യു.എൻ. ആഹ്വാനപ്രകാരം 1958-ൽ വേൾഡ് ഫെഡറേഷൻ ഓഫ് ഡഫ് (WFD) ആണ്‌ അന്താരാഷ്ട്ര ബധിരവാരാചരണത്തിന്‌ തുടക്കംകുറിച്ചത്‌. ബധിരരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, ബധിരരുടെ അവകാശങ്ങൾ സംരക്ഷിക്കുക, പൊതുജനങ്ങളിൽ അവബോധം വളർത്തുക, ബധിരർക്ക് പൊതുജനങ്ങളുമായി സുഗമസഹവർത്തിത്വം സാധ്യമാകുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് എല്ലാവർഷവും സെപ്റ്റംബറിലെ അവസാന ആഴ്ച ആചരിച്ചുവരുന്ന അന്താരാഷ്ട്ര ബധിരവാരത്തിന്റെ ലക്ഷ്യം. ലോകത്തിലെ എല്ലാ രാജ്യത്തും ഇന്ന് സർക്കാർതലത്തിലും സന്നദ്ധ-സാമൂഹിക സംഘടനകൾ ആംഗ്യഭാഷാപരിഭാഷകർവഴിയും വിവിധ സ്ഥാപനങ്ങൾവഴിയും അന്താരാഷ്ട്ര ബധിരവാരം ആചരിച്ചുവരുന്നു. ഇതിന്റെ പ്രധാനലക്ഷ്യം ബധിരരുടെ പുനരധിവാസമാണ്‌. അതിനാൽ പൊതുജനപങ്കാളിത്തം അനിവാര്യവുമാണ്.

ആശയവിനിമയം, അനായാസം
 യു.എൻ. പൊതുസഭയുടെ അംഗീകാരത്തോടെ എല്ലാവർഷവും സെപ്‌റ്റംബർ 23-ന് അന്താരാഷ്ട്ര ആംഗ്യഭാഷാദിനം ആചരിക്കുന്നു. ആംഗ്യഭാഷയിൽ ബോധവത്കരണവും പരിപോഷണവും നടത്തി  ബധിരരുടെ ജീവിതക്ലേശങ്ങൾ ലഘൂകരിച്ച്‌ പുനരധിവാസപ്രവർത്തനങ്ങളെ ത്വരപ്പെടുത്തുക എന്നതാണ്‌ ഇതുകൊണ്ട്‌ ലക്ഷ്യമിടുന്നത്‌. നിലവിൽ ബധിരരുടെ  പുനരധിവാസത്തിന് പലമാർഗവും സ്വീകരിക്കുന്നുണ്ടെങ്കിലും ഏകോപനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അഭാവംമൂലം പലതും ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ല. ബധിരർക്ക് പൊതുജനങ്ങളുമായി അനായാസം ആശയവിനിമയംനടത്താൻ സാധിച്ചാൽ അവരുടെ പ്രശ്നങ്ങളിൽ സിംഹഭാഗവും പരിഹരിക്കപ്പെടും. അതിനുള്ള പ്രായോഗികമാർഗം  പൊതുജനങ്ങളിൽ ആംഗ്യഭാഷ പ്രാവർത്തികമാക്കുക എന്നതാണ്. ഭിന്നശേഷിക്കാരുടെ ക്ഷേമ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് സർക്കാരും സമൂഹവും മുന്തിയ പരിഗണന നൽകുന്ന ഈ അവസരത്തിലും ബധിരരുടെ പുനരധിവാസത്തിന്റെ മുഖ്യഘടകമായ ആശയവിനിമയ പരിപോഷണം വിസ്മരിക്കപ്പെടുകയാണ്‌. ചലനവൈകല്യമുള്ള വ്യക്തികളെ ഉദ്ദേശിച്ച്‌ കെട്ടിടനിർമാണച്ചട്ടങ്ങളിൽ അവർക്ക്‌ സഞ്ചാരയോഗ്യമായ രീതിയിൽ റാമ്പുകൾ സ്ഥാപിക്കാനും അത്‌ ഭിന്നശേഷിക്കാരുടെ അവകാശമായി കണക്കാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതേവിഷയംതന്നെയാണ്‌ ബധിരർക്ക്‌ പൊതുസ്ഥലങ്ങളിൽ ലഭ്യമാകേണ്ട ആശയവിനിമയോപാധി അഥവാ ആംഗ്യഭാഷാ അവകാശം.

