പുഴ നരച്ചുകിടന്നു. പാഴ്‌ച്ചെടികളും ആറ്റുവഞ്ചിയും പൊന്തയായി വളര്‍ന്ന് ഭ്രാന്തന്റെ മുടിപോലെ വരണ്ട മണലിനെ പൊതിഞ്ഞിരിക്കുന്നു. ഗതിമുട്ടിയ വെള്ളം അപകര്‍ഷതയോടെ ചാലുകളില്‍ തളംകെട്ടിനില്‍ക്കുന്നുണ്ട്. കൂട്ടക്കടവിലിപ്പോള്‍ കടത്തില്ല. കൂക്കുവിളിച്ചാല്‍ അക്കരെനിന്ന് ആരും തുഴഞ്ഞെത്തില്ല. അത്താണിയും തോണിക്കുറ്റിയും ഇല്ല. ബാക്കിയായ ലഹരിയുടെ അവശിഷ്ടങ്ങളും പാഴ്‌വസ്തുക്കളും മണലില്‍ പുതഞ്ഞുകിടക്കുന്നു. മൂന്നാണ്ടുമുമ്പത്തെ പ്രളയം പുഴയെ ആകെ മാറ്റിയിരിക്കുന്നു എന്നാരോ പറഞ്ഞതുകേട്ടു. ആളുന്ന വെയിലിനപ്പുറം മരീചികപോലെ അക്കരെ പള്ളിപ്പുറം കാണാം. ദൂരെ തീവണ്ടിയുടെ ഒച്ചകേള്‍ക്കുന്നുണ്ടോ. ഇല്ല.  കാലം അനാഥമാക്കിയ  വിജനമായ കടവില്‍ കാറ്റിനുപോലും അനക്കമില്ല.
പണ്ട്, നിളയിലെ ഈ കടവുകടന്നാണ് സേതു അമ്പലത്തിലേക്കും കണ്ണുവൈദ്യന്റെ വീട്ടിലേക്കും വെള്ളരിക്കണ്ടത്തിലേക്കും പലവട്ടം പോയത്. സേതുവിന്റെ പുറംലോകമെപ്പോഴും പുഴയ്ക്കപ്പുറമായിരുന്നു; ഇപ്പുറം ആന്തരികലോകവും. സുല്‍ത്താന്‍കോട്ടയുള്ള നഗരത്തില്‍ പതിനാറുകാരന്‍ പഠിക്കാന്‍പോയതും തിരിച്ചുവന്നതും സ്വാര്‍ഥകാമനകള്‍ വറ്റിയപ്പോള്‍ നീണ്ടനിഴലിനെ പിന്നിലാക്കി മടങ്ങിയതും ഈ കടവില്‍നിന്നുതന്നെ. 
ഒടുവില്‍ ഒഴുക്കുമുട്ടി, പരാജിതനായി മടക്കം. അപ്പോഴും സേതുമാധവന്റെ പിന്നില്‍ പുഴ ചലനമറ്റുകിടന്നിരുന്നു.  അയാള്‍ ഓര്‍ത്തു. പുഴ, എന്റെ പുഴ, പിന്നില്‍ ചോര വാര്‍ന്നുവീണ ശരീരംപോലെ ചലനമറ്റുകിടന്നു. നോവല്‍ അവസാനിക്കുന്നതങ്ങനെയാണ്.
സേതുമാധവന്‍ തിരിഞ്ഞുനോക്കിയിട്ടുണ്ടാകുമോ. ഉണ്ടാകില്ല. അതയാളുടെ പ്രകൃതമല്ല. അഹംബോധത്തിനും  കുറ്റബോധത്തിനും ഇടയിലുള്ള എന്തോ ഒന്ന് അയാളെ എപ്പോഴും അതില്‍നിന്ന് വിലക്കുന്നു.
