N.V.Krishna Warrierട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാധവൻ മാഷ് ചൊല്ലിക്കേട്ട ‘ആഫ്രിക്ക’ എന്ന കവിതയുടെ നേരം ഇപ്പോഴും ഓർമയിൽ. ഒരു ഉച്ചനേരമായിരുന്നു, അത്. ഇന്നത്തെപ്പോലെ കാഴ്ചയിലും മോടിയിലും വർണശബളമല്ലായിരുന്നു, അന്നത്തെ ക്ലാസ്സുകൾ. അരയോ, മുക്കാലോ നിറഞ്ഞ വയറുകളും കണ്ണുകളെ മയക്കാൻ ശക്തിയുള്ള ഉച്ചയുടെ ആലസ്യവും. അതിനുമുകളിലേക്കാണ് മാധവൻ മാഷുടെ ഘനമുള്ള ശബ്ദം വീണത്. 
    ‘‘നിൽക്കുന്നു, ഞാനീക്കടൽ വക്കിൽ-
    സന്ധ്യാ ശോണിമ മാച്ചു നഭസ്സിൽ-
    തിക്കിക്കേറിയുരുണ്ടുയരുന്നൂ 
    കർക്കടകക്കരി മേഘ കലാപം’’


ഒരു കടൽത്തീരം മുമ്പിൽ വിരിയുകയാണ്. ഞങ്ങൾ ഞങ്ങളുടെ കൊച്ചുലോകങ്ങളിൽനിന്നുയർന്നു. മേഘമാലകളിൽ ഞങ്ങൾ വേറൊരു നാടിനെ വായിക്കാൻ തുടങ്ങി. 
പുള്ളിപ്പുലികൾ തുള്ളുന്ന കാടുകൾ, മഞ്ഞക്കരി നിറമുള്ള മുതലത്തലകൾ, ഹിപ്പോപ്പൊട്ടാമസുകൾ, കാട്ടുപോത്തുകൾ, ജിറാഫുകൾ... വരാനിരിക്കുന്ന ഡിസ്കവറി, അനിമൽ പ്ലാനറ്റ്, നാഷണൽ ജ്യോഗ്രഫിക് ചാനലുകളെപ്പറ്റി യാതൊരു 
സൂചനകളുമില്ലാത്ത 1980-കളുടെ ജിജ്ഞാസയിൽ ഞങ്ങളുണർന്നു. എൻ.വി. കൃഷ്ണവാര്യരെ മാധവൻമാഷുടെ വേഷത്തിൽ ആദ്യമായി കണ്ടെത്തുകയായിരുന്നു ഞങ്ങൾ. സഹാറയും റൂവൻ സോറിയും ആ കവിതയിൽ ഉണ്ട്. എൻക്രൂമയും നഗീബും പോലുള്ള ആഫ്രിക്കൻ നേതാക്കളും. വീരനായകരായ മസായി, തൂസി ഗോത്രക്കാരെയും കാണിച്ചുതന്നു ആ കവിത. ആഫ്രിക്ക കടന്നുപോയ ദുരിതങ്ങളെ, രോഗകാലങ്ങളെ, വർണവിവേചനത്തെ, ഉയിർത്തെഴുന്നേൽപ്പുകളെ 
വിശദമായി വായിച്ചെടുത്ത കവിത. 
ആഫ്രിക്കയിലൂടെ നടത്തിയ ഒരു യാത്രാവിവരണത്തിന്റെ പ്രതീതി ആ കവിത തന്നു. അല്ലെങ്കിൽ യാത്രാവിവരണങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ പലതും ആ കവിതയുടെയും അടിസ്ഥാനങ്ങൾ ആയിരുന്നു. സൂക്ഷ്മമായ അംശങ്ങളെപ്പോലും വിശദീകരിച്ച് നമ്മുടെ കാഴ്ചയാക്കിമാറ്റുന്ന വിവരണസ്വഭാവം യാത്രാവിവരണങ്ങളിലെന്നപോലെ ആ കവിതയിലും ചേർന്നുനിന്നു. യാത്രാവിവരണത്തിന്റെ അടിസ്ഥാന അസംസ്കൃതവിഭവങ്ങളായ ഭൂപ്രകൃതി, ചരിത്രം, സമകാലികാവസ്ഥ എന്നിവ ഈ കവിതയുടെയും അസംസ്കൃതവിഭവങ്ങളായിരുന്നു. 

