പി.എസ്.സി.യും റാങ്ക് ലിസ്റ്റും മുഖരിതമായ ആഴ്ചകളാണ് കടന്നുപോയത്. ഒരുപാടു കാലത്തിനുശേഷമാണ് തൊഴിൽരഹിതർ മലയാള വാർത്തയിലും കാർട്ടൂണിലും ഈ തോതിൽ സ്ഥാനംപിടിച്ചത്.

അടഞ്ഞ വാതിലുകളിൽ തൂക്കിയിട്ട ‘നോ വേക്കൻസി’ ബോർഡുകൾ നോക്കിനീങ്ങുന്ന ചെറുപ്പക്കാർ 1960-’70-തുകളിൽ കാർട്ടൂണുകളിലെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു. അക്കൂട്ടത്തിലെ ഒരു അഭ്യസ്തവിദ്യനെ അവസാനം കണ്ടത്  ഒ.വി. വിജയൻ ഈ പത്രത്തിൽ വരച്ച ഒരു കാർട്ടൂണിലാണ്. കേരളയ്ക്കും കാലിക്കറ്റിനും ശേഷം മൂന്നാമതൊരു സർവകലാശാല 1971-ൽ കൊച്ചിയിൽ ആരംഭിച്ചപ്പോൾ ഒരു കണ്ണടക്കാരൻ പയ്യൻ തലതിരിഞ്ഞ ത്രികോണം മതിലിൽ വരച്ചിടുന്നതാണ് ചിത്രം. കുടുംബാസൂത്രണതിന്റെ ഈ ചിഹ്നത്തോടു ചേർന്നുള്ള അക്കാലത്തെ ആഹ്വാനം ‘രണ്ട്, ഏറിയാൽ മൂന്ന്’ എന്നായിരുന്നു.

ഇത്ര തിരകൾ എണ്ണിത്തീർക്കാൻ ഉള്ളപ്പോൾ എന്തിനാണ്  മലയാളി തൊഴിൽതേടി അലയുന്നത് എന്നതിശയിക്കുന്ന ഒരു മദാമ്മയെ വിജയൻതന്നെ കോവളം തീരത്ത് കണ്ടെത്തുന്നുണ്ട്. അക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഉദ്യോഗാർഥി അരവിന്ദന്റെ രാമുതന്നെ. ബി.എ. ഇംഗ്ലീഷ് ഒന്നാംക്ലാസോടെ പാസായ ഈ കഥാപാത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പംക്തിയിൽ 1961 മുതൽ പ്രത്യക്ഷപ്പെട്ട പതിമ്മൂന്നു കൊല്ലമത്രയും മനസ്സിനിണങ്ങിയ ജോലി കണ്ടെത്തുന്നില്ല.  

വഴിയേ, ഗൾഫും ടൂറിസവും മലയാളിക്ക് ജോലിതന്നു. കാർട്ടൂണിസ്റ്റുകൾ മറ്റു വാർത്തകളിലേക്ക് തിരിഞ്ഞു. അടുത്തകാലത്ത് മഹാമാരിയെത്തുടർന്നു അതിഥിതൊഴിലാളികൾ തിരിച്ചുപോയപ്പോൾ തൊഴിൽമേഖല വീണ്ടും കാർട്ടൂണിനു വിഷയമായി. പക്ഷേ, കേരളം ഈ പലായനം സാമാന്യമര്യാദയോടെ കൈകാര്യം ചെയ്തതുകൊണ്ടു മറ്റിടങ്ങളിൽ കണ്ട മൂർച്ചയേറിയ വര ഇവിടെ വേണ്ടിവന്നില്ല.

സ്ഥിരവരുമാനത്തിനും അതുറപ്പാക്കുന്ന സർക്കാർ ജോലിക്കുംവേണ്ടി സമരത്തിനിറങ്ങുന്ന യുവാക്കൾ ഇന്നത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കടന്നുപോവുന്ന മുന്നറിയിപ്പാണ്. സ്വകാര്യമേഖല അടുത്തൊന്നും നിവർന്നുനിൽക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. കുറെ കാലത്തേക്കെങ്കിലും ഏക തൊഴിൽദാതാവ് സർക്കാർതന്നെ. ഇത്തരം ഒരു ദീർഘകാല അനിശ്ചിതത്വം കാർട്ടൂണിസ്റ്റ്‌ കൈകാര്യംചെയ്തത് 1929-നെത്തുടർന്നു വന്ന മഹാമാന്ദ്യ (Great Depression) കാലത്താണ്. അക്കൊല്ലം ഒക്ടോബർ 24-ന്‌ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ച് ഇടിഞ്ഞുതുടങ്ങി. പിന്നീടങ്ങ്‌ ഇടിഞ്ഞുകൊണ്ടേയിരുന്നു.

