മാനത്തിൻ മുറ്റത്തുനിന്ന് പൗർണമിചന്ദ്രികയിലേക്ക്
 ദേവരാജൻമാഷുമായി അല്പം അകന്നുനിൽക്കുന്ന സമയം. അതിന്റെ ദുഃഖത്തിലായിരുന്നു ഞാൻ. ആ സന്ദർഭത്തിലാണ് കറുത്ത പൗർണമിയിലെ ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസസന്ധ്യകളേ’ എന്ന പാട്ടുകേൾക്കുന്നത്. ആ പാട്ട്‌ എന്നെ വല്ലാതെ ഹോണ്ട് ചെയ്തു.ദേവരാജൻ മാഷ് മനോഹരമായി ചെയ്തിരിക്കുന്നു, ഞാൻ കരുതി. എന്തുചെയ്യാം അദ്ദേഹം എന്റെ പാട്ടുകൾ ചെയ്യില്ലല്ലോ എന്ന വിഷമവും തോന്നി.  ദക്ഷിണാമൂർത്തി സ്വാമിയും ഞാനുംചേർന്ന ഒരു പടത്തിന് ഒരുമിച്ച സമയമായിരുന്നു അത്. ആർ.കെ. ശേഖറായിരുന്നു മ്യൂസിക് അസിസ്റ്റന്റ്. ഞങ്ങൾ ആദ്യപടംമുതൽത്തന്നെ വലിയ സുഹൃത്തുക്കളാണ്.
 ''ദേവരാജൻ മാഷുടെ ഈ പാട്ട് ഏതു പടത്തിലേതാണ്‌'', ഞാൻ ശേഖറിനോടു ചോദിച്ചു. ''അയ്യോ തമ്പി, അത് ദേവരാജൻമാഷുടെ പാട്ടല്ല. അർജുനൻ എന്ന അദ്ദേഹത്തിന്റെ ഹാർമോണിസ്റ്റ് ചിട്ടപ്പെടുത്തിയ പാട്ടാണ്'' -ശേഖർ പറഞ്ഞു. ഞാൻ അദ്‌ഭുതപ്പെട്ടു. ദേവരാജൻമാഷുടെ സ്‌കൂളിൽനിന്നിങ്ങനെയൊരാളുണ്ടെങ്കിൽ എന്തുകൊണ്ടു പ്രയോജനപ്പെടുത്തിക്കൂടാ എന്നെന്റെ ചിന്തപോയി. ആ ചിന്തയിൽനിന്നാണ് ശ്രീകുമാരൻ തമ്പി-എം.കെ. അർജുനൻ കൂട്ടുകെട്ട് ഉണ്ടാവുന്നത്.

കൊട്ടാരക്കരയുടെവീട്ടിലേക്ക്
പറ്റിയ ഒരവസരം ഉടൻതന്നെ കിട്ടി. കെ.പി. കൊട്ടാരക്കര നിർമിക്കുന്ന പടത്തിന് പെട്ടെന്നൊരു മ്യൂസിക്‌ ഡയറക്ടറെ വേണം. ഞാൻ ദക്ഷിണാമൂർത്തി സ്വാമിയെ ആയിരുന്നു ശുപാർശ ചെയ്തിരുന്നത്. കെ.പി. കൊട്ടാരക്കരയുടെ വീട്ടിലായിരുന്നു കമ്പോസിങ്. ഞാൻ ഡിസൈൻചെയ്ത വീടായിരുന്നു അത്. സ്വാമി വിളക്കുകൊളുത്തി പുറത്തിറങ്ങിയപ്പോൾ കെ.പി. കൊട്ടാരക്കര റേറ്റ് പറഞ്ഞു. സ്വാമിക്ക്‌ അത്‌ അപമാനമായി തോന്നി. തന്റെ സംഗീതത്തിന് വിലയിടുന്നത് അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു. സ്വാമി ഇറങ്ങിപ്പോയി. സന്നിഗ്‌ധഘട്ടം. രണ്ടുദിവസത്തിനകം റെക്കോഡിങ്‌ നടക്കണം. കെ.