'കാലം' എഴുതി അമ്പതാണ്ട് കഴിഞ്ഞിട്ടും കൂടല്ലൂരിന് വലിയ മാറ്റങ്ങളൊന്നുമില്ല. അങ്ങാടിയില്‍, തിണ്ണയില്‍ പഴയ ബെഞ്ചിട്ടിരിക്കുന്ന പീടികനിരകളുണ്ട്.  പരുക്കന്‍ മുഖമുള്ള നാടന്‍ മനുഷ്യരുണ്ട്. 1911 എന്ന് മുദ്രകുത്തിയ ഓട്ടിട്ട, മാറാന്‍ മടിച്ച് മരവിച്ചുനില്‍ക്കുന്ന വാര്‍ധക്യവുംകഴിഞ്ഞ എടുപ്പുകളുണ്ട്. പക്ഷേ, ഇതൊക്കെത്തന്നെയും മാറും. എം.ടി. അക്ഷരങ്ങള്‍കൊണ്ട് അനശ്വരമാക്കിയ പൊലിമയൊന്നുമില്ലാത്ത അങ്ങാടിയില്‍ ചൂടും ചൂരുമുള്ള ജീവിതമുണ്ട്. അങ്ങാടിക്കുകിഴക്ക്, കടവില്‍ ഇപ്പോഴും കടത്തുണ്ട്. എഴുപത്തഞ്ചുകാരനായ ബാവ്ക്കയുടെ തോണിയില്‍ കയറി. ''മൂപ്പരാള്‌ക്കൊക്കെ മ്മളെ അറിയാം'' എം.ടി.യെപ്പറ്റി  ബാവ്ക്ക പറഞ്ഞു. ''അമ്മോന്‍ കുഞ്ഞനൂക്കയെ മൂപ്പര്‍ക്ക് നന്നായറിയും. സഖാവ് കുഞ്ഞനൂക്ക.'' പുഴ സംഗമിക്കുന്ന കൂട്ടക്കടവില്‍ തടയണ നിര്‍മിക്കുന്നതിലുള്ള ഭോഷത്തരത്തില്‍ ബാവ്ക്ക രോഷം പ്രകടിപ്പിച്ചു. ''വായ കെട്ട്യപോലെ ആയിപ്പോയി. ആരേലും ചെയ്യോ...'' പുഴകടന്ന് കയറുന്നത് മങ്കേരിയിലെ ട്രാക്കിലേക്കാണ്. അപ്പുറത്ത് പേരശ്ശന്നൂര്‍ ഇപ്പുറത്ത് പള്ളിപ്പുറം. പാളങ്ങളില്‍ വെയില്‍ തിളങ്ങി.
തറവാടിന്റെ മുറ്റത്തുനിന്നുനോക്കിയാല്‍ പടിക്കപ്പുറം പാടം. പിന്നെ നിരത്ത്, അതിനപ്പുറം പുഴ. സേതുവിന്റെ വീട്, എം.ടി.യുടെയും. സ്ഥലംനികത്തി വീടുകള്‍ വന്നതിനാല്‍ മുന്നിലെ നിരത്തും അപ്പുറത്തെ പുഴയും കാണില്ലെന്നുമാത്രം. പക്ഷേ, കമുകുകള്‍ കാറ്റത്ത് ഇപ്പോഴും ചായുന്നതുകാണാം. കട്ടയുടച്ച വയല്‍ക്കണ്ടത്തില്‍ വെയിലാളുന്നതും കാണാം. ഗെയിലിെന്റ പൈപ്പ് മുന്നിലൂടെ പോയതാണ് കാലം പുതുതായി ചാലിട്ട ആധുനികത. 
