കാർ തിരക്കേറിയ ചെറ്റ്‌പെട്ട് പാലത്തിനു മുകളിലെത്തിയപ്പോൾ, പിൻസീറ്റിൽ ചാരിക്കിടന്ന് പതിഞ്ഞശബ്ദത്തിൽ മനോഹരമായ ഒരു ഈണം മൂളി അർജുനൻ മാസ്റ്റർ: ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രിയൊരുങ്ങും...’ മാസ്റ്റർക്കൊപ്പമുള്ള ചെന്നൈ യാത്രയിൽനിന്ന് ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്ന അപൂർവസുന്ദര നിമിഷം. ‘ഈ പാലം ഞാൻ എങ്ങനെ മറക്കാൻ?’ ആത്മഗതമെന്നോണം അർജുനൻമാസ്റ്റർ പറയുന്നു. സിനിമാജീവിതത്തിന്റെതന്നെ വഴിതിരിച്ചുവിട്ട ഒരു സൂപ്പർ ഹിറ്റ് ഗാനത്തിന്റെ പിറവിക്കുപിന്നിലെ കൗതുകമാർന്ന കഥ മാസ്റ്റർ പങ്കുവെച്ചത് അന്നാണ്. ആഹ്ളാദദുഃഖങ്ങൾ ഇടകലർന്ന കഥ. 1975-ലാണ്. മഹാലിംഗപുരത്തെ എം.എസ്. പ്രൊഡക്‌ഷൻസിന്റെ ഓഫീസിൽ ‘പിക്‌നിക്’ എന്ന ചിത്രത്തിന്റെ ഗാനസൃഷ്ടി നടക്കുന്നു. ശ്രീകുമാരൻ തമ്പിയുടേതാണ് രചന. ഏഴു പാട്ടുകളിൽ ആറെണ്ണവും തയ്യാർ. ഒരു യുഗ്മഗാനം മാത്രമുണ്ട് ബാക്കി. ദിവസങ്ങളോളം വരികളുമായി മൽപ്പിടിത്തം നടത്തിയിട്ടും അനുയോജ്യമായ ഈണം കണ്ടെത്താനാകുന്നില്ല മാസ്റ്റർക്ക്. അദ്ദേഹത്തിന്റെ കുറ്റംകൊണ്ടല്ല. ചെയ്ത ഈണങ്ങളൊന്നും നിർമാതാക്കൾക്കും സംവിധായകൻ ശശികുമാറിനും ബോധിക്കുന്നില്ല. അത്രതന്നെ. 

പതിവുപോലെ അന്നും സ്വന്തം കാലക്കേടിനെ പഴിച്ചുകൊണ്ട് താമസസ്ഥലമായ അയ്യപ്പാ ലോഡ്ജിലേക്ക് ടാക്സിയിൽ മടങ്ങുന്നു അർജുനൻ. യാത്രയിലുടനീളം മനസ്സ് മൂളിക്കൊണ്ടിരുന്നത് തമ്പിയുടെ വരികൾ മാത്രം. കാർ ചെറ്റ്‌പെട്ട് പാലത്തിനു മുകളിലെത്തിയപ്പോൾ വെളിപാടുപോലെ പല്ലവിയുടെ ഈണം മാസ്റ്ററുടെ മനസ്സിൽ ഒഴുകിയെത്തുന്നു.  എങ്ങുനിന്നെന്ന് അറിയില്ല. വരികൾ വെറുതേ മൂളിക്കൊണ്ടിരുന്നപ്പോൾ അവയിൽ വന്നുനിറയുകയായിരുന്നു ആ ഈണം. പിന്നെ ഒട്ടും അമാന്തിച്ചില്ല. ലോഡ്ജിലെത്തിയ ഉടൻ ആദ്യം ചെയ്തത് ആ ഈണം പാടി ടേപ്പിലാക്കുകയാണ്. അതേയിരിപ്പിൽ ബാക്കി വരികൾകൂടി ചിട്ടപ്പെടുത്തിയശേഷമേ അന്നുറങ്ങിയുള്ളൂ എന്ന് മാസ്റ്റർ. പിറ്റേന്ന് അതികാലത്ത് പുതിയ ഈണവുമായി പ്രൊഡക്‌ഷൻ ഓഫീസിൽ മാസ്റ്റർ ഹാജർ.

