഘട്ടത്തെപ്പറ്റി ധാരാളം പഠിച്ചുവെച്ച തിക്കോടിയന്‍ പറഞ്ഞുവന്നപ്പോള്‍ രസം കയറി.

'ശരി നോക്കിക്കളയാം.'
പിന്നീട് കാണുമ്പോഴൊക്കെ അതുതന്നെ ചര്‍ച്ചചെയ്തു. കുറിപ്പുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. അല്ല തുടങ്ങി. അത്രയും അറിഞ്ഞപ്പോള്‍ ഞാന്‍ പരസ്യം കൊടുത്തു. 'അടുത്ത് പ്രസിദ്ധീകരിക്കുന്നു...'
തിക്കോടിയന്‍ ശകാരിച്ചു. 'തുടങ്ങിയിട്ടല്ലേയുള്ളു. നീയെന്ത് പണിയാടാ കാണിച്ചത്?'
'രണ്ടാഴ്ചകൂടി പരസ്യംവരും. അപ്പോഴേക്കും എഴുതിയിടത്തോളം അധ്യായങ്ങള്‍ താ.'

 

അതാണ് ചുവന്ന കടല്‍. ആഴ്ചപ്പതിപ്പിന്റെ പുറംചട്ട മുഴുവനുമായി ഒരു പരസ്യം കൊടുത്ത് അടുത്ത ലക്കത്തില്‍ നോവല്‍ തുടങ്ങി.
ആത്മകഥ എന്നു പറഞ്ഞാല്‍ തിക്കോടിയന് ശുണ്ഠിപിടിക്കും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു കാലഘട്ടത്തെപ്പറ്റി തിക്കോടിയനു മാത്രം എഴുതാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അതൊക്കെ എഴുതേണ്ടതാണെന്ന് തിക്കോടിയനും സമ്മതിച്ചു. തന്നെ കഴിയുന്നതും മാറ്റിനിര്‍ത്തി മെല്ലെ താന്‍ ശ്രമിക്കാമെന്നായി. തികച്ചും വ്യക്തിപരമായ പല ജീവിതസന്ധികളും തിക്കോടിയന്‍ കര്‍ക്കശമായി ഒതുക്കിയിരിക്കുന്നത് കാണാം ആ ഗ്രന്ഥത്തില്‍. വിസ്തരിക്കേണ്ടതായിരുന്നു എന്ന് നാം ആഗ്രഹിച്ചുപോകുന്ന പലതും: നായകനാ
വാതെ, സാക്ഷിയായി നില്ക്കാന്‍ നിശ്ചയിച്ചാണ് തിക്കോടിയന്‍ എഴുതിത്തുടങ്ങിയത്.

അരങ്ങുകാണാത്ത നടന്‍ എന്ന് പേരിട്ടതും അതുകൊണ്ടുതന്നെയാണല്ലോ! ശീര്‍ഷകം നിശ്ചയിച്ചപ്പോള്‍ ഞാന്‍ പരസ്യം കൊടുക്കാനും തുടങ്ങി. മൂന്നധ്യായങ്ങള്‍ കൈയിലുള്ളപ്പോള്‍ ഞാന്‍ പ്രസിദ്ധീകരണം തുടങ്ങി.

