പീറ്റർ ഹാൻഡ്‌കെയെ സാമാന്യമലയാളികൾക്ക്‌ പരിചിതനാക്കിയത്‌ അദ്ദേഹത്തിന്റെ കൃതികളുടെ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള പരിഭാഷകളായിരുന്നില്ല, എൻ.‌എസ്‌. മാധവന്റെ ഒരു വാക്യമായിരുന്നു. മലയാള ചെറുകഥയിൽ ഉത്തരാധുനികമായ ഭാവുകത്വത്തിന്റെ വരവു വിളിച്ചുപറഞ്ഞുകൊണ്ട്‌ 1990 ഡിസംബറിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഹിഗ്വിറ്റ’ മാധവൻ ആരംഭിച്ചതിങ്ങനെയാണ്‌: ‘പെനാൽറ്റി കിക്ക്‌ കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എന്ന ജർമൻ നോവലിനെക്കുറിച്ച്‌ ഇറ്റലിയിൽനിന്നെത്തിയ സാഹിത്യസ്നേഹിയായ ഫാദർ കപ്രിയറ്റി ഗീവർഗീസച്ചനോട്‌ ഒരിക്കൽ, ഏറിയാൽ രണ്ടുതവണ പറഞ്ഞിരിക്കണം. നോവലിന്റെ പേരുകേട്ടപ്പോൾത്തന്നെ ഗീവർഗീസച്ചന്‌ അതു വായിച്ചപോലെതോന്നി, ഒരു തവണയല്ല, പലതവണ.’ ആ നോവൽ വായിക്കാൻ ഗീവർഗീസച്ചന്‌ തോന്നാത്തതുപോലെ അതെഴുതിയത്‌ ഓസ്‌ട്രിയക്കാരനായ പീറ്റർ ഹാൻഡ്‌കെയാണെന്ന്‌ പറയാൻ എൻ.എസ്‌. മാധവനും തോന്നിയില്ലെങ്കിലും ഗീവർഗീസച്ചനെയും ‘ഹിഗ്വിറ്റ’യെയുംപോലെ പെനാൽറ്റികിക്ക്‌ കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എന്ന തീവ്രമായ ആശയവും സന്ദർഭവും വായിക്കുന്ന മലയാളിയുടെ മനസ്സിലേക്കും പാഞ്ഞുകയറി. ഭാഷയെ കേന്ദ്രമാക്കിയുള്ള പരീക്ഷണങ്ങളിലൂടെ 1960-കൾതൊട്ട്‌ ജർമൻ നാടകത്തിലും നോവലിലും ‘യാതൊരു കൂസലും കൂടാതെ സംഭവങ്ങളിലേക്ക്‌ നടന്നുകയറി പുതിയ അക്ഷാംശങ്ങൾ കണ്ടെത്തിയ’ പീറ്റർ ഹാൻഡ്‌കെയുടെ വരിഷ്ഠവും പരീക്ഷണാത്മകവുമായ സാഹിത്യജീവിതത്തിനുള്ള അംഗീകാരമാണ്‌ 2019-ലെ നൊബേൽ സമ്മാനലബ്‌ധി.

ഷ്ടെഫാൻ ട്‌സ്വയ്‌ഗ്‌, റോബർട്ട്‌ മുസീൽ, യോസഫ്‌ റോത്ത്‌, ഹെർമൻ ബ്രോഹ്‌ തുടങ്ങിയ ഓസ്‌ട്രിയക്കാരായ ജർമൻ എഴുത്തുകാരെപ്പോലെ പരിചിതനല്ല പീറ്റർ ഹാൻഡ്കെ മലയാളത്തിൽ. 1960-കളിലെ അവാന്ത്-ഗാർഡ് സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായാണ് പീറ്റർ ഹാൻഡ്കെ ജർമൻ സാഹിത്യത്തിൽ ഉദിച്ചുയർന്നത്. ഗ്രാസ്‌നഗരം കേന്ദ്രമാക്കി അക്കാലത്ത് ഉയർന്നുവന്ന യുവസാഹിത്യസംഘമായ ‘ഗ്രാസ് ഗ്രൂപ്പി’ലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരായിരുന്നു പീറ്റർ ഹാൻഡ്കെ, വോൾഫ്ഗാങ് ബോവർ, ക്ലോസ് ഹോഫർ, ബാർബറ ഫ്രിഷ്‌മുത്ത് തുടങ്ങിയവർ. രാഷ്ട്രീയപ്രേരണകൾനിറഞ്ഞ സോഷ്യൽ റിയലിസത്തിന്റെ വഴി ഉപേക്ഷിച്ചുകൊണ്ട് ഭാഷാപരമായ പരീക്ഷണങ്ങളിലാണ് ഗ്രാസ് ഗ്രൂപ്പിലെ എഴുത്തുകാർ മുഴുകിയത്. ഓസ്ട്രിയൻ തത്ത്വചിന്തകനായ ലുദ്‌വിഗ് വിറ്റ്ജെൻസ്റ്റൈനിന്റെ ആശയങ്ങളായിരുന്നു ആ ഭാഷാപരീക്ഷണങ്ങളുടെ അടിത്തറ. 

