രേഖകൾക്കിടെ

കഴിഞ്ഞകൊല്ലം  മേയ്ദിനത്തിന്റെ എട്ടാംപക്കം ജ്യോതികുമാരി പാസ്വാൻ എന്ന പതിഞ്ചുകാരി കുടിയേറ്റത്തൊഴിലാളിയായ അച്ഛനെ പിറകിലിരുത്തി ഡൽഹിയുടെ അയൽ നഗരമായ ഗുരുഗ്രാമത്തിൽനിന്ന് സ്വദേശമായ ബിഹാറിലെ ധർബംഗയിലേക്ക് സൈക്കിൾ യാത്ര ആരംഭിച്ചു. 1200 കിലോ മീറ്റർ മുന്നോട്ടും ഒന്നൊന്നര നൂറ്റാണ്ടു പിറകോട്ടുമാണ് ആ പതിനഞ്ചുകാരി ചവുട്ടിയത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് തൊഴിലാളികൾ അർഹിക്കുന്ന അവകാശങ്ങൾ കടലാസിലെങ്കിലും നേടിത്തുടങ്ങിയത്. ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്താനായി ഷിക്കാഗോയിൽ 1886-ൽ മേയ് ഒന്നിന്‌ പൊതുസമരം തുടങ്ങി.  സംഘടിതശക്തിയുടെ വിജയസാധ്യത കണ്ടതുകൊണ്ടാവം ബാലവേലയ്ക്കെതിരേയും സ്ത്രീകളുടെ വോട്ടിനുവേണ്ടിയും ഒക്കെ ഒരുപാടു പോരാട്ടങ്ങൾ ഇതിനെ തുടർന്നുണ്ടായി. ഇത്തരം സമരങ്ങളുടെ  പോസ്റ്ററുകൾക്ക് കാർട്ടൂൺ സ്വഭാവം ഉണ്ടായിരുന്നു. കറുപ്പും വെളുപ്പും നാടകീയമായി ഉപയോഗിക്കുന്ന, എളുപ്പത്തിൽ അച്ചടിച്ചെടുക്കാവുന്ന, മുഖത്തടിക്കുന്ന സന്ദേശങ്ങൾ.

അമേരിക്ക ഹ്രസ്വകാലത്തേക്ക് ചുവന്നു തുടങ്ങിയ കാലമാണത്. ‘സോഷ്യലിസം’, ‘സഖാവ്’ തുടങ്ങിയ പദങ്ങൾ അന്നത്തെ പുതിയ രാഷ്ട്രീയത്തിന്റെ ഭാഗമായി. ഈ ചിന്താധാരയുടെ  കൂടെനിന്ന ഒരു കാർട്ടൂണിസ്റ്റാണ് റയൻ വാക്കർ. ഹെന്റി ഡബ്ബ്‌സ്  എന്ന ഒരു സാങ്കല്പിക സോഷ്യലിസ്റ്റ് വിരുദ്ധനെ കേന്ദ്രകഥാപാത്രമാക്കി അദ്ദേഹം വരച്ച കോമിക് സ്ട്രിപ്പിന്  1910-കളിൽ വൻ പ്രചാരം കിട്ടി. നടപ്പ് വ്യവസ്ഥിതിയുടെ  ന്യായീകരണത്തൊഴിലാളിയായ   ഹെന്റിയുടെ വാദഗതിയോട് സ്വന്തം  ഭാര്യയും മകനും പോലും യോജിക്കുന്നില്ല .  വാരാവാരം അടിച്ചുവന്ന ഈ സ്‌ട്രിപ് എന്നും അവസാനിച്ചിരുന്നത് ജാള്യത മറയ്ക്കാൻ ഹെന്റി നടത്തുന്ന പ്രഖ്യാപനതോടെയാണ്: ‘‘ഞാൻ ഒരു ഹെന്റി ഡബ്‌സ്.’’ ‘നിങ്ങൾ എന്നെ സോഷ്യലിസ്റ്റ് ആക്കി എന്നോ കമ്യൂണിസ്റ്റ് ആക്കി എന്നോ’ തോപ്പിൽ ഭാസിയുടെ കഥാപാത്രത്തെപ്പോലെ വിളിച്ചു പറയനുള്ള അവസരം പാവത്തിനു  കിട്ടുന്നതേയില്ല.