‘‘കരിയും ചെമ്പുമിരുമ്പും പൊന്നും
വൈരം പ്ലാറ്റിന മീയ യുറേനിയ - 
മരി ഗോതമ്പം കൊക്കോ സൈസലും
അഖില വസുന്ധരയാണാഫ്രിക്ക’’

എന്ന വരികളിൽ വസ്തുതാപരമായ ഒരു തെറ്റുപോലും കണ്ടെത്താനാവില്ല.  കവിതയിലെ രസനീയത ഏതെങ്കിലും നിലയ്ക്ക് വർധിക്കുമെന്നുറപ്പായാൽ പോലും പ്ലാറ്റിനത്തെ റേഡിയമാക്കാനോ ഇരുമ്പിനെ അലൂമിനിയമാക്കാനോ എൻ.വി. തുനിയില്ല. പിന്നെ എന്താണ് ഒരു വസ്തുതാവിവരണത്തിനപ്പുറം ‘ആഫ്രിക്കയെ’ കവിതയാക്കുന്നത്... ? 
ഒരുപക്ഷേ, എൻ.വി. ഇന്നും ഏറ്റവും കൂടുതൽ ജീവിച്ചിരിക്കുന്ന ഈ കവിതയിലെ ഉദ്ധരണി അത് വ്യക്തമാക്കിത്തരും. 

‘‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു. 

    എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-
    നവിടെ ജീവിച്ചീടുന്നു ഞാൻ;
    ഇന്നാഫ്രിക്കയിതെൻ നാടവളുടെ 
    ദുഃഖത്താലേ ഞാൻ കരയുന്നു. 
    ..........................................................
    ..........................................................
  ഉയരാനക്രമ നീതിക്കെതിരായ് 
  പ്പൊരുതാ, നൊരുവനുയിർക്കുമ്പോൾ ഞാ-
  നപരാജിതനാ, ണെന്നുടെ ജന്മം 
  സ്വാർഥകമാ, ണവനാകുന്നു ഞാൻ’’

 പദ്യത്തിൽ ഒരു യാത്രാവിവരണം എന്ന നിലയിൽ നിന്ന്, ‘ആഫ്രിക്ക’ കവിതയുടെ വിശ്വരൂപം പ്രാപിക്കുന്നത് ഇങ്ങനെയാണ്. വസ്തുതകളെ ജ്ഞാനമായും ജ്ഞാനത്തെ ദർശനമായും കവിത പരിണമിപ്പിക്കുന്നത് എങ്ങനെയെന്ന് ‘ആഫ്രിക്ക’ വ്യക്തമാക്കിത്തരുന്നു. 
നമുക്കെല്ലാവർക്കുമറിയുന്നപോലെ, സ്വാതന്ത്ര്യലബ്ധിക്കാലത്തിന്റെ അക്കരെയും ഇക്കരെയുമായാണ് എൻ.വി. ജീവിച്ചത്. ഈ ഭൂമിയിൽ അദ്ദേഹം ജീവിച്ച 73 വർഷങ്ങളെ അത്തരത്തിൽ വേർതിരിച്ചാൽ സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ 31 വർഷവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 42 വർഷവും എന്ന് കണക്കാക്കാം. സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ എൻ.വി.യുടെ വർഷങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഗാന്ധിയൻസമരത്തിന്റെ വക്കുകളിൽ നിന്ന് കുതറിമാറി നിൽക്കുന്ന ഒരു എൻ.വി.യെ, സ്വാതന്ത്ര്യലബ്ധിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് വേഗം പോരാ എന്നും വിശ്വസിച്ച ഒരു എൻ.വി.