ഇന്ന് കർക്കടകത്തിലെ ഉത്രട്ടാതിനാൾ. മലയാളത്തിന്റെ വിശ്വകഥാകാരൻ എം.ടി. വാസുദേവൻ നായരുടെ 88-ാം പിറന്നാൾ...

കാലത്തെ കൈയിലിട്ട് കഥയാക്കി അമ്മാനമാടിയ ഈ മനുഷ്യകഥാനുഗായകനിലൂടെയാണ് മലയാള സാഹിത്യത്തിൽ ആധുനികതയുടെ കാലഗണനകളെയെല്ലാം അസാധുവാക്കുന്ന നിത്യാധുനികത പിറന്നത്. ഏകാന്തത അനുഭവിക്കുന്നവരെങ്കിലും പലതും ഓർമിക്കുന്ന കഥാപാത്രങ്ങളെയാണ് എം.ടി. സൃഷ്ടിച്ചത്. ഓർമ എം.ടി.ക്ക്‌ ജീവിതയാത്രയുടെ ജൈവപ്രക്രിയയാണ്. അതുകൊണ്ടാണ് സാന്ദ്രമായ മനുഷ്യനിമിഷങ്ങളുടെ ഒരു ഗൃഹാതുരതാതരംഗം എം.ടി. സാഹിത്യത്തിന്റെ മുഖ്യധാരയായത്. ഓർക്കാനാഗ്രഹിക്കാത്ത ഒരു പിറന്നാളിന്റെ ഓർമ എം.ടി. ഇങ്ങനെ തുടങ്ങുന്നു.
‘നാളെ എന്റെ പിറന്നാളാണ്, എനിക്ക് ഓർമയുണ്ടായിരുന്നില്ല.’

വല്യമ്മാമന്റെ ഉഗ്രശാസനത്തിൽ പുലരുന്ന മരുമക്കത്തായ കൂട്ടുകുടുംബവ്യവസ്ഥയിൽ അമ്മാമന്റെ മകൻ ദാമോദരന്റെ പിറന്നാളിനെപ്പോലെ തന്റെ പിറന്നാളിനും സദ്യയൊരുക്കാൻ മോഹിച്ച കുഞ്ഞികൃഷ്ണന്റെ കഥയാണത്. അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഒടുവിൽ നെല്ലളക്കുമ്പോൾ അമ്മ വല്യമ്മാമനോട് പറഞ്ഞു.

‘‘ഇന്ന് കുഞ്ഞീഷ്ണന്റെ പിറന്നാളാ...’’
‘‘അതിന്?...’’

‘‘മനോക്കാവിൽ അരക്കൂട്ട് പായസം നേർന്ന്ട്ടുണ്ട്. നാലെടങ്ങഴീംകൂടി...?’’
ഇടിവെട്ടുന്ന സ്വരത്തിൽ അമ്മാവൻ പറഞ്ഞു
‘‘ആരേ പറഞ്ഞത് നേരാൻ? നേർന്നിട്ടുണ്ടെങ്കിൽ നേർന്നോര് കഴിച്ചോളോണ്ടു.’’
‘‘ഓന് ദെണ്ണം പിടിച്ചപ്പോ നേർന്നതാ...’’
‘‘ഓന്റെ തന്തയോട് പറ. കാക്കാശിന് അയാളെക്കൊണ്ട് ഉപകാരംണ്ടോ?’’
‘‘ന്റെ ഷ്ടത്തിന് നടത്തീതല്ലല്ലോ.’’
‘‘എന്നേടീ ബടെ പെണ്ണുങ്ങള് കാര്യം പറയാൻ തൊടങ്ങീത്?’’
‘‘ഓപ്പോടല്ലാതെ പിന്നാരോടാ പറയാ. ഓപ്പടെ കുട്ട്യാച്ചാൽ...?’’
‘‘ഒരുമ്പെട്ടോളേ. നെന്നെ ഞാൻ...’’