അമേരിക്കയിൽ 1913-ൽ ഏഴരലക്ഷം കോപ്പികൾവരെ  വിറ്റഴിച്ച ‘അപ്പീൽ ടു റീസൺ’ എന്ന പത്രത്തിലും  ഇതര സോഷ്യലിസ്റ്റ് ആനുകാലികങ്ങളിലും റയൻ വാക്കർ വരച്ചു. വൻകിട മുഖ്യധാര പത്രങ്ങൾ ഏറ്റെടുത്തു വളർത്തിയ  ആദ്യ കാല കാർട്ടൂൺ കലയെ അന്നത്തെ ഇടതുനേതൃത്വം  തുല്യപ്രാധാന്യത്തോടെ കണ്ടു. കാർട്ടൂൺ പുസ്തകങ്ങൾ  സൗജന്യമായി സ്ഥിരം വരിക്കാർക്ക് വിതരണം ചെയ്തു. മാറ്റത്തിന്റെ രാഷ്ട്രീയത്തിനുവേണ്ട പ്രതിഷേധവും  നിഷേധവുമൊക്കെ  റയനടക്കമുള്ളവരുടെ രചനകളിൽ ഉണ്ടായിരുന്നു. റഷ്യൻവിപ്ലവാനന്തരം  കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന റയൻ സോവിയറ്റ് യൂണിയൻ സന്ദർശിക്കുന്നതിനിടെ 1932-ൽ ന്യുമോണിയ ബാധിച്ച്‌ അറുപത്തിരണ്ടാം വയസ്സിൽ മരിച്ചു.

അമേരിക്കൻ കാർട്ടൂണുകളുടെ പഠനശേഖരങ്ങളിൽ പലതിലും ഈ കലാകാരനെക്കുറിച്ച്‌ ഒരു പരാമർശവും  കാണുന്നില്ല. അതുകൊണ്ടും കൂടി ഇപ്പോൾ ഓർത്തെടുക്കേണ്ട പേര് തന്നെയാണിത്.  ഈ മഹാമാരിക്കാലത്ത് ഉയർന്നുവരുന്ന അടിസ്ഥാനപ്രശ്നങ്ങളിലൊന്നു  തൊഴിൽ സംബന്ധിയാണ്. നൂറിലേറെ കൊല്ലങ്ങൾക്കുമുമ്പ്  യന്ത്രങ്ങൾക്കു ചുറ്റും നഗരങ്ങളിൽ വളർന്നുവന്ന  തൊഴിൽസംസ്കാരത്തെ റയന്റെ കോമിക് വിമർശനാത്മകമായി  കാണിച്ചുതരുന്നു.

ഇതിലെ നിർലോഭമായി കറുപ്പുപയോഗിച്ചുള്ള വരയും അലക്ഷ്യമായി കോറിയിട്ട സംഭാഷണശകലങ്ങളും വെടിപ്പായി  കള്ളികളിലൂടെ നീണ്ടുപോവുന്ന  വ്യവസ്ഥാപിത സ്ട്രിപ്പിനു യോജിച്ചതല്ല. ആഖ്യാനം അനായാസേന മുന്നോട്ടു നീങ്ങുമ്പോഴും നമുക്ക് കിട്ടുന്നത് ഒരുക്കിയെടുത്ത കാഴ്ചകളല്ല. കണ്ണ് കുരുങ്ങുന്നത് അക്കാലത്തെ  ജീവിത സാഹചര്യങ്ങളുടെ, തൊഴിൽ ശാലകളുടെ  ഒക്കെ അഭംഗിയിൽ ആണ്.

ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായ അടുക്കും ചിട്ടയുമുള്ള ജോലിസ്ഥലങ്ങലളാണ്‌  ‘ഡിൽബെർട്ട്’ എന്ന സമകാലിക കോമിക് സ്ട്രിപ്പിൽ കാണുക. മൂന്നു ദശകങ്ങളായി സ്കോട്ട്‌ ആഡംസ് വരയ്ക്കുന്ന ഈ ബിസിനസ് കോമിക്കിലെ തൊഴിലകങ്ങൾ എവിടെയും  കാണുന്ന സുപരിചിതമായ വാർപ്പ് മാതൃകയിലാണ്.

അതുകൊണ്ടുതന്നെ ഇതിനു ആയിരക്കണക്കിന് പത്രങ്ങളിൽ ലോകമെമ്പാടും വായനക്കാരുണ്ട്. ജ്യോതി കുമാരി 'സൈക്കിൾ യജ്ഞം' തുടങ്ങിയ ഗുരുഗ്രാം പോലത്തെ മൂന്നാം ലോക  നഗരങ്ങളിലും
ഇത്തരം ഓഫീസ് സമുച്ചയങ്ങൾ കാണാം.

ഇവിടെ ജീവസ്സറ്റ കുറെ കാർഡ്‌ബോർഡ് രൂപങ്ങൾ ദീർഘനേരം ഒരു ബോധ്യവും ഇല്ലാതെ ജോലിചെയ്യുന്നു.  ഇവരിലൊരാൾ ഐ.ഐ. ടി. ബിരുദദാരിയായ അശോക് ആണ്.   ആഗോള കോമികിൽ മുൻ നിരയിൽ  പ്രത്യക്ഷപ്പെടുന്ന ഈ അപൂർവ ഇന്ത്യൻ കഥാപാത്രം ഓഫീസിലെ കുതന്ത്രങ്ങളെക്കുറിച്ച്‌ ഒരു ധാരണയുമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന പ്രതിഭയാണ്.  ഒരു നൂറ്റാണ്ട് മുമ്പത്തെ ഹെന്റി ഡബ്ബ്‌സിനോളം തന്നെ നിസ്സഹായൻ.