ലക്ഷദ്വീപിനെക്കുറിച്ച്‌ ഇത്രയേറെ കാർട്ടൂണുകൾ കണ്ടത് രാജീവ് ഗാന്ധിയും കുടുംബവും 1987-ൽ അവിടെ ഒരു അവധി ആഘോഷിക്കാൻ പോയപ്പോഴാണ്. അന്ന് 43-കാരനായ പ്രധാനമന്ത്രിയുടെ അപക്വത ആയിട്ടാണ് ആർ.കെ. ലക്ഷ്മൺ തൊട്ട്‌ രവിശങ്കർ വരെയുള്ളവർ ഈ സന്ദർശനത്തെ കണ്ടത്.
34 കൊല്ലത്തിനുശേഷം ഈ ദ്വീപസമൂഹം വീണ്ടും കാർട്ടൂണിലേക്ക് കടന്നുവരുന്നു.  കാർട്ടൂണിസ്റ്റുകളെ ചൊടിപ്പിക്കുന്ന ഒരുപാടു കാര്യങ്ങൾ ഇവിടെ കുറെയായി നടക്കുന്നുണ്ട്. അതിനൊപ്പം  മഹാമാരികൂടി വ്യാപിച്ചപ്പോൾ ഈ ശാന്തതീരം  തലവാചകങ്ങളിൽ ഇടംപിടിച്ചു. കാരണക്കാരൻ  ഒരു പതിവ്  സന്ദർശകനാണ്.

രാജീവ് ഗാന്ധിയെപ്പോലെ ഇയാൾ ദ്വീപിലേക്കു വരുന്നത്  വിശ്രമിക്കാനല്ല.  ന്യൂഡൽഹിയുടെ പ്രതിനിധി ആയ ഈ അഡ്മിനിസ്‌ട്രേറ്റർ വരുമ്പോഴൊക്കെ അവിരാമം ജോലി ചെയ്യുന്നു. ഒരുപാടു കാര്യങ്ങൾ പെട്ടെന്ന് ചെയ്തുതീർക്കാനുള്ള  ഇയാളുടെ വ്യഗ്രത ഒരു കാർട്ടൂണിസ്റ്റു കണ്ടത് ഇങ്ങനെ:  ഒരു തുരുത്ത് മുഴുവൻ കെട്ടിടനിർമാണ സാമഗ്രികൾ നിരത്തി, ഉള്ള ഏക തെങ്ങിൽക്കയറി ഇയാൾ പച്ച തെങ്ങോലയിൽ കാവി പൂശുന്നു. ഗൃഹനാഥൻ പുറത്ത് അരയ്ക്കുവെള്ളത്തിൽ കടലിൽ. ഇതിലും സംക്ഷിപ്തമായി കാര്യം പറയാനാവില്ല.  

കാർട്ടൂണിസ്റ്റുകളുടെ പ്രിയപ്പെട്ട ഒരു രൂപകമാണ് ദ്വീപ്‌. കടലിനു നടുവിൽ  പൊങ്ങിനിൽക്കുന്ന ഒരുതുണ്ടു കര; അതിലൊരു ഒറ്റ മരം; എങ്ങനെയോ അവിടെ വന്നുപെട്ട ചിലർ. മിക്കവാറും രണ്ടു പേർ. പറയാനൊരാൾ, കേൾക്കാൻ മറ്റെയാൾ. ഈ ഘടകങ്ങൾ അടിസ്ഥാനമാക്കി അസംഖ്യം കാർട്ടൂണുകൾ ഉണ്ടാവുന്നു. ന്യൂയോർക്കർ മാഗസിൻ ‘ഐലൻഡ് കാർട്ടൂൺസ്’ എന്ന് വിളിക്കുന്ന ഈ ജനുസ്സിന്റെ കാർട്ടൂൺക്ഷമതതന്നെ  കാർട്ടൂണിനു വിഷയമായിട്ടുണ്ട്. ഒരുദാഹരണം: കുറെയേറെ ബോട്ടുകൾ പാഞ്ഞടുക്കുന്ന ദ്വീപിൽ ഒരുവൻ അപരനെ  സമാധാനിപ്പിക്കുന്നു, ‘‘പേടിക്കേണ്ട. എല്ലാരും കാർട്ടൂണിസ്റ്റുകളാണ്‌.’’ സൂക്ഷിച്ചുനോക്കുമ്പോൾ കാണാം ബോട്ട് കയറിവരുന്നവരുടെ കൈയിൽ വരയ്ക്കാനുള്ള സാമഗ്രികൾ.

നമ്മുടെ വരക്കാർ ഇത്തവണ ദ്വീപിലേക്ക് നോക്കിയത്  ഇത്ര ലാഘവത്തോടെ അല്ല; അപ്രിയരാഷ്ട്രീയം പറയാൻ തന്നെയാണ്. ദ്വീപ് മനോഭാവം എന്നൊരു പ്രയോഗമുണ്ട്. സങ്കുചിത താത്‌പര്യങ്ങളിലേക്ക് ഉൾവലിയുന്ന പ്രവണത. ഇതിന്റെ ലക്ഷണം കാണുന്നത് ലക്ഷദ്വീപിൽ അല്ല, രാജ്യത്തിന്റെ തലസ്ഥാനത്താണ്‌. കടലിൽനിന്ന് ബഹുദൂരെ സ്ഥിതിചെയ്യുന്ന ന്യൂഡൽഹിയുടെ മനസ്സ് എന്നും വായിക്കുന്ന കാർട്ടൂണിസ്റ്റുകൾക്ക്‌ ആരെക്കാളും ഇതറിയാം. സ്വയം ശരികളിൽ ഇത്രയേറെ അഭിരമിക്കുന്ന തലസ്ഥാനങ്ങൾ കുറവാണ്.

നാലുപാടും  കരയാൽ ചുറ്റപ്പെട്ട ഡൽഹിതന്നെ ഒരു  വൻദ്വീപാണ്‌. അതിനകത്ത് അത്യാർഭാടത്തിന്റെ ഒരു തുരുത്ത് ഉണ്ടാക്കിയെടുക്കാൻ ശ്രമം നടക്കുന്നു. സെൻട്രൽ വിസ്ത എന്നു പേരിട്ടു പുതുക്കിപ്പണിയുന്ന അധികാരത്തിന്റെ സിരാകേന്ദ്രത്തിലേക്ക് സമൃദ്ധമായി വിഭവങ്ങൾ ഒഴുകുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് കാർട്ടൂണിസ്റ്റുകളുടെ മുമ്പിൽ ലക്ഷദ്വീപ് കയറിവന്നത്. അനീതിയുടെ തുടർച്ചകൾ പ്രകടമായിരുന്നു.

ബ്രിട്ടീഷ് ദ്വീപുകളിൽനിന്ന് കപ്പൽക്കയറി പല വൻകരകളിൽ  എത്തിയ കലാരൂപമാണു കാർട്ടൂൺ. ആ സാമ്രാജ്യകാലത്തു ലണ്ടൻ ആയിരുന്നു ആഗോള കാർട്ടൂൺ തലസ്ഥാനം. ഡേവിഡ് ലോ തൊട്ട്‌ നമ്മുടെ അബു എബ്രഹാംവരെയുള്ള പ്രതിഭകൾ ഇവിടെയാണ് ജോലിചെയ്തത്. ഈ വൻ അധികാര കേന്ദ്രത്തിനപ്പുറം വിശാലമായ ലോകംകണ്ട്‌ വരച്ചവരാണിവർ. ഒരു പടി മുന്നിൽക്കടന്ന്‌, ലണ്ടനെ വാസസ്ഥലം ആക്കാൻപോലും വിസമ്മതിച്ച ഒരു ബ്രിട്ടീഷ് കാർട്ടൂണിസ്റ്റുണ്ട്.

കാൾ ജൈല്‌സ്  ഓർവെൽ നദീതീരത്തെ ഇപ്‌സ്വിച് പട്ടണത്തിലിരുന്നു ‘ഡെയിലി എക്സ്പ്രസി’ലേക്ക്‌ അമ്പത്തിരണ്ടുവർഷം കാർട്ടൂൺ വരച്ചയച്ചു. പത്രാധിപരുടെ രണ്ടും മൂന്നും ഇരട്ടി ശമ്പളം കൈപ്പറ്റി. യുദ്ധാനന്തര ബ്രിട്ടനിലെ ഒരു കൂട്ടുകുടുംബത്തിന്റെ കഥപറഞ്ഞ ജൈല്‌സ് കാർട്ടൂൺ ചരിത്രത്തിലെ എക്കാലവും എണ്ണപ്പെടുന്ന ഒരു കഥാപാത്രത്തെ  സൃഷ്ടിച്ചു, ‘ഗ്രാൻഡ്മാ’. കുസൃതിയും കുന്നായ്മയും നിറഞ്ഞ കൂസലില്ലാത്ത ഈ അമ്മൂമ്മയുടെ ചെയ്തികൾ ഒരു വൻ ആരാധകവൃന്ദം ഉറ്റുനോക്കിയിരുന്നു. 

മൂന്നുമണിക്കൂർ അകലെ  ലണ്ടനിലെ പത്രമാപ്പീസിൽ തീവണ്ടി വഴിയും വണ്ടി തെറ്റിയാൽ ടാക്സിയിലും അവസാന നിമിഷത്തിലാണു ചിത്രം എത്തുക. കൊടും ശൈത്യത്തിൽ മഞ്ഞുറയ്ക്കുമ്പോൾ ഹെലികോപ്റ്ററിലും.