സിനിമാനടനായതുകൊണ്ട്‌ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ബഹുമതിയെന്താണ്? ഏറ്റവും വലിയ സുകൃതം എന്ന് എനിക്കുതോന്നുന്നത്, ബാല്യംമുതൽ നമ്മൾ മനസ്സിൽ​െവച്ച്‌ ആരാധിച്ചിരുന്ന പല മഹത്തുക്കളെയും അടുത്തുപരിചയപ്പെടാനും അവർക്കൊപ്പം പ്രവർത്തിക്കാനുമായി എന്നതാണ്. ചിലർക്കൊപ്പം അവരുടെകാലത്ത്‌ ജീവിക്കാനായി എന്നതിൽ നമുക്ക് ചാരിതാർഥ്യം തോന്നില്ലേ, അങ്ങനെയൊരു സൗഭാഗ്യമായി ഞാൻ കണക്കാക്കുന്നതാണ് മഹാകവി ഒ.എൻ.വി. കുറുപ്പുസാറുമായുള്ള ബന്ധം.  

ചെറുപ്പത്തിൽ വായിച്ചും പഠിച്ചും കേട്ടും ഇഷ്ടപ്പെട്ട കവിതകളുടെയും നാടകഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും ചലച്ചിത്രഗാനങ്ങളുടെയും സ്രഷ്ടാവ്. എന്റെ കോളേജ് കാലത്തുതന്നെ തലപ്പൊക്കമുള്ള കോളേജധ്യാപകൻ. എന്റെയൊക്കെ യൗവനകാല ത്ത് അസ്ഥിക്കുപിടിച്ച് പാടിനടന്ന ‘എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി’യും ‘നഷ്ടവസന്തത്തിന്റെ തപ്തനിശ്വാസമേ’യുമൊക്കെ എഴുതിയയാൾ.

അദ്ദേഹത്തെ കണ്ടിട്ടുള്ള ആദ്യകാല അവസരങ്ങളിലൊക്കെ ഭയം കലർന്ന ബഹുമാനത്തോടെ മാറിനിന്നുകാണാനേ സാധിച്ചിരു ന്നുള്ളൂ. അടുത്തുചെന്ന്‌ സംസാരിച്ചാൽ ഗുരുത്വക്കേടാവുമോ എന്ന്‌ സന്ദേഹിച്ചിട്ടുണ്ട്. പക്ഷേ, കോളേജ് കഴിയുന്നതിനൊപ്പംതന്നെ എന്നെയൊരു ചലച്ചിത്രനടനാക്കിമാറ്റിയ വിധി എനിക്കായി കരുതിെവച്ച അതിലും വലിയ സൗഭാഗ്യമാണ് ഒ.എൻ.വി. സാറിനോട്‌ ഒരു മകനെപ്പോലെ പെരുമാറാൻ കിട്ടിയ അസുലഭാവസരം. അത്‌ തുടങ്ങുന്നതാവട്ടെ, എന്റെ ആദ്യസിനിമയായ ‘തിരനോട്ട’ത്തിലൂടെയാണെന്നത് ഒ.എൻ.വി.സാറിനെ സംബന്ധിച്ചിടത്തോളം യാദൃച്ഛികമാകുമെങ്കിലും എന്നെ സംബന്ധിച്ച് നിയോഗമെന്നോ ഭാഗ്യമെന്നോതന്നെ പറയേണ്ടിവരും. ഈ ഓർമക്കുറിപ്പിന്റെ ശീർഷകം അദ്ദേഹം ആ ചിത്രത്തിനായി എഴുതിയ ഗാനത്തിന്റെ വരികളാണെന്ന്‌ പറയട്ടെ.

എത്ര മധുര ഗാനങ്ങൾ

എന്റെ എത്രയെത്ര സിനിമകൾക്ക്‌ പിന്നീട്‌ ഒ.എൻ.വി.സാർ പാട്ടുകളെഴുതിയിരിക്കുന്നു! അല്ല, അദ്ദേഹത്തിന്റെ എത്രയെത്ര സുന്ദരവരികൾ ഞാൻ പാടിയഭിനയിച്ചിരിക്കുന്നു എന്നുപറഞ്ഞാലാണ്‌ ശരിയാവുക.  

