റബിഭാഷ ലോക വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സന്ദർഭമാണല്ലോ ഇത്‌. ഡിസംബർ 18-ന്‌ ലോക അറബിഭാഷാദിനം എങ്ങും സമുചിതമായി ആചരിക്കുകയുണ്ടായി. പ്രാചീനഭാഷകളിലൊന്നായ അറബി ആധുനികവും ഉത്തരാധുനികവുമായ സാഹിത്യത്തിന്റെ ഗുണങ്ങൾ ഉൾക്കൊള്ളുന്നുവെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. മുപ്പതോളം രാഷ്ട്രങ്ങളിലെ 35 കോടിയിലധികം ജനങ്ങളുടെ മാതൃഭാഷ. അറബി രണ്ടാം ഭാഷയായുള്ള ചില പ്രദേശങ്ങളുമുണ്ട്‌. അറബി എഴുതാനും വായിക്കാനുമറിയുന്ന അമ്പത്‌ കോടിയോളം ആളുകൾ പല രാജ്യങ്ങളിലുമായുണ്ട്‌. സഹസ്രാബ്ദങ്ങളുടെ പഴക്കമവകാശപ്പെടുന്ന അറബിഭാഷ ലോക ശ്രദ്ധയാകർഷിച്ചതും അറബിപ്രദേശങ്ങളിൽ ചർച്ചാവിഷയമായതും ഇരുപതാം നൂറ്റാണ്ടിലാണ്‌. അറബ്‌ രാജ്യങ്ങളിൽ പെട്രോൾ കണ്ടുപിടിച്ചതോടെ അറബിയറിയാവുന്നവർക്കുള്ള തൊഴിൽസാധ്യതകൾ പെട്ടെന്ന്‌ വർധിക്കുകയുണ്ടായി. ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രകൾ ഇന്ത്യ-അറബ്‌ ബന്ധം കൂടുതൽ ശക്തിപ്പെടുത്തി.

മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾ അറബിയിൽനിന്ന്‌ കടമെടുത്ത ഒട്ടേറെ വാക്കുകൾ കാണാനാവും.  

ഇന്ത്യയും അറബ്‌ രാഷ്ട്രങ്ങളും തമ്മിലുള്ള രാഷ്ട്രീയ സൗഹൃദവും അറബി ഭാഷയ്ക്ക്‌ ഏറെ സഹായകമായിട്ടുണ്ട്‌. ഗാന്ധിജിക്ക്‌ ഇംഗ്ളണ്ടിലേക്കുള്ള യാത്രാമധ്യേ കയ്‌റോയിൽ നൽകിയ സ്വീകരണത്തിൽ ഒട്ടേറെ അറബിസാഹിത്യകാരന്മാർ പങ്കെടുത്തിരുന്നു. അന്ന്‌ പ്രസിദ്ധ ഈജിപ്‌ഷ്യൻ കവി അഹമ്മദ്‌ ശൗഖി ഗാന്ധിജിയെ വർണിച്ചും ആശീർവദിച്ചും ആലപിച്ച അറബിയിലുള്ള കവിത ഇന്നും പുതുമ നശിക്കാത്തതാണ്‌.
ഗാന്ധിജി, നെഹ്രു, ടാഗോർ, മൗലാനാ ആസാദ്‌ തുടങ്ങിയവരുടെ കൃതികൾ നേരത്തേതന്നെ അറബിയിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. മഹാഭാരതം, രാമായണം, പഞ്ചതന്ത്രം കഥകൾ തുടങ്ങിയ ഇന്ത്യൻ ക്ളാസിക്കുകൾ അറബിയിലേക്കും ഖുർആൻ, ഹദീസ്‌ തുടങ്ങിയ അറബി ക്ളാസിക്കുകൾ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.

ശ്രീനാരായണഗുരുവിന്റെ ദൈവദശകം അടുത്തകാലത്ത്‌ അറബിയിലേക്ക്‌ മൊഴിമാറ്റിയിട്ടുണ്ട്‌. സാംസ്കാരികവിനിമയത്തിന്റെ വേഗംകൂട്ടാൻ ഇത്‌ സഹായകമായി.

തകഴിയുടെ ചെമ്മീൻ, കുമാരനാശാന്റെ വീണ പൂവ്‌, പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി, എം.ടി. വാസുദേവൻനായരുടെ കാലം, നാലുകെട്ട്‌, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനംപോലെ, കമലാ സുരയ്യയുടെ യാ അല്ലാഹ്‌, ബെന്യാമിന്റെ ആട്‌ ജീവിതം, ഡോ. കെ.കെ.എൻ. കുറുപ്പിന്റെ മലബാറിലെ മുസ്‌ലിം പാരമ്പര്യം, ബി.എം. സുഹ്‌റയുടെ മൊഴി, നിലാവ്‌ തുടങ്ങി എത്രയോ മലയാളനോവലുകളും കഥകളും കവിതകളും അറബിനാടുകളിൽ അറബിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. മാതൃഭൂമി പ്രസിദ്ധീകരിച്ച ഇബ്‌നുൽ ഖൽദൂന്റെ മുഖദ്ദിമ (മാനവചരിത്രത്തിനൊരാമുഖം) ശ്രദ്ധേയമായ ചരിത്രപഠന ഫിലോസഫിയാണ്‌.

കേന്ദ്ര സാംസ്കാരിക വിനിമയ കൗൺസിൽ  1950 മുതൽ പ്രസിദ്ധീകരിച്ചുവരുന്ന  അറബി മാസികയാണ്‌ സഖാഫത്തുൽ ഹിന്ദ്‌ (ഇന്ത്യൻ സംസ്കാരം) കയ്‌റോയിലെ ഇന്ത്യൻ എംബസി 1962-മുതൽ പ്രസിദ്ധീകരിക്കുന്ന സൗത്തുൽ ഹിന്ദ്‌ (ഇന്ത്യയുടെ ശബ്ദം) മാഗസിൻ അഞ്ഞൂറിലേറെ ലക്കങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇന്ത്യൻ സംസ്കാരം, വിജ്ഞാനം, ചരിത്രം, ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ, ഗവേഷണങ്ങൾ തുടങ്ങിയവ അറബ്‌ ലോകത്തിന്‌ പരിചയപ്പെടുത്താൻ ഇത്തരം ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾകൊണ്ട്‌ സാധിക്കുന്നു.

പ്രസിദ്ധ അറബി സാഹിത്യകാരന്മാരായ ഡോ. താഹാ ഹുസൈൻ, നജീബ്‌ മഹ്‌ഫൂസ്‌, മൻഫലൂത്തി, നജീബ്‌ കീലാനി, മഹ്‌മൂദ്‌ ഡാർവിഷ്‌, ഖലീൽ ജിബ്രാൻ, അഡോണിസ്‌ തുടങ്ങിയവരുടെയെല്ലാം സൃഷ്ടികൾ മലയാളത്തിലും പ്രസിദ്ധീകൃതമായി. 1988-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അറബി നോവലിസ്റ്റും സാമൂഹിക വിമർശകനുമായ നജീബ്‌ മഹ്‌ഫൂസിന്‌ ലഭിച്ചതോടെ അറബിസാഹിത്യം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

(ഇൻഡോ-അറബ്‌ ലീഗ്‌ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ.)