പിന്നീട് എല്ലാ തിങ്കളാഴ്ചയും എന്റെ സഹപ്രവര്‍ത്തകന്‍ ഗോവിന്ദന്‍കുട്ടി (ശത്രുഘ്നന്‍) തിക്കോടിയന്റെ വീട്ടില്‍ ഒമ്പതു മണിക്ക് ഹാജര്‍. ഞായറാഴ്ച വല്ല മീറ്റിംഗും പെട്ടതാണെങ്കില്‍ ഒരു ദിവസംകൂടി നീട്ടിത്തരാന്‍ പറയും. എങ്കിലും മിക്കവാറും എല്ലാ തിങ്കളാഴ്ചയും പുതിയ അധ്യായവും ചിലപ്പോള്‍ എനിക്ക് സ്നേഹപൂര്‍വമായ രണ്ട് ശകാരവും ഗോവിന്ദന്‍കുട്ടിയെ ഏല്‍പ്പിക്കും. അരങ്ങുകാണാത്ത നടന്‍ അവിസ്മരണീയമായ ഒരനുഭവമായിരുന്നു വായനക്കാര്‍ക്ക്. വി. ആര്‍. നായനാരുടെ സാമൂഹ്യ സേവന ചരിത്രം വായിച്ച ഒരു വായനക്കാരന്‍ നായനാര്‍ ബാലികാ സദനത്തിന് വലിയൊരു സംഭാവന അയച്ചു. ചെക്ക് ഭാരവാഹികളെ ഏല്‍പ്പിക്കുക മാത്രമാണ് തിക്കോടിയന്‍ ചെയ്തത്. വേണമെങ്കില്‍ അതൊരാഘോഷച്ചടങ്ങാക്കിമാറ്റാമായിരുന്നു. പക്ഷേ, തിക്കോടിയന് അത് വയ്യ.

തിക്കോടിയന്‍ എന്ന എഴുത്തുകാരന്റെ സാഹിത്യസംഭാവനകളെപ്പറ്റി ഞാന്‍ വിശകലനം ചെയ്യുന്നില്ല. തിക്കോടിയന്‍ എന്ന മനുഷ്യനെങ്ങനെ അല്പമാത്രം അറിഞ്ഞവരെക്കൂടി ആരാധകരോ സ്നേഹിതരോ ആക്കി മാറ്റി?

എടുത്താലും കൊടുത്താലും തീരാത്ത അത്ര സ്നേഹത്തിന് ഉടമയായതുകൊണ്ട്... പരമശത്രുവിന്റെ നിഷ്ഠൂരകൃത്യങ്ങള്‍ക്കുകൂടി മനസ്സില്‍ മാപ്പു കൊടുത്ത് ചിരിക്കാന്‍ കഴിയുന്ന നിഷ്‌കളങ്കതകൊണ്ട്. തിക്കോടിയന്‍ സ്നേഹം വീതിച്ചുനല്കുന്നത് ഒരു പ്രകടനപരതയുമില്ലാതെയാണ്. എത്രയോ അനുഭവങ്ങള്‍ എനിക്കുണ്ട്. അനേകം കഥകള്‍ എണ്ണിപ്പറയാനുണ്ട്. പക്ഷേ, എന്റെ സ്നേഹവും ആരാധനയും ഞാന്‍ വാക്കുകളിലാക്കാതെ മനസ്സില്‍ സൂക്ഷിക്കട്ടെ. സ്വകാര്യനിധികള്‍ പോലെ.

സ്നേഹത്തിന്റെ നീരുറവുകള്‍ വറ്റി വരണ്ട ഊഷരഭൂമിയായി മാറിയിരിക്കുന്നു നമ്മുടെ ജീവിതം. നന്മയുടെ തണലുകളില്ലാത്ത മരുപ്പറമ്പുകളായി മാറി സമൂഹവും സാഹിത്യവും എല്ലാം. അതിനിടയ്ക്കാണ് കുളിര്‍മയും പ്രസാദവും നല്‍കിക്കൊണ്ട് ഒറ്റപ്പെട്ട ഒരു തണല്‍മരം പോലെ ഈ മനുഷ്യന്‍ നിന്നത്. അതിന്റെ ചുവട്ടില്‍, അമ്പരന്ന കുട്ടിയായും ചപലനായ യുവാവായും അസ്വസ്ഥനായ വൃദ്ധനായും വിശ്രമിക്കാന്‍ അവസരം തന്ന കാലത്തിനോട് ഞാന്‍ നന്ദിപറയട്ടെ.
(അരങ്ങൊഴിയാത്ത തിക്കോടിയന്‍ എന്ന പുസ്തകത്തില്‍ നിന്ന്)