 കൂട്ടിലിട്ട വെരുകിനെപ്പോലെ സേതു മടുത്തിരുന്ന വീട്.  പക്ഷേ, വീണ്ടും വീണ്ടും വലിച്ചടുപ്പിച്ച ആരൂഢം. ആകര്‍ഷിക്കുകയും വികര്‍ഷിക്കുകയും ചെയ്യുന്ന കാന്തം.  മാടത്ത് തെക്കെപ്പാട്ട് തറവാടിന്റെ പടിവരെ 2018ലെ പ്രളയജലം വന്നിരുന്നു. പേരെഴുതിയ ഗേറ്റ് ഒക്കെ പുഴ കൊണ്ടുപോയി. നാലുദിവസത്തോളം വെള്ളംനിന്നുവെന്ന് തറവാടിനടുത്ത് പത്തായപ്പുരനിന്ന സ്ഥലത്ത് വീടുള്ള ഏടത്തി പറഞ്ഞു. തറവാട് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കയാണ്. ആരാധകര്‍ പക്ഷേ, ഇടയ്ക്കിടെ വരും.  
ഉഷ്ണവും ഉച്ചയുറക്കവും  മന്ദിപ്പിച്ച തലയുമായി ആവലാതിയൊഴിയാത്ത സേതുവിന്റെ ചെറിയമ്മ വന്നുകിടക്കുന്ന കോലായ പക്ഷേ, ഇങ്ങനെയായിരിക്കണമെന്നില്ല. പകിട്ടില്ലാത്തവരായിരുന്നു സേതുവിന്റെ അമ്മയും ചെറിയമ്മയുമൊക്കെ. കനത്ത ജീവിതയാഥാര്‍ഥ്യങ്ങള്‍ പാകപ്പെടുത്തിയ സ്ത്രീകള്‍. മനസ്സില്‍ കൂട്ടിവെക്കാതെ എടുത്തടിച്ചപോലെ പറയുന്നവര്‍. പഴയ പാരമ്പര്യത്തിന്റെ ജീര്‍ണശേഷിപ്പുകളില്‍ ജനിച്ചുപോയവര്‍.
കൂടെപ്പഠിച്ച ഹരിദാസും ഏട്ടനും വന്നപ്പോള്‍ സേതു പരിഭ്രമിച്ചു. ചിട്ടയും പരിഷ്‌കാരവും ഇല്ലാത്ത കര്‍ഷകഭവനത്തില്‍ എന്തുസത്കാരം!
''തിന്നാനെന്താ കൊട്ക്ക്വാ'' അയാള്‍ അമ്മയോടു ചോദിച്ചു''
''ഒലയ്ക്ക. ചെക്കാ പോയ്‌ക്കൊ. മൂന്നുനേരം പഷ്ണികെടക്കാണ്ടെ, ചെലവ് മുട്ടിപ്പോവ്ണത് തന്നെ ഭാഗ്യം. ഇവിടെ പലഹാരം റെഡിറെഡിയായി വെച്ചിരിക്ക്വല്ലെ''
നുറുങ്ങിയ മോന്തായമുള്ള ആ നരച്ച വൈക്കോല്‍ക്കെട്ടിടം തല്ലിത്തകര്‍ക്കാന്‍ അപ്പോള്‍ സേതുവിനുതോന്നി. വലിയ തറവാട്ടുകാര്... അയാള്‍ ഉള്ളില്‍ ജ്വലിച്ചു. 
  തറവാടിന്റെ പടിഞ്ഞാറ്് ഇല്ലപ്പറമ്പ് ഇപ്പോഴുമുണ്ട്. നോവലിലെ താളില്‍നിന്ന് അഞ്ചു സെല്ലിന്റെ ടോര്‍ച്ചും തെരുപ്പിടിച്ച് വിഡ്ഢിച്ചിരി ചിരിച്ച് ഉണ്ണ്യമ്പൂരി ഇറങ്ങിവരുന്നതുപോലെ തോന്നി. പറമ്പിലെ കുളം ഇപ്പോ നനക്കാനാണ് ഉപയോഗിക്കുന്നത്. 
തറവാട്ടിലെ ചെറിയ പൂമുഖത്ത് എം.ടി.യുടെ അമ്മയുടെ വലിയ ചിത്രം. ഇടനാഴിയിലുള്ള ചെറിയ മുറികളില്‍ കാലം കനത്തിരുണ്ടു നില്‍ക്കുന്നു.  
