എഴുത്തും വായനയും ഔപചാരികമായി പഠിപ്പിക്കാൻ തുടങ്ങുന്നത് ഒന്നാംക്ലാസിലാണല്ലോ. അവിടെ യാന്ത്രികാഭ്യസനവും മനഃപാഠമാക്കലും പാടില്ലെന്നു വിലക്കുണ്ട്. കാണാപ്പാഠം പഠിക്കാത്തതിന് ചൂരൽക്കഷായം കൊടുക്കുന്ന പഴയ പതിവോർത്തുള്ള ഒരു നിരോധനമാവാം ഇത്. കുട്ടിയുടെ ഭാഷാപഠനത്തിന്റെ സ്വാഭാവികരീതിയിൽത്തന്നെ ഇതു രണ്ടുമുണ്ട് എന്ന സങ്കല്പം ചുഴിഞ്ഞുനോക്കിയാൽ കാണാവുന്നതേയുള്ളൂ. അതിരുകടന്ന ആദർശവത്‌കരണമാണ് വിലക്കിന്റെ പിന്നിലുള്ളത്. 

മനഃപാഠമെന്നത് കാണാപ്പാഠം ഓർമിക്കാനുള്ള ഒരു വലിയസൂത്രം മാത്രമാണെന്നാണ് ഈ ഭാഗം എഴുതിച്ചേർത്ത ആളുടെ വിചാരമെന്നു തോന്നുന്നു.  പഠിക്കുന്നതും പഠിച്ചത് ആവശ്യംവരുമ്പോൾ ഓർക്കുന്നതും ഒരു മാനസികകഴിവാണ്. വിപുലസാധ്യതകളും വിവിധ പ്രയോജനങ്ങളും ഉള്ള ഒരു സിദ്ധിയാണത്. ഊരുപറയൽ, അക്ഷരശ്ലോകം എന്നിങ്ങനെയുള്ള കേളീപാഠങ്ങൾ ഈ മാനസികകഴിവിന്റെ പരിപോഷണത്തിനായി മലയാളിയുടെ പാരമ്പര്യം കാത്തുപോന്ന സമ്പ്രദായങ്ങളാണ്. ഭാരതത്തിലെ മറ്റു സമൂഹങ്ങളിലും ഇതുപോലെയുള്ള സമ്പ്രദായങ്ങൾക്ക് പ്രചാരമുണ്ട്. മനഃപാഠസമ്പ്രദായത്തെ നാടുകടത്തുകയല്ല, അക്ഷരശ്ലോകംപോലെയുള്ള കേളികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മനഃപാഠത്തെ ബലപ്പെടുത്തുകയാണു വേണ്ടത്. ഭാഷാപാഠങ്ങളും അവയിൽനിന്നു കിട്ടുന്ന ബോധവും വ്യക്തിയുടെ സംസ്കാരതലത്തിൽ ലയിച്ചുചേരണമെങ്കിൽ മനഃപാഠവും അനുധ്യാനവും കൂടിയേതീരൂ. ആ കഴിവിനെ, ഏതു തത്ത്വം പറഞ്ഞായാലും പുറത്താക്കുന്നത് ആത്മഹത്യാപരമായ മറ്റൊരു പ്രവൃത്തിയാവും.

  എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും നടത്തുന്ന ഗിരിപ്രഭാഷണങ്ങൾക്കിടയിൽ നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസസമ്പ്രദായത്തിൽ നിലവിലുണ്ടായിരുന്നതും അത്യന്തം ശാസ്ത്രീയമായ ചില പഠനതന്ത്രങ്ങളെക്കുറിച്ച് ഒരു സൂചനയും ഇല്ലാതെപോയത് കല്പിച്ചുകൂട്ടിയാവാം. വിവരക്കേടുകൊണ്ടുമാവാം. മണലിൽ എഴുതുക, അക്ഷരങ്ങൾക്കുമേൽ മഞ്ചാടി, കുന്നിക്കുരു, പളുങ്ക്, എന്നിവ നിരത്തുക, തെങ്ങിന്റെ പൂക്കുല അരിയിൽ നിരത്തി അക്ഷരങ്ങളുണ്ടാക്കുക എന്നിങ്ങനെ ശാസ്ത്രീയവും സൗന്ദര്യാത്മകവുമായ പഠനതന്ത്രങ്ങൾ ഇവിടത്തെ പ്രകൃതിക്കിണങ്ങിയതും ചെലവേതുമില്ലാത്തതുമാണ്. മണലിലെഴുത്ത് വലതുകൈ നടുവിൽത്തുമ്പുകൊണ്ടാവണമെന്ന് നിർബന്ധമുണ്ടായിരുന്നു. കൈവിരലുകളിൽ  ഏറ്റവുമധികം സംവേദനക്ഷമതയുള്ള ചർമത്തിന്റെ സ്ഥാനം നടുവിരലറ്റമാണെന്നറിയുമ്പോഴാണ് മണലെഴുത്തിന്റെ പ്രാധാന്യം തെളിയുക. അതുപോലെ അക്ഷരങ്ങളുടെ രേഖാപാതം കല്ലിലെഴുതിയപോലെ ഉള്ളിൽ പതിയാനും ഇത് ഉതകും. പഠിച്ച അക്ഷരങ്ങളെ പുനരാവിഷ്കരിക്കാനുള്ള കളിപ്പാട്ടങ്ങളാണ് തെങ്ങിൻപൂവും മഞ്ചാടിയും കുന്നിക്കുരുവുമെല്ലാം.

തെറ്റുകൾ വരുത്തുന്നതും വരുത്തേണ്ടതും കുട്ടികളുടെ അവകാശമാണെന്നാണ് അധ്യാപകസഹായിയിലെ ചില ഭാഗങ്ങൾ വായിച്ചാൽ  തോന്നുക. തെറ്റുകൾ അവകാശമാവുന്നത് ഭാഷാപരമായ ശേഷികളെ ചില മേഖലകളിലെ വിദ്യാർഥികളുടെ കുത്തകയാക്കും. അറിവിന്റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ ഇങ്ങനെയൊരു വിടവുണ്ടാകുന്നത് പുതിയതരം ഉച്ചനീചത്വങ്ങളും ജാതിഭേദങ്ങളും രൂപംകൊള്ളാനേ ഉതകൂ.

നല്ലമലയാളം
ഇംഗ്ലീഷുകൊണ്ടു മാത്രമല്ല, തരപ്പെട്ടാൽ മറ്റു ഭാഷകളെക്കൊണ്ടും മലയാളത്തെ തിക്കിപ്പുറത്താക്കാൻ നോക്കാം. കൂട്ടൽ, കിഴിക്കൽ  അഥവാ കുറയ്ക്കൽ എന്നീ തനി മലയാളത്തിനുപകരം നിയമേനയെന്നോണം സങ്കലനം, വ്യവകലനം എന്നീ ഗീർവാണങ്ങൾ (ഗിരുകൊണ്ടുള്ള വാണം, വാക്കുകൊണ്ടുള്ള അമ്പ്) പ്രയോഗിക്കുന്നതാണ് അധ്യാപനസഹായികളുടെ രീതി. ചെയ്യുന്ന ക്രിയയെപ്പറ്റി ബോധം മാതൃഭാഷാപദം കൊണ്ടുണ്ടാക്കുകയും സാമാന്യവത്‌കരിച്ചു മനസ്സിലാക്കുകയുമാണ് ഉദ്ദേശ്യമെങ്കിൽ അതിനേറെ ഉതകുക, മലയാളത്തിന്റെ ചൈതന്യം തുടിക്കുന്ന കൂട്ടലും കിഴിക്കലുംതന്നെയാണെന്ന കാര്യത്തിൽ  പക്ഷാന്തരംവേണ്ടാ.

വിദ്യാഭ്യാസ മന്ത്രി വായിച്ചറിയാൻ സംവാദം തുടരുന്നു