M N Paloorരുഘട്ടത്തിൽ എം.എൻ. പാലൂർ അദ്ദേഹത്തിന്റെ കവിതകൾ സ്വന്തം കൈപ്പടയിൽ എഴുതി അയച്ചുതരുമായിരുന്നു. കുറേ മാസങ്ങൾക്കുമുമ്പ് ‘എല്ലാവർക്കും നന്ദി’ എന്ന കവിതയോടെ അതു നിന്നു. ആ കവിത ഇനി ഞാൻ മരണത്തെ വരിക്കട്ടെ എന്ന ഉപസംഹാരത്തിന്റെ സ്വഭാവത്തിലുള്ളതായിരുന്നു.
 
ഏറ്റവും ഒടുവിൽ പാലൂർ എഴുതി അയച്ചുതന്ന കവിതയിലെ അവസാന ഭാഗം ഇങ്ങനെ:
 
‘അമ്മേ മാപ്പ്! തകർന്നൊരെൻ മുരളിയിൽ
സംഗീതമില്ലാതെയായ്;
കർമം ചെയ്തു തളർന്നൊരി,ബ്ഭവനവും
കാറ്റത്തു നിൽക്കാതെയായ്
നിൻ വക്ഷസ്സിലെനിക്കൊരാറടി തരൂ
ഗൃദ്ധ്രങ്ങൾ ചുറ്റും പറ-
ന്നെന്നെക്കൊത്തി വലിയ്ക്കയാണ്; മരണം
പൂകട്ടെ ഞാൻ; മംഗളം!’
 
മൃത്യുബോധത്തിന്റെയല്ല, അതേക്കവിഞ്ഞുനിൽക്കുന്ന ഒരു ദുരന്തബോധത്തിന്റെ വക്കിൽ ചെന്നുനിന്ന് ഇങ്ങനെ എഴുതിയതെന്തുകൊണ്ടാണ് എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ‘അസ്തമിക്കാറായി’ എന്നായിരുന്നു മറുപടി. ശരിക്കും അത് ചരമഗീതമായി. അതിനുശേഷം ഒരു വരിപോലും പാലൂർ എനിക്കായി കുറിച്ചയച്ചിട്ടില്ല.
ചിലപ്പോൾ എഴുതി പൂർത്തിയാക്കിയ കവിത പത്രാധിപർക്കയച്ചുകൊടുക്കും മുമ്പ് എനിക്ക് അയച്ചുതരും. ചിലപ്പോൾ മുമ്പെന്നെങ്കിലും പ്രസിദ്ധീകരിച്ചുവന്നത് പകർത്തി അയച്ചുതരും. ഞാൻ പാലൂരിന്റെ കവിതകൾ ഒന്നുപോലും വിടാതെ വായിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്നയാളാണ്. എന്നിട്ടും എന്തിനാണ് പ്രത്യേകമായി ഇങ്ങനെ അയച്ചുതരുന്നത്? ഈ ചോദ്യം ഒരു നാൾ നേരിട്ടു ചോദിച്ചു. 
 
‘‘താൻ കൂടി വായിച്ചാലേ എന്റെ കവിത സഫലമായി എന്ന് എനിക്കു തോന്നൂ’’ -എന്നതായിരുന്നു ഉത്തരം. പ്രായത്തിൽ മുതൽ കവിത്വത്തിൽ വരെ എനിക്ക് എത്രയോ ഉയരെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നിട്ടും എന്നോട് എന്തുകൊണ്ട് ഈ സൗമനസ്യം? ഈ വാത്സല്യം? ഇത് ഞാൻ ചോദിച്ചിട്ടില്ല; അതുകൊണ്ടുതന്നെ അദ്ദേഹം ഒരുത്തരവും തന്നിട്ടുമില്ല. എങ്കിലും ഒന്നറിയാം. സ്നേഹവാത്സല്യങ്ങളുടെ ഒരു കാരുണ്യപൂരം ആ മനസ്സിൽനിന്ന് എന്നിലേക്ക് എന്നും വാർന്നു പടർന്നുകൊണ്ടേയിരുന്നു. 
 