യെ. സ്വാതന്ത്ര്യസമരത്തിൽ അത്രത്തോളം നിമഗ്നരായ പലരും സ്വാതന്ത്ര്യലബ്ധിയോടെ ഭരണകൂടത്തിന്റെ ഒരു ഉപകരണം മാത്രമായി മാറുന്നതും നാം കണ്ടു. ഇന്ത്യയുടെ ഭാഗധേയം ഭരണപരമായി നിയന്ത്രിക്കുന്ന  നിഴൽമന്ത്രിമാരായി അവരിൽ പലരും സ്വയം അവരോധിച്ചു. എന്നാൽ എൻ.വി. അങ്ങനെ കരുതിയില്ല. നെഹ്രുയുഗത്തിന്റെ ഉത്തമ പ്രതിനിധിയായി അദ്ദേഹത്തെ എണ്ണാൻ തെളിവുകളേറെ. സ്വാതന്ത്ര്യസമരവും ഭരണഘടനയും കൊണ്ടുവന്ന മൂല്യങ്ങളോടുള്ള പ്രതിബദ്ധത, ശാസ്ത്രചിന്ത, ജ്ഞാനസമ്പാദനത്വര എന്നിവയൊക്കെ ഉദാഹരണം. എന്നാൽ, കവിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാഗധേയം മറ്റൊന്നായിരുന്നു. ഒരു എഴുത്തുകാരൻ തന്റെ രാജ്യത്തോടും കാലത്തോടും കൂറുപുലർത്തേണ്ടത് സാമൂഹിക, സാംസ്കാരിക വിമർശകന്റെ പദവി ഏറ്റെടുത്തുകൊണ്ടാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ എൻ.വി. എന്ന കവി നിന്നത് ആന്തരിക വിമർശകനായാണ്. അതിനാൽ ‘ആഫ്രിക്ക’ തുടങ്ങിയ കവിതകളിലെ വീരനായകപ്രഭാവവും അതിനോട് ചേർന്നുനിൽക്കാനുള്ള ത്വരയും ഭാരതത്തെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിനില്ല. ഉദാഹരണത്തിന് അരി വാങ്ങാൻ ക്യൂ നിൽക്കുന്ന ഗാന്ധിയെയും കൂറ്റൻ കാറിലേറി നീങ്ങുന്ന ഗോഡ്‌സെയെയും കാണിച്ചാണ് ‘മോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്‌സെയും’ എന്ന കവിത തുടങ്ങുന്നത്. ഒരു കാർട്ടൂൺ ദൃശ്യം എന്നതിലപ്പുറമാണ് കവിത ആ സന്ദർഭത്തെ രേഖപ്പെടുത്തുന്നത്. രണ്ടുതരം മൂല്യവ്യവസ്ഥകളുടെ ചേർത്തുവെപ്പാണ് അത്. ഗാന്ധിയുടെ നിൽപ്പിന് ഒരു അനാകർഷതയുണ്ട്. ക്യൂവിലെ ചലനമാകട്ടെ നമുക്കറിയാം, പതുക്കെയായിരിക്കും. ഗോഡ്‌സെ ശബളിതനാണ്. വേഗമാണ് മുഖമുദ്ര. പിൽക്കാല ഇന്ത്യാചരിത്രത്തിൽ വേഗവും ശബളിമയും ചേർന്നൊരുക്കിയ വികസനം എന്ന വാക്കിനുപിന്നിലെ ഗോഡ്‌സെ ദൃഷ്ടി ഈ വരികളെ സമകാലീനാവസ്ഥയിലേക്ക് വിക്ഷേപിച്ചാൽ നമുക്കെളുപ്പം കിട്ടും. രാഷ്ട്രീയം എന്ന സംജ്ഞയെ ഇന്ന് ചലിപ്പിക്കുന്നത് ഗാന്ധിയൻ കാഴ്ചപ്പാടുകളല്ല, ഗോഡ്‌സെയുടെ കാഴ്ചപ്പാടുകളാണ് എന്ന കവിയുടെ ക്രാന്തദർശിത്വം താഴെ വരികളിൽ കാണാം.  

‘‘ചത്ത ഹിന്ദുവിന്നാർഷ
    സംസ്കാരമേകാൻ വേണ്ടി-
    യൊത്തതു തരൂകെന്നു 
    കൈപ്പാട്ട നീട്ടി ഗോഡ്‌സേ’’

    
(അറിവേൻ വരും തിര-
ഞ്ഞെടുപ്പിൽ സ്ഥാനാർഥിയാ-
 ണതിനായിപ്പോളുഗ്രം
ജനസേവന വ്രതം) 
ഇങ്ങനെ ജനസേവനവ്രതം അഭിനയിച്ച ഗോഡ്‌സെമാർ തിരഞ്ഞെടുപ്പിൽ ജയിച്ചു. 
