കേരളത്തിലെ സാംസ്‌കാരികനായകന്മാര്‍ സ്വന്തം തടി നോക്കുകയാണ്. മൗനത്തിന് ന്യായീകരണങ്ങളില്ല. നാളെ അവര്‍ക്കുനേരെയും ഇതാവര്‍ത്തിക്കപ്പെടും. സി.പി.എം. സ്വന്തം ശവക്കുഴി തോണ്ടുകയാണ് ഇവിടെയും. എതിരാളികളെ ഇങ്ങനെ നേരിടുന്നതാണോ മാര്‍ക്‌സിസം ലെനിനിസം? ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയുമായുള്ള അഭിമുഖം പുന:പ്രസിദ്ധീകരിക്കുന്നു.
'കെ. മധു: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കില്ലെന്ന് സി.പി.എം ആവര്‍ത്തിക്കുന്നു. നാനോ സമരം ഓര്‍മ വരുന്നുണ്ടോ?
മഹാശ്വേതാദേവി: സി.പി.എമ്മിന്റെ പ്രചാരണം സമാനമാണ്. പക്ഷേ, കേരളത്തിന്റെ രാഷ്ട്രീയ ബോധത്തെയാണ് എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നത്. സി.പി.എം സ്വന്തം ശവക്കുഴി തോണ്ടുകയാണ് ഇവിടെയും. എന്തുപറഞ്ഞാലും ഒന്നുണ്ട്. ചന്ദ്രശേഖരന്റേത് സാധാരണ മരണമായിരുന്നില്ല. നിഷ്ഠുരമായ കൊലയായിരുന്നു അത്. ചോരയൊലിപ്പിച്ച് ആ ചെറുപ്പക്കാരന്‍ റോഡില്‍ കിടന്നു. എതിരാളികളെ ഇങ്ങനെ നേരിടുന്നതാണോ മാര്‍ക്‌സിസം ലെനിനിസം?
'രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയ സമരങ്ങളെ കൈയൊഴിയുകയാണോ?
ബംഗാളില്‍ സി.പി.എം നേതാവ് സുശാന്തോ ഘോഷിന്റെ വീട്ടിനുള്ളിലാണ് ശവങ്ങള്‍ കുഴിച്ചിട്ടിരുന്നത്. നന്ദിഗ്രാമിന് കാരണക്കാരനായ അവരുടെ ലക്ഷ്മണ്‍ സേത്തിനെ ഒടുവില്‍ മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നേതാക്കള്‍ സ്വന്തം വീട്ടകങ്ങളില്‍ ഒട്ടേറെ അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍കൂടിയാണ്, പ്രതീക്ഷകളാണ് ഇങ്ങനെ കുഴിച്ചുമൂടപ്പെടുന്നത്. പക്ഷേ, നഷ്ടപ്പെടുന്ന അധികാരത്തിലാണ് തെമ്മാടികളുടെ ആശങ്ക. പിന്നെ എന്ത് ആശയങ്ങള്‍? എന്ത് സമരങ്ങള്‍?
'സി.പി.എമ്മും ഇടതുപക്ഷവും ഇത്തരത്തില്‍ മാറുന്നത് ജനാധിപത്യത്തെതന്നെ വലിയതോതില്‍ ദുര്‍ബലപ്പെടുത്തില്ലേ?
ഞാന്‍ സി.പി.എം അംഗമല്ല. എനിക്ക് അവരില്‍ പ്രതീക്ഷയുമില്ല. നന്ദിഗ്രാമില്‍ എന്താണ് സംഭവിച്ചത്? സി.പി.എമ്മുകാരാണ് അക്രമം അഴിച്ചു വിട്ടത്. അവരും കൃഷിയിടങ്ങള്‍ വന്‍കിട കുത്തകകള്‍ക്ക് കൈമാറുന്നു. ടാറ്റ തൊഴില്‍ തരും. പിന്നെ കലപ്പഎടുത്ത് വെയിലത്തുനിന്ന് അധ്വാനിക്കേണ്ടതില്ല എന്നാണ് അന്ന് ബിമന്‍ ബസു പറഞ്ഞത്. ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണ്. ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതാവുന്നു. റോഡുകളില്‍ പ്രവേശനംതന്നെ നിഷേധിക്കപ്പെടുന്നു. എന്താണ് ആ പാര്‍ട്ടി ചെയ്യുന്നത്? അവരെ വിശ്വസിക്കുക വയ്യ. എനിക്ക് ജനങ്ങളില്‍ മാത്രമേ പ്രതീക്ഷയുള്ളൂ. എന്റെ വിശ്വാസവും ഇന്നാട്ടിലെ ജനങ്ങളില്‍ മാത്രമാണ്.
