എഴുപതു കഴിഞ്ഞ്‌ തിരിഞ്ഞുനോക്കുമ്പോൾ. പിറന്നാൾസമയത്ത്‌  എം.എൻ. കാരശ്ശേരി എഴുതുന്നു. തെളിവാർന്ന ചിന്തകളുടെ ഒരു ചെറുപുഞ്ചിരി...

എഴുപതു പിന്നിടുന്ന ഈ ഘട്ടത്തിൽ ജീവിതത്തിലേക്ക്‌ പിന്തിരിഞ്ഞുനോക്കി ഞാൻ എന്താണ്‌ അന്വേഷിക്കുന്നത്‌: ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്നോ?
ജീവിതം വല്ലവരെയും വല്ലതും പഠിപ്പിക്കുന്നുണ്ടോ? സംശയമാണ്‌. ഓരോരോ സന്ദർഭത്തിലും സാഹചര്യം വ്യത്യസ്തമാകയാൽ ഒരിക്കൽ പഠിച്ച പാഠം പിന്നെയൊരിക്കൽ ഉപകാരപ്പെടുക പ്രയാസമാണ്‌. ഈ പ്രയാസം വേണ്ടയളവിൽ തിരിച്ചറിയാത്തതുകൊണ്ടാണ്‌ ഓരോരോ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ നമ്മൾ സ്വയം തെറ്റിദ്ധരിപ്പിക്കുന്നത്‌.

ജീവിതാന്വേഷണം

കുടുംബാന്തരീക്ഷത്തിനിണങ്ങുംവിധം കുട്ടിക്കാലത്തേ ഭക്തനായി വളർന്നിട്ടും യൗവനാരംഭത്തിൽത്തന്നെ ജീവിതത്തിന്‌ ഒരു ലക്ഷ്യവും ഇല്ല എന്നൊരു തോന്നൽ എന്നെ പിടികൂടിയിരുന്നു. ജീവിതം നശ്വരവും നിസ്സാരവും നിഷ്‌ഫലവും ആണ്‌ എന്നു വിചാരിക്കാൻ ശൈശവകാലം മുതലേ എന്നെ പിന്തുടർന്നുപോന്ന പലതരം അസുഖങ്ങൾ വഴിയൊരുക്കിയിരിക്കാം. മധ്യവയസ്സിലെത്തുംമുമ്പേ മരിച്ചുപോകും എന്ന ആധി എന്നും കൂട്ടുണ്ടായിരുന്നു. എന്തുകൊണ്ടോ, ഒരു വസ്തുതയായി അംഗീകരിച്ചിരുന്നതിനാൽ ഇത്‌ മരണഭീതിയായി ഉള്ളിൽ കുടിപാർത്തില്ല. ജീവിതം നിരർഥകമാണ്‌ എന്ന തീർപ്പ്‌ ഉറയ്ക്കുകയും ചെയ്തു.

കൂട്ടത്തിൽ ഒന്ന്‌ ബോധ്യമായി-എന്റെ ജീവിതത്തിന്‌ എന്തെങ്കിലും അർഥം കൊടുക്കാൻ എനിക്ക്‌ ബാധ്യതയുണ്ട്‌. അവനവനുവേണ്ടി മാത്രമായി ജീവിക്കുമ്പോഴാണ്‌ നിരർഥകത. അന്യർക്കുവേണ്ടി ജീവിക്കുമ്പോൾ അത്‌ സാർഥകമായിത്തീരും. മനുഷ്യന്റെ അസ്തിത്വത്തിന്‌ മൂല്യം നൽകുന്നത്‌ ഈ പരാർഥചിന്തയാണ്‌. അങ്ങനെ ഞാൻ മഹത്തായ ആദർശങ്ങൾ സ്വയം ആവിഷ്കരിക്കുന്ന രാഷ്ട്രീയനേതാക്കളിലും അവയെപ്പറ്റി പ്രതിപാദിക്കുന്ന കലാകാരന്മാരിലും ചെന്നെത്തി.