പി. കൊട്ടാരക്കര മുഹൂർത്തം നോക്കുന്നതിൽ കർക്കശക്കാരനാണ്. അന്ന്‌ പടം തുടങ്ങുക എന്നുപറഞ്ഞാൽ പാട്ടു റെക്കോഡിങ്ങാണാദ്യം. പറ്റിയ സന്ദർഭം. ''അർജുനൻ മാഷെ കൊണ്ടുവന്നാലോ'' -ഞാൻ ശേഖറിനോടു ചോദിച്ചു. ''അതിനെവിടെ സമയം, കൊച്ചിയിൽനിന്ന്‌ കൊണ്ടുവരണ്ടേ'' -ശേഖർ പരിഭ്രാന്തനായി.  ''നോക്കാം'' -ഞാൻ പറഞ്ഞു. ഞാനും ശേഖറുംകൂടി അദ്ദേഹത്തിന്റെ മോറിസ് മൈനർ കാറിൽ യേശുദാസിന്റെ വീട്ടിലേക്കു തിരിച്ചു. ശേഖർ യേശുവിന്റെ നാട്ടുകാരനും പരിചയക്കാരനുമാണ്. യേശുവിന്റെ ശബ്ദം ആദ്യമായി റെക്കോഡ്‌ചെയ്ത് അദ്ദേഹത്തെ കേൾപ്പിച്ചത് അർജുനനാണ്. യേശുദാസിന് വലിയ സന്തോഷമായി. ഉടൻ യേശു തന്റെ മാനേജർ പോളിനെ വിളിച്ചു. ഇന്നുമോർക്കുന്നു, അത് ഒരു ലൈറ്റനിങ് കോളായിരുന്നു. പോളിനെ കിട്ടി. പോൾ വണ്ടിയെടുത്ത് പള്ളുരുത്തിയെത്തിയപ്പോൾ ഭാഗ്യത്തിന് അർജുനൻ വീട്ടിലുണ്ടായിരുന്നു. അന്നുതന്നെ കൊച്ചിയിൽനിന്ന് ടിക്കറ്റെടുത്തു അദ്ദേഹത്തെ മദിരാശിയിലേക്ക് കയറ്റിവിട്ടു. ആമുഖത്തിൽ വിവരിച്ചത്‌ ആ സന്ദർഭമാണ്‌.

റെയിൽവേസ്റ്റേഷനിൽനിന്ന് നേരെ കൊട്ടാരക്കരയുടെ വീട്ടിലേക്ക്. മനസ്സില്ലാമനസ്സോടെയാണ് കൊട്ടാരക്കര നവാഗതനായ സംഗീതസംവിധായകനെ പരീക്ഷിക്കാൻ സമ്മതിച്ചത്. ''അർജുനനോ ഫൽഗുനനോ'' പാർഥനോ ആരുവേണമെങ്കിലും ആവട്ടെ, പാട്ടു നന്നാവണം. ''ആ ഉറപ്പു തമ്പി തരണം'' -കൊട്ടാരക്കര പറഞ്ഞു. ഞാൻ അപ്പോൾത്തന്നെ കറുത്ത പൗർണമിയിലെ മൂന്നു പാട്ടുകളും -മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൊൻകിനാവിൻ പുഷ്പരഥത്തിൽ -കൊട്ടാരക്കരയെ പാടിക്കേൾപ്പിച്ചു. ''ഈ പടം പൊട്ടിയതല്ലേ. രാശിയുണ്ടാവുമോ.'' കൊട്ടാരക്കര സംശയം പ്രകടിപ്പിച്ചു. അന്ന് മലയാളസിനിമയിൽ രാശിയൊക്കെ വലിയ പ്രധാനമാണ്. ''എന്നാൽ, ഈ പടം ഓടുമെന്നു ഉറപ്പുപറയുന്നു''-ഞാൻ പറഞ്ഞു.