ചെറിയ വീതികുറഞ്ഞ ഇടനാഴിയുടെ അറ്റത്ത് മുകളിലേക്കുള്ള ഗോവണി. മുകളില്‍ സേതു ഷര്‍ട്ടഴിച്ച്  വല്ല കിത്താബും വായിച്ചുകിടക്കുന്നുണ്ടാവണം. അതോ ദിവാസ്വപ്നങ്ങള്‍ കാണുകയോ.  സേത്വോ... എന്നു വിളിക്കാനുള്ള തോന്നല്‍ അടക്കി. 
തറവാടിനുവടക്ക് വടക്കേതില്‍ വീട്. സുമിത്രയുടെ വീട്.  കറുകപ്പുല്ലുപറിച്ച് ആടുകളെ മേച്ചുനടന്ന വെളുത്തുകൊലുന്നനെയുള്ള നാടന്‍ പെണ്‍കുട്ടി.  കൗമാരക്കാരന്റെ വെളിച്ചമില്ലാത്ത മനസ്സിലേക്ക് പൊടുന്നനെ കടന്നുവന്ന പെണ്ണ്. 
ചിമ്മിനിയുടെ വെളിച്ചത്തില്‍ പുകയുന്ന തീനാളത്തിനോടെന്നോണം മന്ദഹസിച്ചുകൊണ്ട് സുമിത്ര നിന്നപ്പോള്‍ പൊടുന്നനെ സേതു വിചാരിച്ചു: സുമിത്രയെ കാണാനെന്തു ഭംഗി!  
ചില മാത്രകള്‍ അങ്ങനെയാണ്. വെളിച്ചക്കീറില്‍ കാണുമ്പോള്‍ ഇന്നലെ കണ്ടുപരിചയിച്ച, ഇന്നോളം കണ്ട രൂപമായിരിക്കല്ല അത്. ദേവതയെപ്പോലെ തോന്നും. മടുത്തുചെടച്ച മനസ്സ് തുള്ളിത്തുളുമ്പും. പിടിച്ചടക്കാന്‍ ശ്രമിക്കുമ്പോഴും പിടിച്ചടക്കിയപ്പോഴും പരിഭവം പറയാത്ത പാവം പെണ്‍കുട്ടി. ഇതൊക്കെ വെറുതേയാണെന്ന് എനിക്കറിയാമെന്ന് കണ്ണീര്‍ ചാലിച്ച് പറയുന്നവള്‍. ഭംഗിയുള്ള മറ്റൊരു പെണ്ണിനെ കണ്ടപ്പോള്‍, സുഖത്തിനുള്ള മറ്റൊരവസരം കിട്ടുമ്പോള്‍ എല്ലാം സേതു മറക്കുമെന്ന് സുമിത്രയ്ക്കറിയാമായിരുന്നു.
തറവാടിനുപിന്നില്‍ കുന്നുമ്പുറം. താണിക്കുന്ന്. ഞാവല്‍ക്കൂട്ടവും കൊങ്ങിണിപ്പടര്‍പ്പും പനയും നീരോല്‍പ്പടര്‍പ്പും  നിറഞ്ഞ കയറ്റത്തില്‍ക്കൂടിയാണ് സേതു മുകളിലേക്ക് പോവാറുള്ളത്. മുകളിലേക്കുള്ള ചെറിയ വഴിയില്‍ ഞാവല്‍പഴങ്ങള്‍ തിരഞ്ഞെങ്കിലും കണ്ടില്ല. കുടപ്പനകള്‍മാത്രം എഴുന്നുനില്‍ക്കുന്നുണ്ട്. കാലപ്രവാഹത്തില്‍ താണിക്കുന്ന് അപ്പടി മാറിയിരിക്കുന്നു. ചെങ്കല്‍ക്വാറികള്‍ കുന്നിനെ പലയിടങ്ങളിലും കാര്‍ന്നുതിന്നുന്ന ഭീഷണമായ ശബ്ദം അവിരാമം.