ആ വഴികാട്ടികളും ബാപ്പയും

എന്റെ കാഴ്ചപ്പാടുകളെ പ്രധാനമായും സ്വാധീനിച്ചത്‌ നാലുപേരാണ്‌.
 1. ‘നീ തന്നെ നിന്റെ വിളക്കാവുക’ എന്ന്‌ ഉദ്‌ബോധിപ്പിച്ച ബുദ്ധൻ, 2. ‘ചോദ്യം ചെയ്യപ്പെടാത്ത ജീവിതം ജീവിക്കാൻ കൊള്ളില്ല’ എന്ന്‌ ഉപദേശിച്ച സോക്രട്ടീസ്‌, 3. ‘നീതിക്കുവേണ്ടി വിശക്കുന്നവർ ഭാഗ്യവാന്മാർ’ എന്ന്‌ ഉപദർശിച്ച ക്രിസ്തു, 4. ‘അവനവന്റെ അപ്പം അന്വേഷിക്കുന്നത്‌ ഭൗതികത; അന്യന്റെ അപ്പം അന്വേഷിക്കുന്നത്‌ ആത്മീയത’ എന്ന്‌ ഉൾക്കാഴ്ച നൽകിയ ഗാന്ധിജി.

എനിക്ക്‌ ജീവിതയാത്രയിൽ തെറ്റുകുറ്റങ്ങളോ അബദ്ധങ്ങളോ പറ്റിയിട്ടില്ല എന്നല്ല. അത്തരം വീഴ്ചകൾ പലതുണ്ട്‌. വീണപ്പോഴൊക്കെ എഴുന്നേൽക്കാനും മുന്നോട്ടു നടക്കാനും വഴികാട്ടികളായിത്തീർന്ന ചിലരെപ്പറ്റി സൂചിപ്പിച്ചു എന്നുമാത്രം.

ദുനിയാവിന്റെ തുച്ഛതയെയും അസംബന്ധതയെയും നിരന്തരം കളിയാക്കിയിരുന്ന ഒരു കഥാപാത്രം എന്റെ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. അത്തരം ഒരു പണിയാണ്‌ താൻ എടുക്കുന്നത്‌ എന്ന്‌ വേണ്ടത്ര തിരിച്ചറിയാതെ അതു ചെയ്തുകൊണ്ടേയിരുന്ന ബാപ്പയാണത്‌. പണം, സ്ഥാനമാനങ്ങൾ, സമൂഹത്തിലെ മേൽ-കീഴ്‌ മുതലായവയെ പുല്ലുവിലവെക്കാതെ തമാശ കാണിച്ചുകൊണ്ടേയിരിക്കുന്ന ബാപ്പയെ കണ്ടാണ്‌ ഞാൻ വളർന്നത്‌.

ആര്‌, എപ്പോൾ വന്ന്‌ എന്തുചോദിച്ചാലും കൊടുക്കും. കൊടുക്കുന്നത്‌ ‘വായ്പ’യാണ്‌. തിരിച്ചുചോദിക്കുന്ന പതിവ്‌ ഇല്ലെന്നു മാത്രം. ആരെങ്കിലും വായ്പയ്ക്കു വന്നാൽ കൈയിൽ ഇല്ലെങ്കിൽ ‘വായ്പവാങ്ങി വായ്പ കൊടുക്കും’. നാലഞ്ച്‌ കച്ചവടം നഷ്ടംവന്ന്‌ പൊളിഞ്ഞിട്ടുണ്ട്‌. കടം വാങ്ങിയവരിൽ മിക്കവരും പൈസ കൊടുക്കാഞ്ഞാൽ പീടിക പൂട്ടുമല്ലോ. അതിനെപ്പറ്റി ഹരം പറയുന്നതല്ലാതെ, ആരെയെങ്കിലും കുറ്റപ്പെടുത്തി ഒന്നും പറയുന്നത്‌ ഞാൻ ഒരിക്കലും കേട്ടിട്ടില്ല.

ഞാൻ ഓർക്കുന്ന അനേകം സംഭവങ്ങളിലൊന്ന്‌: ബാപ്പ ആർക്കോ വായ്പകൊടുക്കുന്നതിന്‌ രഹസ്യമായി വലിയൊരു സംഖ്യ കടംവാങ്ങി. ഇതിന്‌ മാസംതോറും വലിയ പലിശ കൊടുക്കണമെന്നും വായ്പകിട്ടിയ ആൾ പലിശ പോയിട്ട്‌ മുതലുപോലും മടക്കിക്കൊടുക്കാനിടയില്ലെന്നും കണ്ടുപിടിച്ച ഉമ്മ എനിക്ക്‌ വിവരം ചോർത്തിത്തന്നു. വീട്ടിലെത്തിയ ഞാൻ ശകലം ചൂടായി. ഞങ്ങളൊക്കെ മുതിർന്നിട്ടും ബാപ്പയെ നാട്ടുകാർ പറ്റിക്കുന്നതിന്റെ ചേപ്രയായിരുന്നു എന്റെ പ്രശ്നം. ഭക്തനായ ബാപ്പ പലിശയുടെ ‘ഹറാം’ തിരിച്ചറിയാത്തതെന്ത്‌ എന്ന്‌ ഞാൻ എടുത്തുചോദിച്ചു. ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്ന ബാപ്പ ഇളംചിരിയോടെ പറഞ്ഞു: ‘‘ഒന്നാമത്‌ വായ്പയ്ക്ക്‌ പലിശ കൊട്‌ക്കണത്‌ ഹറാം. രണ്ടാമത്‌ വായ്പ വാങ്ങിയ പൈസ മടക്കിക്കൊടുക്കാത്തതും ഹറാം. എടോ ഞമ്മക്ക്‌ രണ്ടാമത്തെ ഹറാമ്‌ ചെയ്യാം.’’