പഞ്ചാഗ്നി, സുഖമോ ദേവി, ഉയരും ഞാൻ നാടാകെ, നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ, നേരംപുലരുമ്പോൾ, ദേശാടനക്കിളി കരയാറില്ല, ഒന്നുമുതൽ പൂജ്യംവരെ, ഇവിടെ എല്ലാവർക്കും സുഖം, ഇന്ദ്രജാലം, ലാൽസലാം, സൂര്യഗായത്രി, രാജശില്പി, നാടോടി, മിഥുനം, പവിത്രം, രക്തസാക്ഷികൾ സിന്ദാബാദ്, മിഴികൾ സാക്ഷി, പ്രണയം, ഗീതാഞ്ജലി... അങ്ങനെ എത്രയെത്ര സിനിമകൾ. എത്രയോ ഹിറ്റും സൂപ്പർഹിറ്റുമായ ഗാനങ്ങൾ.  

തമ്പി കണ്ണന്താനത്തിന്റെയും വേണു നാഗവള്ളിയുടെയും സിനിമകളിലാണെന്നുതോന്നുന്നു, ഒ.എൻ.വി. സാർ എനിക്കുവേണ്ടി ഏറ്റവും കൂടുതൽ ഗാനങ്ങളെഴുതിയത്. ‘ഇന്ദ്രജാല’ത്തിലെ കുഞ്ഞി ക്കിളിയേ കൂടെവിടെ..., ‘നാടോടി’യിലെ കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള്..., ദൂരെ ദൂരെ..., ‘ലാൽ സലാമി’ലെ ആരോ പോരുന്നെൻകൂടെ..., പൊന്നാര്യൻ പാടം..., നമ്മളുകൊയ്യും വലയെല്ലാം..., സാന്ദ്രമാം മൗനത്തിൻ..., ‘നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ ആകാശമാകെ കണിമലർ..., ‘ദേശാടനക്കിളി കരയാറില്ല’യിലെ വാനമ്പാടി ഏതോ..., ‘ഗീതാഞ്ജലി’യിലെ മധുമതി പൂവിരിഞ്ഞുവോ... അങ്ങനെ ചിലപാട്ടുകൾ എപ്പോൾ എഫ്.എം. റേഡിയോ െവച്ചാലും കേൾക്കാറുണ്ട്. ലോകത്തെവിടെപ്പോയാലും മലയാളികൾ ഇഷ്ടപ്പെട്ട പാട്ടായി പറയാറുമുണ്ട്.  

ആർ. സുകുമാരന്റെ ‘രാജശില്പി’യിലെ പൊയ്കയിൽ കുളിർ പൊയ്കയിൽ... എന്ന പാട്ടും അനിലിന്റെ ‘സൂര്യഗായത്രി’യിലെ ആലില മഞ്ചലിൽ നീയാടുമ്പോൾ... എന്ന ഗാനവും കേൾക്കുമ്പോൾ രവീന്ദ്രൻ മാസ്റ്ററും ഒ.എൻ.വി.സാറും ചേർന്നുസൃഷ്ടിച്ച മാജിക്കിനുമുന്നിൽ ഞാനറിയാതെ മനസ്സുനമിക്കാറുണ്ട്. ‘സൂര്യഗായത്രി’യിലെത്തന്നെ തംബുരു..., രാഗം താനം..., ‘പഞ്ചാഗ്നി’യിലെ സാഗരങ്ങളെ.... ‘പവിത്ര’ത്തിലെ താളമയഞ്ഞു..., ശ്രീരാഗമോ..., വാലിന്മേൽ പൂവും..., ‘മിഥുന’ത്തിലെ ഞാറ്റുവേലക്കിളിയേ... എന്നീ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ, അവയുടെ ഗാനചിത്രീകരണരംഗങ്ങൾ വീണ്ടും കാണുമ്പോൾ, കഥാസന്ദർഭങ്ങൾക്ക് എത്ര ഇണങ്ങുംവിധത്തിലാണ് അക്ഷരപ്രസാദം പദങ്ങളായി അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ ലാസ്യനൃത്തം ചെയ്യുന്നത് എന്നോർത്ത് അഭിമാനിക്കാറുണ്ട്. 

ഞാൻ അതിഥിവേഷത്തിൽവന്ന, ജി. വേണുഗോപാൽ എന്ന ഗായകനെ അടയാളപ്പെടുത്തിയ, രാധികാ തിലക്‌ എന്ന ഗായികയെ അവതരിപ്പിച്ച രഘുനാഥ് പലേരിയുടെ ‘ഒന്നുമുതൽ പൂജ്യംവരെ’യിലെ അദ്ദേഹത്തിന്റെ ഗാനങ്ങൾക്കും വല്ലാത്തൊരു ഹൃദയദ്രവീകരണ ശക്തിയുണ്ട്. 