ഒരടി പൊട്ടുന്ന ശബ്ദം. കിളിവാതിലിലൂടെ നോക്കുമ്പോൾ അമ്മ പത്തായത്തിന്റെ മുകളിലേക്കു വീഴുന്നു. ‌
‘‘എന്റമ്മേയ്...’’
ഞാനറിയാതെ
നിലവിളിച്ചുപോയി.
ആ പിറന്നാൾദിനം ഞാൻ കുളിച്ചില്ല. അമ്മ എന്നെ നിർബന്ധിച്ചതുമില്ല. (ഒരു പിറന്നാളിന്റെ ഓർമ)

‘നീലക്കുന്നുകൾ’ എന്ന കഥയിൽ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞ അരാജകയാത്രകൾക്കൊടുവിൽ നീലഗിരിയിൽ സഹോദരിയുടെ അടുത്തെത്തുമ്പോൾ സഹോദരിയും കുടുംബവും അയാളുടെ വരവും കാത്തിരുന്നു.
‘‘കഴിഞ്ഞകൊല്ലൂം രണ്ടാം കൊല്ലൂം ഞാനെഴുതി. അപ്പൂന്റെ പിറന്നാളിന് ഇക്കുറി എന്തായാലും വരണംന്നെഴുതുമ്പോൾ ഞാൻ പന്തയം വെച്ചിട്ടുണ്ട്, അപ്പൂന്റച്ഛനോട്, അന്യേൻ വരുംന്ന്.’’

അതറിയാതെ വന്നെത്തിയതാണെന്നുപറയാൻ അയാൾക്കു ധൈര്യമുണ്ടായില്ല. പിറന്നാളുകൾ ഓർക്കാനോ ആഘോഷിക്കാനോ കഴിയാതെപോയ മടുപ്പേറിയ അനാഥജീവിതത്തിന് വീണുകിട്ടുന്ന അപൂർവസ്നേഹനിമിഷമായിരുന്നു അത്‌.

ഇത് എം.ടി.യുടെ കഥയല്ല. എന്നാൽ, കേരളത്തിലെ നാലുതലമുറകളിലെ അനേകം മനുഷ്യരുടെ കഥയാണ്. പട്ടിണിയും ദാരിദ്ര്യവുംമൂലം ക്ഷണിക്കാത്ത പിറന്നാളിന് ഉണ്ണാൻപോയി അപമാനിതരായവർ, ‘നീയ് പഠിച്ചിട്ടല്ലേ പ്പൊ തുക്ടിസായിപ്പാവാൻ പോണത്?’ എന്നു പരിഹസിച്ച് പരീക്ഷാഫീസ് നൽകാതെ ഇറക്കിവിട്ടപ്പോൾ, ബാല്യ-കൗമാരങ്ങളിൽനിന്നും ഗ്രാമീണപ്രണയങ്ങളിൽ നിന്നും സ്വപ്നങ്ങളിൽനിന്നും സ്നേഹബന്ധങ്ങളിൽനിന്നും പടിയടച്ച് പുറത്താക്കപ്പെട്ടവർ ഇങ്ങനെ അനേകം തിരസ്കൃതജീവിതങ്ങൾ എം.ടി.യുടെ സാഹിത്യത്തിലുണ്ട്. അവരാണ് പിന്നീട് എം.ടി.യുടെ ‘നാലുകെട്ട്’ പോലുള്ള പല കൃതികളിലും വിജയികളും ബലവാന്മാരുമായി തിരിച്ചെത്തുന്നത്. തിരിച്ചുവരാൻവേണ്ടിമാത്രം ഗ്രാമം വിട്ടുപോയവരാണ് എം.ടി.യുടെ മിക്ക ഗ്രാമീണകഥാപാത്രങ്ങളും.

ഏകാകികളും അനാഥരും അവഗണിതരും തിരസ്കൃതരുമായ മനുഷ്യരുടെ ജീവിതങ്ങളിലേക്കാണ് എക്കാലത്തും എം.ടി. എന്ന എഴുത്തുകാരന്റെ ദൃഷ്ടി പതിഞ്ഞത്. അവരിൽ പലരും എം.ടി.യുടെ സ്വന്തക്കാരോ പ്രിയപ്പെട്ടവരോ ആയിരുന്നു. കൂടല്ലൂർ ഗ്രാമത്തിൽ ജീവിച്ചിരുന്നവരാണ് മിക്കകഥാപാത്രങ്ങളും.