 ഈവഴി നടന്നുകയറി കുന്നിറങ്ങിയാണ് കഥാകാരനും കഥാപാത്രവും മലമക്കാവ്  സ്‌കൂളിലേക്കുപോയിരുന്നത്. കുന്നിറങ്ങിയാല്‍ത്തന്നെ മലമക്കാവ് അമ്പലമായി. തായമ്പകയുടെ സുന്ദരശൈലികളിലൊന്ന് പിറന്ന അയ്യപ്പക്ഷേത്രം.  നീലത്താമര വിരിയുന്ന അമ്പലക്കുളത്തില്‍ ചമ്മി കെട്ടിക്കിടക്കുന്നു. തൊട്ടപ്പുറത്താണ് സ്‌കൂള്‍. സേതു പത്തുപഠിച്ചുപാസായ കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ നാലുനാഴിക അപ്പുറത്താണ്. കുന്നുകയറിയിറങ്ങി നടന്നുതന്നെ പോകണം. എം.ടി.യുടെകൂടെ കുമരനെല്ലൂരില്‍ അന്ന് അക്കിത്തവും ഉണ്ടായിരുന്നു. പ്രോഫിഷ്യന്‍സിക്കും ജനറല്‍ നോളജിനും സേതു സമ്മാനങ്ങള്‍ വാങ്ങിയ വിദ്യാലയങ്ങള്‍.
മഞ്ഞച്ചായമടിച്ച പാലക്കാട്ടെ വിക്ടോറിയ കോളേജ് കമാനത്തിന് മാറ്റമൊന്നുമില്ല. വളവില്‍ ലോറികള്‍ ബ്രേക്കിടുന്ന ശബ്ദത്തിനും ടയറുരയുന്ന ശബ്ദത്തിനും വ്യത്യാസമില്ല. സേതുവും എം.ടി.യും  കെമിസ്ട്രിപഠിച്ച കോളേജ്. ഹാബിറ്റാക്കാറില്ല എന്നുനടിച്ച് സിഗരറ്റ് വലിയും മദ്യപാനവും ശീലിച്ചുതുടങ്ങിയ കാലം.  ജീവിതം അളന്നുതൂക്കിക്കണ്ട കൃഷ്ണന്‍കുട്ടിയെ റൂംമേറ്റായി കിട്ടിയ നേരം. ചെലവിന് ബുദ്ധിമുട്ടിയ നാണക്കേടിന്റെ നാളുകള്‍. കോളേജിലെ വര്‍ണങ്ങളില്‍ സുമിത്രയുടെ രൂപം  വെറും നിര്‍മാല്യംപോലെ തോന്നിയ സന്ദര്‍ഭം.
പുന്നയൂര്‍ക്കുളത്തുള്ള അച്ഛന്‍വീട്ടില്‍ പോയപ്പോള്‍  പരിചയപ്പെട്ട പുഷ്‌പോത്തെ  തങ്കമണി സുന്ദരിയായിരുന്നു. പുന്നയൂര്‍ക്കുളത്തേക്കുള്ള യാത്രകള്‍ ഇഷ്ടമാണ് സേതുവിന്. പൂഴിമണല്‍ കുഴഞ്ഞുകിടക്കുന്ന ഇടവഴിയും കൂറ്റന്‍ അരയാലും കടന്നാല്‍ അച്ഛന്റെ വീടായി. സ്ഥലമൊക്കെ ആകെ മാറിയെങ്കിലും പൂഴിത്തിളക്കത്തിന് മാറ്റമൊന്നുമില്ലിപ്പോഴും. തിളങ്ങുന്ന നിലാവില്‍  തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ നിറമാലയ്ക്കു പോകുമ്പോള്‍ തങ്കമണി ഒരു കവിതയായി അയാള്‍ക്കുതോന്നി.  