നാടകത്തിലാണ് ഹാൻഡ്കെ തന്റെ പരീക്ഷണജീവിതം തുടങ്ങിയത്. ഇതിവൃത്തമില്ലാത്ത നാടകങ്ങൾ എന്നറിയപ്പെടുന്ന ‘കാണികളെ വ്രണപ്പെടുത്തുമ്പോൾ’ (ഒഫെൻഡിങ് ദ ഓഡിയൻസ്), ‘പ്രവചനം’ (പ്രൊഫെസി), ‘കാസ്‌പെർ’ തുടങ്ങിയ രചനകളിലൂടെ ജർമൻ നാടകവേദിയിൽ അവഗണിക്കാനാവാത്ത അസ്വസ്ഥതസൃഷ്ടിച്ചു. 1966-ലെ ‘ഒഫെൻഡിങ് ദ ഓഡിയൻസും’ 1967-ലെ ‘കാസ്‌പെറും’ ഭാഷകൊണ്ടുമാത്രം നിർമിക്കപ്പെടുകയും മാനിപ്പുലേറ്റ് ചെയ്യുകയും ചെയ്യുന്ന യാഥാർഥ്യത്തെക്കുറിച്ചുള്ള ദർശനമാണ് അവതരിപ്പിച്ചത്. ഒരു വാക്യം മാത്രം സംസാരിക്കാനറിയാവുന്ന കാസ്‌പെർ എന്ന മുൻ തടവുപുള്ളി പ്രോംപ്റ്റർമാരിൽനിന്ന് ഭാഷപഠിക്കുന്നു. സ്വന്തം ആശയങ്ങളല്ല, തന്നെ പരിശീലിപ്പിച്ചവരുടെ ആശയങ്ങളാണ് അയാൾ മൊഴിയുന്നത്. 

നാടകത്തിലെ തീവ്രപരീക്ഷണങ്ങൾ, നോവലിന്റെ രൂപത്തിലും ആഖ്യാനത്തിലും ഭാഷയിലും ഹാൻഡ്കെ കൂട്ടിക്കൊണ്ടുവന്നു. ‘കടന്നലുകൾ’ (ഹോർണെറ്റ്സ് 1966), ‘പെനാൽറ്റി കിക്കിന്റെ നേരത്തെ ഗോളിയുടെ ഉത്‌കണ്ഠ’ (ദ ഗോളീസ്‌ ആങ്‌ക്സൈറ്റി അറ്റ്‌ ദ പെനൽറ്റി കിക്ക്‌’, 1970) എന്നിവ ഉദാഹരണം. കുട്ടിക്കാലത്ത്‌ അന്ധനായ ഒരാൾ താൻ അന്ധനായതിനെയും തന്റെ സഹോദരൻ മരിച്ചതിനെയും പിൽക്കാലത്ത്‌ ഓർമിക്കാൻ ശ്രമിക്കുന്നതാണ്‌ ‘കടന്നലുകളി’ലെ ഇതിവൃത്തം. അവ്യക്തമായ ഒാർമകളിൽനിന്ന്‌ അന്ധതയും മരണവും എങ്ങനെ, എപ്പോൾ, എവിടെവെച്ചുണ്ടായെന്ന്‌ വേർതിരിച്ചെടുക്കാൻ അയാൾക്കു കഴിയുന്നില്ല. ഏകീകൃതമായ യാഥാർഥ്യം എന്ന ആശയം തന്നെയാണ്‌ ഇവിടെ തകർന്നുവീഴുന്നത്‌.

ഒരിക്കൽ പ്രസിദ്ധനായ ഗോളിയും ഇപ്പോൾ സ്‌കിസോഫ്രേനിക്കുമായ യോസഫ്‌ ബ്ലോഹ്‌ എന്ന തൊഴിൽരഹിതൻ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഒരു സ്ത്രീയെ കൊല്ലുന്നതാണ്‌ ലളിതമായി പറഞ്ഞാൽ ‘ഗോളിയുടെ ഉത്‌കണ്ഠ’യിലെ ഇതിവൃത്തം. കെട്ടിടനിർമാണമേഖലയിലെ ജോലി നഷ്ടപ്പെട്ട യോസഫ്‌ ബ്ലോഹിന്‌ സുഹൃത്തുക്കളാരുമില്ല. തന്റെ ജീവിതശൂന്യത നികത്താൻ നിരന്തരം സിനിമകാണുന്നു. അങ്ങനെ പരിചയപ്പെട്ട സിനിമാ തിയേറ്ററിലെ ടിക്കറ്റ്‌ വിൽപ്പനക്കാരിയെയാണ്‌ ഭവിഷ്യത്തിനെപ്പറ്റിയൊന്നുമാലോചിക്കാതെ അയാൾ കൊന്നത്‌. ഓസ്‌ട്രിയയുടെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലേക്കു പലായനംചെയ്ത അയാൾ അവിടെ പഴയൊരു കാമുകിയെ കണ്ടുമുട്ടുന്നു. ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുകയും സ്മൃതിനാശത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ഇൗ കഥാപാത്രം ആന്തരികത്തകർച്ചനേരിട്ട യുദ്ധാനന്തര യൂറോപ്യന്റെ പ്രതീകമാണ്‌. കഥാപാത്രത്തിന്റെ ആന്തരികജീവിതത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ‘നവ കർത്തൃത്വം’ (ന്യൂ സബ്‌ജക്ടിവിറ്റി) എന്ന പുതിയ സമീപനരീതി പിന്നീട്‌ ജർമൻ സാഹിത്യത്തിൽ വികസിച്ചുവന്നതിൽ ‘ഗോളിയുടെ ഉത്‌കണ്ഠ’പോലുള്ള ഹാൻഡ്‌കെയുടെ കൃതികൾ വലിയ സ്വാധീനത ചെലുത്തിയിട്ടുണ്ട്‌.