കാതുമുറിച്ച ‘മീനാക്ഷ്യേട്ത്തി’ ഒരുദാഹരണമാണ്. എം.ടി.യുടെ കുടുംബവൃത്തങ്ങളിലെ ഒരു ജ്യേഷ്ഠത്തിതന്നെയായിരുന്നു മീനാക്ഷ്യേട്ത്തി. അവർ തന്റെ കാതിന്മേൽ അരിമ്പാറപോലെ തൂങ്ങിക്കിടന്നിരുന്ന കറുത്തമണി കറിക്കത്തികൊണ്ടു മുറിച്ചതും തറവാട്ടു മച്ചിലെ നിധിനിക്ഷേപമെടുക്കാൻ കൈക്കോട്ടെടുത്ത് മച്ചു കിളച്ചുമറിച്ചതുമൊക്കെ നടന്നകഥയാണ്.

താൻ ജനിക്കുന്നതിനുമുമ്പ് മരിച്ചുപോയ മീനാക്ഷ്യേട്ത്തിയുടെ ജീവിതമാണ് അത്യന്തം ഹൃദയസ്പർശിയായി ‘കുട്ട്യേടത്തി’ എന്ന കഥയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. അക്കാലത്തെ പുരുഷകേന്ദ്രിതമായിരുന്ന സദാചാരവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ജാതിയിൽ താഴ്ന്നവനെ പ്രണയിച്ച് ഒറ്റയ്ക്കുജീവിച്ച, അനാഥയെങ്കിലും ധീരയായ കുട്ട്യേടത്തി ഉറൂബിന്റെ രാച്ചിയമ്മയെപ്പോലെ മലയാള സാഹിത്യത്തിലെ തന്റേടികളായ സ്ത്രീകഥാപാത്രങ്ങളുടെ മുൻനിരയിലുണ്ട്. കുട്ട്യേടത്തി, സമൂഹത്തോടു പ്രതിഷേധിക്കാൻ തന്റെ ജീവനൊടുക്കുന്നത് എം.ടി.യുടെ വിശിഷ്ട ദുരന്താവബോധത്തിന്റെ മറ്റൊരു മാതൃകയാണ്.

ഭ്രാന്തൻ വേലായുധേട്ടനും അത്തരമൊരു കഥാപാത്രമാണ്. എം.ടി.ക്ക്‌ വകയിലൊരുജ്യേഷ്ഠൻ തന്നെയായിരുന്നു വടക്കേവീട്ടിലെ വേലായുധേട്ടൻ.