ഹാർമോണിയത്തിൽ സംവിധായകന്‌ ട്യൂൺ വായിച്ചുകൊടുക്കുംമുൻപേ ഒരു കാര്യം മനസ്സിലുറച്ചിരുന്നു അർജുനൻ: ‘‘ഈ വരികൾക്ക് ഇനി മറ്റൊരു ഈണമില്ല. ഇത് നിരസിക്കപ്പെടുകയാണെങ്കിൽ ഈ പണി നിർത്തി നാട്ടിലേക്ക് മടങ്ങും ഞാൻ.’’ പതിവുപോലെ പുതിയ ഈണം കേട്ടിട്ടും ശശികുമാറിന്റെ മുഖത്ത് രക്തപ്രസാദമില്ല. എങ്കിലും അറ്റകൈയ്ക്ക് ഒരു പരീക്ഷണത്തിനുകൂടി തയ്യാറായി അദ്ദേഹം. ഓഫീസിലെ ശിപായിമാരെയും  ചായക്കാരനെയുമൊക്കെ വിളിച്ചുവരുത്തി അവർക്ക് ട്യൂൺ കേൾപ്പിച്ചുകൊടുക്കാൻ അർജുനനോട് ആവശ്യപ്പെടുന്നു, അദ്ദേഹം. അപമാനം സഹിച്ചുകൊണ്ടുതന്നെ ആ ദൗത്യം നിർവഹിച്ചപ്പോൾ  ‘ആസ്വാദക സദസ്സ്’ ഒരേസ്വരത്തിൽ പറഞ്ഞു: ‘‘റൊമ്പ നല്ല പാട്ട് സാർ. ഷുവർ ഹിറ്റ്...’’ അടുത്തൊരു നാൾ ജെമിനി സ്റ്റുഡിയോയിൽ യേശുദാസിന്റെയും വാണി ജയറാമിന്റെയും സ്വരത്തിൽ റെക്കോഡ് ചെയ്യപ്പെട്ട ആ ഗാനം നാലരപ്പതിറ്റാണ്ടിനിപ്പുറവും പ്രണയസുഗന്ധം പരത്തി നമുക്കൊപ്പമുണ്ട് -വാൽക്കണ്ണെഴുതി വനപുഷ്പം ചൂടിക്കൊണ്ട്.ശ്രീകുമാരൻ തമ്പിയുമായി ചേർന്ന് ഒരു ഗാനവസന്തംതന്നെ മലയാളികൾക്ക് സൃഷ്ടിച്ചുനൽകി അദ്ദേഹം. നിൻ മണിയറയിലെ, നീലനിശീഥിനി (സി.ഐ.ഡി. നസീർ), ചന്ദ്രരശ്മി തൻ (അന്വേഷണം), സുഖമൊരു ബിന്ദു (ഇത് മനുഷ്യനോ), പാലരുവിക്കരയിൽ, കുയിലിന്റെ മണിനാദം (പത്മവ്യൂഹം), ചെമ്പകത്തൈകൾ പൂത്ത (കാത്തിരുന്ന നിമിഷം), മല്ലികപ്പൂവിൻ മധുരഗന്ധം (ഹണിമൂൺ), സാന്ധ്യതാരകേ (പത്മരാഗം), നന്ത്യാർവട്ട പൂചിരിച്ചു (പൂന്തേനരുവീ) കസ്തൂരി മണക്കുന്നല്ലോ (പിക്‌നിക്), എത്ര സുന്ദരി, ആ ത്രിസന്ധ്യ തൻ, തിരുവോണപ്പുലരി തൻ (തിരുവോണം), മാവിന്റെ കൊമ്പിലിരുന്നൊരു (പ്രവാഹം), ചെട്ടികുളങ്ങര ഭരണിനാളിൽ (സിന്ധു)... അങ്ങനെ എത്രയെത്ര ഗാനങ്ങൾ.