തൃശ്ശൂരിലെ സാഹിത്യ അക്കാദമിയിൽവെച്ച് കണ്ടപ്പോഴും പിന്നീട് കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് കണ്ടപ്പോഴുമെല്ലാം ആ ആർദ്രമായ മനസ്സിന്റെ സ്നേഹസ്പർശം എന്റെ മനസ്സ് അനുഭവിച്ചു. രോഗാവസ്ഥയിലേക്ക് പതിയെ വീണുതുടങ്ങുന്ന ഘട്ടത്തിലായിരുന്നു അവസാന സന്ദർശനം. ഇരുട്ടത്ത് പെരുംമഴയത്ത് കുടയും ചൂടി ടോർച്ചും മിന്നിച്ച് ഊടുവഴിയിലൂടെ വന്ന് എന്നെ കൈപിടിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്റെ ഊഷ്മളമായ ഓർമ ഇപ്പോഴും എന്റെ മനസ്സിൽ തുടിച്ചുനിൽക്കുന്നു.
 
പ്രസാദാത്മകമായ കവിതകളിൽനിന്ന് വിഷാദാത്മകമായ കവിതകളിലേക്കുള്ള സഞ്ചാരമായിരുന്നോ ആ ജീവിതം? ‘ഉഷസ്സേ, മനുഷ്യന്റെ സൗന്ദര്യസങ്കല്പമാകെക്കുഴച്ചാരു നിർമിച്ചു നിന്നെ?’ എന്ന പ്രത്യാശയുടെ പ്രകാശധാര കവിതയാക്കി ഒരിക്കൽ. അതേ കവി അവസാനകാലത്ത് എഴുതിയത് പൊതുവിൽ ഈ വിധത്തിലാണ്.
‘‘വിത്തില്ലാതെ മുളയ്ക്കയില്ലിവിടെ
യാതൊന്നും; വറുക്കട്ടെ ഞാൻ
വിത്തെല്ലാം; മുളപൊട്ടിയാലവ പൊടി-
ച്ചേക്കും; ഫലം നിശ്ചയം.’’
 
ആ കവിതയുടെ ഗ്രാഫ് ശുഭവിശ്വാസത്തിന്റെ തെളിവെളിച്ചത്തിൽനിന്ന് നൈരാശ്യത്തിന്റെ ഇരുട്ടറകളിലേക്ക് പതിയെ നീങ്ങുകയായിരുന്നോ? ജീവിതം അദ്ദേഹത്തോട് അത്ര വെറുക്കനെയാണോ പെരുമാറിയത്? എനിക്ക് നിശ്ചയമില്ല.
 
ആ കവിതയും കാവ്യജീവിതവും എന്നെ ഒട്ടൊന്നുമല്ല വൈവിധ്യംകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ളത്. കവിതയുടെ, കഥകളിയുടെ, കൂടിയാട്ടത്തിന്റെ, വേദത്തിന്റെ, ജ്യോതിഷത്തിന്റെ, അക്ഷരശ്ലോകത്തിന്റെ തെളിമയിൽനിന്ന് ബോംബെ എന്ന മഹാനഗരത്തിന്റെ രാക്ഷസീയമായ കാലുഷ്യത്തിലേക്കു തെറിച്ചുവീണ ജീവിതമാണത്. ഓത്തിന്റെയും ആനപ്പുറത്തു കയറലിന്റെയും അമ്പലപൂജയുടെയും വ്യക്തിത്വസ്പർശമുള്ള അവസ്ഥയിൽനിന്ന് മുഖവും മുഖച്ഛായയുമില്ലാത്ത അന്യവത്‌കൃതമായ നഗരാവസ്ഥയിലേക്ക്. ഈ അവസ്ഥാന്തരങ്ങൾ ജീവിതത്തെ ഏറെ നിസ്സംഗവും നിർമമവുമായി, എന്നാൽ, ഒരു നിർവികാരതയുടെ പച്ചച്ചിരിയോടെ സമീപിക്കാൻ പാലൂരിനെ പഠിപ്പിച്ചിരിക്കണം; സർക്കാസത്തിന്റെ മുതൽ ഐറണിയുടെ വരെ വഴികളിലേക്ക് ആ കാവ്യസരണിയെ നയിച്ചിരിക്കണം. ഭാഷയിലും സംസ്കാരത്തിലും ജീവിതത്തിലും അനുഭവിച്ച ഈ വൈവിധ്യ വൈരുദ്ധ്യങ്ങളുടെ സൂക്ഷ്മ സാന്നിധ്യങ്ങൾ ആ കവിതയിൽനിന്ന് നമുക്ക് തൊട്ടെടുക്കാം.
 