എം.ടി.ക്ക്‌ വേലായുധേട്ടനെ കണ്ട ഓർമയുണ്ട്. ചങ്ങലയ്ക്കിട്ടിടത്തുനിന്ന് എങ്ങനെയോ രക്ഷപ്പെട്ടോടിവന്ന്, “മാ​േള്വടത്തീ, എനിയ്ക്കിത്തിരി ചോറുതരൂ” എന്ന് എം.ടി.യുടെ അമ്മയോടപേക്ഷിച്ചുകൊണ്ട് വീടിന്റെ കോലായിലേക്കുകയറിവന്ന രംഗമാണ് ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന ലോകോത്തരകഥയുടെ പിറവിക്കു കാരണം. മനോരോഗികളെ അത്യഗാധമായ കാരുണ്യത്തോടെയും മാനുഷികതയോടെയും സ്നേഹപൂർവം പരിചരിക്കേണ്ടതുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച അപൂർവമൗലികതയുള്ള കഥയാണത്. അതിനോടു ചേർത്തുവെക്കാവുന്ന മറ്റൊരു കഥ ഇന്ത്യൻ ഭാഷകളിലുണ്ടായിട്ടുണ്ടെങ്കിൽ അത് എം.ടി.യുടെതന്നെ ‘ചെറിയ ചെറിയ ഭൂകമ്പങ്ങളാണ്’. മനസ്സിന്റെ സമനിലതെറ്റിയവരുടെ മനസ്സിനുള്ളിലിരുന്നുകൊണ്ട് നാടകീയ സ്വഗതാഖ്യാനരൂപത്തിലുള്ള ബോധധാരയായി ജീവിതംപറയുന്ന രചനകളുടെ ശില്പവിദ്യ എല്ലാ തലമുറകളിലെയും കഥാകാരന്മാർക്ക് പാഠപുസ്തകമാണ്. ‘മഞ്ഞ്‌’ എന്ന നോവലിലെ ബോധധാരാ കഥനരീതിയും ഇതോടുചേർത്തു വായിക്കാവുന്നതാണ്. അർഥസന്ദിഗ്ധതകളില്ലാത്ത ആത്മഭാഷയിലൂടെ മനുഷ്യസത്തയും ലോകവും തമ്മിലുള്ള അവ്യക്തതയുടെ അതിരുകൾ എം.ടി. ഇൗ രചനകളിലൂടെ അസാധാരണമായ വിധത്തിൽ മായ്ച്ചുകളഞ്ഞു. ‘മഞ്ഞി’ൽ ഭാഷയുടെ പെരുന്തച്ചനായ എം.ടി.യുടെ മാജിക്കുണ്ട്.

എം.ടി.യുടെ കഥകളിലും സിനിമകളിലും ആവർത്തിച്ചു വന്നിട്ടുള്ള ചാത്താനശ്ശേരി പറങ്ങോടൻ എന്ന ഭ്രാന്തൻ മലമൽക്കാവിലെ ആലിൻചുവട്ടിൽ സ്ഥിരക്കാരനായിരുന്ന, ഗ്രാമത്തിൽ ജീവിച്ചിരുന്ന കഥാപാത്രമാണ്. ഈ ഭ്രാന്തന്മാർ ലോകത്തിനാവശ്യമാണ് എന്ന് എം.ടി. ഉപദേശിച്ചിട്ടുണ്ട്.

പകിടകളിക്കാരൻ കോന്തുണ്ണിയമ്മാവനും എം.ടി.യുടെ കുടുംബത്തിലെ ഒരമ്മാവനായിരുന്നു. പകിടകളിക്കാരുടെ രാജാവെന്ന് കേൾവികേട്ട കോന്തുണ്ണിനായർ ആ കാലഘട്ടത്തിലെ റിബലായിരുന്നു. ഏകച്ഛത്രാധിപതികളായ അമ്മാവന്മാരുടെ ആജ്ഞാനുവർത്തിയാവാതെ ‘നാലുകെട്ട്’ ഭേദിച്ചു പുറത്തുപോരുന്ന ആദ്യ കഥാപാത്രം കോന്തുണ്ണിനായരാണ്. അയാൾ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടുവന്നു. ഒറ്റയ്ക്കു വീടുവെച്ചു. കൃഷിയും കച്ചവടവും ചെയ്തു ജീവിച്ചു. സൈതാലിക്കുട്ടിയുമായി പങ്കുകച്ചവടം ചെയ്യുക മാത്രമല്ല, നാനാജാതി മതസ്ഥരോടൊപ്പം സമഭാവനയോടെ ജീവിച്ച കോന്തുണ്ണിനായർ എം.ടി. സൃഷ്ടിച്ചെടുത്ത ആധുനിക മനുഷ്യന്റെ ആദ്യ പ്രതിനിധാനമാണ്.
സത്തയെ വിസ്മരിക്കാത്ത എം.ടി. എന്ന വലിയ എഴുത്തുകാരൻ വിലാപത്തിന്റെ ക്ഷീണാവസ്ഥകൂടാതെത്തന്നെ മനുഷ്യനിലെ മനുഷ്യനെ തേടിയ ജീവിതേതിഹാസം ഈ കൃതികളിൽ ആഴത്തിൽ തെളിയുന്നുണ്ട്.