നസീബിന്റെ ഊക്ക്‌

പലരും ചോദിച്ചിട്ടുണ്ട്‌ -വല്ല മോഹവും ബാക്കിയുണ്ടോ?
ഇല്ല. മലയാള സാഹിത്യം പഠിക്കണം എന്നായിരുന്നു ആദ്യകാല മോഹം. ഭാഗ്യവശാൽ അത്‌ സാധിച്ചു.
പിന്നെ, മാതൃഭൂമിയിൽ സഹപത്രാധിപർ ആവണമെന്ന്‌ ആഗ്രഹിച്ചു. അതു കഴിഞ്ഞ്‌ സർക്കാർ കലാലയത്തിൽ അധ്യാപകൻ ആവണമെന്ന്‌. അതും കഴിഞ്ഞ്‌ സർവകലാശാലയിൽ അധ്യാപകൻ ആവണമെന്നും. നസീബിന്റെ ഊക്കുകൊണ്ട്‌ മൂന്നും നിറവടിയായി. എന്റെ ജീവിതാഭിലാഷങ്ങളൊക്കെ എത്ര തുച്ഛമായിരുന്നു, അല്ലേ?
വൈസ്‌ ചാൻസലർ ആകണമെന്നോ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആകണമെന്നോ, എം.എൽ.എ. ആകണമെന്നോ ഒന്നും ഞാൻ ഒരിക്കലും മോഹിച്ചിട്ടില്ല. അധികാരസ്ഥാനങ്ങളോട്‌ ഒരിമ്പവും തോന്നിയിട്ടില്ല. അതിനൊക്കെ അർഹത ഉണ്ടായിരുന്നോ എന്ന്‌ ചോദിച്ചേക്കാം പിന്നേ, നമ്മുടെ നാട്ടിൽ ഇതൊക്കെ മോഹിക്കുന്നതും നേടുന്നതും അർഹതയുള്ളവർ മാത്രമല്ലേ! 

ഒരു ‘പ്രണയദാഹം’

നേരു പറയാം, ഒരു ദാഹം ബാക്കിയുണ്ട്‌ - പ്രണയം എന്താണ്‌ എന്ന്‌ അനുഭവിച്ചറിയാൻ കഴിഞ്ഞില്ല. ഏതെങ്കിലും പെണ്ണിനോട്‌ എനിക്കോ, ഏതെങ്കിലും പെണ്ണിന്‌ എന്നോടോ ഒരിക്കലും പ്രണയം തോന്നിയിട്ടില്ല. മക്കളും മരുമക്കളും പേരമക്കളുമായി ജീവിച്ചുപോരുന്ന ഈ വയസ്സു കാലത്ത്‌ ഇനി അതൊന്നും നിവൃത്തിയാവാൻ ഒരു പാങ്ങുമില്ല!
ആ തോന്നൽ വല്ലപ്പോഴും തേട്ടിവരുമ്പോൾ ഞാൻ ഓസ്കാർ വൈൽഡിന്റെ വാക്കുകൾ ഓർത്തു ചിരിക്കും. ‘ജീവിതത്തിൽ ദുരന്തം രണ്ടുതരത്തിലാണ്‌ -ആദ്യത്തേത്‌: ആഗ്രഹിച്ചത്‌ കിട്ടാതിരിക്കുക. മറ്റേത്‌: ആഗ്രഹിച്ചത്‌ കിട്ടുക’. ഇതിലേതാണ്‌ വലിയ ദുരന്തം എന്ന്‌ ആർക്കു പറയാം? ജീവിതത്തിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരമുണ്ട്‌; ഉണ്ടാക്കാം. പക്ഷേ, ജീവിതംതന്നെ ഒരു പ്രശ്നമാണ്‌. അതിനെന്തു പരിഹാരം? ചിരിച്ചല്ലാതെ ജീവിതത്തെ എങ്ങനെയാണ്‌ തോൽപ്പിക്കുക?