അർജുനൻമാെഷപ്പറ്റി പറയുമ്പോൾ മനസ്സിൽ ആദ്യം കടന്നുവരുന്ന പദം അതാണ്. ശുദ്ധനും നിഷ്‌കളങ്കനും. സംഗീതത്തിലെ സന്ന്യാസി. 
അപ്പനുള്ള കാലത്തുതന്നെ കൊച്ചിയിൽ  ഞങ്ങൾ ഒത്തുകൂടാറുണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ അടുത്തുതന്നെയുള്ള താമസക്കാരായിരുന്നു ഡോ. വത്സൻ. നല്ല സംഗീതപ്രേമി. അദ്ദേഹം അക്കാലത്ത്‌ ലണ്ടനിലും മറ്റും ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഗ്രാൻഡിങ്‌ റെക്കോഡർപോലെയുള്ള പുതിയ സാങ്കേതിക ഉപകരണങ്ങൾ ഞങ്ങളുമായി പങ്കുവെക്കാറുണ്ടായിരുന്നു. അർജുനൻമാഷെപ്പറ്റി പറയുമ്പോൾ അന്നത്തെ സുവർണകാലങ്ങൾ ഒന്നൊന്നായി ഓർമവരികയാണ്. അപ്പന്റെ നാടകക്കമ്പനിക്കും മറ്റും വേണ്ടി ഞങ്ങൾ പാട്ടുകൾ പാടാറുണ്ടായിരുന്നു. നെൽസൺ എന്ന ഒരു പാട്ടെഴുത്തുകാരൻ സുഹൃത്തുവഴിയാണ് അർജുനൻമാഷെ  പരിചയപ്പെടുന്നത്. നെൽസൺ എഴുതിയ ഒരു പാട്ട്‌ ട്യൂൺചെയ്തത് അർജുനൻമാഷായിരുന്നു. ഏതോ ഒരു സ്റ്റേജ് ഗാനമോ മറ്റോ ആയിരുന്നു എന്നാണ് ഓർമ. പിന്നീട് പല നാടകങ്ങൾക്കുംവേണ്ടി ഞങ്ങൾ ഒത്തുകൂടി. സിനിമയിൽ ആദ്യമായി കറുത്ത പൗർണമി (1968) എന്ന ചിത്രത്തിനുവേണ്ടിയാണ് ഞങ്ങൾ ഒരുമിച്ചത്.
‘മാനത്തിൻ മുറ്റത്തു മഴവില്ലാൽ’, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ’ എന്നീ പാട്ടുകളിലൂടെ. ഭാസ്കരൻ മാഷായിരുന്നു രചന. ‘മാനത്തിൻ മുറ്റത്തു’ എന്ന ഗാനം ജാനകിയമ്മയും പാടിയിട്ടുണ്ട്. അടുത്തവർഷംതന്നെ തമ്പിയുടെ ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിലെ ‘പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു’ എന്ന പാട്ട് മികച്ച ഹിറ്റായി. അതിലൂടെയാണ് അർജുനൻമാഷ് സിനിമയിൽ അറിയപ്പെട്ടുതുടങ്ങിയത്. അതിലെത്തന്നെ ‘പാടാത്ത വീണയും പാടും’, ‘മുത്തിലും മുത്തായ’ എന്നീ പാട്ടുകളും മികച്ചതായിരുന്നു. തുടർന്ന് ‘പ്രിയതമേ’ (പുഷ്പാഞ്ജലി), ‘മാനത്തു നിന്നൊരു നക്ഷത്രം’ (അന്വേഷണം), ‘ദേവാ  ദിവ്യദർശനം നൽകൂ’ (പച്ചനോട്ടുകൾ), ‘തളിർവലയോ’ (ചീനവല) തുടങ്ങി ഒട്ടേറെ ഗാനങ്ങൾ. 
നസീർസാറിനുവേണ്ടി പാടിയ ചട്ടമ്പി കല്യാണിയിലെ ‘പൂവിനു കോപം വന്നാൽ’, സിന്ധു എന്ന സിനിമയിലെ ‘ചെട്ടികുളങ്ങര ഭരണിനാളിൽ’ തുടങ്ങിയ പാട്ടുകൾ മാഷുടെ ഗാനങ്ങളിൽ വ്യത്യസ്തമായി നിലകൊള്ളുന്നവയാണ്. ‘ഹലോ ഡാർലിങ്‌’ എന്ന ചിത്രത്തിനുവേണ്ടി തമ്പി എഴുതിയ ‘അനുരാഗമേ അനുരാഗമേ’ എന്ന ഹംസധ്വനിയിൽ ചിട്ടപ്പെടുത്തിയ അർധശാസ്ത്രീയഗാനം എനിക്കേറെ ഇഷ്ടമാണ്. ‘പിക്‌നിക്കി’ലെ ‘കസ്തൂരി മണക്കുന്നല്ലോ’ എന്ന ഗാനം പിന്നീട്  വർഷങ്ങൾക്കുശേഷം ‘നായിക’ എന്ന ജയരാജിന്റെ ചിത്രത്തിനുവേണ്ടി മാഷ് എന്നെ വീണ്ടും പാടിച്ചു. വർഷങ്ങൾക്കുശേഷം അദ്ദേഹവുമൊരുമിച്ചുള്ള ആ റെക്കോഡിങ് എനിക്ക് ഏറെ ഓർമകൾ സമ്മാനിച്ചു. 
മാഷുടെ ഇരുനൂറോളം ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. മിതഭാഷിയായ സംഗീതസംവിധായകൻ. സംഗീതസംവിധാന സമയത്ത്‌ ഒരിക്കൽപ്പോലും മുഖത്ത് പിരിമുറുക്കം കാണാറില്ല. ബഹളംവെക്കില്ല. സംഗീതത്തിലെ ഒരു പ്രീസ്റ്റ് തന്നെയാണ് അർജുനൻമാഷ്.  അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്രവേദിക്ക് ഒരു തീരാനഷ്ടംതന്നെയാണ്. 
കൊച്ചിയിൽ വരുമ്പോഴൊക്കെ ഞങ്ങൾ കാണാറുണ്ട്. ഇപ്പോൾ കൊറോണയുടെ ഭീഷണിയിൽ ലോകം മുഴുവനും പരിഭ്രാന്തിയിലാണല്ലോ. നിർഭാഗ്യവശാൽ ഞാൻ ഇവിടെ അമേരിക്കയിലും. അവിടെവന്ന്‌ അദ്ദേഹത്തെ നമസ്കരിക്കാൻ പറ്റാത്തതിൽ അതിയായ വിഷമമുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ ഈയുള്ള
വനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.