ആത്മകഥയില്ലാതെത്തന്നെ എം.ടി. സാഹിത്യം ചേർത്തുവെച്ചുവായിച്ചാൽ, എത്രകാലം കഴിഞ്ഞാലും നമുക്കതിൽ എം.ടി.യെയും എം.ടി.യുടെ കാലത്തെയും കണ്ടെത്താം. മലയാള കഥയിൽ സ്വാത്മബോധത്തിന്റെ അനുഭവലോകം ഇത്ര ആഴത്തിൽ ഉത്പാദിപ്പിക്കപ്പെട്ടത് എം.ടി.യുടെ കാലത്താണ്.

‘അസുരവിത്തി’ലെ ഗോവിന്ദൻകുട്ടിയും കുടുംബബന്ധംകൊണ്ട് എം.ടി.യുടെ ഒരമ്മാവനായിരുന്നു. ‘ഗോപ്യേട്ടൻ’ എന്നാണ് എം.ടി. വിളിച്ചിരുന്നത്. ജീവിതംകൊണ്ട് ചൂതാടി നടന്ന അയാൾ മതംമാറി ‘അബ്ദുള്ള’യായത് സംഭവിച്ച കഥയാണ്. ഗോവിന്ദൻകുട്ടിയായിരുന്ന കാലത്ത് അയാളെ പിതാവിനു തുല്യം സ്നേഹിക്കുകയും അയാൾക്കു നീതികിട്ടാൻവേണ്ടി സ്വജീവൻ തൃണവത്‌ഗണിച്ചു പോരാടുകയും അതിന്റെ പേരിൽ സ്വസമുദായത്തിൽ ഒറ്റപ്പെടുകയും ചെയ്ത ‘അസുരവിത്തി’ലെ കുഞ്ഞരയ്ക്കാർ, അയാൾ മതംമാറി അബ്ദുള്ളയായി വന്നപ്പോൾ പറയുന്നുണ്ട്;

‘‘ഇപ്പൊ വന്നേന് ഒന്നും പറേണ്ല്ല. നാളേന്നല്ല, ഒരിക്കലും വരേണ്ടിനി’’

ഗോവിന്ദൻകുട്ടിയായും അബ്ദുള്ളയായും ജീവിച്ചിട്ടും മനുഷ്യനാവാൻ കഴിയാതെ പോയ ആ കഥാപാത്രം ‘കോളറ’ എന്ന മഹാമാരിയിൽ ജാതിയും മതവും വർണവും ലിംഗവും പദവിയും ഭേദമില്ലാതെ മരണം സമത്വം വിതച്ചപ്പോൾ യഥാർഥമനുഷ്യനായിത്തീർന്നതും എം.ടി. കാണിച്ചുതരുന്നുണ്ട്. ‘മഹാമാരി’യിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർക്കും ശവങ്ങൾക്കും അയാളുടെ സേവനം ആവശ്യമുണ്ടായിരുന്നു. അവിടെ അവൻ ‘മനുഷ്യ’വിത്തായി.
എം.ടി.യുടെ ഏറ്റവും മികച്ച നോവലാണ് ‘അസുരവിത്ത്’ (ക്ലാസിക്കുകളുടെ ഗണത്തിൽപ്പെടുത്താവുന്ന ‘രണ്ടാമൂഴ’ത്തെ മറന്നുകൊണ്ടല്ല ഇതുപറയുന്നത്).

ജീവിതപരാജയങ്ങളുടെ മുറിവുകൾ തെളിവായിക്കാണിച്ചുതന്നുകൊണ്ട് എല്ലാ തോൽവികൾക്കുമപ്പുറത്ത് വിജയത്തിന്റെ ഒരു പ്രതിനിവൃത്തികൂടിയുണ്ടെന്ന് എം.ടി. കാണിച്ചുതന്നു. ‘വാരാണസി’യിലെ സുധാകരൻ, താൻ മരിച്ചാൽ ബലിയിടാൻ പോലും ആരും വേണ്ടെന്നുനിശ്ചയിച്ച് കാശിയിൽ ആത്മപിണ്ഡം സമർപ്പിക്കുന്നു.

വീണുകിടക്കുന്ന ദ്രൗപദി മധ്യവയസ്സിലും സുന്ദരിയാണെന്നുതോന്നിയ താൻ ജിതേന്ദ്രിയനല്ലെന്നു സ്വയം തിരിച്ചറിഞ്ഞ് ഭീമസേനൻ മഹാപ്രസ്ഥാന മാർഗത്തിൽനിന്ന് കാടുകയറുന്നു. മഞ്ഞുറഞ്ഞ തടാകംപോലെ കാലം തളംകെട്ടിക്കിടക്കുന്ന നൈനിത്താളിന്റെ ഏകാന്തവിജനതയിലും വിമലയും ബുദ്ദുവും കാത്തിരിക്കുന്നു.
‘വരും, വരാതിരിക്കില്ല’
എല്ലാ അവഗണനകൾക്കിടയിലും അപ്പുണ്ണി പ്രത്യാശിക്കുന്നു. ‘വളരും വളർന്നു വലുതാവും.’
ഈ പ്രത്യാശയാണ് എം.ടി. സാഹിത്യത്തിന്റെ ശക്തിയും സൗന്ദര്യവും. ‘എവിടേയ്ക്കോ ഒരുവഴി’ എന്ന കഥയിൽ പേരുപോലുമറിയാത്ത സ്വന്തം ഗ്രാമത്തിലേക്ക് നിരന്തരം ഓടിപ്പോവുന്ന ശാന്താറാം എന്നൊരു കുട്ടിയുണ്ട്.

ശാന്താറാമിന്റെ അച്ഛൻ പോയി തിരഞ്ഞുപിടിച്ചുകൊണ്ടുവന്നു. പക്ഷേ, ദിവസങ്ങൾ കഴിയുംമുമ്പേ അവൻ പിന്നെയും ഓടിപ്പോയി.
 ‘‘അവിടെ ആരുമില്ല. അവന്റെ തന്ത പറഞ്ഞല്ലോ. അവനുഭ്രാന്താ.”

എഴുത്തുകാരന്റെ സഹോദരി, ശാന്താറാം വീണ്ടും ഓടിപ്പോയ കഥപറയുകയാണ്. അപ്പോൾ എഴുത്തുകാരന്റെ ഒരാത്മഗതമുണ്ട്:
‘‘ശരിയാണ്, നിൽക്കാതെ ഓടിക്കൊണ്ടിരിക്കും. ഗ്രാമത്തിലേക്ക്, അമ്പലത്തിനടുത്ത വീട്ടിലേക്ക് പിന്നെ...’’

ഈ അർധോക്തിയിൽ എം.ടി.യുടെ മനസ്സുണ്ട്. എൺപത്തിയെട്ടാം വയസ്സിലും ഗ്രാമത്തിലേക്കു തിരിച്ചോടിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയുണ്ട്‌. ജന്മമാസമായ കർക്കടകത്തിൽ അച്ഛന്റെ വീട്ടിൽനിന്നു വിരുന്നുവന്ന ശങ്കുണ്ണ്യേട്ടനെ സത്‌കരിക്കാൻ തന്നെ പട്ടിണികിടത്തിയ അമ്മയുടെ സ്പന്ദനം ഇപ്പോഴും ഗ്രാമത്തിലുണ്ടെന്ന്‌ എം.ടി.ക്കറിയാം. ഗ്രാമത്തിന്റെ കഥകൾ മുഴുവൻ എം.ടി. പറഞ്ഞുകഴിഞ്ഞിട്ടില്ല. ഇനിയും അവസാനിക്കാതെ ആയിരത്തിരണ്ടാം രാവിലും കഥപറയാൻ മലയാളത്തിന്റെ നിത്യയൗവനത്തിന് ആയുരാരോഗ്യസൗഖ്യം പ്രാർഥിക്കുന്നു.