ന്യഭാഷയിൽനിന്ന്‌ പദങ്ങളും പ്രയോഗങ്ങളും ശൈലികളും നമ്മുടെ ഭാഷയിലേക്ക്‌ കടന്നുവരുന്നതിനെ നാം സ്വാഗതംചെയ്യേണ്ടതാണ്‌. ഭാഷയുടെ പുതുക്കവും വികാസവും കൊണ്ടുവരുന്നത്‌ പുതിയ പുതിയ ആശയങ്ങളാണ്‌ എന്നതുതന്നെ കാരണം. െഡമോക്രസി (ജനാധിപത്യം) എന്ന വാക്ക്‌ കടന്നുവരുമ്പോഴുള്ള നാനാവിധമായ പ്രകമ്പനങ്ങൾ ഓർത്തുനോക്കുക.

അന്യഭാഷാപദങ്ങൾക്കെതിരായി നിലപാടെടുക്കുന്നത്‌ ഭാഷാമൗലികവാദമാണ്‌. അത്‌ മതമൗലികവാദംപോലെ ആപത്താകുന്നു.
പക്ഷേ, മലയാളത്തിൽ കൃത്യമായി പ്രകാശിപ്പിക്കാവുന്ന ആശയങ്ങൾക്കുവേണ്ടി മറ്റുഭാഷയിലെ പദങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത്‌ മാതൃഭാഷയോടുചെയ്യുന്ന ദ്രോഹമാണ്‌. വളരെച്ചെറിയ ഒരുദാഹരണം: ‘വൈകുന്നേരം കാണാം’ എന്നുപറയുന്നതിനുപകരം ‘ഈവനിങ്ങിൽ മീറ്റുചെയ്യാം’ എന്നുപറയുന്നതെന്തിനാണ്‌?
എന്താകുഴപ്പം, കാര്യം തിരിഞ്ഞാൽ പോരേ?

കുഴപ്പം രണ്ടുണ്ട്‌:
1. എല്ലാവർക്കും അത്രയെളുപ്പം കാര്യം തിരിയില്ല.
2. കുറച്ചുകഴിയുമ്പോൾ ‘വൈകുന്നേരം’ എന്ന പദം മറവിയിലേക്കും മരണത്തിലേക്കും വീണുപോകും. ‘കൊല്ലവർഷം’ എന്നുപേരായ മലയാളകാലഗണനയ്ക്കും നമ്മുടെ സ്വന്തമായ അക്കങ്ങൾക്കും എന്തുപറ്റി എന്നാലോചിച്ചുനോക്കുക. പുതിയ തലമുറയിൽ മിക്കവർക്കും അങ്ങനെ ചിലതുണ്ടായിരുന്നു എന്നുകൂടി അറിയില്ല. മുക്കാത്ത കിണറുതന്നെ  വറ്റിപ്പോകുംപോലെ, ഉപയോഗമില്ലാത്തത്‌ സ്വയം നശിച്ചുപോകും.

മലയാളത്തിൽ പറയാനോ എഴുതാനോ കഴിയുന്നവ ഇംഗ്ളീഷിലാക്കുന്നതെന്തിനാണ്‌? ആ സന്ദർഭങ്ങളിലൊക്കെ പേനയിലും നാവിലും വരുന്നത്‌ അന്യഭാഷയാണ്‌ എന്നുകൂടി നമുക്ക്‌ തിരിയുന്നില്ല.

ചാനൽച്ചർച്ചകളിൽ പലരുടെയും വർത്തമാനം ആംഗല-മലയാളമാണ്‌. മിക്കവരും ഫോൺ നമ്പർ ഇംഗ്ളീഷിലേ പറയൂ. കേരളത്തിനകത്ത്‌ കിട്ടേണ്ട കത്തുകളുടെപോലും വിലാസം പലരും കുറിക്കുന്നത്‌ ഇംഗ്ളീഷിലാണ്‌. കെ.ടി. മുഹമ്മദ്‌ എന്നല്ല, K.T. മുഹമ്മദ്‌ എന്ന്‌ എഴുതുന്നതാണ്‌ പലർക്കും സ്വാഭാവികം. നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും മിക്ക സ്ഥാപനങ്ങളുടെയും പേരുവെക്കുമ്പോൾ അവയിൽ ആംഗലലിപിമാത്രമേ കാണൂ.
എന്താണിതിന്‌ കാരണം?

മലയാളത്തിനെ അത്രയ്ക്കൊക്കെയേ കൊള്ളൂ എന്ന വിചാരംതന്നെ. ഒരു ഫോൺനമ്പർ പറയാൻ പ്രാപ്തിയില്ലാത്ത ഭാഷയാണോ നമ്മുടേത്‌? ഇതാണ്‌ മാനസികമായ അടിമത്തം-അധമബോധംതന്നെ. മലയാളികൾക്ക്‌ മനസ്സിലാകാൻവേണ്ടി പറയാം: ഇൻഫീരിയോറിറ്റി കോംപ്ളക്സ്‌!
മലയാളികൾ കല്യാണക്കത്ത്‌ അടിക്കുന്നത്‌ ഇംഗ്ളീഷിലാണ്‌. പക്ഷേ, അച്ഛന്റെ സഞ്ചയനം ഇന്ന ദിവസമാണ്‌; ബാപ്പ മരിച്ചുപോയി, നിങ്ങളുടെ പള്ളിയിൽ മയ്യത്തുനമസ്കാരം നടത്തണം എന്നൊക്കെ കത്ത്‌ മലയാളത്തിലും!

എല്ലാ ആഘോഷങ്ങൾക്കും സായിപ്പിന്റെ ഭാഷ; ആചരണങ്ങൾക്കൊക്കെ സ്വന്തം ഭാഷ.

വാൽക്കഷണം

നിയമസഭയ്ക്കകത്തും പുറത്തും മാതൃഭാഷയുടെ അന്തസ്സിനുവേണ്ടി നിരന്തരം പോരാടിയ ലോനപ്പൻ നമ്പാടൻ മാഷ്‌ പറഞ്ഞുകേട്ട ഒരു കഥ എനിക്കിപ്പോൾ ഓർമയാവുന്നു: അയൽവാസി കത്തുമായി വന്ന്‌ മകളുടെ വിവാഹത്തിന്‌ ക്ഷണിച്ചു. ഇംഗ്ളീഷിൽ അച്ചടിച്ച ആ കല്യാണക്കുറിയിൽ wedding of my daughter എന്നതിന്‌ പകരം welding of my daughter എന്നാണുണ്ടായിരുന്നത്‌. നമ്പാടൻ മാഷ്‌ ഉടനെ ചാടിയെഴുന്നേറ്റ്‌ ആ അപ്പന്‌ കൈ കൊടുത്തിട്ട്‌ പറഞ്ഞു: ‘ഉഗ്രൻ, തന്റെ കത്താണ്‌ കത്ത്‌’.

Content Highlight: Mozhiyum Vazhiyum column by MN karassery