മോഹനത്തിൽ വളർന്ന മനോഹരബന്ധം
പിറ്റേന്ന്‌ രാവിലെ. വരികൾ ഞാൻ കൊടുത്തു. 'പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു...' ''നമ്മുടെ മനസ്സിലെന്തെങ്കിലും പ്ലാനുണ്ടോ'' -അർജുനൻ മാഷ് വീനിതമായി ചോദിച്ചു. ''മോഹനത്തിൽ ചെയ്താലോ മാഷേ'' -ഞാൻ മാഷുടെ ചെവിയിൽ പറഞ്ഞു. മോഹനം, കല്യാണി, സിന്ധുഭൈരവി ഇതൊക്കെ മലയാളികൾക്ക് പ്രിയമേറിയ രാഗങ്ങളാണ്. അർജുനൻ മാഷ് പാട്ട് കമ്പോസ് ചെയ്തു. കെ.പി. കൊട്ടാരക്കരയ്ക്ക് പാട്ട് ഏറെ ഇഷ്ടപ്പെട്ടു. ''ഇയാളെ കൊണ്ടുവന്നതിൽ തമ്പിക്ക് ഞാൻ താങ്ക്‌സ് പറയുന്നു'' -എന്നെ കെട്ടിപ്പിടിച്ച് കൊട്ടാരക്കര പറഞ്ഞു. ''അടുത്ത പത്തു പടങ്ങൾക്കും ഇനി ഇദ്ദേഹംമതി''. ഒറ്റപ്പാട്ടുകൊണ്ട്‌ ഒരു നിർമാതാവിനെക്കൊണ്ട് അത്തരത്തിൽ പറയിപ്പിച്ച മറ്റൊരു സംഗീതസംവിധായകൻ ഇന്ത്യയിലുണ്ടാവില്ല. ''നമുക്കൊരു ടീമായി വർക്കുചെയ്താലോ...'' ഞാൻ അർജുനൻ മാഷോട് ചോദിച്ചു. ''അയ്യോ എനിക്കതൊന്നും അറിഞ്ഞുകൂടാ... നമ്മൾ വിളിച്ചാൽ ഞാൻ വരാം''. ഇതായിരുന്നു മാഷുടെ മറുപടി. ഞങ്ങളുടെ കൂട്ടുകെട്ട് തുടങ്ങുകയായിരുന്നു. 

കവിതയെ ബഹുമാനിച്ച സംവിധായകൻ
കവിതയ്ക്ക്, പദങ്ങളുടെ അർഥത്തിന് ഇത്രയുമധികം പ്രാധാന്യംനൽകുന്ന മറ്റൊരു സംഗീതസംവിധായകനെയും ഞാൻ കണ്ടിട്ടില്ല. ഇത്രയും വിനയവും നന്മയുമുള്ള മനുഷ്യനെയും.  അധികം പഠിപ്പില്ലാത്ത ഒരാളാണു ഞാൻ -അദ്ദേഹം പറയും. വരികളുടെയും വാക്കുകളുടെയും അർഥം ചോദിച്ചിട്ടേ കമ്പോസിങ്‌ നടത്താറുണ്ടായിരുന്നുള്ളൂ. ആരെങ്കിലും അപമാനിച്ചാൽപ്പോലും മറുത്തുപറയാത്ത പ്രകൃതം. ഇറങ്ങിപ്പോവും അത്രമാത്രം. എവിടെയും ഞാനാണ് അദ്ദേഹത്തിനുവേണ്ടി വാദിക്കാറും പൊട്ടിത്തെറിക്കാറുമുള്ളത്. അതദ്ദേഹം എഴുതിയിട്ടുണ്ട്.
മറക്കാനാവാത്ത ഒരനുഭവം പറയാം. 'ദുഃഖമേ നിനക്ക് പുലർകാല വന്ദനം' എന്ന പാട്ടിന്റെ കഥയാണത്. ''മാഷേ ഈ പാട്ട് നമുക്ക്‌ ആയിരം പാദസരങ്ങൾ കിലുങ്ങി എന്നതിന്റെ മാതൃകയിൽ എഴുതിയാലോ, ദുനിയാകെ രഖാ വാലെയുടെ മട്ടിൽ. ദർബാരി കാനഡയിൽ'' -ഞാൻ ചോദിച്ചു. മാഷ് സമ്മതിച്ചു. ആ സമയത്ത് ഒരു ഊഹാപോഹം പടർന്നിരുന്നു. അർജുനൻമാഷുടെ ഈണങ്ങൾ ദേവരാജൻമാഷാണ് തയ്യാറാക്കിക്കൊടുക്കുന്നത് എന്നമട്ടിൽ. മാഷ് അതീവദുഃഖിതനായിരുന്നു. പി.വി. സത്യം ആയിരുന്നു ഞങ്ങൾ ചെയ്യുന്ന പടത്തിന്റെ നിർമാതാവ്. അദ്ദേഹവും ഈ കഥ വിശ്വസിച്ചു. അതിനാൽ മാഷെ അധികം വിലവെച്ചില്ല. ഹോട്ടലിനു പകരം ഓഫീസ് മുറിയിൽ താമസമൊരുക്കി. എന്തു ഈണമൊരുക്കിയിട്ടും തൃപ്തികാണിക്കുന്നുമില്ല. അർജുനൻമാഷുടെ മനസ്സിടിഞ്ഞു. ഇതറിഞ്ഞു ഞാൻ പൊട്ടിത്തെറിച്ചു. വല്ലവരും പറയുന്ന കഥകൾ വിശ്വസിക്കുന്ന നിങ്ങളുടെ പടം ഞങ്ങൾക്കുവേണ്ടാ എന്നു പറഞ്ഞെഴുന്നേറ്റു. സത്യം പെട്ടെന്നു തെറ്റുതിരിച്ചറിഞ്ഞു മാപ്പുചോദിച്ചു. ഉടൻ ഹോട്ടൻ റൂം ബുക്കുചെയ്യിച്ചു. ''ഈ പാട്ടിന് ഈ രാഗമേ, ട്യൂണേ ഞങ്ങൾ ചെയ്യൂ. ഇത് ഹിറ്റാവും... മാറ്റുന്ന പ്രശ്നമില്ല. ഇല്ലെങ്കിൽ ഇതിൽ വർക്കുചെയ്യുന്നില്ല'' -ഞാൻ ശഠിച്ചു. പടം റിലീസുചെയ്തു. പാട്ട് വൻഹിറ്റായി. ''നീങ്ക ശൊന്നത് എവളോ കറക്ടാ പോച്ച്...'' നിർമാതാവ് സമ്മതിച്ചു.
രണ്ടു ഹൃദയങ്ങളുടെ സംഗമമായിരുന്നു ഞങ്ങളുടേത്. ഈ ലോക്‌ഡൗൺ കാലത്ത്‌ അർജുനൻ മാഷിന് അർഹിക്കുന്ന ഒരു യാത്രയയപ്പ് നൽകാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം എന്നെ അലട്ടുന്നു.

 മുറ്റമടിക്കുന്ന സംഗീതജ്ഞൻ
അർജുനൻ മാഷിന്‌ അർഹിക്കുന്ന അംഗീകാരങ്ങളൊന്നും സിനിമയിൽനിന്നു കിട്ടിയില്ല.  വൈകിയവേളയിൽ ജയരാജിന്റെ പടം ‘ഭയാനക’ത്തിൽ സംസ്ഥാനപുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. അതിന്റെ രചന എന്റേതായിരുന്നു എന്ന ചാരിതാർഥ്യം എനിക്കുണ്ട്. പച്ചമനുഷ്യനായിരുന്നു.  ഞാൻ സംവിധാനംചെയ്യുന്ന തിരുവോണം എന്ന ചിത്രത്തിന്റെ സമയത്ത് വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഒരുദിവസം രാവിലെ എഴുന്നേൽക്കുമ്പോഴുണ്ട് അർജുനൻമാഷ് ലുങ്കിയുടുത്ത് മുറ്റമടിക്കുന്നു. ഞാൻ ഞെട്ടിപ്പോയി. എന്താ മാഷേ, ഈ കാണിക്കുന്നത് -ചൂലെടുത്തു വലിച്ചെറിഞ്ഞു ഞാൻ ചോദിച്ചു. നിങ്ങൾ ലോകമറിയുന്ന ഒരു സംഗീതസംവിധായകനല്ലേ, പോരാത്തതിന് എന്റെ അതിഥിയും -ഞാൻ ദേഷ്യപ്പെട്ടു. അതിനെന്താ, നമ്മളെ വീട് എന്റെ വീടുതന്നെയല്ലേ. പഴനിയിലെ ഒരു അനാഥാലയത്തിൽ വളർന്നവനാ ഞാൻ. ഇതൊന്നും ചെയ്യാൻ എനിക്ക് ഒരു മടിയുമില്ല -അദ്ദേഹം ശാന്തനായി പറഞ്ഞു. അതായിരുന്നു എന്റെ അർജുനൻ.