അക്ഷരവഴിയിലെ അപൂർവസാന്നിധ്യമായിരുന്ന പി.എൻ. പണിക്കരുടെ 21-ാം ചരമദിനമാണിന്ന്. 


കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. 1909 മാർച്ചിൽ നീലംപേരൂർ ഗ്രാമത്തിൽ പിറന്ന പണിക്കർ നീണ്ട ഏഴുപതിറ്റാണ്ട്‌ പൊതുജീവിതത്തിന്റെ ഭാഗമായി.
വിശക്കുന്നവന് ആദ്യം വേണ്ടത് ഭക്ഷണമാണെന്നും വിശപ്പ് സ്ഥിരമായില്ലാതാവണമെങ്കിൽ സാഹചര്യം മാറണമെന്നും തിരിച്ചറിഞ്ഞ ആ അക്ഷരമഹർഷി എഴുത്തുപഠിച്ച് കരുത്തുനേടണമെന്ന്‌ ഉപദേശിച്ചു. 
ഉയരംകുറഞ്ഞ് മെലിഞ്ഞ ആ എളിയ മനുഷ്യന്റെ സൗഹൃദമുദ്രകൾ തൊട്ടറിഞ്ഞവരിലെല്ലാം പതിയുന്നതായിരുന്നു. ലളിതമായാണ് അദ്ദേഹം സംസാരിക്കുക. ഉറ്റബന്ധുവായി ചുമലിൽത്തട്ടി കുശലംപറയും. ഓരോ പുസ്തകവും ഓരോ ജീവിതം കാട്ടിത്തരുമെന്ന് ബോധ്യപ്പെടുത്തും. 
 നാടിനെ മാറ്റിത്തീർക്കാനാണദ്ദേഹം സാക്ഷരതാപ്രവർത്തനവും ഗ്രന്ഥശാലാപ്രവർത്തനവും ഏറ്റെടുത്തത്. നാട്ടുവഴികളിലെ ഇത്തിരിവെട്ടത്തിൽ തുടങ്ങിയ ഗ്രന്ഥശാലകൾ നാടിന്റെ സാംസ്കാരികകേന്ദ്രങ്ങളായി വളരുകയായിരുന്നു. പുസ്തകവായനയെ സാക്ഷരതയുമായി ബന്ധപ്പെടുത്തിയ പണിക്കർ നാട്ടിലെ വായനാകേന്ദ്രങ്ങളെയെല്ലാം അക്ഷരപഠനകേന്ദ്രങ്ങളാക്കി മാറ്റിയെടുത്തു. സാക്ഷരതാകൗൺസിൽ സെക്രട്ടറിയായിരുന്ന പണിക്കർ 1977-ലാണ് കാൻഫെഡ് എന്ന ജനകീയ സംവിധാനത്തിന് രൂപംനൽകിയത്. പി.എൻ. പണിക്കരും പി.ടി. ഭാസ്കരപ്പണിക്കരും എൻ.വി. കൃഷ്ണവാരിയരും ഡോ. കെ. ശിവദാസൻപിള്ളയും ചേർന്ന നാൽവർസംഘം നിരക്ഷരതയുടെ കൊടുങ്കാടുകൾ വെട്ടിനശിപ്പിച്ച് വെളിച്ചം വിതറുകയായിരുന്നു. 


സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു. 
അന്ധവിശ്വാസം, അനാചാരം, അക്രമം, മദ്യപാനം, പുകവലി, സ്ത്രീപീഡനം, പക എന്നിവയില്ലാത്ത ഗ്രാമങ്ങളുണ്ടാകണമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ആർഭാടവും ധൂർത്തും ആഭരണഭ്രമവും ഉപേക്ഷിക്കണം. കുടുംബവായന എന്ന ആശയത്തിന്റെ വക്താവും അദ്ദേഹംതന്നെ. കുടുംബത്തിലുള്ളവർ ഒന്നിച്ചിരുന്ന് ഏതെങ്കിലും കഥയോ കവിതയോ പുസ്തകഭാഗമോ വായിക്കണം. 
 അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക്‌ സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം.