ഇന്ത്യൻ എഴുത്തുകാരുടെ നോവലുകൾക്കുള്ള ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജെ.സി.ബി. പുരസ്‌കാരം ഡൽഹിയിൽനിന്ന്‌ ഏറ്റുവാങ്ങി എം. മുകുന്ദൻ വീട്ടിലെത്തിയിട്ടേയുള്ളൂ.  മലയാളത്തിൽ പലരും തുടക്കത്തിൽ അത്ര ശ്രദ്ധിച്ചിട്ടില്ലാത്ത ഈ പുസ്തകം അദ്‌ഭുതപ്പെടുത്തുന്ന ഒരു രചനയാണെന്ന  വിധികർത്താക്കളുടെ വിലയിരുത്തലിന്റെ ആഹ്ളാദത്തിലാണ് മയ്യഴിയുടെ കഥാകാരൻ. മാതൃഭൂമി പ്രതിനിധി ദിനകരൻ കൊമ്പിലാത്തിനു നൽകിയ അഭിമുഖത്തിൽനിന്ന്

ജെ.സി.ബി. പുരസ്കാരം ലഭിച്ച താങ്കളുടെ ‘ഡൽഹിഗാഥകൾ’ എന്ന നോവലിനെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്

ഓരോ പ്രാവശ്യം ഡൽഹിയിൽ പോകുമ്പോഴും ഡൽഹിയുടെ അതിദ്രുതമാറ്റംകണ്ട് അദ്‌ഭുതപ്പെട്ടിട്ടുണ്ട് ഞാൻ. മാസങ്ങൾ കൊണ്ടുതന്നെ മാറിക്കൊണ്ടിരിക്കുകയാണ് മഹാനഗരം. കെട്ടുകാഴ്ചകളുടെ മിന്നുന്ന ലോകമാണ് എന്നും ഡൽഹിക്ക്. പക്ഷേ, അതിനുള്ളിൽ ആരും അറിയാതെ വെറും പാവങ്ങളുടെ ജീവിതമുണ്ട്. തെരുവിലും ഓവുചാലുകളിലും കടകളിലും ധോബിത്തെരുവുകളിലും ദുരിതജീവിതം കണ്ടെത്തുന്ന മനുഷ്യർ. അവരുടെ നിറംകെട്ട ജീവിതം തന്നെയാണ് ഞാൻ എന്റെ ‘ഡൽഹിഗാഥക’ളിൽ പകർത്തിയത്. നാൽപ്പതിലധികം വർഷങ്ങൾ ഡൽഹിയിലുണ്ടാക്കിയ മാറ്റങ്ങൾ. കെട്ടുകാഴ്ചകൾക്ക് പൊലിമയും പളപളപ്പും ഏറുന്നുണ്ടെങ്കിലും പാവങ്ങളുടെ ജീവിതത്തിന് മാറ്റമില്ല. ജെ.സി.ബി. പുരസ്കാരം നിർണയിച്ച ജൂറിയും ഒന്നടങ്കം പറഞ്ഞത്‌, കെട്ടുകാഴ്ചയുടെ ലോകത്തിൽ മാറ്റമില്ലാത്ത പാവങ്ങളെ നിങ്ങൾ കൃത്യമായി അളന്നവതരിപ്പിച്ചിരിക്കുന്നു എന്നാണ്. നോവൽ വായിച്ചശേഷം ജൂറി ചെയർമാൻ വിളിച്ചുപറഞ്ഞത്, ഇത് ഒരു എപ്പിക് നോവലാണെന്നാണ്. ശരിക്കും ഇതിനെ ഞങ്ങൾ ദേശീയനോവൽ എന്നല്ല ആഗോളനോവൽ എന്നു വിളിക്കും എന്നാണ്‌ മറ്റൊരു ജൂറിയായ ഹരീഷ് ത്രിവേദി പറഞ്ഞത്. വല്ലാത്ത സന്തോഷംതോന്നിയ സമയമായിരുന്നു അത്. കാരണം മറ്റൊന്നുംകൊണ്ടല്ല, മലയാളത്തിൽ ഡൽഹിഗാഥകൾ അധികം ചർച്ചയായിരുന്നില്ല. ‘സ്ഥലകാല’ങ്ങളുടെ പരിമിതിയായിരിക്കാം മലയാളിവായനക്കാർ അത്രകൂടുതൽ ആ നോവൽ ഉൾക്കൊള്ളാതിരുന്നത്.
പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ വന്നപ്പോൾ ഡൽഹിയിൽ പുസ്തകം ആഘോഷിക്കപ്പെട്ടു. മലയാളികളല്ലാത്തവർ നന്നായിവായിച്ചു. കാരണം അവർ ഡൽഹി അനുഭവിച്ചവരാണ്. അതിന്റെ തീയും പുകയും പണവും പകിട്ടും അനുഭവിച്ചവരാണ്. അതുകൊണ്ടാണ് മറ്റൊരു ഇംഗ്ലീഷ് നോവലിലും കാണാത്ത ഇഷ്ടം ഡൽഹി എ സോളിലോക്  (Delhi A Soliloq) എന്ന നോവലിന് ലഭിച്ചത് എന്ന് ഞാൻ കരുതുന്നു.

‘ഡൽഹി’യിൽനിന്ന്‌ ‘ഡൽഹിഗാഥ’കളിലേക്ക് വലിയ ദൂരമുണ്ടല്ലോ

തീർച്ചയായും. ‘ഡൽഹി’ ആദ്യകാല നോവലാണ്, ആദ്യമായി പരിചയപ്പെടുന്ന ഡൽഹിയാണ്. അതിൽ അനുഭവങ്ങളില്ല. ‘ഡൽഹിഗാഥകൾ’ എന്നിൽ ഒട്ടിച്ചേർന്ന അനുഭവങ്ങളാണ്. തറച്ചുപോയ കാഴ്ചമുനകൾ. സങ്കല്പങ്ങളല്ല, യാഥാർഥ്യങ്ങളാണ്. കഥകളല്ല. അതെഴുതുന്നതിന്റെ പക്വത ഏതായാലും ‘ഡൽഹി’ എഴുതുമ്പോഴില്ലല്ലോ. 

പുതിയ ഡൽഹി എന്റെ കൺമുന്നിൽനിന്നാണ് വളർന്ന് തിടംവെച്ചത്. അവാർഡ് വാങ്ങാനായി ഞാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയപ്പോൾ മഹാനഗരത്തിൽ വിഷപ്പുകയും കടുത്ത വായുമലിനീകരണവുമാണെന്ന വാർത്ത വായിച്ചു.  പണ്ടു ഞാൻ നടന്നുപോയ ഗോതമ്പുപാടങ്ങളും കോളിഫ്ളവർ വയലുകളും ഇന്ന്  മഹാനഗരങ്ങളുടെ കറുത്തുകൊഴുത്ത മാലിന്യമുള്ള പിന്നാമ്പുറങ്ങളാണ്. പക്ഷേ, അതിനുള്ളിലും മാറ്റമില്ലാത്ത മനുഷ്യരുണ്ട്. 
റോഡരികിൽ പൊട്ടിയ കണ്ണാടിവെച്ച് പാവങ്ങൾക്ക് ക്ഷൗരം ചെയ്തുകൊടുക്കുന്ന ദാസപ്പനെ നോവലിൽ കണ്ടെത്തിയത് അവിടെനിന്നാണ്. ഇടയ്ക്കിടയ്ക്ക് കടന്നുപോകുന്ന കാലികൾ മരത്തിൽ തൂക്കിയ പൊട്ടിയ കണ്ണാടിയിലേക്ക് എത്തിനോക്കുന്ന ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. അതൊക്കെ എന്റെ ഡൽഹിഗാഥകൾ എന്ന നോവലിലെ പല കഥാപാത്രങ്ങളിൽ ചിലത്. 

‘അടിയന്തരാവസ്ഥ അതിശക്തമായി ഈ നോവലിൽ വരുന്നുണ്ട്.

അടിയന്തരാവസ്ഥ മാത്രമല്ല. ഇന്ത്യ-ചൈന യുദ്ധം, ബംഗ്ലാദേശിലെ അഭയാർഥിപ്രവാഹം, ഇന്ദിരാഗാന്ധിയുടെ മരണം, സിഖ് കലാപം തുടങ്ങി ഡൽഹിയെ പിടിച്ചുകുലുക്കിയ സംഭവങ്ങൾ വളരെ താഴെത്തട്ടിൽനിന്ന് കാണുകയായിരുന്നു. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ചൈനയെ സ്നേഹിച്ച സാധാരണ കമ്യൂണിസ്റ്റുകാരുടെ നെഞ്ച് പൊട്ടിത്തകർന്നു. അവരുടെ നൂറുപൂക്കളുള്ള സ്വപ്നങ്ങൾ തകർന്നുപോയി. ചൈന തന്റെ രാജ്യത്തെ ആക്രമിച്ചതറിഞ്ഞ്‌ നോവലിലെ കഥാപാത്രമായ ശ്രീധരനുണ്ണി ഹൃദയംപൊട്ടി മരിക്കുന്നുണ്ട്. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു ശ്രീധരനുണ്ണി. നോവൽത്തുടക്കംതന്നെ അവിടെവെച്ചാണ്. നോക്കൂ, ഇന്നും ചൈന നമുക്ക് ഭീഷണിയായി തുടരുന്നില്ലേ.

നിർബന്ധവന്ധ്യംകരണമാണ് അടിയന്തരാവസ്ഥയിൽ എന്നെ ഭയപ്പെടുത്തിയത്. ഡൽഹിയെ തച്ചുതകർക്കുകയായിരുന്നു അന്ന്‌ ഭരണകൂടം. എല്ലാം തച്ചുതകർത്ത്‌ മറ്റൊരുലോകത്തെ സൃഷ്ടിക്കാനുള്ള ശ്രമം. തെരുവിൽ സ്ഥിരമായി കാണാറുള്ള ക്ഷൗരക്കാരനായ ദാസപ്പനെ പോലീസ് അടിച്ചോടിച്ചു. അവന്റെ കണ്ണാടി തച്ചുടച്ചു. അയാൾ എവിടെയോ പോയി. കുഞ്ഞിക്കൃഷ്ണൻ എന്ന  പത്രപ്രവർത്തകനെ പിടിച്ചുകൊണ്ടുപോയി തിഹാർ ജയിലിലടച്ചു.  അടികൊണ്ട് അവശനായാണ് അയാൾ പുറത്തുവന്നത്. 
പലരെയും പിടിച്ചുകൊണ്ടുപോയി നിർബന്ധമായി വന്ധ്യംകരണം നടത്തുകയായിരുന്നു. പല ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ടാർജറ്റ് നൽകി. ഒരു ജെ.എൻ.യു. വിദ്യാർഥിയെ പിടിച്ചുകൊണ്ടുപോയി വാസക്ടമിക്ക് വിധേയമാക്കുന്നുണ്ട്. പ്രതിഷേധിക്കാൻപോയ അയാളോട് അങ്ങനെയാണ് പ്രതികാരം തീർത്തത്. ക്യാമ്പിൽ ബലമായി പിടിച്ചുകൊണ്ടുപോയി ചെയ്തു. ജീവിതകാലം ഒരിക്കലും കുട്ടികളില്ലാത്തവരായി പലരും. തകർച്ചയുടെ കഥയായിരുന്നു എല്ലാം. എല്ലാം ബുൾഡോസർവെച്ച് തകർക്കുന്ന കഥ. അതോടൊപ്പം എല്ലാ മാനവികതയും തകർന്നുപോവുന്നു. ഡൽഹി അതനുഭവിച്ചിട്ടുണ്ട്. എഴുത്തിലൂടെ ഞാൻ പകർത്താനും ശ്രമിച്ചിട്ടുണ്ട്.

‘നോവലിൽ പിങ്കി എന്ന കൊച്ചുപെൺകുട്ടിയുടെ ജീവിതം കഥയോ യാഥാർഥ്യമോ

ചോദിച്ചത് നന്നായി. നൂറുശതമാനം യാഥാർഥ്യം. ചെറിയ കഥാപാത്രമാണെങ്കിലും ഡൽഹിയെ നടുക്കിയ വലിയ സംഭവങ്ങളുടെ ഭാഗമാണത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിന്റെ പിറ്റേന്ന് ഡൽഹി കത്താൻ തുടങ്ങി. സിഖുകാർ കണ്ടിടത്തുവെച്ച് വേട്ടയാടപ്പെട്ടു. കാർ തടഞ്ഞുനിർത്തി സൗത്ത് എക്സ്റ്റൻഷൻ മാർക്കറ്റിന് സമീപം ഒരു സിഖുകാരന്റെ താടി പിടിച്ചുവലിച്ച ആൾക്കൂട്ടം മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുന്നത്‌ കുറച്ചകലെ മാറി കണ്ടുനിന്ന നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അടച്ചിട്ട വീടുകൾക്കുമുന്നിൽ സർദാർജിയുണ്ടോ എന്നുപറഞ്ഞ്‌ ആൾക്കൂട്ടം അർധരാത്രിയിൽ വടികളുമായി മുട്ടുന്ന കാഴ്ചകൾ. അലർച്ചയും നിലവിളിയും തീയും പുകയും ടയർകത്തുന്ന മണവും.

പിങ്കി എന്ന സിഖ് പെൺകുട്ടി എനിക്ക് പരിചയമുള്ളവളായിരുന്നു. എന്നും സ്കൂളിൽ പോകുന്നത് കാണും. അവളെ മരണത്തിൽനിന്നും രക്ഷപ്പെടുത്തുന്നത് അയൽക്കാരാണ്. സഹദേവനെന്ന കഥാപാത്രം കുട്ടിയെയും എടുത്തുകൊണ്ട് ശ്മശാനത്തിൽ രണ്ടുദിവസത്തോളം ഒളിക്കുകയായിരുന്നു. അവളുടെ അച്ഛനമ്മമാർ കൊല്ലപ്പെട്ടിരുന്നു. പിന്നിട് പിങ്കിയെന്ന കഥാപാത്രം ജന്മദേശമായ പഞ്ചാബിലേക്ക് പോകുന്നുണ്ട്.

കത്തുന്ന ഡൽഹിയിൽനിന്നും അങ്ങേത്തലയ്ക്കൽ അവൾ കാണുന്നത് പൂത്തുലഞ്ഞു സ്വർണനിറമാർന്ന ഗോതമ്പുവയലുകളും മഞ്ഞപ്പൂക്കൾ നിറഞ്ഞ കടുകുവയലുകളുമാണ്. അത് പ്രതീക്ഷയാണ്. വല്ലാത്ത ആശ്വാസം. ഈ ആശ്വാസത്തെയും  പ്രതീക്ഷയെയും ജൂറികൾ പ്രത്യേകം പരാമർശിച്ചു. മനുഷ്യൻ കഷ്ടപ്പെടുന്നിടത്തൊക്കെ സഹദേവൻ എന്ന കഥാപാത്രമെത്തും. ഒടുവിൽ അയാൾ അയാളെത്തന്നെ മറന്നുപോകുന്നു. ആകെയുള്ളത് അയാൾ ഒരു നോവൽ എഴുതി എന്നുമാത്രം.

‘ഡൽഹി കർഷകസമരങ്ങളുടെ കാലമാണല്ലോ. പാർലമെന്റിന്റെ മുന്നിലേക്ക് സമരവുമായിപ്പോകുന്ന കർഷകർ. ‘ഡൽഹിഗാഥകൾ’ എന്ന നോവലിന്റെ അവസാനം സഹദേവന്റെ സ്വപ്നത്തിൽ ഒരു ജാഥയുണ്ടല്ലോ.

സഹദേവൻ അവസാനം കാണുന്ന സ്വപ്നത്തിൽ തന്നെയാണ് നോവൽ അവസാനിക്കുന്നത്. വെള്ളവും ഭക്ഷണവും കിട്ടാതെ പാവപ്പെട്ടവർ നിലവിളിച്ചുകൊണ്ട് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ച്. ഇന്ന് കർഷകരുടെ മാർച്ചും ഒരു ജീവിതം ആവശ്യപ്പെട്ടുകൊണ്ടുള്ള മാർച്ചാണ്. ഡൽഹിയിൽ വലിയ മാറ്റമൊന്നുമില്ല. മഹാനഗരത്തിന്റെ കെട്ടുകാഴ്ചകൾ പൊട്ടിക്കാൻ തന്നെയാണ് ഞാൻ ശ്രമിച്ചത്. വർഗീയതയുടെ എല്ലാ മുഖങ്ങളും ഡൽഹിയിൽ കണ്ടിരുന്നു. 1971-ൽ ബംഗ്ലാദേശിൽനിന്ന് അഭയാർഥികൾ വ്യാപകമായി എത്തിയിരുന്നു. നിസ്സാമുദ്ദീൻ എന്ന ചെറിയ ആൺകുട്ടി. അവൻ വിശന്നുവരുമ്പോൾ ഒരാൾ രോഷത്തോടെ കല്ലെടുത്തെറിയുകയാണ്. അവന്റെ വയറ്റത്താണ് കല്ലുകൊള്ളുന്നത്. പിടിച്ചെടുക്കുന്നതിന്റെയും കീഴടക്കുന്നതിന്റെയും ലോകമായ ഡൽഹിയിൽനിന്ന് ഒന്നുമില്ലാത്തവരായി മരിക്കുന്നവരാണ് പലകഥാപാത്രങ്ങളും. ചൈന ഇന്ത്യയെ ആക്രമിച്ചതറിഞ്ഞ്‌ ഹൃദയംപൊട്ടിമരിച്ച കമ്യൂണിസ്റ്റുകാരനായ ശ്രീധരനുണ്ണിയുടെ ഭാര്യ അവസാനം ഒരു ഇരട്ടമുറിവീട്ടിൽ ഒന്നുമില്ലാതെ ജീവിച്ചു. സർക്കാർ നൽകിയ ക്ലാസ്‌ഫോർ ജോലിമാത്രമായിരുന്നു അവരുടെ ആശ്രയം. നാട്ടിലേക്ക് പോയ്‌ക്കൂടെ എന്ന സഹപ്രവർത്തകരുടെ ചോദ്യത്തിന്, ഇല്ല ഇവിടെ മാത്രം എന്നാണ് അവർ മറുപടിപറയുന്നത്.

‘ഒരു ഇടതുപക്ഷ ചായ്‌വുള്ള നോവൽ എന്നു പറഞ്ഞാൽ ശരിയല്ലേ

ഇടതുപക്ഷനോവൽ എന്ന രീതിയിൽ പക്ഷംപിടിച്ചെഴുതിയ നോവലൊന്നുമല്ല. മറിച്ച് അതിലെ സംഭവങ്ങൾ, പ്രത്യേകിച്ചും പാവപ്പെട്ടവരുടെ ജീവിതം, ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വർഗീയത, പാവങ്ങളോടുള്ള ചൂഷണം, പാർലമെന്റിലേക്കുള്ള മാർച്ച്. ഇതൊക്കെ ചേരുമ്പോൾ അതിന് ഒരു ഇടതുമുഖം വന്നെന്നേയൂള്ളൂ. അങ്ങനെ ഒരു നോവൽ എഴുതുക എന്നത് എന്റെ ലക്ഷ്യവുമായിരുന്നില്ല. മഹാനഗരത്തിൽ കെട്ടുകാഴ്ചയുള്ള വർത്തമാനങ്ങൾക്കുപിറകിൽ അല്ലെങ്കിൽ അതിനടിയിൽ പാവപ്പെട്ടവന്റെ ഒരിക്കലും മാറാത്ത മാറ്റുകുറഞ്ഞ ജീവിതമുണ്ട്. അതിന് കാലം ഒരു മാറ്റവും വരുത്തുന്നില്ല എന്നതാണ് പറഞ്ഞുവെക്കുന്നത്. നോക്കൂ, അഭയാർഥികളാണ് പല നഗരത്തിന്റെയും ഗലികളിൽ ജീവിക്കുന്നത്. ഡൽഹിയിൽ റോഹിംഗ്യൻ അഭയാർഥികൾ അഴുക്കിൽനിന്നും വല്ലതും  പെറുക്കിയും അരിച്ചും അരിഷ്ടിച്ച് ജീവിക്കുന്നില്ലേ. ഈ കാഴ്ചകൾ ഇടുതുകാഴ്ചകളാവുന്നു എന്നേയുള്ളൂ. ഭരിക്കുന്നവർക്കും  മറന്നവർക്കും ‘വെള്ളെഴുത്തു’ണ്ടാക്കുന്ന കാഴ്ചകളാണല്ലോ ഇതൊക്കെ.

വിവർത്തനത്തിനുകൂടിയുള്ള അംഗീകാരമല്ലേ പുരസ്കാരം
  
തീർച്ചയായും ഏറ്റവും മനോഹരമായ വിവർത്തനം തന്നെയാണ്‌ എന്റെ നോവലിന് ലഭിച്ചത്. പഴയ വിവർത്തനശൈലയിൽനിന്നും തികച്ചും വ്യത്യസ്തം. ആ വിവർത്തനത്തിന്റെ വിജയംകൂടി ഈ പുരസ്കാരത്തിനുണ്ട്. സ്ഥലകാലങ്ങളെയും കഥാപാത്രങ്ങളെയും നോവലിസ്റ്റെന്നപോലെതന്നെ മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള വിവർത്തനമായിരുന്നു ഇ.വി. ഫാത്തിമയും കെ. നന്ദകുമാറും ചേർന്നു നടത്തിയത്. ശരിക്കും യഥാതഥമായ മൊഴിമാറ്റംതന്നെ.

ഇപ്രാവശ്യം മത്സരത്തിൽ നൂറിലധികം നോവലുകൾ വന്നിരുന്നു. ചുരുക്കപ്പട്ടികയിൽ അഞ്ചു പുസ്തകങ്ങൾ. ലിൻഡെ പെരേരയുടെ ഗോവൻ നോവൽ ‘ഗോഡ്‌സ് ആൻഡ് എൻഡ്‌സ്’ എന്ന പുസ്തകം ഒരു പുതിയ മട്ടിലുള്ള നോവലായിരുന്നു. പിന്നെ കശ്മീരിന്റെ സമകാലികപ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഷബീർ അഹമ്മദ്മീറിന്റെ ‘ദി പ്ലേഗ് അപ്പോൺ അസ്’, നമ്മുടെ വി.ജെ. ജെയിംസിന്റെ ആന്റിക്ലോക്ക്,  പിന്നെ മണിപ്പൂരി എഴുത്തുകാരിയായ ദരിഭാലിൻഡന്റെ  ‘നെയിം പ്ലേയ്‌സ് അനിമൽ തിങ്‌’ എന്ന പുസ്തകം. എല്ലാം മെച്ചപ്പെട്ടതുതന്നെ. പരസ്പരം മത്സരത്തിന് അർഹതയുള്ള പുസ്തകങ്ങൾ.   ഇത്തരം വിവർത്തനങ്ങൾ മലയാള സാഹിത്യത്തിന് ലോകതലത്തിൽതന്നെ അംഗീകാരം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുങ്ങിയ ഇടത്തിൽനിന്നും വിശാലവായനയിലേക്കും ചർച്ചയിലേക്കും പോകാൻ മലയാള നോവലിന് കഴിയും, തീർച്ച.