‘തനിക്കും തന്റെ തന്തയ്ക്കും
എനിക്കും എന്റെ തള്ളയ്ക്കും’ എന്ന് എഴുതുന്ന അതേ പാലൂർ തന്നെയാണ്
‘യോനിജാണ്ഡജസ്വേദ-
ജോദ്ഭിജ്ജമെല്ലാം സ്വന്തം’ എന്നും എഴുതുന്നത്.
 
നഗരയാന്ത്രികതയുടെ പൽച്ചക്രക്കറക്കത്തിൽ പെട്ടുപോയ കവി എന്ന നിലയിൽ ആദ്യത്തേതും വ്യാസഭാരതം പതിനെട്ടാവർത്തി വായിച്ച കവി എന്ന നിലയിൽ രണ്ടാമത്തേതും പാലൂരിന്റെ സ്വത്വപ്രകാശസ്പർശമുള്ളവ തന്നെ. ‘ആനയെ അവന് ഇഷ്ടമായിരുന്നു’ എന്ന ഗദ്യകവിതയെഴുതാനും ‘ഒന്നും തന്നെ നശിക്കയില്ലിവിടെ...’ എന്ന മട്ടിൽ കൃത്യമായ പദബോധത്തോടെ ശ്ലോകമെഴുതാനും ഭാവുകത്വചിന്ത അദ്ദേഹത്തിന് തടസ്സമായില്ല.
 
‘വിമാനത്താവളത്തിൽ ഒരു കവി’ എന്ന പാലൂർ കവിത നമ്മുടെ ഭാവുകത്വ പരിണാമത്തിലെ ഒരു സവിശേഷ ഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്. പാരമ്പര്യത്തിൽനിന്നുള്ള പൂർണവിച്ഛേദം കുറിക്കുന്നതായിരുന്നില്ല, മറിച്ച് പാരമ്പര്യത്തിന്റെ തുടർച്ചയെ അടയാളപ്പെടുത്തുന്നതായിരുന്നു പാലൂരിന് ആധുനികത. ‘കണ്ണടച്ചല്ലാതെ കാണുവാനാവാത്ത കണ്ണിന്റെ കണ്ണായ കണ്ണിനെ’ കാട്ടിത്തരുക എന്നതായിരുന്നു അദ്ദേഹത്തിന് കവികർമം. നഗരജീവിതവും അതുണ്ടാക്കിയ പാരുഷ്യങ്ങളുമാണ് പാലൂരിനെ രൂപപ്പെടുത്തിയ പ്രധാന ഘടകം. അതില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, സ്വസമുദായത്തിന്റെ ഇത്തിരിവട്ടത്തിൽ മാത്രം തിരിയുന്ന ഒരു കേവല ബ്രാഹ്മണ കവിയായി മാറിയേനേ അദ്ദേഹം.
 
