സാമൂഹികമാധ്യമങ്ങൾ അവയുടേതായ ഒരുലോകം സൃഷ്ടിച്ചുകഴിഞ്ഞ ഇക്കാലത്ത് കൈയിലെടുത്തുവായിക്കുന്ന പുസ്തകങ്ങളും കൈകൊണ്ട് തൊടാവുന്ന മനുഷ്യരും അവർ ഉറക്കെ പറയുന്ന ആശയങ്ങളും ഒന്നിച്ചുചേരുന്ന സാഹിത്യമേളകൾ ശക്തവും ജനകീയവുമായ മറ്റൊരു യാഥാർഥ്യം സൃഷ്ടിക്കുന്നു. സാമൂഹികമാധ്യമങ്ങളിലെ ചർച്ചകൾ പൊതുവിൽ സൈബർലോകത്തിന്റെ അനന്തതകളിൽ ചിതറിക്കിടക്കുന്നവയാണ്. അവയിലെ സത്യവും അസത്യവും വേർതിരിക്കുക ദുർഘടം. സാഹിത്യമേളകൾ ആശയങ്ങൾക്കോ അവയുടെ ഉടമകൾക്കോ ഒളിച്ചിരിക്കാവുന്ന ഇടങ്ങളല്ല. അവയുടെ ജനകീയ സ്വാതന്ത്ര്യവും ആശയസമൃദ്ധിയും സുതാര്യതയും കേരളത്തെപ്പോലെ വിവിധ വികൃതശക്തികൾ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന ഒരു നന്മയുള്ള സംസ്കാരത്തിന്റെ ആത്മരക്ഷയ്ക്ക് അമൂല്യസുരക്ഷകളാണ്. ഒരിക്കൽ സാഹിത്യപരിഷത്ത് സമ്മേളനങ്ങളായിരുന്നു മലയാളികളുടെ ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ.
നവോത്ഥാനത്തിന്റെ അടിത്തറ നിർമിച്ച സർഗശക്തികളിലൊന്നായിരുന്നു അവ. പരിഷത്ത് സമ്മേളനങ്ങൾ സാഹിത്യത്തെയും ചിന്തയെയും പുനരുജ്ജീവിപ്പിക്കുകയും ആധുനികീകരിക്കുകയും ചെയ്തപ്പോൾ അവ കേരളസംസ്കാരത്തെത്തന്നെ പുഷ്ടിപ്പെടുത്തുകയും നവീകരിക്കുകയുമായിരുന്നു. വാസ്തവത്തിൽ ആ പാരമ്പര്യമാണ് മലയാളസാഹിത്യത്തിന്റെ വളർച്ചയുടെ ആധാരശക്തികളിലൊന്നായ ‘മാതൃഭൂമി’യുടെ സാഹിത്യമേളകൾ പിന്തുടരുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. അന്ന് കേരളവും മലയാളികളുടെ ജനാധിപത്യ-മതേതര-മാനവിക മൂല്യങ്ങളും താരതമ്യേന സുരക്ഷിതമായിരുന്നു. ഇന്ന് അവ സ്വേച്ഛാധിപത്യാധിഷ്ഠിതമായ വർഗീയഫാസിസത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒരു വമ്പിച്ച ആക്രമണത്തെ അഭിമുഖീകരിക്കുകയാണ്. ഇത് കേരളംമാത്രമല്ല, ഇന്ത്യമുഴുവൻ നേരിടുന്ന മാരക പ്രതിസന്ധിയാണ്. ഇക്കഴിഞ്ഞാഴ്ചയാണ് ഒരു പ്രമുഖ വലതുപക്ഷ ചിന്തകൻ ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെ തന്റെ ഞായറാഴ്ച പംക്തിയിൽ പ്രസിദ്ധനടി ദീപിക പദുകോണിനെ അവരുടെ ജെ.എൻ.യു. സന്ദർശനത്തിന്റെ പേരിൽ താക്കീതുചെയ്തത്. അതിനൊപ്പം ‘അനഭിമത’ മനുഷ്യാവകാശ-ജനാധിപത്യ-മതേതര പ്രവണത പ്രകടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളെ ‘സൂക്ഷിക്കുക’ എന്നും താക്കീതുചെയ്തു.
സാഹിത്യമേളകളെ ആരൊക്കെയോ പേടിക്കുന്നു! അക്കാരണത്താൽ, പ്രത്യേകിച്ചും വിപുലവും അഖിലേന്ത്യാതലത്തിലുള്ളതും ആഗോളവും സ്വതന്ത്രവുമായ ഒരു ആശയപ്രകാശനക്കൂട്ടായ്മയായ ‘ക’ ഒരുക്കിയതിന് ഞാൻ മാതൃഭൂമിയെ അഭിനന്ദിക്കുന്നു. അതിനെ സ്വാഗതംചെയ്യുന്നു, അതിന് വിജയം ആശംസിക്കുന്നു.
Content Highlights: Paul Zacharia Mathrubhumi International Festival of Letters