പക്ഷേ, ആ കവിതയും അയാള്‍ പൂര്‍ത്തിയാക്കിയില്ല. ജീവിതാവേഗങ്ങളില്‍ നുരകുത്തി ശ്രീനിവാസന്‍ മുതലാളിയുടെ ഭാര്യ ലളിതയെ അയാള്‍ ആരാധിച്ചു. ''ഐ വെര്‍ഷിപ്പ് യൂ'' അയാള്‍ പറഞ്ഞു. പക്ഷേ, കാമിച്ചു എന്നുപറയുന്നതാവും ശരി. ഒറ്റപ്പെട്ട് ബോറടിച്ചുപോയ രണ്ടുപേര്‍.  സേതു ജീവിതംവെച്ച് തായംകളിച്ച കോഴിക്കോട്ടങ്ങാടി വല്ലാതെ മാറിയിട്ടില്ല. നഗരം തിങ്ങിവളര്‍ന്നത് പുറത്തേക്കാണ്. റംഗൂണ്‍ ഹോട്ടലും കടപ്പുറവും ചില്‍ഡ്രന്‍സ് പാര്‍ക്കും വല്യങ്ങാടിയും അതുപോലെത്തന്നെ. കല്ലായിപ്പുഴയില്‍ പക്ഷേ, മരങ്ങള്‍ കുറവാണ്. ജീവിതം ചതിയിലൂടെ ചവിട്ടിക്കയറിയ നഗരം; ലളിത തിരസ്‌കരിക്കുംവരെ.
ചവിട്ടിമെതിച്ച് ഒന്നാമതെത്തിയെന്നുധരിച്ചത് തെറ്റായിരുന്നു. സേതുവിനെ രക്ഷിക്കാന്‍ ആര്‍ക്കും ആവുമായിരുന്നില്ല. അയാള്‍ക്കുപോലും.  അഭയം തേടിയെത്തിയതും കുന്നുമ്പുറത്തുതന്നെ. 'തരൂ, ഒരവസരംകൂടി' അയാള്‍ പ്രാര്‍ഥിക്കാന്‍ വെമ്പി.  താണിക്കുന്നില്‍ സുമിത്ര ഒറ്റയ്ക്കുതാമസിക്കുന്ന നിസ്വമായ മണ്‍കുടില്‍. 
ഒട്ടിയ കവിളുകള്‍ക്കുമീതെ ഉന്തിനില്‍ക്കുന്ന എല്ലുകള്‍, നീലനിറം കലര്‍ന്ന ചുണ്ടുകള്‍, കളഭത്തിന്റെ മണമുള്ള പഴയ ഇഷ്ടം, അതാ ശോഷിച്ച് അന്തിത്തിരിപോലെ വിളറിനില്‍ക്കുന്നു. മൊളിപൊന്തിയ മെലിഞ്ഞ കൈത്തണ്ട.
സേതു പറഞ്ഞു
''എനിക്ക് നിന്നെ ഇഷ്ടമായിരുന്നു.''
സുമിത്ര വീണ്ടും വികൃതമായി ചിരിച്ചു. 'ഇഷ്ടം.' അയാള്‍ തിണ്ണയിലെ ചാണകമടര്‍ന്ന പാടുകളിലേക്ക് കണ്ണുകള്‍ താഴ്ത്തിയപ്പോള്‍ സുമിത്ര പറയുന്നതുകേട്ടു: ''സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളൂ. സേതൂനോടുമാത്രം!'' 
നോവലിനെ സംഗ്രഹിച്ച വാക്കുകള്‍.  എം.ടി.ക്കുമാത്രം പറ്റുന്ന ഒന്ന്.
എല്ലാ ആണുങ്ങളും അത് വായിച്ച് വെള്ളിടിയേറ്റപോലെ തകര്‍ന്നു. 
കാലപ്രവാഹത്തില്‍ ആഞ്ഞുനീന്തുന്നതിനിടെ ഉപേക്ഷിച്ചത് പലതും തിരയുന്നതിലെന്തര്‍ഥം. 
ഉദയത്തിന്റെ ഗോപുരം അകലയാണോ...?