'പക്ഷേ, ജനങ്ങള്‍ക്ക് എന്തു ചെയ്യാനാവും? കേരളത്തിലേക്ക് നോക്കൂ. രണ്ടു മുന്നണികളും എപ്പോഴും ഭരണം മാറിമാറി പങ്കുവെക്കുന്നു. ഇപ്പോള്‍തന്നെ ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇത്തരം ഒത്തുകളികള്‍ മറച്ചുപിടിക്കുമോ എന്ന ആശങ്കയുണ്ട്. കാര്യങ്ങള്‍ അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പുകള്‍ തന്നെ ജനങ്ങളുടെ നിസ്സഹായതയാകുന്നില്ലേ?
രണ്ടും ഒന്നാണ്. ഒരു വ്യത്യാസവുമില്ല. കേന്ദ്രത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും പോലെ തന്നെ. അതിനാല്‍ മുട്ടില്‍ ഇഴയാതെ എണീറ്റു നില്‍ക്കുക. പോരാടുക. പോരാടുക, പോരാടുക. നമുക്ക് ജനങ്ങളിലേക്ക് പോകാം. അവരാണ് അന്തിമ വിധികര്‍ത്താക്കള്‍. എനിക്കുറപ്പുണ്ട്. എല്ലാം എന്നും ഇതുപോലെയാകില്ല. ഞാന്‍ കണ്ട ദുരിതങ്ങളും എന്റെ അനുഭവങ്ങളും എനിക്ക് പകരുന്നത് നിശ്ചയമായും ആ വിശ്വാസമാണ്.
'ഇത് പക്ഷേ, പുതിയ കാലം. തന്നിലേക്ക്തന്നെ ഒതുങ്ങുന്നവര്‍, നവമാധ്യമങ്ങള്‍ എല്ലാ മുന്നേറ്റങ്ങളെയും തന്നെ അസാധ്യമാക്കുന്ന ഘട്ടം. എന്തു യുക്തിയുണ്ട് അത്തരം പ്രതീക്ഷകള്‍ക്ക്?
അങ്ങനെ സംഭവിക്കില്ല. കടന്നുപോകുന്ന കഷ്ടപ്പാടുകളുമായി ഇവിടെ ജനങ്ങളുണ്ട്. പ്രതിഷേധത്തിനും പ്രതിരോധത്തിനും മാര്‍ഗങ്ങള്‍ പലതാകാം. പതിനാറാം നൂറ്റാണ്ടില്‍ അത് ഭക്തിപ്രസ്ഥാനമായിരുന്നില്ലേ? ചൈതന്യ മഹാപ്രഭുവിന്റെ വാക്കുകള്‍ ലോകധര്‍മത്തിന്റെ കവചമായില്ലേ? കവി ബന്ദ്യഘടിഗായിയുടെ കാര്യത്തിലെന്ന പോലെ (മഹാശ്വേത ദേവി എഴുതിയ ചരിത്രാഖ്യായിക) . നവോത്ഥാനവും രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പുല്‍ക്കൊടിയെക്കാള്‍ വിനയത്തോടെ, വന്മരങ്ങളുടെ കരുത്തോടെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ അവര്‍ കടന്നുപോയി. പാടത്ത് പണിയെടുക്കുന്നവരും അവരുടേതായ രീതിയില്‍ സമൂഹത്തില്‍ ഇടപെടുന്നുണ്ടെന്ന് മറക്കരുത്. സാംസ്‌കാരികമൂല്യങ്ങള്‍ സമൂഹത്തില്‍ തന്നെയുണ്ട്. ലോകധര്‍മത്തെ തകിടം മറിക്കാനുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടുക തന്നെ ചെയ്യും . എനിക്ക് ജനങ്ങളില്‍ വിശ്വാസമുണ്ട് .
'ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നു എന്നുഭാവിച്ച്, പാതിവഴിയില്‍ അത് ഉപേക്ഷിച്ച് പോകുന്ന മുഖ്യധാരാ പാര്‍ട്ടികള്‍ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുമ്പോള്‍ ആത്യന്തികമായി ജനങ്ങള്‍ പരാജയപ്പെടുന്നില്ലേ?
രാഷ്ട്രീയ കക്ഷികള്‍ കോര്‍പറേറ്റുകളുടെ ഏജന്റുമാരാകുന്ന ഘട്ടത്തില്‍ ഇത് സംഭവിക്കുന്നുണ്ട്. ഇവിടെ തന്നെ പ്ലാച്ചിമടയിലെ പ്രശ്‌നം. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ്. എന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് രാഷ്ട്രപതിക്ക് അയയ്ക്കുന്നില്ല. കൊക്കകോളയ്ക്കുവേണ്ടി വാദിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഭരണഘടനാദത്തവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യാന്തരനിയമങ്ങള്‍ക്ക് നിരക്കുന്ന ട്രൈബ്യൂണല്‍ ബില്ലിന്മേല്‍ ഒരു കൊല്ലത്തിലേറെയായി കാലതാമസം വരുന്നു എന്നത് നാണക്കേടാണ്. നമുക്ക് കൂടുതല്‍ ജാഗ്രത വേണ്ടിയിരിക്കുന്നു. ഇതിനെതിരെ ഞാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
'എന്‍ഡോസള്‍ഫാന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
തീര്‍ച്ചയായും. അവിടേയും ഇരകള്‍ക്ക് നീതി ലഭ്യമാകുന്നില്ല. കാസര്‍കോട്ടും കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണ്.
'പക്ഷേ, സര്‍ക്കാരുകള്‍ അത് കേള്‍ക്കാന്‍ തയ്യാറല്ല. തീവ്രവാദത്തിന്റെ കാലം വീണ്ടുമെത്തുകയാണോ?
തീവ്രവാദമെന്നത് പലപ്പോഴും ഭരണകൂടത്തിന്റെ കാഴ്ചപ്പാടാണ്. എല്ലാ രീതിയിലും അവഗണിക്കപ്പെടുന്ന സമൂഹം, സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന യാതൊന്നും തന്നെ കിട്ടാതെ വരുന്ന മനുഷ്യര്‍, അവര്‍ക്ക് അക്രമത്തിലൂടെ മാത്രമേ നീതി കിട്ടൂ എന്ന് വന്നാല്‍ അവര്‍ നടത്തുന്ന അക്രമം തെറ്റാണെന്ന് ഞാന്‍ പറയില്ല.
'ഓരോ തവണയും ദീദിക്ക് കേരളത്തില്‍ നിന്നുള്ള സാംസ്‌കാരിക പിന്തുണ കുറഞ്ഞു വരുന്നുണ്ടോ? ഇപ്പോള്‍ തന്നെ ഒഞ്ചിയത്തെ പറ്റി പറയാന്‍ പോലും മിക്കവാറും സാംസ്‌കാരിക നായകന്മാര്‍ തയ്യാറാവുന്നില്ല.
കേരളത്തിലെ സാംസ്‌കാരികനായകന്മാര്‍ സ്വന്തം തടി നോക്കുകയാണ്. നേരിയ പോറല്‍പോലും ഏല്‍ക്കാതെ സുരക്ഷിതമായി കളിക്കുകയാണ്. മൗനത്തിന് ന്യായീകരണങ്ങളില്ല. പ്രത്യേകിച്ചും കിരാതമായ ഇത്തരം അരുംകൊലകള്‍ക്ക് മുന്നില്‍. യോജിച്ച പോരാട്ടത്തിലൂടെ എതിര്‍പ്പുകള്‍ക്ക് കരുത്തു പകരേണ്ടിയിരിക്കുന്നു. നാളെ അവര്‍ക്കു നേരെയും ഇത് ആവര്‍ത്തിക്കപ്പെടുമെന്ന് മറക്കാതിരിക്കുന്നതാണ് നല്ലത്.