വയലാറിനൊപ്പം അധികം സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ല അർജുനന്. എങ്കിലും അവർ ഒരുമിച്ച അൻപതോളം ഗാനങ്ങളിൽ ജീവിതത്തിന്റെ സമസ്തഭാവതലങ്ങളും അനുഭവിച്ചറിയുന്നു നാം. അനുരാഗമേ, ദ്വാരകേ (ഹലോ ഡാർലിംഗ്), തളിർവലയോ താമരവലയോ (ചീനവല), മല്ലീസായകാ (സൂര്യവംശം), ഭാമിനീ (ആദ്യത്തെ കഥ) എന്നീ പാട്ടുകൾ ഓർക്കുക. ആദ്യചിത്രത്തിലെ ഗാനരചയിതാവായ പി. ഭാസ്കരനുമായും പിന്നീട് അധികം ഒന്നിച്ചില്ല അർജുനൻ. പക്ഷേ, ഇരുവരും ചേർന്ന് സൃഷ്ടിച്ച ഗാനങ്ങൾ ഓരോന്നും അനുപമം. അനുവാദമില്ലാതെ അകത്തുവന്നൂ  (പുഴ), മാനസതീരത്തെ ചുംബിച്ചുണർത്തിയ (ഡിറ്റക്ടീവ് 909 കേരളത്തിൽ) എന്നീ പാട്ടുകൾ ഓർമയിലുണ്ട്. കാനം ഇ.ജെ. (തിരയും തീരവും ചുംബിച്ചുറങ്ങീ, പുഞ്ചിരിപ്പൂവുമായ് പഞ്ചമി ചന്ദ്രിക, രത്നരാഗമുണർന്ന നിൻ, ഉഷസ്സിൽ നീയൊരു തുഷാരബിന്ദു, ഇന്ദുകമലം ചൂടി), പൂവച്ചൽ ഖാദർ (കായൽക്കരയിൽ തനിച്ചുവന്നത് കാണാൻ, രാവിനിന്നൊരു പെണ്ണിന്റെ), പാപ്പനംകോട് ലക്ഷ്മണൻ (സ്വപ്നങ്ങൾ താഴികക്കുടമേന്തും, മനിസൻ മണ്ണില് പരകോടി, പഴനിമലക്കോവിലിലെ), ഒ.എൻ.വി. (കളിവിളക്കിൻ മുന്നിൽ,  സരോവരം പൂചൂടി, കാണാനഴകുള്ള മാണിക്യക്കുയിലേ), ആർ.കെ. ദാമോദരൻ (രവിവർമ ചിത്രത്തിൻ, ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും), മങ്കൊമ്പ് (അഷ്ടമംഗല്യ സുപ്രഭാതത്തിൽ), ചിറയിൻകീഴ് രാമകൃഷ്ണൻ നായർ (കുടമുല്ലക്കാവിലെ, ഏഴിലംപാലത്തണലിൽ), ഭരണിക്കാവ് ശിവകുമാർ (ആയിരവല്ലി തൻ, സീമന്തരേഖയിൽ), ദേവദാസ് (മാന്മിഴിയാൽ മനം കവർന്നു), ശ്രീധരനുണ്ണി (സ്വപ്നത്തിൽ നിന്നൊരാൾ ചോദിച്ചു), തിക്കുറിശ്ശി (പൂമെത്തപ്പുറത്ത് ഞാൻ നിന്നെ കിടത്തും), അപ്പൻ തച്ചേത്ത് (സന്ധ്യ തൻ കവിൾ തുടുത്തു), ഷിബു ചക്രവർത്തി (ചെല്ലച്ചെറു വീടുതരാം)...  ഏതു ഗാനരചയിതാവിന്റെ വരികളിൽനിന്നും സൂപ്പർ ഹിറ്റുകൾ മെനഞ്ഞെടുക്കാനുള്ള മാന്ത്രികസിദ്ധി മലയാള സിനിമയിൽ അർജുനന് മാത്രം സ്വന്തം എന്നുതോന്നും ചിലപ്പോൾ.