ഹാൻഡ്‌കെയുടെ സമൃദ്ധമായ രചനാജീവിതത്തിന്റെ രണ്ടാംഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ രചനകളാണ്‌ ‘ആവർത്തനം’ (റെപ്പറ്റിഷൻ, 1986), ‘മൊറേവിയൻ രാത്രി’ (ദ മൊറേവിയൻ നൈറ്റ്‌, 2008) എന്നീ നോവലുകൾ. നാടുവിട്ടുപോയ മൂത്തസഹോദരൻ ഗ്രിഗർ കൊബാലിനെത്തേടി 1960-കളുടെ തുടക്കത്തിൽ ഇളയ സഹോദരൻ ഫിലിപ്പ്‌ കൊബാൽ സ്ലോവീനിയയിലേക്ക്‌ നടത്തിയ യാത്രയുടെ പതിറ്റാണ്ടുകൾക്കുശേഷമുള്ള വിവരണമാണ്‌ ‘ആവർത്തന’ത്തിലെ ഇതിവൃത്തം. ഫിലിപ്പ്‌ കൊബാൽ തന്നെയാണ്‌ ആ യാത്രയുടെ വിവരണം നൽകുന്നത്‌. എന്നാൽ, അയാളുടെ ഇപ്പോഴത്തെ വ്യക്തിത്വവിവരങ്ങളൊന്നും നോവലിസ്റ്റ്‌ നൽകുന്നില്ല. യുദ്ധകാലമായ 1930-കളിൽ ജർമൻ പട്ടാളത്തിലെടുത്തതിനാലാണ്‌ ഗ്രിഗർ ഒളിച്ചോടിയത്‌. സ്ലോവീനിയയിലെ മാരിബോർ നഗരത്തിലേക്ക്‌ കൃഷിശാസ്ത്രം പഠിക്കുന്നതിനുവേണ്ടിയായിരുന്നു അയാൾ പോയത്‌. പിൽക്കാലത്ത്‌ സഹോദരനെത്തേടി ഫിലിപ്പ്‌ അതിർത്തികടക്കുന്നു. ജർമൻ-സ്ലൊവീനിയൻ സങ്കരവംശക്കാരായ ഗ്രിഗറിനും ഫിലിപ്പിനും അതിർത്തികടന്ന്‌ സ്ലോവീനിയയിലേക്ക്‌ നീങ്ങൽ സാങ്കല്പികമായൊരു ജന്മദേശത്തിലേക്കുള്ള യാത്രയാണ്‌. സമാധാനത്തിന്റെ ദേശമാണത്‌. നാസി ജർമനിയെക്കുറിച്ചുള്ള ഓർമകളുണർത്തുന്ന ‘ആവർത്തനം’ അനായാസപാരായണത്തിന്‌ വഴങ്ങുന്ന കൃതിയല്ല. നാടുവിട്ട സഹോദരനും അയാളെ തേടിപ്പോയ സഹോദരനും ഒരാൾതന്നെയല്ലേ എന്ന സന്ദേഹം നിരന്തരമായി ഈ നോവൽ വായനക്കാരിൽ സൃഷ്ടിക്കും. തേടുന്ന വസ്തുവും തേടുന്നയാളും തേടൽ വിവരിക്കുന്നയാളും ഒന്നുതന്നെയെന്ന തോന്നൽ തീവ്രമാക്കുന്ന ‘ആവർത്തനം’ മനുഷ്യന്റെ ആന്തരികലോകത്തിന്റെ മുറിപ്പാടുകളിലേക്കുള്ള സഞ്ചാരം എന്ന ഹാൻഡ്‌കെയുടെ പ്രിയപ്പെട്ട പ്രമേയത്തിന്റെതന്നെ ആവർത്തനമാണ്‌.

 (സാഹിത്യനിരൂപകനാണ്‌ ലേഖകൻ)

Content Highlights: peter handke nobel prize for literature 2019