വ്യക്തമായ അടുക്കും ചിട്ടയോടെയും നിഘണ്ടുവായും ക്രോഡീകരിച്ചിട്ടുള്ള ആംഗ്യഭാഷ അനായാസം പ്രചരിപ്പിക്കാമെന്നിരിക്കേ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ഇതിൽ ശ്രദ്ധചെലുത്തുകയാണെങ്കിൽ ബധിരരുടെ ജീവിതത്തിൽ ഗണ്യമായ മാറ്റമുണ്ടാകുകയും അതുവഴി പുനരധിവാസപ്രവർത്തനങ്ങൾ വേഗത്തിലാകുകയും ചെയ്യും. വികസിതരാജ്യങ്ങളിലെ ബധിരരുടെ ജീവിതനിലവാരം ഏറെ മെച്ചപ്പെട്ടതിന്റെ പ്രധാന കാരണം ആംഗ്യഭാഷയിലൂടെ പൊതുജനസഹവർത്തിത്വം വർധിച്ചതാണ്‌. നമ്മുടെ സാമൂഹികചുറ്റുപാടിലും ഈ രീതി അനുവർത്തിക്കേണ്ടതുണ്ട്‌.

അവർക്കൊപ്പം നമ്മളും പഠിക്കണം ആംഗ്യഭാഷ
കേൾവിക്കുറവുള്ള കുഞ്ഞുങ്ങളെ ചെറുപ്പത്തിൽത്തന്നെ ആംഗ്യഭാഷയിലൂടെ കാര്യങ്ങൾ ധരിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം. ഇത്‌ രക്ഷിതാക്കളോടുള്ള കുട്ടികളുടെ മാനസിക അടുപ്പം വർധിക്കാനും തുടർന്നുള്ള അവരുടെ വളർച്ചയ്ക്കും സഹായകമാവും. നിലവിലെ ആവർത്തിച്ച്‌ പറഞ്ഞുകൊടുക്കുന്ന രീതിയിലെ മടുപ്പ്‌ ഒഴിവാക്കാനും ഇത്‌ കാരണമാകും.

വിദ്യാഭ്യാസരംഗത്തും കേൾവിക്കുറവുള്ളവർക്കായി പ്രത്യേക സംവിധാനങ്ങളുണ്ടെങ്കിലും നിലവിൽ അവ ഫലവത്താകുന്നില്ല. ബധിരരെ പരിശീലിപ്പിക്കുന്ന അധ്യാപകർക്ക്‌ കുട്ടികളുമായി അടുത്തിടപഴകാൻ സാധിക്കാത്തതിനാൽ അവർക്ക്‌ വിഷയങ്ങൾ കൂടുതൽ വിപുലമായി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നില്ല.

അധ്യാപകർക്ക്‌ ബധിരരുടെ ഭാഷയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തതാണ്‌ ഇതിന്‌ കാരണം. അനായാസം ആംഗ്യഭാഷ കൈകാര്യംചെയ്യാൻ സാധിച്ചാൽ ഏതുവിഷയവും കുട്ടികൾക്ക്‌ വിശദീകരിച്ചു നൽകാനാകും.

 കൂടുതൽ കാര്യങ്ങൾ ഗ്രഹിച്ചാൽമാത്രമേ കൂടുതൽ ആശയങ്ങൾ കുട്ടികളിൽ ഉദിക്കുകയുള്ളൂവെന്ന് പറയേണ്ടതില്ലല്ലോ. ഈ അവസരത്തിലാണ് വിദ്യാഭ്യാസരംഗത്ത് ആംഗ്യഭാഷാവിപുലീകരണം അനിവാര്യമാകുന്നത്. കാര്യശേഷിയുണ്ടെങ്കിലും തൊഴിലിടങ്ങളിൽ ബധിരർ പിന്നോട്ടുപോകുന്നത്‌ തടയാനും  സഹപ്രവർത്തകരിൽ ആശയവിനിമയോപാധിയായ ആംഗ്യഭാഷ വിപുലീകരിക്കണം. കാര്യങ്ങൾ തടസ്സംകൂടാതെ സഹപ്രവർത്തകരുമായി പങ്കുവെക്കുന്നതിനുള്ള അവസ്ഥയുണ്ടാകണം.

 കുടുംബത്തിലെ എല്ലാവർക്കും അനായാസം ആംഗ്യഭാഷ കൈകാര്യംചെയ്യാൻ കഴിഞ്ഞാൽ ബന്ധങ്ങൾ സുദൃഢമാകും. അതുവഴി ജീവിതനിലവാരത്തിൽ ഗണ്യമായ പുരോഗതിയുമുണ്ടാകും. അതുകൊണ്ടൊക്കെയാണ് ആംഗ്യഭാഷ ബധിരരുടെ അവകാശമായി മാറുന്നത്.
(അന്താരാഷ്ട്ര ബധിരസംഘടനയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയസമിതി അംഗവുമാണ് ലേഖകൻ)

Content Highlights: Sign language must be familiar