വീണ്ടെടുക്കൽ നാളെ, മറ്റന്നാൾ, അടുത്ത ആഴ്ച, അടുത്ത മാസം എന്നിങ്ങനെ തുടർച്ചയായി ആശ്വാസവചനങ്ങൾ ഉരുവിട്ടത് സാമ്പത്തികവിദഗ്‌ധരും ഭരണകക്ഷിക്കാരും  മാത്രമല്ല, പത്രാധിപന്മാരും ഈ ശുഭസൂചനകൾ നൽകിക്കൊണ്ടിരുന്നു. സമ്പദ് വ്യവസ്ഥ മുഴുവനും തകരുമ്പോൾ പത്രങ്ങൾ മാത്രം എങ്ങനെ പിടിച്ചുനിൽക്കും?   എല്ലാവരും ഒത്തുചേർന്ന് നടത്തിയ ആത്മരക്ഷാപ്രവർത്തനം ആയിരുന്നു ഈ ശുഭവചനം.
ഇന്നത്തെ ആത്മനിർഭർഭാരതം പോലെ പ്രതീക്ഷാനിർഭരതയായിരുന്നു അന്നത്തെ മന്ത്രം. അതു മിക്കവാറും നടപ്പായത് മുഖപ്രസംഗങ്ങളിലും എഴുത്തു പംക്തികളിലുമാണ്. ആവതും പ്രസന്നമായ മുഖത്തോടെ പത്രങ്ങൾ വായനക്കാരെ എതിരേറ്റു. കാര്യങ്ങൾ താമസംവിനാ നന്നാവും എന്ന പൊതുധാരണ പരത്തിക്കൊണ്ടേയിരുന്നു.

പക്ഷേ, വായനക്കാർ സ്വന്തം ജീവിതത്തിന്റെ നേർക്കാഴ്ച  കണ്ടതു കാർട്ടൂണുകളിലായിരുന്നു. തുടരുന്ന പ്രതിസന്ധിയുടെ കാരണക്കാർ അദൃശ്യർ ആയിരുന്നതിനാൽ പ്രത്യേകിച്ചൊരാളെ കണ്ടെത്തി കുറ്റപ്പെടുത്താനില്ല. അതുകൊണ്ട് കാർട്ടൂണിസ്റ്റ് ദുരന്തത്തിന്റെ നിത്യാനുഭവം രേഖപ്പെടുത്താൻ ഇറങ്ങി. അധികാരകേന്ദ്രങ്ങളെക്കാൾ അന്ന് വരയിൽ വന്നത് തെരുവുദൃശ്യങ്ങൾ ആയിരുന്നു. 1931 ജനുവരിയിൽ ലൈഫ് മാഗസിനിൽ ചെസ്റ്റർ ഗാർഡ് (Chester Garde) വരച്ചിട്ടതു നോക്കുക. ‘ഏതു ക്യൂവിലാണ് ഞാൻ; തീരാറായ ഭക്ഷണത്തിലേക്കുള്ളതോ, തകരാറായ ബാങ്കിലേക്കുള്ളതോ?’. തികച്ചും സംഭവ്യമായ ഒരു ചിത്രീകരണം. ഒന്നും പെരുപ്പിച്ചുപറയേണ്ട കാര്യവുമില്ല. വിഭാവനം ചെയ്യാവുന്നതിനും അപ്പുറം കാര്യങ്ങൾ മോശമായിരുന്നു.  എന്നെങ്കിലും ശരിയാവും എന്ന പ്രതീക്ഷ പലർക്കും ഉണ്ടായിരുന്നു. എന്നെന്നു മാത്രം ആർക്കും വ്യക്തമല്ലായിരുന്നു.
അക്കാലമത്രയും കാർട്ടൂണിസ്റ്റുകൾ സത്യം മറച്ചുവെക്കാതെ, ദുരന്തത്തെ ചൂഷണംചെയ്യാതെ, അനുകമ്പ കൈവിടാതെ  വരച്ചു. ജനം കാർട്ടൂണിനോടു ഏറ്റവും അടുത്ത കാലമാണിതെന്നു കാർട്ടൂൺ ചരിത്രകാരന്മാർ പറയുന്നു. വായനക്കാരുടെ ഈ വിശ്വാസമാണ് പിന്നീടങ്ങോട്ട് അമേരിക്കൻ കാർട്ടൂണിനെ വളർത്തിയത്.