‘‘അന്തിയിൽ പ്രോജക്ട് ഹൗസിൽ/ക്കാരിറങ്ങുന്ന’’ ഗോഡ്‌സേ വലിയ കോർപ്പറേറ്റ് കമ്പനികളായി രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം കൈയടക്കി. ഗാന്ധി അരികുവത്കരിക്കപ്പെട്ടു. 
ഈ ആന്തരികവിമർശനം രാഷ്ട്രീയവ്യവഹാരത്തെ നേരിടുമ്പോൾ മാത്രമല്ല അദ്ദേഹം കാണിച്ചത്. സംസ്കാരവിമർശനത്തിലും കൂടിയാണ്. ദേശത്തിന്റെ ഉടമസ്ഥാവകാശം ഗോഡ്‌സെമാർ ഏറ്റെടുക്കുകയും ദേശീയതയെ അവർ നിർവചിക്കുകയും ചെയ്യുമ്പോൾ അതിനെ ചെറുക്കേണ്ട പൗരസമൂഹത്തിന്റെ അവസ്ഥയെന്താണ് ? വിദ്യാഭ്യാസവും സാക്ഷരതയും ദേശീയയോദ്ഗ്രഥനത്തിന്റെ പ്രധാനഘടകങ്ങളായി അവതരിപ്പിക്കപ്പെടുമ്പോൾതന്നെയാണ് ‘കൊച്ചുതൊമ്മൻ’ എന്ന കവിത പിറക്കുന്നത്. 
ഒരു വിദ്യാർഥി എങ്ങനെയായിരിക്കണം എന്ന പുരാതനകാലം മുതലേയുള്ള എല്ലാ മാതൃകകളെയും അട്ടിമറിച്ച ആളാണ് കവിതയിലെ കൊച്ചുതൊമ്മൻ. പഠനമല്ല, പ്രണയമാണ് അയാളുടെ പ്രശ്നം. മിസ് ക്ലാര ക്ലർക്ക് എന്ന ക്ലക്ലയുടെ, തന്റെ സഹപാഠിയുടെ പ്രേമം കിട്ടാൻ എന്ത് വിഡ്ഢിവേഷവും കെട്ടാൻ അയാൾ ഒരുക്കമാണ്. വർണശബളമായ വേഷഭൂഷാദികളിലും ചമയസാമഗ്രികളിലും മുങ്ങിക്കുളിച്ച ഒരാളായിട്ടാണ് കൊച്ചുതൊമ്മന്റെ ഇരിപ്പും നടപ്പുമെങ്കിലും സൂക്ഷ്മമായ വായനയിൽ അയാളെ ഞെരുക്കുന്ന ഏകാന്തത വായനക്കാർക്ക് തെളിഞ്ഞുകിട്ടും. അയാളുടെ സഞ്ചാരങ്ങൾ ഒരിക്കലും കൂട്ടുകൂടി ബഹളംവെച്ചുള്ളതല്ല. ഏകാകിയായിട്ടാണ്. ഒരുപക്ഷേ, കൊച്ചുതൊമ്മൻ എന്ന പച്ചപ്പരിഷ്കാരി, കൊച്ചുതൊമ്മൻ എന്ന ഏകാകിയുടെ മുഖംമൂടിയാണ്. ആ ഏകാകിത പ്രണയിയുടെ, പ്രണയതിരസ്കാരത്തിന്റെ ഏകാകിത മാത്രമല്ല. അതിലും ആഴത്തിലുള്ളതാണ്. അങ്ങകലെ ഹൈറേഞ്ചിൽ ദാരുണസാഹചര്യങ്ങളിൽ ജീവിച്ച്, മകനെ ഐ.എ.എസ്. പരീക്ഷ പാസ്സാക്കാൻ കൊതിക്കുന്ന പിതാവിന്റെ ഇല്ലായ്മകളിലാണ് തന്റെ വേര്‌ എന്ന് അറിയാവുന്ന ഒരാളുടെ ഏകാകിതയാണത്. ക്ലക്ല എന്ന, കൊച്ചുതൊമ്മനെ അപമാനിക്കാൻമാത്രം ശക്തിയാർജിച്ച ഫ്രോക്കിനുള്ളിലെ ആധുനിക വനിതാ സ്വരൂപവും മുഖംമൂടി മാത്രമാണെന്ന് അവസാനം നാം അറിയുന്നു. എഴുത്തച്ഛന്റെ കിളിക്ക്‌ ഇക്കാലത്ത് എഴുതാവുന്ന കഥകൾ ഇത്തരത്തിലുള്ളതാണെന്നും കവി ഇടയ്ക്ക് പറഞ്ഞുവെക്കുന്നുണ്ട്. 