ഗാനങ്ങളെപ്പറ്റി പറയുമ്പോൾ സ്വകാര്യമായി എനിക്കുള്ള ഒരു നിരാശകൂടി പങ്കുവെക്കുകയാണ്. മലയാളസിനിമയിൽ ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും സിനിമയ്ക്കുവേണ്ടി പ്രിയപ്പെട്ട ഒ.എൻ.വി.സാറിന്റെ ഗാനങ്ങൾ എനിക്ക്‌ പാടി ആലേഖനംചെയ്യാൻ സാധിച്ചിട്ടില്ല. ആ നിരാശ ഞാൻ തീർക്കുന്നത് ‘സൂര്യഗായത്രി’യിലെ തംബുരു... എന്ന ഗാനത്തിനിടെ സൗണ്ട് ട്രാക്കിൽ കേൾപ്പിക്കുന്ന എന്റെ ഒരു സംഭാഷണത്തിലൂടെയാണ്. ഒ.എൻ.വി.-രവീന്ദ്രൻ കൂട്ടുകെട്ടിലെ ആ അനശ്വര ഗാനത്തിനിടെ 
എനിക്ക് എന്റെ ശബ്ദം കേൾപ്പിക്കാൻ സാധിച്ചല്ലോ!

സാർഥകമായ അനുഗ്രഹങ്ങൾ

വ്യക്തിപരമായി എനിക്ക്‌ മറക്കാനാവാത്ത ഒരുപിടി ഓർമകളെങ്കിലുമുണ്ട് ഒ.എൻ.വി.സാറുമായി ബന്ധപ്പെട്ട്. മുംബൈയിൽ​െവച്ച് കാവാലം സാറിന്റെ കർണഭാരം അരങ്ങേറിയതുമായി ബന്ധപ്പെട്ടതാണ് അതിൽ ഏറ്റവും പ്രധാനം. ആദ്യദിവസം ലീല കെംപിൻസ്കി ഹോട്ടലിൽ​െവച്ചും അടുത്ത ദിവസം ഷണ്മുഖാനന്ദ ഹാളിൽ​െവച്ചും നടന്ന ഏകാംഗാവതരണങ്ങളിൽ ഒ.എൻ.വി.സാർ എം.ടി.സാറിനൊപ്പം വന്നിരുന്നു. അവതരണം കഴിഞ്ഞ് എന്നെക്കണ്ട് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. തുടർച്ചയായി രണ്ട് അവതരണങ്ങൾക്കും അദ്ദേഹത്തെപ്പോലൊരാൾ വരുക എന്നുെവച്ചാൽ, അതൊക്കെ വലിയ ബഹുമതിതന്നെയായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. ഞാനും മുകേഷും ചേർന്നവതരിപ്പിച്ച 
‘ഛായാമുഖി’ കാണാനും അദ്ദേഹം എത്തിയതോർമയുണ്ട്.

അവസാനകാലത്ത്, തിരുവനന്തപുരത്തെ പോത്തൻകോട്ട് ശാന്തിഗിരി ആശ്രമത്തിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് ഒരു ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ഞാൻ അദ്ദേഹത്തെ കാണാൻചെന്നു. ആശുപത്രി അധികൃതർക്കോ മറ്റാർക്കെങ്കിലുമോ ആ സന്ദർശനത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി എന്നെ കണ്ടതും അദ്ദേഹം പതിവുചിരിയോടെ സ്വീകരിച്ചു. ഒരുപാടുനേരം അന്ന് അദ്ദേഹത്തിനൊപ്പം ആ ആശുപത്രിമുറിയിൽ മറ്റുതിരക്കുകളൊന്നുമില്ലാതെ സംസാരിക്കാനായി. അതുകഴിഞ്ഞ് കുറച്ചുദിവസത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. സത്യത്തിൽ അതുകേൾക്കുമ്പോഴും ദിവസങ്ങൾക്കുമുമ്പ് അദ്ദേഹത്തിനോടൊപ്പം ചെലവഴിച്ച ആ വിലയേറിയ മണിക്കൂറുകളുടെ ഹാങ്ങോവറിലായിരുന്നു ഞാൻ.  

ചിലരങ്ങനെയാണ്, അസാന്നിധ്യത്തിലും നമ്മുടെ ഹൃദയത്തിൽ അങ്ങനെ നിറഞ്ഞുനിൽക്കും, ഒ.എൻ.വി. സാറിനെപ്പോലെ.