‘പാലൂരു മാധവൻ; സാക്ഷാൽ
ബാലചന്ദ്രസമപ്രഭൻ’ എന്ന് സ്വയം പരിചയപ്പെടുത്തുമായിരുന്നു പാലൂർ. അങ്ങനെ സ്വയം വിശേഷിപ്പിക്കണമെങ്കിൽ വലിയ ഒരു ആത്മവിശ്വാസവും വിശ്വപൗരത്വബോധവും വേണം. ‘പദബോധമുണ്ടായിരുന്നെങ്കിൽ ഞാൻ ഒരു കുട്ടിക്കാളിദാസനെങ്കിലുമായേനേ’ എന്നു പറഞ്ഞ് സ്വയം പിൻവാങ്ങി നിൽക്കുന്ന വിനയബോധം നയിച്ചിരുന്നെങ്കിലും ആത്മവിശ്വാസത്തിന്റെയും വിശ്വപൗരത്വബോധത്തിന്റെയും കാര്യത്തിൽ പാലൂർ പ്രാമാണികൻ തന്നെയായിരുന്നു.
പുരോഗമനപക്ഷത്തു നിൽക്കെത്തന്നെ പുരോഗമനത്തിന്റെ പേരിലുള്ള പൊങ്ങച്ചങ്ങളെ പാലൂർ നിശിതോഗ്രമായ വാക്കുകൾ കൊണ്ടുതന്നെ അരിഞ്ഞുവീഴ്ത്തി. ആധുനിക ജീവിതത്തിന്റെ അതിസങ്കീർണമായ അവസ്ഥാഭേദങ്ങളെ മൗലികവും സർഗാത്മകവുമായി അപഗ്രഥിക്കുന്നതിലൂടെയാണ് പാലൂർ കാലത്തിനൊത്തു സഞ്ചരിക്കുന്ന കവിയായി സ്വയം അടയാളപ്പെടുത്തിയത്. 
 
‘പേടിത്തൊണ്ടൻ’, ‘തീർഥയാത്ര’ തുടങ്ങിയ ആദ്യ കവിതാസമാഹാരങ്ങളിൽ തന്നെ സ്വന്തം മണ്ണിൽ വേരുകളാഴ്ത്തി എല്ലാവരുടേതുമായ ഒരു മഹാകാശത്തേക്ക് മുഖശോഭയോടെ ഉയർന്നുവരുന്ന കവിയെ നമുക്ക് കാണാം. ദാർശനികമായ ഒരു നിർമമത സഹജസ്വഭാവം തന്നെയായിരുന്നെങ്കിലും രുദിതാനുസാരിത്വത്തിന്റേതായ ഒരു കണ്ണീരൊഴുക്ക് ആ മനസ്സിനെ മണ്ണിന്റെയും മനുഷ്യത്വത്തിന്റെയും പക്ഷത്തുറപ്പിച്ചു നിർത്തി. ‘ഒരു ദൂനത കണ്ടാലുരുകും മിഴികളുള്ള കവി’ എന്ന വൈലോപ്പിള്ളിയുടെ വിശേഷണം അതുകൊണ്ടുതന്നെ പാലൂരിന്റെ വ്യക്തിത്വമുദ്രയായി. വിങ്ങിപ്പൊട്ടുന്ന മനസ്സുള്ള ദാർശനിക കവി എന്നു പറയണം. രണ്ടും ഒരാളിൽ ചേരുന്നതല്ല എന്നു തോന്നാം. എന്നാൽ, രണ്ടിനെയും ചേർത്തു എന്നതു തന്നെയാണ് പാലൂരിനെ വ്യതിരിക്തമായ വ്യക്തിത്വത്തിനുടമയാക്കിയത്.
കക്കാട് അന്തരിച്ചപ്പോൾ എൻ.കെ. ദേശം എഴുതിയ കവിതയിലെ രണ്ടുവരികൾ ഉദ്ധരിക്കട്ടെ.
 
‘ജീവാപായം നേരിട്ടതിപ്പോൾ
ഇളയ തലമുറയ്ക്കാണഭാവാൽ, ത്വദീയാൻ’
 
അതെ, ജീവാപായം നേരിട്ടത് പാലൂരിനല്ല, മലയാള കവിതയ്ക്കാണ്; കവിതയിലെ ഇളം തലമുറയ്ക്കാണ്; കാവ്യസംസ്കാരത്തിനാണ്; അവസാനഘട്ടം കക്കാടിന്റെ വീടിനടുത്താവണമെന്നാഗ്രഹിച്ച പാലൂരും കക്കാടും കവിതയിൽ പകർന്നുവെച്ചത് ഒന്നുതന്നെ: ‘അമൃതുൾചേർന്ന തിക്തോഷ്മളാമ്ലം!’