കൊച്ചുതൊമ്മൻ എന്ന കവിതയിലെ സ്ഥലവിന്യാസവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കോളേജും നഗരവും തീവണ്ടിയും റബ്ബർത്തോട്ടവും ഒക്കെ കവിതയിൽ വരുന്നു. മലയാളകവിതയിൽ പൊതുസ്ഥലങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. എൻ.വി.യുടെ കവിതകളിലാണെന്ന് പ്രസിദ്ധ നിരൂപകൻ കെ.സി. നാരായണൻ നിരീക്ഷിച്ചുകണ്ടിട്ടുണ്ട്. കവിത പൊതുസ്ഥലങ്ങളിലേക്കിറങ്ങിച്ചെന്നത് അടിവരയിട്ട് മനസ്സിലാക്കേണ്ട സംഗതിയാണ്. ‘കവിത ഏകാന്തതയിൽ അനുസ്മരിക്കുന്ന അനുധ്യാനമാണ്’ എന്ന വിചാരമാണ് ഇന്നും പല കവികളിലും കവിതാ അനുവാചകരിലും പ്രബലമായിട്ടുള്ളത് എന്നോർക്കുമ്പോൾ പ്രത്യേകിച്ചും.
ആഖ്യാനകവിതകളുടെ സാധ്യതകളും പിൽക്കാല മലയാളകവിതയ്ക്ക് എൻ.വി. നൽകിയ വലിയ വാഗ്ദാനമാണ്. ആഖ്യാനകവിതാപാരമ്പര്യം എൻ.വി.യിൽ സമകാലീനമായി. പുതിയ കഥപറച്ചിൽ കവിതയിലും സാധ്യമാണ് എന്ന് എൻ.വി. 
ഉറപ്പിച്ചുപറഞ്ഞു. നോവലുകളും കഥകളും നിർവഹിച്ചിരുന്ന ആഖ്യാനത്തിന് ഒരു  മറുപാതിയുണ്ടെന്നും ആ മറുപാതിയുടെ ആഖ്യാനം നിർവഹിക്കാൻ കവിതയ്ക്കേ കഴിയൂ എന്നും എൻ.വി. പ്രയോഗിച്ചുകാണിച്ചു. 
വിശപ്പായിരുന്നു, കവിതയിൽ എൻ.വി.യുടെ നോട്ടക്കോണിനെ നിശ്ചയിച്ചിരുന്ന വസ്തുത. ഒളിച്ചിരിക്കാൻ ഒരുപാട് സ്ഥലങ്ങളുള്ള പൊങ്ങച്ചത്തിന്റെ ഒരു അങ്ങാടിക്കാലം വരുന്നത് വിശപ്പിന്റെ ദൂരദർശിനിക്കുഴൽ അദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തു. 
അക്കാലത്തിന്റെ രൂക്ഷതയും അസംബന്ധതയും അദ്ദേഹത്തിന് അനുഭവിക്കേണ്ടി 
വന്നിട്ടില്ല. പക്ഷേ, വിശപ്പിന്റെ വീര്യമുള്ള എൻ.വി.യുടെ കവിതാനോട്ടങ്ങൾ ഇക്കാലത്തെ നേരിടാൻ നമുക്ക് നാട്ടുചികിത്സയുടെ ആരോഗ്യംതരും. അറിവും തിരിച്ചറിവുമുള്ള നാടിന്റെ ആത്മവിശ്വാസവും.